UPDATES

സ്ഥാനാര്‍ത്ഥി വൈറലാണ്

സമൂഹമാധ്യമങ്ങള്‍ പ്രധാന തെരഞ്ഞെടുപ്പ് വേദിയാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍

                       

” പ്രചാരണം കൊഴുത്താ വോട്ടും കനക്കും” അങ്ങാടി തെരുവ് മുതൽ ചായക്കട വരെ വോട്ടും കുറച്ച് കുശലവും ചോദിച്ചു പൊരി വെയിലത്ത് പാർട്ടി സ്ഥാനാർത്ഥികൾ തലങ്ങും വിലങ്ങും നടന്നിരുന്നത്  വോട്ട് പെട്ടിയിൽ വീഴ്ത്താൻ തന്നെയായിരുന്നു. കൂടെ സ്ഥാനാർത്ഥിയെ ജനപ്രിയനാക്കാൻ ഒരിത്തിരി പൊടിക്കൈ പ്രയോഗങ്ങളുമുണ്ട്. പണി പറ്റിയാൽ സ്ഥാനാർത്ഥിയുടെ പേരും,ചിഹ്നവും എത്ര അപരന്മാർ വന്നാലും ജനങ്ങളുടെ മനസ്സിൽ അങ്ങനെ തങ്ങി ഇരിക്കും. സിനിമ പാട്ടിൽ നിന്ന് പാരഡിയുണ്ടാക്കി ഇലക്ഷന് പ്രചാരണത്തിനിറങ്ങുന്നത് മുതൽ ആ പൊടിക്കൈ ലിസ്റ്റ് നീളും. കാലം മാറിയതോടെ അക്കൂട്ടത്തിൽ ഈ പൊടിക്കൈക്കും രൂപവും ഭാവവും അക്ഷരാർത്ഥത്തിൽ മാറി. ”ട്രെൻഡ് അറിഞ്ഞ് പ്രചാരണം നടത്തിയാൽ വോട്ട് കനക്കും ” എന്ന നിലയിലാണ്  കാര്യങ്ങൾ. കാര്യം ഇങ്ങനെ ഓക്കേ ആണെങ്കിലും ഈ പൊടികൈകൾ അത്ര നിസാരക്കാരല്ല. 2014 ൽ ബിജെപിയെയും 2021 ൽ എൽഡിഎഫിനെയും അധികാരത്തിലെത്തിക്കാൻ ഇലക്ഷൻ പ്രചാരണങ്ങൾ നൽകിയ പങ്ക് ചെറുതൊന്നുമല്ല. ആ പങ്ക് പല കുറി ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഇലക്ഷൻ പ്രചാരണത്തിന്റെ അങ്കം പുതിയ പരീക്ഷണങ്ങളുടെ തട്ടകം കൂടിയാണ്. 2020 ൽ കാസർഗോഡ് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടെടുപ്പ് ”ട്രെൻഡ് സെറ്റെർ” എന്ന വാക്കിനോട് അക്ഷരാർത്ഥത്തിൽ നീതി പുലർത്തുന്നതായിരുന്നു. ചിരിച്ചു കൊണ്ട് നിൽക്കുന്ന സ്ഥാനാർത്ഥിയുടെ ഫുൾ സൈസ് ഫോട്ടോയും, അതിനൊത്ത വലിപ്പത്തിൽ പാർട്ടി ചിഹ്നവും കണ്ടുപരിചയിച്ച കവലയിലേക്ക് ആക്കുറി എൽഡിഎഫ് ഒരു പരീക്ഷണ പോസ്റ്റർ ഇറക്കിയിരുന്നു. കുടുംബശ്രീയുടെ ടൈലറിംഗ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന ഡി വത്സലയായിരുന്നു ബേഡഡുക്ക പഞ്ചായത്തിലെ അഞ്ചാം വാർഡായ ബീംബുങ്കാലിലെ സ്ഥാനാർഥി. വത്സലയുടെ ചിരിച്ചുകൊണ്ട് കൈ കൂപ്പി നൽകുന്ന പോസ്റ്ററിന് പകരം യൂണിറ്റിൽ ജോലിയിലേർപ്പെട്ട ചിത്രം തന്നെ പോസ്റ്ററാക്കി. പ്രദേശത്തെ ഡിവൈഎഫ്ഐ ലോക്കൽ യൂണിറ്റിന്റെ ആശയത്തിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. സ്ഥാനാർത്ഥികളെ അവരുടെ പതിവ് ജീവിതത്തിലേതുപോലെ ചിത്രീകരിക്കുക എന്നതായിരുന്നു പോസ്റ്ററിന് പിന്നിലെ ആശയം. ജനപ്രതിനിധികളെ തങ്ങളിൽ ഒരാളായി കണകാക്കാനും ഇതിലും മികച്ച മറ്റെന്ത് മാർഗമാണ് സ്വീകരിക്കാൻ സാധിക്കുക. വത്സലക്ക് മാത്രമല്ല പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്റർ അത്രയും ഇത് പോലെയായിരുന്നു. പോസ്റ്റർ ജനപ്രിയമായതു പോലെ വാർഡിൽ വത്സലയും ജനപ്രിയ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. സിനിമകളിൽ മാത്രം പോരല്ലോ റിയലിസം ഇലക്ഷൻ പ്രചരണത്തിനുള്ള പോസ്റ്ററിലും ആയിക്കൂടെ എന്ന ചിന്തയെ നിറഞ്ഞ കയ്യടിയോടെയാണ് സമൂഹമാധ്യമങ്ങളടക്കം സ്വീകരിച്ചത്.

ലോകസഭ തെരെഞ്ഞെടുപ്പ് ഇക്കുറിയും പടിവാതിലിൽ എത്തിനിൽക്കുമ്പോൾ അരയും തലയും മുറുക്കിയിറങ്ങിയ രാഷ്ട്രീയ പാർട്ടികളും പല തരത്തിലുള്ള പരീക്ഷണ പ്രചാരങ്ങളാണ് പയറ്റി നോക്കുന്നത്. അവയൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ് താനും. പതിവ് തെറ്റാതെ പുതിയ പരീക്ഷണങ്ങളുമായി മുന്നിലുള്ളത് എൽഡിഎഫാണ്. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ട്രെൻഡിനെ തങ്ങളുടേതായ രീതിയിൽ മാറ്റിയെടുത്താണ് എൽഡിഎഫ് എത്തിയിരിക്കുന്നത്. ഇലക്ഷൻ പ്രചാരണങ്ങളിൽ യുവാക്കളെ കൂടി പങ്കെടുപ്പിക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് പാർട്ടികൾ. നിലവിൽ സമൂഹമാധ്യമങ്ങളിൽ നിരൂപണം ലഭിച്ചുകൊണ്ടിരിക്കുന്ന അഖിൽ പി ധർമജൻ എഴുതിയ ‘റാം കെയറോഫ് ആനന്ദി’യുടെ കവർ ഡിസൈനിൽ സ്ഥാനാർത്ഥികളുടെ ചിത്രം വച്ചുകൊണ്ടുള്ള പരീക്ഷണങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. ‘കേരളം കെയറോഫ് ഇടതുപക്ഷം ‘എന്ന ടൈറ്റിലും ചേർത്തിട്ടുണ്ട്. യുഡിഎഫും പരീക്ഷണ പോസ്റ്ററുകളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനും എം. മുകേഷും കടുത്ത ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പിലാണ്. കൊല്ലത്തിന്റെ പ്രേമലു എന്ന ക്യാച്ച് വേർഡും ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററിൽ എൻ.കെ. പ്രേമചന്ദ്രൻ നിറഞ്ഞോടുകയാണ്. മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ പോസ്‌റ്റർ മാതൃകയിലാണ് ആർഎസ്‌പി പ്രേമചന്ദ്രൻറെ ഏറ്റവും പുതിയ പോസ്‌റ്റർ പുറത്തിറക്കിയിരിക്കുന്നത്. പ്രേമലു പോസ്‌റ്ററിന് പിന്നാലെ എത്തിയ കണ്ണൂർ സ്ക്വാഡ് പോസ്‌റ്ററും തരംഗമാണ്. സോഷ്യൽ മീഡിയ കമ്മിറ്റികൾ സ്ഥാനാർത്ഥികളെ ഒരുപിടി കൂടി ജനപ്രിയമാക്കാനുള്ള ശ്രമത്തിലാണ്. പ്രേമലു പോസ്റ്റർ ഹിറ്റായതോടെ അച്ചടിച്ചും ഈ പോസ്‌റ്റർ ഇറക്കാനും പദ്ധതിയിടുന്നുണ്ട്. 2019 ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ഞാൻ പ്രകാശൻ പോസ്‌റ്ററും ജനങ്ങൾ മറക്കാനിടയില്ല. ഞാൻ പ്രകാശൻ എന്ന സിനിമയുടെ ടൈറ്റിലിൽ നിന്നായിരുന്നു ഇത്.

ചൂടേറിയ പ്രചാരണം സമൂഹമാധ്യമങ്ങളിലെ ഈ പോസ്റ്റർ യുദ്ധം കൊണ്ടും അവസാനിക്കുന്നില്ല. രാഷ്ട്രീയം പോലൊരു ഗൗരവകരമായ വിഷയം ഒന്നും കൂടി ലളിതമായി അവതരിപ്പിക്കാൻ വിനോദമാണ് എളുപ്പ വഴി. പോസ്റ്ററിനപ്പുറം സിനിമ താരങ്ങളെ നേരിട്ട് കണ്ടും അവരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചും ജനകീയത ഒന്നുകൂടി ഊട്ടിഉറപ്പിക്കുന്നുണ്ട് സ്ഥാനാർത്ഥികൾ. തെരഞ്ഞെടുപ്പ് പ്രചാരണതിരക്കിനിടയിൽ മഞ്ഞുമ്മൽ ബോയ്സിനൊപ്പം തൃശൂരിലെ ഇടത് സ്ഥാനാർഥി വിഎസ് സുനിൽകുമാർ സിനിമ കാണാനെത്തിയിരുന്നു. ”മ്മ്ടെ മഞ്ഞുമ്മലെ പിള്ളേര് പൊളിയാട്ടാ ” എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ സുനിൽകുമാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു. അതിനു പിന്നാലെ ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയ വിഎസ് സുനിൽ കുമാർ ടൊവിനോയെ കാണുകയും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ പരാമർശിച്ച് കുറിപ്പും പങ്കുവച്ചിരുന്നു. തന്നോടൊപ്പമുള്ള ഫോട്ടോ  തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ അംബാസഡർ ആയതിനാലാണ് ഇതെന്നും ടൊവിനോ പറഞ്ഞിരുന്നു. ഇക്കാര്യമറിയാതെയാണ് ചിത്രം പങ്കുവച്ചെതെന്ന് വ്യക്തമാക്കിയ സുനിൽകുമാർ ചിത്രം പിൻവലിച്ചിരുന്നു. അതിനിടെ നടൻ ശ്രീനിവാസനെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നാണ് എറണാകുളം യു.ഡി.എഫ്. സ്ഥാനാർഥി ഹൈബി ഈഡൻ സന്ദർശിച്ചത്. വടകരയിൽ വച്ച് ധ്യാൻ ശ്രീനിവാസനെ കണ്ടതായും ഷാഫി പറമ്പിലും ധ്യാനും നല്ല സുഹൃത്തുക്കളാണെന്നും ഹൈബി പറയുന്നു.

പ്രചാരണം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഇത്തരത്തിൽ പല അവസരങ്ങളാണ് സ്ഥാനാർത്ഥികൾ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന നാളുകളിൽ എത്തുമ്പോഴേക്കും ഈ പോരുകൾ ഒന്നുകൂടി മുറുകിയേക്കുമെന്നാണ് ‘നെറ്റിസൺസ്’ പറയുന്നത്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍