UPDATES

അഭയാര്‍ത്ഥി ക്യാമ്പില്‍ പിറന്ന അഫ്ഗാന്‍ ക്രിക്കറ്റ്

ലോകചാമ്പ്യന്മാരാകാനല്ല, സ്വന്തം നാട്ടില്‍ ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നതാണവര്‍ സ്വപ്‌നം കാണുന്നത്

                       

‘ഞങ്ങള്‍ കളിക്കുന്നിടത്തു നിന്നെല്ലാം ഞങ്ങള്‍ക്ക് വളരെയധികം പിന്തുണ കിട്ടാറുണ്ട്, എങ്കിലും സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ കിട്ടുന്ന പിന്തുണ കുറച്ച് പ്രത്യേകയുള്ളതായിരിക്കും’; ദക്ഷിണ ഡല്‍ഹിയിലെ ഒരു കോഫിഷോപ്പില്‍ ഇരുന്ന് തന്റെ സ്വപ്‌നങ്ങളെക്കുറിച്ച് പറയുകയായിരുന്നു മൊഹമ്മദ് നബി. രണ്ട് സ്വപ്‌നങ്ങളാണ് തനിക്കുള്ളതെന്നായിരുന്നു 2018-ല്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ആ അഭിമുഖത്തില്‍ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരം പറഞ്ഞത്. ഒന്നാമത്തേത്, ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നതായിരുന്നു. രണ്ടാമത്തേതായിരുന്നു വളരെ വൈകാരികമായി നബി പങ്കുവച്ചത്; സ്വന്തം നാട്ടില്‍, സ്വന്തം ജനതയുടെ മുന്നില്‍ ഒരു മത്സരം കളിക്കുക!

മറ്റെല്ലാ അഫ്ഗാനി ക്രിക്കറ്റ് താരങ്ങള്‍ക്കുമുള്ള ആ സ്വപ്‌നം അവരുടെ മുന്‍ ക്യാപ്റ്റന്‍ തുറന്നു പറയുന്നതിനു രണ്ട് മാസം മുമ്പായിരുന്നു, 2018 മേയ് 18ന്, ഒരു റമദാന്‍ രാത്രിയില്‍ ജലാലാബാദിലെ ഖാസി അമാനുള്ള സ്റ്റേഡിയത്തില്‍ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടയില്‍ മൂന്നു ബോംബുകള്‍ പൊട്ടിയത്. എട്ടു മനുഷ്യര്‍ കൊല്ലപ്പെട്ടു. താലിബാനാണ് അതു ചെയ്തതെന്നാണ് അന്നത്തെ പ്രസിഡന്റ് അഷ്‌റഫ് ഗാനി ആരോപിച്ചത്. താലിബാനത് നിഷേധിച്ചെങ്കിലും, തങ്ങളുടെ ഭരണകാലത്ത് അവര്‍ ക്രിക്കറ്റ് അടക്കം ഒരു കായിക വിനോദങ്ങളും മതവിരുദ്ധതയാരോപിച്ച് അനുവദിച്ചിരുന്നില്ല. അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം(ആകെ കൊള്ളുന്നത് 14,000 പേര്‍)ആയ ജലാലാബാദ് സ്‌റ്റേഡിയം താലിബാന്‍ കാലത്ത് അവരുടെ ശത്രുക്കളെ തൂക്കിലേറ്റാന്‍ ഉപയോഗപ്പെടുത്തിയിരുന്ന കൊലനിലമായിരുന്നു.

ലോകത്തിന്റെ പിന്തുണയും ആരാധനയും നേടുമ്പോഴും സ്വന്തം നാട്ടില്‍ കളിക്കാന്‍ പറ്റാതാവുന്ന ആ കളിക്കാരുടെ മാനോനില എന്താണെന്ന് നമുക്ക് ഊഹിക്കാന്‍ പോലും പറ്റില്ല. ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പതിക് സ്റ്റേഡയിത്തില്‍ മാര്‍ക്ക് വുഡിന്റെ കുറ്റി പിഴുതുകൊണ്ട് അവര്‍ ആഘോഷിച്ച വിജയത്തിനൊപ്പം ലോകത്തിലെ ക്രിക്കറ്റ് ആരാധകരൊക്കെയും പങ്കുചേര്‍ന്നു കൊണ്ടു പ്രഖ്യാപിച്ചത്, യുദ്ധം കൊണ്ട് മുറിവേറ്റവരായ അഫ്ഗാനികളോടുള്ള സ്‌നേഹവും പിന്തുണയുമാണ്.

ഈ വിജയം നബിയെ പോലെ ഓരോ അഫ്ഗാന്‍ താരത്തിന്റെയുള്ളിലും, ഒരു അന്താരാഷ്ട്ര മത്സരം സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കണം എന്ന വലിയ മോഹം ഒന്നു കൂടി വലുതാക്കി കാണണം.

അന്നത്തെ അഭിമുഖത്തില്‍ നബി പറയുന്നൊരു കാര്യമുണ്ട്; ഇന്ത്യയില്‍ കളിക്കുമ്പോള്‍ സ്വന്തം നാട്ടിലെന്നപോലെ ഞങ്ങള്‍ക്ക് പിന്തുണയും സ്‌നേഹവും കിട്ടുന്നുണ്ട്. അതേ സ്‌നേഹവും പിന്തുണയും സ്വന്തം നാട്ടില്‍ നിന്നു ഞങ്ങള്‍ക്ക് എന്നു കിട്ടുമെന്നറിയില്ല. കാരണം, ജീവിതത്തിന് ഒരു ഉറപ്പുമില്ലാത്ത ജനതയാണ് ഞങ്ങള്‍…’

ക്രിക്കറ്റ് അഫ്ഗാനിസ്താന് ഒരു കായികവിനോദം മാത്രമല്ല, അതിജീവനം കൂടിയാണ്. അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നാണവര്‍ ലോകത്തിന് മുന്നില്‍ കളിക്കാന്‍ വരുന്നത്. ഓരോ കളിക്കാരനും പറയാനുണ്ടാകും, അവരുടെ പോരാട്ടത്തിന്റെ കഥ; ജീവനും, ഭക്ഷണത്തിനും താമസത്തിനുമൊക്കെ നടത്തിയ പോരാട്ടത്തിന്റെ. അസ്വസ്ഥതപ്പെടുത്തുന്ന ഓര്‍മകളായതിനാല്‍ അവര്‍ ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഭയപ്പെടുന്നു.

അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ലോഗര്‍ നദിയുടെ കരയിലുള്ള ഗ്രാമത്തിലായിരുന്നു മൊഹമ്മദ് നബി ജനിച്ചത്. ലോഗര്‍ ഗ്രാമം അറിയപ്പെട്ടിരുന്നത് അഫ്ഗാനി ജാഹിദിയുടെ കവാടം എന്നായിരുന്നു. അവിടെയായിരുന്നു അമേരിക്കന്‍ പിന്തുണയുള്ള ജിഹാദി സംഘവും സോവിയറ്റ് പിന്തുണയുള്ള അഫ്ഗാന്‍ ഭരണകൂടത്തിന്റെ സൈന്യവും തമ്മില്‍ പ്രധാനമായും ഏറ്റുമുട്ടല്‍ നടന്നിരുന്നത്. യുദ്ധത്തിന്റെ ഭീകരത നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും പലായനം ചെയ്ത് പാകിസ്താനിലെ പെഷവാറിലുള്ള അഭയാര്‍ത്ഥി കാമ്പില്‍ എത്തുമ്പോള്‍ നബിയുടെ പ്രായം രണ്ടു വയസായിരുന്നു.

മൊഹമ്മദ് നബി പറയുന്നൊരു വാചകമുണ്ട്;

‘ എനിക്ക് ബാല്യകാല ഓര്‍മകളില്ല. കാരണം, എനിക്ക് ബാല്യകാലമില്ലായിരുന്നു’

അഫഗാനിലെ ഓരോ കുട്ടിയുടെയും അവസ്ഥ അതു തന്നെയായിരിക്കും. അവിടെ നിന്നാണവര്‍ ലോകത്തിന്റെ താരങ്ങളായത്. ഇന്ത്യന്‍ എക്‌സ്പ്രസ് എഴുതുന്നതുപോലെ; പഷ്തൂണ്‍ ഹൃദയഭൂമിയെ രണ്ടായി വിഭജിക്കുന്ന ഡ്യൂറന്‍ഡ് ലൈനിനു കുറുകെയുള്ള ആ തിങ്ങിനിറഞ്ഞ അഭയാര്‍ത്ഥി ക്യാമ്പിലാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് പിറന്നത്. കലുഷിതമായ രാജ്യത്തെ പ്രതിനിധീകരിക്കുന്ന മിക്കവാറും എല്ലാ ക്രിക്കറ്റ് കളിക്കാരും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പാര്‍ക്കവെ ആദ്യം പാകിസ്ഥാന്‍ പട്ടാളക്കാരില്‍ നിന്നും പിന്നീടവര്‍ക്കു പ്രാദേശിക ജനങ്ങളുമായി ഇടപഴകാന്‍ അവസരം കിട്ടിയപ്പോള്‍ തെരുവിലെ പാകിസ്ഥാനി കുട്ടികളില്‍ നിന്നും ക്രിക്കറ്റ് പഠിക്കുകയായിരുന്നു.

ഇന്നു ലോകക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് റാഷിദ് ഖാന്‍. അവരുടെ ട്വന്റി-20 ടീമിനെ നയിക്കുന്ന റാഷിദിന്റെ ബാല്യവും നബിയുടെതിന് സമാനമാണ്. പെഷവാറിലെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഈ ലോകോത്തര റൈറ്റ് ആം ലെഗ് ബ്രേക്കറുടെ ബാല്യവും. ബാറ്റികോട്ടില്‍ നിന്നും കുടുംബത്തിനു പലായനം ചെയ്യേണ്ടി വന്നതോടെയാണ് റാഷിദിനും ഏഴ് സഹോദരങ്ങള്‍ക്കും അഭയാര്‍ത്ഥി ക്യാമ്പില്‍ ബാല്യം നയിക്കേണ്ടി വന്നത്. ഹിന്ദുകുഷ് മലനിരകളിലുള്ള നംഗാര്‍ഹാര്‍ പ്രവിശ്യയിലായിരുന്നു റാഷിദ് ജനിച്ച ഗ്രാമം. അതുപക്ഷേ അയാളുടെ ബാല്യകാല ഓര്‍മകളെ സ്പര്‍ശിക്കുന്നില്ല. അഫ്ഗാന്റെ ഏറ്റവും വേഗം കൂടിയ ഫാസ്റ്റ് ബൗളര്‍ ഹമീദ് ഹസ്സന്റെ കഥയും വ്യത്യസ്തമല്ല.

ഭീകരതയുടെ അന്തരീക്ഷത്തിലെ ചെറിയ ഇടവേളകളായിരുന്നു അഫ്ഗാനിസ്താനില്‍ സമാധാനം എന്നത്. ഒന്നുകില്‍ അവര്‍ക്ക് ഏതെങ്കിലും ഒരു ഭാഗത്ത് നില്‍ക്കുന്ന പോരാളിയാകാം, അല്ലെങ്കില്‍ ഇരകളും. ഇതു രണ്ടമല്ലാതെ ജീവിതം മനുഷ്യരെപ്പോലെ ജീവിക്കണം എന്ന ആഗ്രഹമാണ് റാഷിദിനെയും നബിയെയും പോലുള്ള ക്രിക്കറ്റര്‍മാരെ ഉണ്ടാക്കിയത്. മരണമോ ജീവിതമോ എന്നറിയാത്ത അനിശ്ചിത്വത്തില്‍ നിന്നുണ്ടായ മരവിപ്പായിരിക്കാം അവരില്‍ നിര്‍ഭയത്വം ഉണ്ടാക്കിയത്. ആ നിര്‍ഭയത്വമാണ് അഫ്ഗാന്‍ താരങ്ങളില്‍ കാണാവുന്നത്, ആരോടും പൊരുതാനും ജയിക്കാനും അവര്‍ക്കാകുമെന്ന നിര്‍ഭയത്വം. ലോകത്തിന്റെ അരാധന നേടിക്കൊടുത്തതും, അവരുടെതായൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തതും അങ്ങനെയാണ്. ഞായറാഴ്ച്ച ഡല്‍ഹിയില്‍ അവര്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതും അവരുടെ നിര്‍ഭയത്വം കൊണ്ടാണ്.

അഫ്ഗാന്‍ താരങ്ങള്‍ വരുന്ന സ്ഥലങ്ങള്‍ നോക്കണം; കാബൂള്‍, ജലാലാബാദ്, ഖോസ്ത്, കണ്ടഹാര്‍… ഇവയൊന്നും തന്നെ സമാധാനത്തിന്റെ കേന്ദ്രങ്ങളല്ല. മരണം എപ്പോള്‍ വേണണെങ്കിലും സ്‌ഫോടനമായോ വെടിയുണ്ടകളായോ ഞെട്ടിക്കുന്ന ഇടങ്ങള്‍. ക്രിക്കറ്റാണ് ഈ നാടിനെ ഇപ്പോള്‍ ഭാവിയിലേക്ക് ആഹ്ലാദത്തോടെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം. ക്രിക്കറ്റ് അവര്‍ക്ക് പ്രതീക്ഷയാണ്. അല്ലെങ്കില്‍ രക്ഷപ്പെടലാണ്…

പാകിസ്താന്‍ ആയിരുന്നു അഫ്ഗാന്‍ ക്രിക്കറ്റിന്റെ പരിശീലന കേന്ദ്രങ്ങള്‍. പാക് താരങ്ങളായിരുന്നു അവരുടെ മാതൃകകളും. എന്നിരിക്കിലും അഫ്ഗാന്‍ ക്രിക്കറ്റിനെ കൈപിടിച്ചെന്ന പോലെ വളര്‍ത്തി കൊണ്ടുവന്നതിന് ഇന്ത്യക്ക് വലിയ പങ്കുണ്ട്. ഗ്രൗണ്ടും സൗകര്യങ്ങളും നല്‍കിയതിനു പുറമെ പേരുകേട്ട താരങ്ങള്‍ അഫ്ഗാനികളെ ക്രിക്കറ്റിന്റെ പാഠങ്ങള്‍ പരിശീലിപ്പിച്ചു. ലാല്‍ചന്ദ് രജ്പുത്, മനോജ് പ്രഭാകര്‍ എന്നിവര്‍ അഫ്ഗാനുവേണ്ടി പരിശീലക വേഷങ്ങള്‍ അണിഞ്ഞു. ബിസിസിഐ ഇന്നും അഫ്ഗാന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവരുടെ ആദ്യ ടെസ്റ്റ് മത്സരം ബെംഗളൂരുവില്‍ നടന്നപ്പോള്‍ ബിസിസിഐ അന്നത്തെ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയെ മത്സരം വീക്ഷിക്കാന്‍ ക്ഷണിച്ചുകൊണ്ടുവന്നിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) അഫ്ഗാന്‍ താരങ്ങള്‍ വിലപിടിപ്പുള്ളവരാണ്. ക്രിക്കറ്റില്‍ നിന്നും അവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഐപിഎല്‍ വളരേെയറെയാണ് സഹായിക്കുന്നത്. 2019 ലെ ഏകദിന ലോകകപ്പ് അഫ്ഗാന്‍ കളിച്ചപ്പോള്‍ അമൂല്‍ ആയിരുന്നു സ്‌പോണ്‍സര്‍മാര്‍.

Share on

മറ്റുവാര്‍ത്തകള്‍