പാകിസ്താനില്‍ നിന്നും തിരികെ താലിബാന്റെ മുന്നിലേക്ക്
‘ഇവിടെ നിന്നും പറഞ്ഞു വിട്ടാല്‍ ഞങ്ങള്‍ എങ്ങോട്ടു പോകും?’ സ്വന്തം നാട്ടിലേക്ക് തിരികെ പോകേണ്ടി വന്നാല്‍, പിന്നെ തനിക്കൊരു ഭാവിയില്ലെന്ന് അറിയാവുന്ന സാദിയയുടെ കണ്ണുകളില്‍ നിറയുന്നത് കണ്ണുനീരല്ല, ഭയമാണ്.
രാജ്യം വിട്ടു പോകാന്‍ പാകിസ്താന്‍ ഉത്തരവിട്ടിരിക്കുന്ന ലക്ഷണക്കണക്കിന് അഫ്ഗാനിസ്താന്‍ അഭയാര്‍ത്ഥികളിലൊരാളാണ് സാദിയ. 2021-ല്‍ താലിബാന്‍ അധികാരം പിടിച്ചതോടെ അഫ്ഗാന്‍ വിട്ടവരും, ദശാബ്ദങ്ങളായി പാകിസ്താനില്‍ തന്നെ കഴിയുന്നവരുമായ ലക്ഷോപലക്ഷം അഫ്ഗാനികളാണ് അഭയാര്‍ത്ഥികളായി അയല്‍രാജ്യത്തുള്ളത്. മതതീവ്രവാദികളായ താലിബാന്‍ സ്ത്രീകള്‍ക്ക് യാതൊരു വിധ സ്വാതന്ത്ര്യവും അനുവദിക്കുന്നില്ല. വിദ്യാഭ്യാസം നേടാനോ തൊഴില്‍ ചെയ്യാനോ അവകാശമില്ല. അതുകൊണ്ടാണ് സാദിയയെ പോലുള്ള പെണ്‍കുട്ടികള്‍ ജനിച്ച നാട് ഉപേക്ഷിച്ചത്.
ഔദ്യോഗിക രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരെല്ലാം രാജ്യം വിടണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്നുമുള്ള കര്‍ശന നിലപാടിലാണ് പാകിസ്താന്‍. ബുധനാഴ്ച്ച(നവംബര്‍ 1) അര്‍ദ്ധരാത്രി വരെയാണ് രാജ്യം വിടാനുള്ള സമയം. 17 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ രാജ്യം ഒഴിഞ്ഞു പോയ്‌ക്കൊളണമെന്നാണ് പാക് ഭരണകൂടത്തിന്റെ കണക്ക്.
ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ് സാദിയയുടെ കുടുംബവും. അച്ഛനും അമ്മയ്ക്കും സഹോദരിക്കും സഹോദരനും ഒപ്പമാണ് അവളും അതിര്‍ കടന്നെത്തിയത്. പശ്ചിമ പാകിസ്താനിലെ പെഷവാറില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് അവള്‍. ‘ എനിക്ക് ഇനിയും പഠിക്കണം, പക്ഷേ, ഞങ്ങളെ അവര്‍ ഇവിടെ നിന്നും ബലമായി പറഞ്ഞയക്കുകയാണെങ്കില്‍ എനിക്കതിന് കഴിയില്ല. അഫ്ഗാനിസ്താനില്‍ പോയാല്‍ പിന്നെ പഠിക്കാനാകില്ല. ഭാവിയെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് പേടിയാണ്’; ബിബിസി(ഉറുദു)യോട് ആ പെണ്‍കുട്ടി തന്റെ ഇനിയുള്ള ജീവിതത്തെ കുറിച്ചുള്ള വിഹ്വലതകള്‍ പറയുന്നു.
പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷം അഫ്ഗാനികളെ പറഞ്ഞയക്കുന്നതിന് തിടുക്കം കൂട്ടിയതായി പറയുന്നു. അഫ്ഗാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദികളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് ഇസ്ലമാബാദിന്റെ ആരോപണം. പാകിസ്താനില്‍ ഈ വര്‍ഷമുണ്ടായ 24 ചാവേര്‍ സ്‌ഫോടനങ്ങളില്‍ 14-ലും അഫ്ഗാന്‍ പൗരന്മാരാണ് പൊട്ടിത്തെറിച്ചതെന്ന ആരോപണം പാക് ആഭ്യന്തര മന്ത്രി സര്‍ഫറാസ് ബഗ്തി ഉയര്‍ത്തിയിരുന്നു. ‘ അഫ്ഗാനിസ്താനില്‍ നിന്നും അഫ്ഗാന്‍ പൗരന്മാരില്‍ നിന്നും ഞങ്ങള്‍ക്കെതിരേ ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നാണ് ബഗ്തി പറയുന്നത്. ഈ വര്‍ഷം സെപ്തംബറില്‍ രണ്ട് ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായി 57 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും രണ്ട് ചാവേറുകളും അഫ്ഗാനികളായിരുന്നുവെന്നതിന്റെ തെളിവ് കിട്ടിയിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.
അതിര്‍ത്തിയിലെ പ്രശ്‌നം മാത്രമല്ല, പാകിസ്താനെ അയല്‍നാട്ടില്‍ നിന്നും അഭയം തേടിയെത്തിയവരെ പുറത്താക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. 1998 മുതലുള്ള കണക്കെടുത്താല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ പാകിസ്താന്‍ രൂപ അതിന്റെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഡോളറുമായുള്ള വ്യത്യാസത്തില്‍ നേരിട്ടത്.
അഫ്ഗാനിലെ കാലങ്ങളായുള്ള യുദ്ധങ്ങളും സംഘര്‍ഷങ്ങളും നൂറു കണക്കിന്, ആയിരക്കണക്കിന് മനുഷ്യരെയാണ് സ്വന്തം നാടുപേക്ഷിക്കാന്‍ ഓരോകാലത്തും പ്രേരിപ്പിക്കുന്നത്. പാകിസ്താനിലേക്കാണ് ഇവരെല്ലാം എത്തുന്നത്. യു എന്‍ റിപ്പോര്‍ട്ട് പ്രകാരം 13 ലക്ഷം അഫ്ഗാനികള്‍ അഭയാര്‍ത്ഥികളായി പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 880,000(എട്ടുലക്ഷത്തി എണ്‍പതിനായിരം) പേര്‍ക്ക് അവിടെ തുടരാനുള്ള ഔദ്യോഗിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഇവരെ കൂടാതെയാണ് പാകിസ്താന്‍ കണക്കിലുള്ള 17 ലക്ഷം അനധികൃത അഫ്ഗാന്‍ കുടിയേറ്റക്കാരുള്ളത്. ഇവര്‍ക്ക് യാതൊരു വിധ രേഖകളുമില്ല. യു എന്‍ പറയുന്നത്, 20 ലക്ഷത്തോളം അഫ്ഗാനികള്‍ ഔദ്യോഗിക രേഖകളില്ലാതെ പാകിസ്താനില്‍ തങ്ങുന്നുണ്ടെന്നാണ്. ഇതില്‍ ആറ് ലക്ഷത്തോളം പേര്‍ 2021-ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ രക്ഷപ്പെട്ടു പോന്നവരാണ്.
പാക് നിലപാടില്‍ അയവ് ഉണ്ടാകില്ലെന്ന് മനസിലാക്കിയതോടെ ആയിരക്കണക്കിന് അഫ്ഗാനികള്‍ അതിര്‍ത്തിയിലേക്ക് തിരികെ പോയിത്തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച്ച മുതല്‍ അതിര്‍ത്തി മേഖലയില്‍ വലിയ ആള്‍ക്കൂട്ടമുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. തുണികളും ഫര്‍ണീച്ചറുകളും തിങ്ങിനിറഞ്ഞ ട്രക്കുകളും തിരക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്.
രണ്ടുലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ മടങ്ങിപ്പോയിട്ടുണ്ടെന്നാണ് തിങ്കളാഴ്ച്ചത്തെ കണക്കായി പാകിസ്താന്‍ പറയുന്നത്. ചൊവ്വാഴ്ച്ച 20,000 പേര്‍ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യുന്നതായും ഔദ്യോഗികമായി പറഞ്ഞിരുന്നു. തിരിച്ചു പോകുന്ന പത്തുപേരില്‍ എട്ടു പേരും ഭയം കൊണ്ടാണ് സ്വന്തം നാട്ടിലേക്ക് പോകുന്നത്. ഇവിടെ തുടര്‍ന്നാല്‍ തങ്ങള്‍ അറസ്റ്റിലാകുമെന്നാണവരുടെ ഭയം എന്നാണ് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടില്‍ പറയുന്നത്. താലിബാന്റെ കീഴില്‍ തങ്ങളുടെ സ്വപ്‌നങ്ങളും ജീവിതവും ഒരിക്കലും തളിര്‍ക്കില്ലെന്ന് തിരിച്ചു നാട് വിട്ടവരാണ്, ഇപ്പോള്‍ എല്ലാം കൈവിട്ട് തിരികെ അങ്ങോട്ട് തന്നെ പോകുന്നത്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം പാകിസ്താനോട് അഫ്ഗാനികളെ പറഞ്ഞയക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു മഹാദുരന്തം ഒഴിവാക്കണമെന്നാണ് അപേക്ഷ.
തിരികെ അഫ്ഗാനിലെത്തുന്നവരെ കാത്ത് താലിബാന്റെ കടുത്ത ശിക്ഷ നടപടികളുണ്ടാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.’ നാടുകടത്തപ്പെടുന്നവര്‍ തിരികെ അഫ്ഗാനിസ്താനിലെത്തിയാല്‍ അവര്‍ നേരിടേണ്ടി വരിക അത്യന്തം അപകടകരമായ മനുഷ്യാവകാശ ലംഘനങ്ങളായിരിക്കും. താലിബാന്‍ അവരെ പിടികൂടി തുറങ്കിലടയ്ക്കാം, മനുഷ്യത്വരഹിതമായ ക്രൂരതകള്‍ അവര്‍ക്കെതിരേ ഉണ്ടായേക്കും’; ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫിസ് വക്താവ് രവീണ ഷംദാസാനിയുടെ വാക്കുകള്‍.
സ്ത്രീകളുടെ അവസ്ഥയായിരിക്കും ഏറ്റവും ദുഷ്‌കരം. അധികാരത്തില്‍ വന്നതിനു പിന്നാലെ അവര്‍ പറഞ്ഞിരുന്നത്, സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യാനും തൊഴിലെടുക്കാനുമൊക്കെ അനുവദിക്കുമെന്നായിരുന്നു. താലിബാന്റെ കീഴില്‍ സ്ത്രീകളുടെ അവസ്ഥയെന്തായിരിക്കുമെന്ന് ലോകത്തിന് അറിയാവുന്നതാണ്. തങ്ങള്‍ക്ക് പിന്തുണ കിട്ടാന്‍ വേണ്ടിയാണ് സ്ത്രീകളുടെ കാര്യത്തില്‍ മുന്‍പത്തെപ്പോലെ കടുംപിടുത്തം കാണിക്കില്ലെന്നവര്‍ പറഞ്ഞത്. എന്നാല്‍, വലിയ താമസമൊന്നും കൂടാതെ അവരുടെ വാഗ്ദാനങ്ങള്‍ വെറുതെയായിരുന്നുവെന്ന് വ്യക്തമായി. പഠനം അവസാനിപ്പിച്ചും ജോലി നിര്‍ത്തിച്ചും അവര്‍ സ്ത്രീകളെ വീടിനുള്ളിലേക്ക് തന്നെ തള്ളി. സ്‌കൂളുകളും സര്‍വകലാശാലകളും അടപ്പിച്ചു. സ്‌കൂളിലും കോളേജിലും മാത്രമല്ല, ജിംനേഷ്യം, പാര്‍ക്കുകള്‍, സ്വിമ്മിംഗ് പൂളുകള്‍ എന്നു വേണ്ട പൊതുസ്ഥലങ്ങളില്‍ പെണ്‍കുട്ടികളെ കാണരുതെന്ന ഫത്വയാണ് അവര്‍ പുറപ്പെടുവിച്ചത്. സംഗീതോപകരണങ്ങള്‍ കത്തിച്ചുകൊണ്ട് സംഗീതം വഴിതെറ്റിക്കുമെന്ന ആഹ്വാനവും നടത്തി.
താലിബാന്‍ അധികാരം പിടിച്ച രാത്രിയില്‍ കൈയില്‍ കിട്ടിയ ഉടുതുണിയുമായി പാകിസ്താനിലേക്ക് രക്ഷപ്പെട്ടതാണ് സൊഹയ്ല്‍. ഒരു ഗായകനായ തനിക്കിനി അഫ്ഗാനില്‍ സംഗീതവുമായി ജീവിക്കാന്‍ കഴിയില്ലെന്ന് സൊഹയ്‌ലിന് അറിയാമായിരുന്നു. പെഷവാറില്‍ അയാളും കുടുംബവും ജീവിച്ചു പോകുന്നത് സംഗീതം കൊണ്ടായിരുന്നു. തിരിച്ചു സ്വന്തം നാട്ടിലേക്ക് തന്നെ പോകേണ്ടി വരുന്നതോടെ അവരുടെ ജീവിതമെന്താകും?
പാകിസ്താന്‍ തിരിച്ചയക്കുന്നവരുടെ കാര്യത്തില്‍ താലിബാന്റെ പ്രതികരണം ഉണ്ടായിട്ടുണ്ട്. തിരികെ വരുന്നവര്‍ക്ക് താത്കാലിക താമസസൗകര്യം ഒരുക്കുന്നതും ആരോഗ്യപരിശോധനകള്‍ നടത്തുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാന്‍ ഒരു സമിതിയെ രൂപീകരിക്കാമെന്നാണ് താലിബാന്‍ പറയുന്നത്.
‘ആശങ്കകളൊന്നുമില്ലാതെ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരികയും മാന്യമായ ജീവിതം നയിക്കുകയും ചെയ്യാം എന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു’ താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് ‘ എക്‌സി’ല്‍ ചെയ്തിരിക്കുന്ന പോസ്റ്റാണ്.
ഇത്തരം വാഗ്ദാനങ്ങള്‍ സാഹിദയെയും സൊഹയ്‌ലിനെയും പോലുള്ളവര്‍ വിശ്വസിക്കുന്നില്ല. മടങ്ങി ചെന്നാല്‍ എന്താണുണ്ടാവുകയെന്ന് അവര്‍ക്ക് അറിയില്ല. എന്നാലവരുടെ മുന്നില്‍ മറ്റു വഴികളൊന്നും തന്നെയില്ല…