July 17, 2025 |
Share on

ഇറാനിലുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സുരക്ഷിതരാക്കാന്‍ ഇന്ത്യന്‍ എംബസി

ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്കും കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്

ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇസ്രയേല്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാര്‍ ഭീതിയിലാണ്. നാലാം ദിവസമായ തിങ്കളാഴ്ച്ച പുലര്‍ച്ചയും ഇസ്രയേല്‍ ആക്രമണം ഇറാനില്‍ ഉണ്ടായിട്ടുണ്ട്.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ ആരംഭിച്ച ഇസ്രയേല്‍ വ്യോമാക്രമണം ടെഹ്‌റാനിലെ ജവനാസ കേന്ദ്രങ്ങളിലും നടന്നിരുന്നു. കുട്ടികളടക്കം സാധാരണക്കാരായവരാണ് ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതെന്നാണ് ഇറാന്‍ ഇസ്രയേലിനെതിരേ ആരോപിക്കുന്നത്. തിരിച്ച് ടെല്‍ അവീവിലെ ജനവാസ മേഖലകളിലേക്ക് ഇറാനും ആക്രമണം നടത്തിയിരുന്നു. അവിടെ വൃദ്ധരായ സ്ത്രീകളും പത്തുവയസുള്ള കുട്ടിയുമടക്കമാണ് കൊല്ലപ്പെട്ടത്. മിസൈല്‍ ആക്രമണം തുടരുന്നതിനാല്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതും ബുദ്ധിമുട്ടായിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ ടെഹ്റാനിലെ എംബസി പറയുന്നത്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി കാര്യങ്ങള്‍ ചെയ്യുകയാണെന്നാണ്. എംബസിയുടെ നേതൃത്വത്തില്‍ അവരെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ടെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. സാധ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എംബിസുമായി ആശയവിനിമയം ചെയ്യുന്നുണ്ടെന്നുമാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനില്‍ പതിനായിരത്തിലധികം ഇന്ത്യക്കാരുണ്ട്. ഇസ്രയേലില്‍ അതിന്റെ ഇരട്ടിയും. രണ്ട് കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ടെഹ്‌റാനിലെ ഹോസ്റ്റല്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇരുവര്‍ക്കും നിസാര പരിക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സഞ്ചാരികളും തീര്‍ത്ഥാടകരും ഇപ്പോള്‍ ഇറാനിലുണ്ട്. ഇവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞത്.

വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, ഇറാനിലെ വിവിധ തുറമുഖങ്ങളില്‍ കുടുങ്ങി കിടക്കുന്ന കപ്പല്‍ ജീവനക്കാര്‍, മറ്റ് ബിസിനസുകാര്‍, പ്രൊഫണലുകള്‍ എന്നിവരൊക്കെയും ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇറാനിലെ ഇന്ത്യന്‍ എംബസി ടെഹ്റാന്‍, ഇസ്ഫഹാന്‍, ഉര്‍മിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിച്ചുവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ പേരും സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ്. ഇറാനിയന്‍ സ്ത്രീകളെ വിവാഹം കഴിച്ച് ഇവിടെ ജീവിക്കുന്ന ഇന്ത്യക്കാര്‍ ഉണ്ടെങ്കിലും നിലവില്‍ ഇന്ത്യയില്‍ നിന്നെത്തിയ തങ്ങളുടെ പൗരന്മാരുടെ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നതെന്നാണ് എംബസി അറിയിക്കുന്നത്.

ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞതിനാല്‍, ടെഹ്‌റാനിലെ എംബിയുടെയും ബന്ദര്‍ അബ്ബാസ്, സഹെദാനിലെയും കോണ്‍സുലേറ്റുകളിലെയും വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ലാന്‍ഡ് ലൈന്‍ നമ്പറുകളും പുറത്തു വിട്ടിട്ടുണ്ട്. രണ്ടാഴ്ച്ച സമയത്തേക്ക മാത്രമായി താത്കാലിക വീസയില്‍ എത്തിയവരുണ്ട്. നിലവിലെ സാഹചര്യത്തില്‍ അവരുടെ മടക്കയാത്ര വൈകിയാല്‍ എന്തു സംഭവിക്കുമെന്ന പേടിയില്‍ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുന്നവരുമുണ്ട്. ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ട് അവര്‍ ഇറാനില്‍ തുടരാനുള്ള സൗകര്യം ചെയ്യാമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്.

ഒഴിപ്പിക്കലിന് ആഹ്വാനം നല്‍കിയിട്ടുണ്ടെങ്കിലും, മിസൈലുകളും ബോംബുകളും തുടര്‍ച്ചയായി പതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ ‘വളരെ അപകടകരമാണ്’ എന്ന വിലയിരുത്തലാണ് ഞായറാഴ്ച വൈകുന്നേരം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പങ്കുവച്ച വിവരത്തിലുള്ളത്. ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒഴിപ്പിക്കല്‍ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ അവരുടെ പാസ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് കൈവശം വയ്ക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച്ച ആക്രമണം ആരംഭിച്ചതുമുതല്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് റോഡ് മാര്‍ഗം രാജ്യത്തിന്റെ അതിര്‍ത്തി കടക്കണോ അതോ കപ്പല്‍ മാര്‍ഗം രാജ്യം കടക്കണോ എന്ന ആശങ്ക ഇന്ത്യന്‍ പൗരന്മാര്‍ക്കുണ്ട്. ഇക്കാര്യങ്ങള്‍ എംബസിയോട് ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്. റോഡ് വഴിയോ കപ്പല്‍ മാര്‍ഗമോ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും സമാന സുരക്ഷ നിര്‍ദേശങ്ങളാണ് അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇസ്രായേലി അധികാരികളും അടിയന്തര സേവന വിഭാഗങ്ങളും പുറപ്പെടുവിച്ച സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് എംബസി പുറത്തിറക്കിയ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍. Indian Embassy has initiated efforts to ensure the safety of Indians in Iran including students

Content Summary; Indian Embassy has initiated efforts to ensure the safety of Indians in Iran including students

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×