UPDATES

വിദേശം

എങ്ങോട്ടും പോകാന്‍ ഇടമില്ലാത്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍

സ്വന്തം കുഞ്ഞിന്റെ മൃതദേഹം കടലിലെറിഞ്ഞ് കളയേണ്ടി വരുന്ന മാതാപിതാക്കള്‍

                       

ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ നിന്ന് 25 വയസുള്ള മ്യാന്‍മര്‍ സ്വദേശി യാസ്മിന്‍ ഫാറ്റൂം തന്റെ രണ്ട് പിഞ്ചുകുട്ടികളുമായി ഇന്തോനേഷ്യ ലക്ഷ്യം വച്ചുള്ള അഭയാര്‍ത്ഥി ബോട്ടില്‍ യാത്ര തിരിച്ചത് പുതിയ പ്രതീക്ഷകളും പേറിയായിരുന്നു. 2017 ല്‍ മ്യാന്‍മറില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അടിച്ചമര്‍ത്തലിലും വംശഹത്യയില്‍ നിന്നും പലായനം ചെയ്യുന്നത് മ്യാന്‍മറുമായുള്ള അതിര്‍ത്തിക്കടുത്തുള്ള ബംഗ്ലാദേശിലെ കോക്സ് ബസാറിലേക്കാണ്. ഏകദേശം ഒരു ദശലക്ഷത്തോളം റോഹിങ്ക്യകള്‍ ഈ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

യാസ്മിനെ പോലെ നിരവധി പേരാണ് ഈ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് ലോകത്തിന്റെ മറ്റെവിടെയെങ്കിലും സമാധനപരമായ ജീവിതം പണിതുയര്‍ത്താനുള്ള മോഹവുമായി പലായനം ചെയ്യുന്നത്. ബുദ്ധമത രാജ്യമായ മ്യാന്മറില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷമാണ് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍. മ്യാന്മറില്‍ നിന്നും ഇവര്‍ ബംഗ്ലാദേശിലേക്കും മലേഷ്യയിലേക്കുമാണ് അഭയാര്‍ത്ഥികളായി എത്തുന്നത്. പലപ്പോഴും ഒരു സുരക്ഷിതത്വവുമില്ലാത്ത, തടികൊണ്ട് പ്രദേശികമായി നിര്‍മിക്കപ്പെട്ട ബോട്ടുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ ഇരട്ടി അഭയാര്‍ത്ഥികളുമായാണ് ഇത്തരം സംഘങ്ങള്‍ യാത്രതിരിക്കുന്നത്. ഇതില്‍ പല സംഘങ്ങളും യാത്ര പൂര്‍ത്തിയാക്കാറ് പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബര്‍മീസ് സൈന്യം നടത്തുന്ന വംശഹത്യയെന്ന് യുഎന്‍ വിശേഷിപ്പിച്ച ഈ ക്രൂരമായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ അവരില്‍ പലരും 2017 മുതല്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നുണ്ട്. പിന്നീട് കടല്‍ മാര്‍ഗം ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിലേക്കും പലായനം ചെയ്യും.

യാസ്മിന്‍

ഇന്തോനേഷ്യയിലേക്ക് യാത്ര തിരിച്ച ബോട്ടില്‍ യാസ്മിനൊപ്പം 250-ഓളം റോഹിങ്ക്യന്‍ വംശജരുമുണ്ടായിരുന്നു. ഇന്തോനേഷ്യയുടെ ആഷെ പ്രവിശ്യയില്‍ ബോട്ട് കരയ്ക്കടുക്കും വരെ മാത്രമേ ഈ സംഘത്തിന്റെ
പ്രതീക്ഷകള്‍ക്ക് ആയുസുണ്ടായിരുന്നുള്ളു. ഈ വര്‍ഷം നവംബര്‍ മുതല്‍ 1,087 ലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ബോട്ട് മാര്‍ഗം ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയില്‍ അഭയം തേടിയത്. എന്നാല്‍ ചില ബോട്ടുകള്‍ക്ക് അഷെ ഉതാര ജില്ലയിലും സബാംഗ് ദ്വീപിലും താമസിക്കുന്നവര്‍ കരയ്ക്കടുപ്പിക്കാന്‍ വിസമ്മതിച്ചതോടെ മാസങ്ങളോളം കടലില്‍ തങ്ങേണ്ടി വന്നു.UNHCR-ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, ഇന്തോനേഷ്യയിലെ ഏറ്റവും പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിലവില്‍ 1,200 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ട്, അവരില്‍ പകുതിയും കുട്ടികളാണ്.

ആഷെ തീരത്തെത്തിയ ബോട്ട് പ്രദേശവാസികള്‍ കരയ്ക്കടുപ്പിക്കാന്‍ വിസമ്മതിച്ചതോടെ കടലില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു. പരിമിതമായ ഭക്ഷണത്തിലും കുടി വെള്ളത്തിലും ആശ്രയച്ചു അവര്‍ക്ക് ആ നാളുകള്‍ തള്ളി നീക്കേണ്ടി വന്നെന്ന് യാസ്മിന്‍ പറയുന്നു. യാസ്മിന്റെ കുഞ്ഞിന് ഈ പരീക്ഷണഘട്ടത്തെ അതിജീവിക്കാനായില്ല.”അവള്‍ക്ക് അസുഖം ബാധിച്ചു, ഞങ്ങള്‍ക്ക് ഭക്ഷണവും ഉണ്ടായിരുന്നില്ല. അവളുടെ മൃതദേഹം ഞങ്ങള്‍ക്ക് കടലില്‍ എറിയേണ്ടി വന്നു.’ കണ്ണുനീര്‍ അടക്കിപ്പിടിച്ചുകൊണ്ട് യാസ്മിന്‍ ഫാറ്റൂം ബിബിസിയോട് പറഞ്ഞു.

പ്രദേശവാസികൾ കരക്കടുപ്പിക്കാൻ വിസമ്മിതിച്ചതോടെ തിരികെ പോകുന്ന അഭയാർത്ഥികൾ

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബോട്ട് കടത്തിവിടാന്‍ അനുവദിച്ചപ്പോള്‍ അതിലുണ്ടായിരുന്നവര്‍ കരഞ്ഞു. അവരുടെ യാത്ര അവസാനിച്ചതിന്റെ ആശ്വാസത്തിനപ്പുറം, പട്ടിണിയും രോഗവും മൂലം അവര്‍ക്ക് യാസ്മിന്റെ മകള്‍ ഉള്‍പ്പെടെ മൂന്നു കുഞ്ഞുങ്ങളെ നഷ്ടപെട്ടതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യാസ്മിന്‍ സഞ്ചരിച്ച ബോട്ടിനു സമാനമായി നിരവധി ബോട്ടുകളും ആഴ്ചകളോളം കടലില്‍ തങ്ങുകയാണ്. ഡിസംബര്‍ 10 ന് ബംഗ്ലാദേശില്‍ നിന്ന് ആഴ്ചകളോളം കടലിലൂടെ ഒഴുകിയെത്തിയ 300 ലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയുടെ തീരത്ത് എത്തിയത്. 135 അഭയാര്‍ത്ഥികളുമായി, ഒരു മാസത്തിലേറെയായി കടലില്‍ തങ്ങുന്ന മറ്റൊരു ബോട്ടും മണിക്കൂറുകള്‍ക്ക് ശേഷം ആഷെ ബെസാര്‍ റീജന്‍സിയില്‍ ലാന്‍ഡ് ചെയ്തു, മൂന്നാമത്തെ ബോട്ടിനെ കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് അല്‍ജസിറ റിപ്പോര്‍ട്ട് ചെയ്യുന്നു.
യാസ്മിനും മകനും നിലവില്‍ ഇന്തോനേഷ്യയിലെ ഒരു താല്‍ക്കാലിക അഭയാര്‍ത്ഥി അഭയകേന്ദ്രമായി പുനര്‍നിര്‍മ്മിച്ച ഉപയോഗിക്കാത്ത ഒരു ഇമിഗ്രേഷന്‍ ഓഫീസിലാണ് താമസിക്കുന്നത്.

ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി ദീര്‍ഘവും കഠിനവുമായ കടല്‍ യാത്രകള്‍ നടത്തുന്നത്. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിന്ന് ബോട്ടുകളില്‍ മലേഷ്യയിലോ ഇന്തോനേഷ്യയിലോക്കോ പലായനം ചെയ്യാനാണ് ഭൂരിഭാഗവും ശ്രമിക്കുന്നത്. കടല്‍മാര്‍ഗം കടക്കുന്നതിനായി അഭയാര്‍ത്ഥികള്‍ കൈയില്‍ കിട്ടുന്ന വസ്തുക്കളില്‍ നിന്നാണ് ചങ്ങാടം നിര്‍മ്മിക്കുന്നതെന്ന് യു എന്‍ പറയുന്നു. ഇന്തോനേഷ്യയിലെ ആഷെയിലെ ജനങ്ങള്‍ മുമ്പ് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും, എത്തിച്ചേരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കടലിലൂടെയുള്ള അപകടകരമായ യാത്രകള്‍ നടത്തി കഴിഞ്ഞ മാസം മുതല്‍ 1,500 റോഹിങ്ക്യകള്‍ ഇന്തോനേഷ്യയില്‍ മാത്രമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവിടെ എത്തുന്ന റോഹിങ്ക്യകള്‍ക്ക് തങ്ങള്‍ സാമ്പത്തികമോ വസ്തുക്കളോ പാര്‍പ്പിടമോ നല്‍കില്ലെന്നും പ്രദേശത്ത് തങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആഷെയിലെ നിവാസികള്‍ പറയുന്നു. അഭയാര്‍ത്ഥികള്‍ക്ക് ടെന്റുകളോ മറ്റ് അടിസ്ഥാന ആവശ്യങ്ങളോ നല്‍കുന്നതിനോ ”ഏതെങ്കിലും ചിലവുകള്‍ വഹിക്കുന്നതിനോ” ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് പ്രാദേശിക സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ പുതിയൊരു സ്ഥലം അന്വേഷിക്കുകയാണെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പറയുന്നു.

ബംഗ്ലാദേശിലെ ദുഷ്‌കരമായ സാഹചര്യങ്ങളും കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവും മ്യാന്‍മറിലെ വഷളായ പ്രതിസന്ധിയുമാണ് അഭയാര്‍ഥികളുടെ ഒഴുക്ക് ഇന്തോനേഷ്യയിലേക്ക് വര്‍ധിക്കാന്‍ കാരണമായതെന്ന് യുഎന്‍ പറയുന്നു, വരും മാസങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ എത്തുമെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. യുഎന്‍എച്ച്സിആറിന്റെ ജനുവരിയിലെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം 3,500 ലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ആന്‍ഡമാന്‍ കടലിനും ബംഗാള്‍ ഉള്‍ക്കടലിലൂടെയും സഞ്ചരിച്ചതായി പറയുന്നു.2021 നെ അപേക്ഷിച്ച് 2022 ല്‍ 700 ഓളം ആളുകളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കണക്കുകള്‍ കാണിക്കുന്നത് ക്രോസിംഗ് നടത്തുന്നവരില്‍ 350 ഓളം പേര്‍ കഴിഞ്ഞ വര്‍ഷം കടലില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 180 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ആന്‍ഡമാന്‍ കടലില്‍ ഒരു ബോട്ടപകടത്തില്‍ മരിച്ചിരുന്നു. റോഹിങ്ക്യകളുടെ ജീവിത സാഹചര്യങ്ങളെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട വംശീയ വേര്‍തിരാവായും, വര്‍ണ്ണവിവേചനമായുമാണ് താരതമ്യപ്പെടുത്തുന്നത്. കഴിഞ്ഞ മേയില്‍ രാജ്യത്ത് പ്രകൃതിദുരന്തമുണ്ടായപ്പോള്‍, മ്യാന്‍മറിലെ സൈനിക ഭരണകൂടം റോഹിങ്ക്യന്‍ ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തടഞ്ഞു വച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍