UPDATES

ആലഞ്ചേരി പിതാവിന്റെ പടിയിറക്കവും ഭൂമിക്കച്ചവടത്തില്‍ തുടങ്ങി വ്യാജരേഖയില്‍ മുറുകിയ വിവാദങ്ങളും

ഈ പടിയിറക്കം സ്വയം തീരുമാനപ്രകാരമാണെന്ന് ആലഞ്ചേരി പിതാവ് പറഞ്ഞാലും, അതിലേക്ക് നയിച്ച ചില കാരണങ്ങളുണ്ട്

                       

‘നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറ കെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല.’ (മത്തായി 5:13)

ഒരിക്കലും ഉറ കെടാത്ത ഉപ്പായി ക്രിസ്തീയ വിശ്വാസികള്‍ക്കു മുന്നില്‍ നിലകൊള്ളേണ്ട സിറോ മലബാര്‍ സഭ ഉറ കൂടാത്ത വിധം കെട്ടുപോകുമോ എന്നൊരു ഭയം കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി വിശ്വാസികള്‍ക്കിടയിലുണ്ട്. ഭൂമിക്കച്ചവടം, വ്യാജരേഖ കേസ്, ആരാധാനക്രമം തുടങ്ങി പല വിഷയങ്ങളില്‍ ഏറ്റുമുട്ടലുകളും വെല്ലുവിളികളും നടന്നു, അള്‍ത്താരകളും പള്ളി മുറ്റങ്ങളും യുദ്ധക്കളങ്ങളായി മാറി. മെത്രാന്മാരും പുരോഹിതരും വിശ്വാസികളും വിരുദ്ധ ചേരികളായി തിരിഞ്ഞു സഭ തന്നെ വിഭജിക്കപ്പെടുമോയെന്ന ഭയമുണ്ടാക്കി. എല്ലാ വാദപ്രതിവാദങ്ങളുടെയും വിരല്‍ തുമ്പ് ഒരുപോലെ നീണ്ടത് സഭ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലഞ്ചേരിയുടെ നേര്‍ക്കായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ആരോപണങ്ങള്‍, കേസുകള്‍, കോടതികള്‍, വിശ്വസികളുടെ പ്രതിഷേധങ്ങള്‍; മറ്റൊരു സഭ തലവനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികള്‍. എല്ലാത്തിനുമൊടുവില്‍ ആലഞ്ചേരി പടിയിറങ്ങുന്നു. ആ പടിയിറക്കം സ്വയം തീരുമാനപ്രകാരമാണെന്ന് ആലഞ്ചേരി പിതാവ് പറഞ്ഞാലും, അതിലേക്ക് നയിച്ച ചില കാരണങ്ങളുണ്ട്. വലിയൊരു വിഭാഗം അല്‍മായരുടെയും പുരോഹിതരുടെയും മുന്നില്‍ കര്‍ദിനാളിന് തന്റെ മഹത്വം നഷ്ടപ്പെടുത്തേണ്ടി വന്ന കാരണങ്ങള്‍. അതില്‍ പ്രധാനപ്പെട്ടവ ഭൂമിക്കച്ചവട കേസും വ്യാജരേഖ ചമയ്ക്കല്‍ വിവാദവുമായിരുന്നു;

ഭൂമിക്കച്ചവടം

സിറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി, അതിന്റെ സഭ തലവന്‍ ഒരു അഴിമതിക്കേസില്‍ ഉള്‍പ്പെടുന്നതായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടം. അനാവശ്യവും ധനനഷ്ടവുമെന്ന് സാക്ഷ്യങ്ങള്‍ സഹിതം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും, ഒരു വിഡ്ഢിയുടെ സ്വപ്നം പോല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മെഡിക്കല്‍ കോളേജെന്ന സങ്കല്‍പ്പം ദശകോടികളുടെ കടത്തിലേക്കാണ് അതിരൂപതയെ എത്തിച്ചത്. ഈ കടം വീട്ടാന്‍ കണ്ടു പിടിച്ച വഴിയാകട്ടെ എറണാകുളം-അങ്കമാലി അതിരൂപതയെ ലോകത്തിനു മുന്നില്‍ നാണംകെടുത്തിയ ഭൂമിക്കച്ചവട വിവാദത്തിനും കാരണമായി. വിശ്വാസികളെയും സഭയേയും വഞ്ചിച്ചുകൊണ്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസ് പോലെ നടന്ന, അതിരൂപതയുടെ പൈതൃക ഭൂമികളുടെ കച്ചവടം, നിലവില്‍ ഉണ്ടായിരുന്ന നഷ്ടത്തെ ഇരട്ടിപ്പിക്കുന്നതായിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഈ വിവാദ കച്ചവടത്തില്‍ പ്രതിസ്ഥാനത്തു വന്നു. വിവാദ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ സാജു വര്‍ഗീസ് കുന്നേലിന്റെ നേതൃത്വത്തില്‍, അതിരൂപത ആസ്ഥാനത്തെ പ്രധാനികളുടെ പിന്തുണയോടെ നടത്തിയ കച്ചവടം സഭയ്ക്കു കോടികളുടെ നഷ്ടമുണ്ടാക്കി.

പൈതൃക ഭൂമിയുടെ കള്ളക്കച്ചവടം

2015 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമ്പത്തിക-ഭൂമി ഇടപാടുകളെക്കുറിച്ച് പല ഉഹാപോഹങ്ങളും പ്രചരിക്കാന്‍ തുടങ്ങി.ഇതേ തുടര്‍ന്ന് ഏതാനും പുരോഹിതരും അല്‍മായരും നിജസ്ഥിതി തേടിയിറങ്ങി. അതിരൂപതയ്ക്ക് പൈതൃക സ്വത്തായി കിട്ടിയിട്ടുള്ള ഭൂമി ചിലര്‍ ചേര്‍ന്ന് കള്ളക്കച്ചവടം നടത്തി സഭയേയും വിശ്വാസികളെയും ഒരുപോലെ വഞ്ചിച്ച് സ്വാര്‍ത്ഥലാഭം നേടിയിരിക്കുന്നൂവെന്നായിരുന്നു അന്വേഷണത്തിനിറങ്ങിയവര്‍ വെളിപ്പെടുത്തിയത്. അവരുടെ ആരോപണങ്ങള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും നേരെ ഉയര്‍ന്നു. അതിരൂപതയുടെ പൈതൃക സ്വത്തുവില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്നത് വന്‍ ക്രമക്കേടാണെന്നും കോടികളുടെ നഷ്ടവും സാമ്പത്തികബാധ്യതയുമാണ് തന്മൂലം അതിരൂപതയ്ക്ക് ഉണ്ടാക്കി വച്ചിരിക്കുന്നതെന്നും അവര്‍ തെളിവുകള്‍ നിരത്തി.

നടക്കാത്ത മെഡിക്കല്‍ കോളേജിന്റെ പേരില്‍ കോടികളുടെ ലോണ്‍

പ്രയോജനമാകില്ലെന്നു കണ്ട്, ഒരിക്കല്‍ വേണ്ടായെന്നു തീരുമാനിച്ച മെഡിക്കല്‍ കോളേജ് പ്രൊജക്ടിന് മാര്‍ ആലഞ്ചേരി മുന്‍കൈയെടുത്ത് നടത്തിയ ഇടപാടുകളാണ് ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട അഴിമതിയിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിനുമപ്പുറം അഴിമതികള്‍ അതിരൂപതയ്ക്കുള്ളില്‍ നടന്നിട്ടുണ്ടെന്നാണ് തങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസിലായതെന്ന് ആക്ഷേപം ഉയര്‍ത്തുന്നവര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആരംഭിക്കാനെന്ന പേരില്‍ എറണാകുളം മറ്റൂരില്‍ 23.22ഏക്കര്‍ വാങ്ങാന്‍ ലോണ്‍ എടുത്തതില്‍ തന്നെ വലിയ കള്ളത്തരം നടന്നിട്ടുണ്ടെന്നു പറയുന്നു. 43.21 കോടി രൂപ സ്ഥലം വാങ്ങാന്‍ ചെലവിട്ടപ്പോള്‍ ഈ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും അതിരൂപത ലോണ്‍ എടുത്തത് 58 കോടി! 43 കോടി രൂപ മാത്രം വിലവരുന്ന ഭൂമി വാങ്ങാന്‍ 58 കോടി ലോണ്‍ എടുത്തതിന് ഉത്തരമില്ല. ബാക്കി വന്ന 15 കോടി എന്തിന് ഉപയോഗിച്ചു എന്നതിനും മറുപടിയില്ല! ഈ പണം കള്ളപ്പണമായി അതിരൂപത ഉടമസ്ഥന് നല്‍കിയോ? വക മാറ്റി ഉപയോഗിച്ചോ? അതോ ആരെങ്കിലും കൈക്കലാക്കിയോ? ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലെന്നാണ് ആക്ഷേപമുയര്‍ത്തിയവര്‍ പറഞ്ഞത്. 58 കോടി രൂപ ലോണ്‍ എടുത്തതിന് (2017 നു മുമ്പുള്ള)മൂന്നുവര്‍ഷങ്ങളായി ഏകദേശം 18 കോടി രൂപ (ഒരു വര്‍ഷം ആറുകോടി പലിശ എന്ന നിലയില്‍) അതിരൂപത പലിശനയിത്തില്‍ ചെലവിട്ടിട്ടുണ്ട്. ഈ പണം ആരുടെ കൈയില്‍ നിന്നും പോകുന്നു? ഇടവകകള്‍ക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് അതിരൂപതയിലേക്ക് നല്‍കും. ഇങ്ങനെ കിട്ടുന്ന പണമാണ് പലിശയടയ്ക്കാന്‍ ഉപയോഗിക്കുന്നത്. അതായത് പവപ്പെട്ട വിശ്വാസികളുടെയടക്കം പണമാണ് ഒരു സംഘം അവരുടെ കള്ളത്തരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്; പിടിയരി ശേഖരിച്ചും മറ്റും വരുമാനം ഉണ്ടാക്കി വളര്‍ന്നൊരു അതിരൂപതയാണിത്. അതാണ് ഇന്ന് ചിലര്‍ ചേര്‍ന്ന് തങ്ങളുടെ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത്; അന്വേഷണത്തിന് ഇറങ്ങിയ വൈദികര്‍ പറഞ്ഞ കാര്യങ്ങളാണ്.

അതിരൂപയുടെ മേല്‍ കോടികളുടെ ബാധ്യത

ലോണ്‍ ബാധ്യത തീര്‍ക്കാനെന്നാണ് തൃക്കാക്കര, മരട്, വെണ്ണല, കാക്കനാട് എന്നിവിടങ്ങളിലൊക്കെയുള്ള സ്ഥലങ്ങള്‍ വിറ്റതിനു കാരണം പറഞ്ഞത്. അതിരൂപതയുടെ കീഴിലുള്ള തുണ്ടു ഭൂമികളാണ് വിറ്റതെന്നായിരുന്നു ന്യായം. നഗരഭാഗത്ത് ലക്ഷങ്ങള്‍ സെന്റിന് വിലവരുന്ന ഭൂമിയാണ് തുണ്ടു ഭൂമിയെന്ന് നിസ്സാരവത്കരിച്ചത്. ഈ വില്‍പ്പന പോലും തികച്ചും ഗോപ്യമായിട്ടായിരുന്നു നടത്തിയത്. അതിരൂപതയുടെ കീഴിലുള്ള വൈദിക സമൂഹമോ ലക്ഷക്കണക്കിന് വിശ്വാസികളും അറിയാതെ, ഒന്നോരണ്ടോ പേരുടെ താത്പര്യത്തിന് പുറത്തായിരുന്നു ഇത്. ആലോചന സമിതി, സാമ്പത്തികാര്യ സമിതി, വൈദിക സമിതി, പാസ്റ്റര്‍ സമിതി പോലെ പല സമിതികളും ഉണ്ടായിട്ടും കോടിക്കണക്കിനു വിലവരുന്ന ഭൂമിയിടപാട് നടക്കുമ്പോള്‍ ആര്‍ച്ച് ബിഷപ്പും പ്രോക്യൂറ്ററും വികാര്‍ ജനറലുമൊക്കെ മാത്രം അറഞ്ഞു കച്ചവടം നടത്തുക പിന്നീടതേക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ആദ്യം നിഷേധിക്കുക, പിന്നീട് അധികാരത്തിന്റെ ധാര്‍ഷ്ഠ്യംകാണിക്കുക; സഭയിലെ തന്നെ വൈദികരും അല്‍മായരും ഉയര്‍ത്തിയ ചോദ്യങ്ങളും ആക്ഷേപങ്ങളുമാണിതൊക്കെ.

സഭയുടെ പൈതൃകമായ സ്വത്തുക്കളുടെ പരിപാലനത്തിനും ക്രയവിക്രയങ്ങളിലും അനിതരസാധാരണമായ ശ്രദ്ധയും വേണ്ടത്ര മുന്നൊരുക്കങ്ങളും നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നാണ് കാനോന്‍ നിയമങ്ങള്‍ (കാനോന്‍ 1035, 1036, 1037, 1038, 1042, 934) നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. സിവില്‍ നിയമങ്ങള്‍ക്കൊപ്പം കാനോന്‍ നിയമങ്ങളുടെയും പച്ചയായ ലംഘനമാണ് അതിരൂപതയിലെ ഭൂമിക്കച്ചവടത്തില്‍ നടന്നതെന്നാണ് വൈദികര്‍ ചൂണ്ടിക്കാണിച്ചത്.

‘തുണ്ടു ഭൂമികളുടെ കച്ചവടം’

2016 ജൂണില്‍ അതിരൂപതയുടെ കൈവശമുള്ള തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിര്‍വശം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികിലുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരത് മാത കോളേജിന് എതിര്‍വശത്ത് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഒരേക്കര്‍ അഞ്ച് സെന്റ് (ഈ ഭൂമി അലക്സിയന്‍ ബ്രദേഴ്സ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്ന നിബന്ധനയില്‍ നല്‍കിയതാണ്), കാക്കനാട് നിലപംപതിഞ്ഞ മുകളില്‍ കുസുമഗിരി ആശുപത്രിക്ക് സമീപമുള്ള 20 സെന്റ് (ഇതില്‍ 10 സെന്റ് ആരോ കൈയേറിയതായി പറയുന്നു), വെണ്ണലയില്‍ 23.05 സെന്റ് (ഈ സ്ഥലം മുന്‍പേര്‍ തന്നെ ലിസി ആശുപത്രിക്ക് ആധാരം ചെയ്തു കൊടുത്തതാണെന്നും പറയുന്നു), മരടിലുള്ള 52 സെന്റ് എന്നിങ്ങനെ മൊത്തം മൂന്നേക്കര്‍ 30 സെന്റ് സ്ഥലം 9,0,5000 രൂപയില്‍ കുറയാതെ സെന്റിന് കണക്കാക്കി വില്‍പ്പന ചെയ്തു കൊടുക്കണമെന്ന വ്യവസ്ഥയില്‍ തൃക്കാക്കര വീകെ ഏജന്‍സീസി (veekay agencies)നെ ഏല്‍പ്പിക്കുകയായിരുന്നുവത്രേ.

ലക്ഷങ്ങള്‍ വിലവരുന്നത് പതിനായിരത്തിന്

സെന്റിന് 9,0,5000 രൂപ പ്രകാരം സ്ഥലം വില്‍പ്പനയിലൂടെ അതിരൂപതയ്ക്ക് കിട്ടേണ്ടത് 2986,50,000 രൂപയാണ്. പ്രസ്തുത സ്ഥലങ്ങളില്‍ വെണ്ണലയിലേയും മരടിലേയും ഒഴികെയുള്ളിടത്ത് വില്‍പ്പന നടന്നു കഴിഞ്ഞതായി നവംബര്‍ ആറിന് ബസിലക്കയില്‍ നടന്ന യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വില്‍പ്പന നടന്ന നാലു സ്ഥലങ്ങളുടെ ആകെ വിസ്തീര്‍ണം രണ്ട് ഏക്കര്‍ 55 സെന്റ്. വില്‍പ്പന വ്യവസ്ഥയില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്ന വിലയനുസരിച്ച് ഈ സ്ഥലങ്ങളില്‍ നിന്നും 23,0775000 കോടി രൂപ അതിരൂപതയ്ക്ക് കിട്ടേണ്ടതാണ്. ഈ പറയുന്ന നാല് സ്ഥലങ്ങളുടെയും തീറാധാരങ്ങളിലും അതിരൂപതാധ്യക്ഷന്‍ ഒപ്പുവച്ചിട്ടും ലഭിക്കേണ്ട തുകയുടെ പകുതിപോലും ലഭിച്ചിട്ടില്ല. ആകെ കിട്ടിയതായി ആര്‍ച്ച് ബിഷപ്പ് തന്നെ പറയുന്നത് എതാണ്ട് എട്ടുകോടി രൂപയാണ്. സ്ഥലത്തിന് കിട്ടേണ്ട മുഴുവന്‍ തുകയും കിട്ടി ബോധ്യപ്പെട്ടിട്ടു മാത്രമേ പ്രമാണം ആധാരം ചെയ്തു കൊടുക്കാവൂ എന്ന യോഗനിബന്ധന തെറ്റിച്ച്, കിട്ടേണ്ട തുകയുടെ പകുതി പോലും ലഭിക്കാതെ പ്രമാണത്തില്‍ ആര്‍ച്ച് ബിഷപ്പ് ഒപ്പ് വച്ചത് എന്തിനാണെന്നാണ് പരാതിക്കാര്‍ ചോദ്യം ഉയര്‍ത്തിയത്.

ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒപ്പിട്ടു നല്‍കിയിരിക്കുന്ന ആധാരപ്രകാരം തൃക്കാക്കരയിലും കാക്കനാട്ടും വില്‍പ്പന നടത്തിയ സ്ഥലങ്ങള്‍ പ്ലോട്ടുകളായി തിരിച്ചാണ് വിറ്റിരിക്കുന്നത്. തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിര്‍വശം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 70.15 സെന്റ് സ്ഥലം വിറ്റിരിക്കുന്നത് ഏഴ് ചെറിയ പ്ലോട്ടുകളായിട്ടാണ്. ഒരു സെന്റിന് യഥാക്രമം 10,74,113, 7,55,813, 3,08,823 (4 പ്ലോട്ടുകള്‍), 3,09,343, 8,20,000 ലക്ഷത്തിനാണ് ഈ സ്ഥലം വിറ്റിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ മറ്റു വസ്തു ബ്രോക്കര്‍മാര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഇവിടെ സെന്റിന് 22 ലക്ഷം മുതല്‍ 25 ലക്ഷം വരെ വിലവരുമെന്നാണ്. അപ്പോഴാണ് 10 ലക്ഷത്തിനടുത്ത് വിലയിട്ട് സ്ഥലം വില്‍പ്പന നടന്നിരിക്കുന്നത്. 22 ലക്ഷം വച്ച് വില കണക്കുകൂട്ടിയാല്‍ പോലും അതിരൂപതയ്ക്ക് നഷ്ടം ഏകദേശം 11 കോടിക്കടുത്ത്.

ഭാരതമാതാ കോളേജിന് എതിര്‍വശത്ത് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 60.26 സെന്റ് സ്ഥലം സാജു വര്‍ഗീസ് എന്നയാള്‍ക്ക് വിറ്റിരിക്കുന്നത് 3,99,70,000 രൂപയ്ക്ക്. ഇവിടെ സെന്റിന് വിലയിട്ടത് 6,63,292 ലക്ഷം. ഇവിടുത്തെ യഥാര്‍ത്ഥ വില സെന്റിന് 25 ലക്ഷത്തിനടുത്ത് വരുമെന്നു പറയുന്നു. അങ്ങനെയാകുമ്പോള്‍ ഈ കച്ചവടത്തിലും അതിരൂപതയ്ക്ക് നഷ്ടം 11 കോടിക്കു മുകളില്‍ (മറ്റൊരു കാര്യം, ഇതേ സ്ഥലം വാങ്ങാനുണ്ടെന്ന ആവശ്യവുമായി ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ സ്ഥലത്തിന്റെ ഉടമകളായവര്‍ പറഞ്ഞ വില സെന്റിന് 32 ലക്ഷം!). അതിരൂപതയുടെ കീഴിലുള്ളതാണ് ഭാരതമാത കോളേജ്. കോളേജിനോട് ചേര്‍ന്നുള്ള സ്ഥലം വിറ്റപ്പോള്‍ വില്‍ക്കുന്ന കാര്യം കോളേജിനോടു പോലും ചോദിച്ചില്ല എന്നതും മറ്റൊരാക്ഷേപം.

കുസുമഗിരിയില്‍ രണ്ടു പ്ലോട്ടുകളായി തിരിച്ച് നടത്തിയ വില്‍പ്പനയില്‍ 12 ലക്ഷം വാല്യുവുള്ളിടത്ത് സെന്റിന് 2,43,243 ലക്ഷം നിശ്ചയിച്ച് 4,81 സെന്റ് സ്ഥലം 11, 70,000 ലക്ഷത്തിനു വിറ്റപ്പോള്‍ 4.96 സെന്റുള്ള മറ്റൊരു പ്ലോട്ട് സെന്റിന് 2,44,354 ലക്ഷം സെന്റിന് നിശ്ചിയിച്ച് 12,12,000 ലക്ഷത്തിന് വിറ്റു. ഈ വകയില്‍ അതിരൂപതയ്ക്ക് നഷ്ടം 93 ലക്ഷത്തിനു മുകളില്‍.

കരുണാലയത്തിനടുത്തുള്ള സ്ഥലം എട്ട് പ്ലോട്ടുകളാക്കിയാണ് വില്‍പ്പന നടത്തിയത്. ഇവിടെ സെന്റിന് എട്ടുലക്ഷം രൂപ അടിസ്ഥന വിലയുണ്ട്. എന്നാല്‍ ഇത് യഥാക്രമം, നാലും അഞ്ചും ലക്ഷം രൂപയ്ക്ക് അടുത്ത് വിലയിട്ടാണ് വില്‍പ്പന നടത്തിയത്. ഓരോ പ്ലോട്ടിനും ഈവകയില്‍ ഉണ്ടായ നഷ്ടം മൊത്തത്തില്‍ കണക്കുക കൂട്ടുകയാണെങ്കില്‍ ഏകദേശം 15 കോടിക്കടുത്താണ്!

ഭൂമിക്ക് കിട്ടേണ്ട യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കുറച്ച് വില്‍പ്പന നടന്നിരിക്കുമ്പോള്‍ ഈ സ്ഥലങ്ങള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചതാരാണെന്ന ചോദ്യവും മേല്‍വിവരിച്ച കണക്കുക്കള്‍ പറയുന്നതിനൊപ്പം വൈദികര്‍ ചോദിക്കുന്നു. കാനോന്‍ നിയമങ്ങള്‍ കര്‍ശനമായി ആവശ്യപ്പെടുന്ന expert written evaluation ആരില്‍ നിന്നാണ് ലഭിച്ചതെന്നു വ്യക്തമാകേണ്ടതുണ്ടെന്നും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഇതിനൊപ്പമാണ് മറ്റൊരു പ്രധാന ആരോപണവും അതിരൂപത സംരക്ഷണ കാമ്പയിന്‍ അംഗങ്ങള്‍ ഉയര്‍ത്തുന്നത്. ഭൂമി വില്‍പ്പന നടത്താന്‍ ഒരിടത്തും പരസ്യം നല്‍കാതെ വീകേ ഏജന്‍സീസിനെ ചുമതല ഏല്‍പ്പിച്ചത് എന്തുകൊണ്ട്? അതിരൂപതയ്ക്കുണ്ടായ നഷ്ടം ലാഭമായത് ആര്‍ക്കൊക്കെയാണ്?

വിറ്റ സ്ഥലങ്ങളുടെ തുകയായി 27 കോടിയാണ് അതിരൂപതയ്ക്ക് ഇടനിലക്കാരന്‍ നല്‍കേണ്ടത്. ഇതില്‍ കൊടുത്തിരിക്കുന്നത് ഒമ്പതു കോടി. ബാക്കി 18 കോടി. നോട്ടു നിരോധനവും മറ്റും വന്നതുകൊണ്ടാണ് ബാക്കി തുക നല്‍കാന്‍ താമസം വരുന്നതെന്ന ന്യായത്തില്‍ ഇടനിലക്കാരുടേതായ കോട്ടപ്പട്ടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി അതിരൂപതയ്ക്ക് ഈട് വച്ചു. അതിരൂപതാദ്ധ്യക്ഷന്റെയും സഹായികളുടെയും മേല്‍ വിശ്വാസം പൂര്‍ണമായി നഷ്ടപ്പെടുത്തുന്ന കള്ളത്തരങ്ങളാണ് ഇനിയുമുള്ളതെന്നാണ് വിശ്വസി സമൂഹവും വൈദിക സംഘങ്ങളും പറഞ്ഞത്. ഈ ഭൂമിക്കച്ചടവ വിവാദങ്ങള്‍ മാര്‍ ആലഞ്ചേരിയെ കോടതി കയറ്റി.

വത്തിക്കാന്റെ ഇടപെടല്‍

കച്ചവടത്തിലെ കള്ളത്തരങ്ങള്‍ ഏതാനും പുരോഹിതരുടെയും സഭ വിശ്വാസികളുടെയും നേതൃത്വത്തില്‍ കണ്ടെത്തിയതോടെ വിഷയം ക്രിമനല്‍ കേസായി സുപ്രിം കോടതിയില്‍ വരെ എത്തി. മേജര്‍ ആര്‍ച്ച് ബിഷപ്പും പ്രതിയായി. വത്തിക്കാന്‍ നേരിട്ട് അദ്ദേഹത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുകയും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒരു അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തു. പാലക്കാട് രൂപത മെത്രാനായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിനെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിക്കുമ്പോള്‍, അതിരൂപതയിലെ ഭൂമിക്കച്ചവട വിവാദത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര ഏജന്‍സികളുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ വത്തിക്കാന് കൈമാറുകയും ചെയ്തു. പ്രസ്തുത വിഷയത്തില്‍ വത്തിക്കാന്റെ നടപടി കാത്തിരിക്കുകയും, അതോടൊപ്പം എറണാകുളം സിജെഎം കോടതി ഭൂമിക്കച്ചവട വിവാദത്തില്‍ കര്‍ദിനാളിനും സംഘത്തിനുമെതിരേ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വ്യാജരേഖ വിവാദം ഉയരുന്നത്.

എന്താണ് വ്യാജരേഖ കേസ്?

2019 ജനുവരി 7 മുതല്‍ സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിറോ മലബാര്‍ സിനഡില്‍ ആണ് വ്യാജരേഖ കേസിന് ആധാരമായ സംഭവങ്ങളുടെ തുടക്കം. സിനഡില്‍ പങ്കെടുക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനു മുന്നില്‍ കത്തോലിക്ക സഭയുടെ മുന്‍ വക്താവും സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ. പോള്‍ തേലക്കാട്ട് ചില രേഖകളുമായി എത്തുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളത്തെ ചില ബിസിനസുകാരുമായി ഇടപാടുകളുണ്ടെന്നും ഇതിന്റെ മറവില്‍ അനധികൃതമായി കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അവ തെളിയിക്കുന്ന ആലഞ്ചേരിയുടെ ബാങ്ക് അകൗണ്ട്(ഐസിഐസിഐ ബാങ്കിന്റെ) വിവരങ്ങളായിരുന്നു ആ രേഖകള്‍ എന്നു പറയപ്പെടുന്നു. ഫാ. തേലക്കാട്ട് കൈമാറിയ രേഖകള്‍ അഡ്മിനിസ്ട്രേറ്റര്‍ മനത്തോടത്ത് കര്‍ദിനാള്‍ ആലഞ്ചേരിയെ കാണിക്കുന്നു. കര്‍ദിനാള്‍ ആ രേഖകള്‍ സിനഡിനു മുന്നില്‍ വയ്ക്കുകയും തന്റെ പേരില്‍ ഉണ്ടെന്നു പറയുന്ന അകൗണ്ട് വ്യാജമാണെന്നും, ഇത് തനിക്കെതിരേ നടന്ന ഗൂഢാലോചനയാണെന്നും പ്രസ്താവിക്കുന്നു. സിനഡ് നടത്തിയ പരിശോധനയില്‍ ഐസിഐസിഐ ബാങ്കില്‍ കര്‍ദിനാളില്‍ ഇത്തരത്തിലൊരു അകൗണ്ട് ഇല്ലെന്നു മനസിലാക്കി, കര്‍ദിനാളിനെതിരേ നടന്ന ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നു തതീരുമാനിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി സിറോ മലബാര്‍ സഭ ഐ ടി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതി നല്‍കുന്നതോടെയാണ് വ്യാജ രേഖ കേസ് ആരംഭിക്കുന്നത്.

ഫാ. പോള്‍ തേലക്കാട്ട് കര്‍ദിനാളിനെതിരേ വ്യാജരേഖയുണ്ടാക്കി?

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വ്യാജരേഖകള്‍ ഉപയോഗിച്ച് അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കെസിബിസി മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെതിരേ കേസ് എടുത്തെന്ന വാര്‍ത്തയാണ് ഭൂമിക്കച്ചവട വിവാദത്തിനു പിന്നാലെ സിറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കിയത്. സഭ ആസ്ഥാനത്ത് ആരംഭിച്ച മെത്രാന്‍ സിനഡിനു മുമ്പാകെ ആലഞ്ചേരിക്കെതിരേ ഫാ. പോള്‍ തേലക്കാട്ട് വ്യാജരേഖകള്‍ നല്‍കിയെന്നത് ഔദ്യോഗിക വൃത്തങ്ങളുടെ ആദ്യ പ്രതികരണമായിരുന്നു. മാര്‍ ആലഞ്ചേരി നഗരത്തിലെ പ്രമുഖ വ്യവസായിക്ക് കോടികള്‍ മറിച്ച് നല്‍കിയതിന്റെ ബാങ്ക് രേഖകളുമായി എത്തി ഫാ. പോള്‍ തേലക്കാട്ട് സഭ തലവന്റെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രമുഖ ബാങ്കിന്റെ രേഖകള്‍ കാണിച്ച് സിനഡിനെ സമ്മര്‍ദ്ദത്തിലാക്കി ആലഞ്ചേരി പിതാവിനെ രാജിവയ്പ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ഈ പ്രതികരണങ്ങളില്‍ ഉണ്ടായിരുന്നു. മാര്‍ ആലഞ്ചേരി ഈ രേഖയിലെ വിവരങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സിനഡ് നടത്തിയ പരിശോധനയില്‍ രേഖകള്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നുവെന്നും തുടര്‍ന്നാണ് മാര്‍ ആലഞ്ചേരിക്കും സിനഡിനും വേണ്ടി സിറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മാപ്രക്കാവില്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

ഫാ. പോള്‍ തേലക്കാട്ടിനെതിരേ കടുത്ത വിമര്‍ശനമാണ് ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നും ഉണ്ടായത്. ആര്‍ച്ച് ബിഷപ്പിനെതിരേ നില്‍ക്കുന്നയാളാണ് ഫാ. പോള്‍ തേലക്കാട്ട് എന്നും മാര്‍ ആലഞ്ചേരിയെ പുറത്താക്കാന്‍ സഭയിലെ വിമത സംഘടനകളും വൈദികരും നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് കേസിനാധാരമായ വ്യാജ ബാങ്ക് രേഖകള്‍ ഫാ. പോള്‍ തേലക്കാട് നിര്‍മ്മിച്ചതെന്നുമായിരുന്നു ആരോപണം. ഈ കേസോടുകൂടി, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പൊതുനിരത്തിലും മാധ്യമങ്ങളിലും പ്രതികരിച്ച വൈദികരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും സിറോ മലബാര്‍ സഭ അധികാരികള്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ വ്യാജമായി ചമച്ച രേഖകളുടെ ഉറവിടം ഫാ. തേലക്കാട്ടിന് വെളുപ്പെടുത്തേണ്ടി വരുമെന്നും എറണാകുളം രൂപതയിലെ മറ്റു പല വൈദികരിലേക്കും അവരുടെ കൂട്ടാളികളായ ചില വിശ്വാസികളിലേക്കും ഈ അന്വേഷണം നീളുമെന്നുള്ള മുന്നറിയിപ്പുകളും ഉണ്ടായിരുന്നു.

സഭയിലെ ഒറ്റുകൊടുക്കല്‍

ആര്‍ച്ച് ബിഷപ്പിനെതിരേ തന്റെ കൈവശം കിട്ടിയ ചില രേഖകള്‍, നിജസ്ഥിതി എന്താണെന്ന് അറിയണമെന്ന ആഗ്രഹത്തോടെ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിന് സ്വകാര്യമായി കൈമാറുകയാണ് ഫാ.പോള്‍ തേലക്കാട്ട് ചെയ്തത്. സിനഡില്‍ ഈ രേഖകള്‍ കൊണ്ടുപോകുന്നത് ഫാ. പോള്‍ തേലക്കാട്ട് അല്ല, അദ്ദേഹം ആ രേഖകള്‍ എല്‍പ്പിച്ച ബിഷപ്പ് മനത്തോടത്താണ്. തനിക്ക് കിട്ടിയ രേഖകള്‍ പരസ്യപ്പെടുത്താതെ അവയുടെ നിജസ്ഥിതി അന്വേഷിച്ച് അറിയുകയെന്ന അഭ്യര്‍ത്ഥനയോടെയാണ് തേലക്കാട്ട് അഡ്മിനിസ്ട്രേറ്ററെ സമീപിച്ചത്. എന്നാല്‍ കേസ് വന്നത് ഫാ. തേലക്കാട്ട് കര്‍ദിനാളിനെതിരേ വ്യാജരേഖകള്‍ ചമച്ച് പ്രചരിപ്പിച്ചെന്നായിരുന്നു. തന്റെ മേലധികാരിയെന്ന നിലയ്ക്കാണ് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ പക്കല്‍ ഫാ.തേലക്കാട്ട് രേഖകള്‍ കൈമാറിയത്. എന്നാല്‍ ഫാ. തേലക്കാട്ടിനെതിരായി വിഷയം മാറുന്നതിനു പിന്നില്‍ ആരാണെന്ന ചോദ്യത്തില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനുമെതിരേ വിരലുകള്‍ ചൂണ്ടപ്പെട്ടു.

ന്യായാന്യായങ്ങള്‍

അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍, വിശദീകരണവുമായി അതിരൂപത വക്താവ് ഫാ. പോള്‍ കരേടന്റെ പ്രസ്താവനയെത്തി. ഫാ. പോള്‍ തേലക്കാട്ടിനെതിരായി എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ വിശദീകരണം ബിഷപ് മാര്‍ ജോക്കബ് മനത്തോടത്ത് ബന്ധപ്പെട്ടവരോട് തേടുമെന്നായിരുന്നു വക്താവ് അറിയിച്ചത്. ചില സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ഒരു രേഖ ഫാ. പോള്‍ തേലക്കാട്ടില്‍ നിന്നും മാനത്തോടത്ത് പിതാവ് വഴി സിനഡില്‍ ലഭിച്ചിരുന്നു. രേഖ വ്യാജമാണെന്നാണു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പ്രതികരണമുണ്ടായത്. വ്യാജമെങ്കില്‍ അതിന്റെ ഉറവിടം കണ്ടെത്തേണ്ടതാണെന്ന വിലയിരുത്തലില്‍ അതിനുള്ള ഉത്തരവാദിത്തം സഭയുടെ മീഡിയ കമ്മീഷനെ സിനഡ് ഏല്‍പിച്ചു. മീഡിയ കമ്മീഷനാണ് ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മാപ്രകാവിലിനെ പോലീസില്‍ പരാതി നല്‍കാനുള്ള ദൗത്യം ഏല്‍പിച്ചത്. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുക മാത്രമാണു ലക്ഷ്യം എന്നാണു കേസിനെക്കുറിച്ചു പിതാവ് മനസിലാക്കിയിരുന്നത്. അതില്‍ ഫാ. തേലക്കാട്ടിനെതിരായി എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ വിശദീകരണം ബിഷപ് മാര്‍ മനത്തോടത്ത് ബന്ധപ്പെട്ടവരോട് ആരാഞ്ഞ് അറിയിക്കുന്നതാണ്; ഫാ. പോള്‍ കരേടന്‍ വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു.

അപ്രതീക്ഷിതമായൊരു ട്വിസ്റ്റ്

വ്യാജരേഖ കേസിലെ അപ്രതീക്ഷിതമായ ട്വിസ്റ്റ് ആയിരുന്നു ബിഷപ്പ് ജേക്കബ് മനത്തോടത്ത് രണ്ടാം പ്രതിയാകുന്നത്. കര്‍ദിനാളിനെതിരേ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്നു കാണിച്ചു സിറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മാപ്രക്കാവില്‍ നല്‍കിയ പരാതിയില്‍ ബിഷപ്പ് മനത്തോടത്തിന്റെയും പേരുണ്ടായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പാപ്പ നേരിട്ട് നിയമിച്ച വൈദികനായിരുന്നു ബിഷപ്പ് ജേക്കബ് മനത്തോടത്ത്. അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ വ്യാജരേഖ കേസ് വരുന്നത്. സിറോ മലബാര്‍സഭയെ ആകെ പ്രതികൂട്ടിലാക്കിയ എറണാകുളം-അങ്കമാലി അതിരൂപയിലെ ഭൂമിക്കച്ചവട വിവാദം വലിയ പ്രതിഷേധങ്ങള്‍ക്കിടയാവുകയും പ്രശ്‌നം മാര്‍പാപ്പയുടെ മുന്നില്‍ എത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിയില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് അധികാരങ്ങള്‍ നീക്കിക്കൊണ്ട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. മാര്‍പാപ്പ നേരിട്ട് നിയമിച്ച ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തിന് വത്തിക്കാനില്‍ നിന്നും ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു. അതിന്‍പ്രകാരം, ഭൂമി വിവാദത്തില്‍ അന്വേഷണം തീരും വരെ എറണാകുളം അങ്കമാലി അതിരൂപത സിനഡിനു കീഴിലല്ല, വത്തിക്കാന്റെ കീഴിലാണ്. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടത് പോപ്പിനെയാണ് ആര്‍ച്ച് ബിഷപ്പിനെയല്ല. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാന നിയമനത്തിനൊപ്പം നല്‍കുന്ന ബോണ്ട് ഓഫ് ഇന്‍സ്ട്രക്ഷനില്‍ വ്യക്തമായി പറയുന്ന കാര്യം, ആര്‍ച്ച് ബിഷപ്പിന്റെയോ സിനഡിന്റെയോ യാതൊരു അഭിപ്രായങ്ങളും കേള്‍ക്കണ്ട ചുമതല അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇല്ല എന്നായിരുന്നു. അവരോട് വിധേയനായിരിക്കേണ്ടതില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്. പറയുന്നത് കേള്‍ക്കാം. സ്വീകരിക്കണമെന്നില്ല. അതുപോലെ ആര്‍ച്ച് ബിഷപ്പിനോട്, എറണാകുളം അതിരൂപതയുടെ യാതൊരു ഭരണക്രമങ്ങളിലും ഇടപെടരുതെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാര്‍പാപ്പയുടെ ഈ നിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമായിരുന്നു ജേക്കബ് മനത്തോടത്തിനെതിരേയുള്ള കേസ്. മനത്തോടത്തിനെതിരേ പരാതി ഉണ്ടായിരുന്നെങ്കില്‍ സിനഡ് ഇക്കാര്യം മാര്‍പാപ്പയെ ആയിരുന്നു അറിയിക്കേണ്ടത്. കാരണം, മനത്തോടത്ത് മാര്‍പാപ്പയുടെ പ്രതിനിധിയായ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. എന്നാല്‍, ബിഷപ്പ് മനത്തോടത്തും കേസിലെ പ്രതിയായപ്പോള്‍, അത് മാര്‍പാപ്പയെ പോലും വെല്ലുവിളിക്കുന്ന ഒന്നായി മാറി.

മെത്രാനും പുരോഹിതനും ക്രിമിനല്‍ കേസ് പ്രതികള്‍

കത്തോലിക്ക സഭയിലെ ആദരണീയനായ പുരോഹിതനാണ് ഫാ. പോള്‍ തേലക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്താകട്ടെ, മാര്‍പാപ്പ നേരിട്ട് നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററും. സിനഡിനു പോലും ചോദ്യം ചെയ്യാന്‍ അവകാശമില്ലാത്ത പദവി. അങ്ങനെയുള്ള രണ്ടുപേര്‍ സഭയുടെ തന്നെ പരാതിപ്രകാരമുള്ള ഒരു ക്രിമിനല്‍ കേസില്‍ പ്രതികളായത് പുരോഹിതര്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായി. കര്‍ദിനാളിനെതിരേയുള്ള ഭൂമിക്കച്ചവട വിവാദം അതോടെ വ്യാജരേഖ കേസിന്റെ മറുപുറത്ത് എത്തി.

ന്യായീകരണങ്ങളും വിശദീകരണങ്ങളും

വ്യാജരേഖ കേസ് വിവാദമായതോടെ ഫാ. തേലക്കാട്ടിനെയും ബിഷപ്പ് മനത്തോടത്തെയും പ്രതികളാക്കിയത് അവിചാരിതമായി സംഭവിച്ചുപോയ തെറ്റാണെന്ന ഔദ്യോഗിക വിശദീകരണം എത്തി. സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ ഈ വിഷയത്തിലെ പ്രസ്താവനയിങ്ങനെയായിരുന്നു; വ്യാജരേഖക്കേസില്‍ ബിഷപ്പ് മനത്തോടത്തിനും ഫാ. തേലക്കാട്ടിനുമെതിരായി സിറോ മലബാര്‍ സഭാ സിനഡിനു വേണ്ടി പോലീസില്‍ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണ്. ബിഷപ്പ് മനത്തോടത്തോ ഫാ. തേലക്കാട്ടോ വ്യാജരേഖ ഉണ്ടാക്കിയെന്ന് സിനഡിനു വേണ്ടി ഒരു പരാതിയും കൊടുത്തിട്ടില്ല. വിവാദ രേഖകള്‍ ഫാ. തേലക്കാട്ട് ബിഷപ്പ് മനത്തോടത്തിനെ ഏല്‍പ്പിച്ചെന്നും ബിഷപ്പ് അത് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഏല്‍പ്പിച്ചെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളത്. വ്യാജരേഖ സൃഷ്ടിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മാത്രമാണ് സിനഡ് ആവശ്യപ്പെട്ടിട്ടുള്ളത്; സഭയ്ക്ക് വേണ്ടി മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി 2019 മാര്‍ച്ച് 18 ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്. മാധ്യമ വാര്‍ത്തകള്‍ യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ സുപ്പിരിയേഴ്സിനെയും പ്രൊവിന്‍ഷ്യാള്‍സിനെയും സംബോധന ചെയ്ത് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് എങ്ങനെയാണെന്നു നോക്കാം; ഫാ. ജോബി മപ്രക്കാവില്‍ പൊലീസില്‍ എഴുതി നല്‍കിയ പരാതിയില്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെതിരെയോ ഫാ. പോള്‍ തേലക്കാട്ടിനെതിരെയോ യാതൊരു ആരോപണങ്ങളും ഉന്നയിച്ചിരുന്നില്ലെന്നാണ്. ഫാ.പോള്‍ തേലക്കാട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറിയ രേഖകള്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിന് നല്‍കുകയും മേജര്‍ ആര്‍ച്ച് ബിഷപ്പ് അത് സിനഡിന് മുന്നില്‍ വയ്ക്കുകയുമായിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യാജരേഖ ചമച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ എങ്ങനെയോ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാ. പോള്‍ തേലക്കാട്ടിന്റെയും പേരുകള്‍ ഉള്‍പ്പെടുകയായിരുന്നു. അവര്‍ ഇരുവരുടെയും പേരുകള്‍ എഫ് ഐ ആറില്‍ കടന്നുകൂടുമെന്ന് തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. എന്തായാലും ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാ. പോള്‍ തേലക്കാടിന്റെയും പേരുകള്‍ ഒഴിവാക്കി എഫ് ഐ ആറില്‍ സംഭവിച്ച പിഴവ് തിരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

കര്‍ദിനാളിന്റെയും മീഡിയ കമ്മിഷന്‍ ചെയര്‍മാന്റെയും വെറുംവാക്കുകള്‍

ഫാ. പോള്‍ തേലക്കാട്ടിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതികളാക്കി പരാതി കൊടുത്തിട്ടില്ലെന്ന ഔദ്യോഗിക വിശീദകരണം തീര്‍ത്തും തെറ്റായിരുന്നുവെന്നു വ്യക്തമാക്കുന്നത് പൊലീസാണ്. സിറോ മലബാര്‍ സഭ മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍, ഫാ. ജോബി മപ്രക്കാവില്‍ നല്‍കിയ പരാതിയില്‍ ബിഷപ്പ് മനത്തോടത്തിന്റെയോ ഫാ.പോള്‍ തേലക്കാട്ടിന്റെയോ പേരുകള്‍ പ്രതികളാക്കി പറഞ്ഞിരുന്നില്ലെന്നു തെളിയിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് 18/01/2019 ല്‍ കമ്മിഷണര്‍ ഓഫിസില്‍ നല്‍കിയ പരാതിയാണ്. പ്രസ്തുത പരാതിയില്‍, ഫാ. പോള്‍ തേലക്കാട്ട് കൈമാറിയ രേഖ ബിഷപ്പ് ജേക്കബ് മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിന് നല്‍കിയെന്നും ഈ രേഖകള്‍ വ്യാജമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും സിറോ മലബാര്‍ സഭയുടെയും സത്‌പേര് തകര്‍ക്കാനുള്ള ശ്രമാണെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് പറഞ്ഞിട്ടുള്ളത്. മാധ്യമ കമ്മീഷന് ഈ പരാതി മുന്നില്‍വച്ച്, ഫാ. പോള്‍ തേലക്കാട്ടിനെയോ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയോ പ്രതികളാക്കി പറഞ്ഞിട്ടില്ലെന്നു സ്ഥപിക്കാമെങ്കിലും കമ്മിഷണര്‍ ഓഫിസില്‍ നിന്നും സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഈ പരാതി കൈമാറുകയും തത്പ്രകാരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയുടെ മേല്‍ കേസ് ചാര്‍ജ് ചെയ്ത് എഫ് ഐ ആര്‍ ഇടുന്നതിന്റെ ഭാഗമായി അതേ പരാതിക്കാരനായ ഫാ. ജോബി മപ്രക്കാവില്‍ നല്‍കിയ വായ് മൊഴിയില്‍ കൃത്യമായി ഫാ. പോള്‍ തേലക്കാട്ടിലിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതികളാക്കി പറയുന്നുണ്ട്. കമ്മിഷണര്‍ ഓഫിസില്‍ നല്‍കിയ പരാതിയുടെ മേല്‍ നടപടികളായി എന്തൊക്കെ നടന്നുവെന്ന കാര്യം മറച്ചുവച്ചാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി വിശദീകരണങ്ങള്‍ നല്‍കുന്നതെന്നാണ് ഇവിടെ വ്യക്തമാകുന്നത്.

ഒരു പരാതി കിട്ടിയാല്‍ ഉടനെ, അതും ഒരു ബിഷപ്പിനും വൈദികനുമെതിരേയുള്ള പരാതി- എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടോ പൊലീസ് എന്ന ചോദ്യത്തിന്, ചില ക്രിമിനല്‍ കേസുകളില്‍, ഇന്നവരാണ് പ്രതികളെന്നു പരാതിക്കാരന്‍ വ്യക്തമായി പറയുമ്പോള്‍ എഫ് ഐ ആര്‍ ഇടാറുണ്ടെന്നാണ് തൃക്കാക്കര പൊലീസ് മറുപടി നല്‍കുന്നത്. അതായത്, പരാതിക്കാരനായ ഫാ. ജോബി മപ്രക്കാവില്‍ തന്റെ പരാതിയില്‍ ഫാ. പോള്‍ തേലക്കാട്ടിലിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതികളാക്കി തന്നെയാണ് സംസാരിച്ചിരിക്കുന്നതെന്ന്. പൊലീസ് തന്നെ പറയുന്ന കാര്യമാണ്.

ഫാ. ജോബി മപ്രക്കാവില്‍ പൊലീസിന് നല്‍കിയ മൊഴി ഇതായിരുന്നു; കാക്കനാട് മൗണ്ട് സെന്റ്. തോമസ് എന്ന സ്ഥാപനത്തില്‍ വെച്ച് 2019 ജനുവരി 7 മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ സഭയിലെ ഉന്നതര്‍ പങ്കെടുത്ത സിനഡില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ അകൗണ്ടിലൂടെ അനധികൃതമായി പണമിടപാട് നടത്തിയെന്ന് ആരോപിച്് സിറോ മലബാര്‍ സഭയുടെ മുന്‍ പിആര്‍ഒ യും ഇപ്പോള്‍ കലൂര്‍ ആസാദ് റോഡിലെ റിന്യൂവല്‍ സെന്ററില്‍ താമസിക്കുന്ന സത്യദീപം എന്ന ഇംഗ്ലീഷ് മാഗസിന്റെ ചീഫ് എഡിറ്ററും ആയ ഫാദര്‍ പോള്‍ തേലക്കാട്ട് എന്നയാള്‍ വ്യാജ ബാങ്ക് പണമിടപാട് സ്റ്റേറ്റുമെന്റുകള്‍ ഉണ്ടാക്കി എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നയാള്‍ വഴി മേല്‍ സിനഡില്‍ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ച കാര്യം പറയാന്‍ വന്നതാണ്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ളതെന്നു പറയുന്ന ഐസിഐസിഐ ബാങ്കിന്റെ വ്യാജ അകൗണ്ട് നമ്പര്‍ 9819745232111 ല്‍ നിന്നും ലുലു, മാരിയറ്റ്, കൊച്ചിയുടെ അകൗണ്ടിലേക്ക് 09/07/2017 തീയതി 85000 രൂപയും 12/10/2016 തീയതി മാരിയറ്റ് കോര്‍ട്ട് യാര്‍ഡിന്റെ 157801532333 എന്ന അകൗണ്ടിലേക്ക് 16,00000 ലക്ഷം രൂപയും 21/09/2016 ലുലു കണ്‍വെന്‍ഷന്റെ അകൗണ്ട് നമ്പരായ 502000082577752 ലേക്ക് 8,93,400 രൂപയും അനധികൃതമായി പണമിടപാട് നടത്തിയതിന്റെ വ്യാജ സ്റ്റേറ്റ്‌മെന്റുകള്‍ ആണ് സമര്‍പ്പിച്ചത്. എന്നാല്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ പേരില്‍ ഐസിഐസിഐ ബാങ്കില്‍ ഇങ്ങനെ ഒരു അകൗണ്ട് ഇല്ലാത്തതാണ്.

മേല്‍പ്പറഞ്ഞിരിക്കുന്ന മൊഴി/എഫ് ഐ ആര്‍ പകര്‍പ്പുകളില്‍ നിന്നും വ്യാജരേഖ കേസ് ഫാ. പോള്‍ തേലക്കാട്ടിനും ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരായാണ് നല്‍കിയിട്ടുള്ളതെന്നു വ്യക്തമാവുന്നതാണ്.

എഫ് ഐ ആര്‍ തിരുത്തുമെന്നു പറഞ്ഞതും നടന്നില്ല

അബദ്ധം പറ്റിയതാണെന്നും എഫ് ഐ ആറില്‍ നിന്നും തേലക്കാട്ടച്ചന്റെ പേര് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ദിനാള്‍ ഉള്‍പ്പെടെ പറഞ്ഞിട്ടും ഇപ്പോഴും വ്യാജരേഖ കേസില്‍ ഫാ. പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തും ഇപ്പോഴും വ്യാജരേഖ കേസില്‍ പ്രതികളായി തുടരുകയാണ്. കര്‍ദിനാള്‍ മെത്രാന്മാര്‍ക്ക് നല്‍കിയ ഉറപ്പിലും മീഡിയ കമ്മിഷന്‍ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിലും പറഞ്ഞ കാര്യങ്ങള്‍ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ സഭയുടെ വക്കില്‍ ആവര്‍ത്തിച്ചില്ല. പുറത്തു പറഞ്ഞതും കോടതിയില്‍ പറഞ്ഞതും രണ്ടുതരത്തില്‍ ആയതുകൊണ്ടാണ് മാര്‍പാപ്പ നേരിട്ട് നിയമിച്ച അപ്പസ്റ്റോലിക് അഡിമിനിസ്‌ട്രേറ്ററും സഭയുടെ ആദരണീയനായ വൈദികനും ക്രിമിനല്‍ കേസ് പ്രതികളായി തുടരുന്നത്.

ഫാ. ആന്റണി പൂതവേലിയുടെ രംഗപ്രവേശം

വൈദിക സമിതി മുന്‍ അംഗവും മറ്റൂര്‍ ഇടവക വികാരിയുമായ ഫാ. ആന്റണി പൂതവേലി ചില വിവാദ പരാമര്‍ശങ്ങളുമായി രംഗത്തു വന്നതോടെ വ്യാജരേഖ കേസ് സഭയ്ക്കുള്ളിലെ വിഭാഗീയത വലുതാക്കി. കര്‍ദിനാളിനെതിരേ വ്യാജരേഖകള്‍ ചമയ്ക്കാന്‍ 10 ലക്ഷം രൂപ ഫാ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ ചെലവിട്ടെന്നായിരുന്നു ഫാ. ആന്റണിയുടെ ആരോപണം. ഇക്കാര്യം ഫാ. ജോസ് പുതുശ്ശേരിയാണ് തന്നോട് വെളിപ്പെടുത്തിയതെന്നുകൂടി ഫാ. ആന്റണി പറഞ്ഞു. വ്യാജരേഖ ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ഫാ. പോള്‍ തേലക്കാട് ആണ്. സഭയിലെ പതിനഞ്ചോളം വൈദികര്‍ ഇതിനു കൂട്ടു നിന്നു. വ്യാജരേഖ സൃഷ്ടിക്കാന്‍ ഫാ. പോള്‍ തേലക്കാട്ടും വിമത വൈദികരും ചേര്‍ന്ന് 10 ലക്ഷം രൂപ ചെലവഴിച്ചു. ഇപ്പോഴുണ്ടായിരിക്കുന്ന കേസ് അട്ടിമറിക്കാന്‍ വിമത വൈദികരുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നിങ്ങനെയായിരുന്നു ഫാ. ആന്റണി പൂതവേലിലിന്റെ ആരോപണങ്ങള്‍. ഇവയ്‌ക്കെല്ലാം തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ സംഘത്തിന് അവ കൈമാറുമെന്നും വൈദികന്‍ പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ വെളിപ്പെടുത്തിയെന്ന അവകാശവാദത്തോടെ ഫാ. ആന്റണി പൂതവേലില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവിരുദ്ധമാണെന്ന് ആരോപിച്ച് ഫാ. ജോസ് പുതുശ്ശേരിയും രംഗത്തെത്തി. താന്‍ പറയാത്ത കാര്യങ്ങളാണ് പറഞ്ഞൂവെന്ന തരത്തില്‍ വെളിപ്പെടുത്തലാക്കിയിരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി എല്ലാവരും അറിയണമെന്നും വ്യക്തമാക്കി ഒരു ഫെയ്‌സ്ബുക്ക്് കുറിപ്പ് ഇടുകയാണ് ഫാ. ജോസ് പുതുശ്ശേരി ചെയ്തത്. ഭൂമിവിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ അച്ചന്‍മാര്‍ ശേഖരിക്കുന്നു എന്നു താന്‍ പറഞ്ഞതിനെയാണ് ‘വ്യാജരേഖകള്‍ ശേഖരിക്കുന്നു അല്ലെങ്കില്‍ ചമയ്ക്കുന്നു’ എന്നാക്കി ഫാ. ആന്റണി മാറ്റിയതെന്നാണ് ഫാ. ജോസിന്റെ പരാതി. വിവരാവകാശ നിയമപ്രകാരവും മറ്റും അച്ചന്മാര്‍ ശേഖരിച്ച തെളിവുകളാണ് ഭൂമി വില്പനയിലെ കള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നതെന്നു കൂടി ഫാ. ജോസ് ഇതിനോട് ചേര്‍ത്തു പറയുന്നുണ്ട്. ഇപ്രകാരം തെളിവുകള്‍ അന്വേഷിച്ച് നടക്കുന്നത് സാധാരണക്കാരായ വൈദീകര്‍ക്ക് സാമ്പത്തീകമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞതിനെയാണ് ലക്ഷങ്ങള്‍ മുടക്കി തെളിവുകള്‍ മെനഞ്ഞു എന്ന് അച്ചന്‍ വക്രീകരിച്ച് അവതരിപ്പിച്ചതെന്നും ഫാ. ആന്റണിക്കെതിരേ ഫാ.ജോസ് ആക്ഷേപം ഉയര്‍ത്തുന്നു. താന്‍ ഫാ. ആന്റണിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് 2017 സെപ്തംബറില്‍ ആണെന്നും എന്നാല്‍ കര്‍ദിനാളിനെതിരെയുള്ള വ്യാജരേഖ ആരോപണം ഉണ്ടാകുന്നത് 2019 ജനുവരിയില്‍ ആണെന്നും ഫാ. ജോസ് പുതുശ്ശേരി ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ നിന്നു തന്നെ ഫാ. ആന്റണി തനിക്കെതിരേ പറയുന്ന കാര്യങ്ങള്‍ അസ്വാഭാവികതയുള്ളതാണെന്നു വ്യക്തമാകുമെന്നും ഫാ. ജോസ് പുതുശ്ശേരി പറയുന്നു. ഫാ. ആന്റണിയുടെ ഈ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ വൈദിക സമിതി രംഗത്തു വരികയും അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ വൈദികന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

പുതിയ വഴിത്തിരിവ്

കേസില്‍ ഒന്നാം പ്രതിയാക്കപ്പെട്ട ഫാ. പോള്‍ തേലക്കാട്ട് ആലുവ ഡിവൈഎസ്പി ഓഫിസില്‍ മൊഴി നല്‍കാന്‍ എത്തിയതോടെയാണ് വ്യാജരേഖ കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നത്. ആലുവ ഡിവൈഎസ്പിയുടെ മുമ്പാകെ ഹാജരായ ഫാ. തേലക്കാട്ട് രണ്ടര മണിക്കൂറോളം സമയമെടുത്ത് കേസില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മൊഴിയായി നല്‍കി. കര്‍ദിനാളിനെതിരേ വ്യാജ രേഖകള്‍ ചമച്ചു എന്ന ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഫാ.തേലക്കാട്ട് അന്വേഷണ ഉദ്യോഗസ്ഥനു നല്‍കിയ മൊഴി. അതിന് വൈദികന്‍ പറഞ്ഞ കാരണം, പ്ര്സ്തുത രേഖകള്‍ തനിക്ക് കിട്ടുന്നത് ഇ മെയില്‍ വഴിയാണെന്നും അതാരാണ് അയച്ചതെന്നതിന് കൃത്യമായ തെളിവ് ഉണ്ടെന്നുമായിരുന്നു. തനിക്ക് വന്ന ഇ മെയില്‍ ഫാ. തേലക്കാട്ട് പൊലീസിനെ കാണിക്കുകയും ചെയ്തു. തനിക്ക് ആരാണോ ഇ മെയില്‍ അയച്ചത് ആ വ്യക്തിയുടെ വിവരവും ഫാ.തേലക്കാട്ട് പൊലീസിന് കൈമാറി.

തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനുള്ള തെളിവുകള്‍ നല്‍കുന്നതിനൊപ്പം തനിക്ക് ഇ മെയില്‍ ആയി കിട്ടിയ മൊത്തം രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഫാ. തേലക്കാട്ട് സമര്‍പ്പിച്ചിരുന്നു. ഇവിടെയാണ് വ്യാജരേഖ കേസിലെ നിര്‍ണായകമായി ചില വസ്തുതകള്‍ പുറത്തു വരുന്നത്. യഥാര്‍ത്ഥത്തില്‍ ഫാ. തേലക്കാട് അപ്പസ്റ്റോലിക് അഡിമ്‌നിസ്‌ട്രേര്‍ ബിഷപ്പ് മനത്തോടത്തിന് കൈമാറിയത് കേവലം കര്‍ദിനാളിനെതിരേയുള്ള വ്യാജ ബാങ്ക് രേഖകള്‍ മാത്രമായിരുന്നില്ല. 25 ഓളം പേജുകള്‍ അടങ്ങിയ ഒരു ഫയലാണ് ഫാ. തേലക്കാട്ട് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറിയത്. എന്നാല്‍ ഇതുവരെ പുറത്തു വന്ന വാര്‍ത്തകള്‍(സിറോ മലബാര്‍ സഭ അധികൃതര്‍ ഔദ്യോഗികമായി പുറത്തു പറഞ്ഞിരുന്നതും) വ്യാജരേഖയുമായി ബന്ധപ്പെട്ട ചില പേപ്പറുകള്‍ മാത്രമാണ് ഫാ.തേലക്കാട്ട് ബിഷപ്പ് മനത്തോടത്തിന് കൈമാറിയെന്നതാണ്. അതായിരുന്നില്ല വാസ്തവം.

കഥ വീണ്ടും മാറുന്നു

ആലുവ ഡിവൈഎസ്പി ഓഫിസില്‍ മൊഴി നല്‍കാന്‍ എത്തിയ ഫാ. പോള്‍ തേലക്കാട്ട് പൊലീസിനു മുന്‍പാകെ തനിക്ക് മെയില്‍ വഴി കിട്ടിയ 28 പേജുള്ള രേഖകളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസിന് ആസ്പദമായവയല്ലാത്ത രേഖകള്‍ നിയമോപദേശം സ്വീകരിച്ചശേഷം വാങ്ങാമെന്നായിരുന്നു പൊലീസ് വൈദികനെ അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ പിന്നീട്ട് സത്യദീപത്തിന്റെ ഓഫിസില്‍ എത്തി പൊലീസ് തേലക്കാട്ടച്ചന്റെ കൈവശമുള്ള രേഖകള്‍ ഏറ്റു വാങ്ങുകയും ചെയ്തു. ഇതിനുശേഷമാണ് വ്യാജരേഖ കേസിനെ പുതിയ തലത്തിലേക്ക് എത്തിച്ച സംഭവങ്ങള്‍ തുടങ്ങുന്നത്.

ഫാ. പോള്‍ തേലക്കാടിന് രേഖകള്‍ ഇമെയില്‍ അയച്ച തേവര കോന്തുരുത്തി സ്വദേശി ആദിത്യയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നടത്തു നിന്നും വ്യാജരേഖ കേസ് പുതുവഴികളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. ഗവേഷണ വിദ്യാര്‍ത്ഥിയായ ആദിത്യ സഭയുമായി ബന്ധപ്പെട്ട ഒരു സ്ഥാപത്തിലെ സിസ്റ്റം അഡ്മിന്റെ താത്കാലിക ജോലി നോക്കുകയായിരുന്നു. ഈ സമയത്താണ് സ്ഥാപനത്തിന്റെ ഔദ്യോഗിക ഡേറ്റാ ബേസില്‍ നിന്നും ആദിത്യക്ക് സീറോ മലബാര്‍ സഭയിലെ ഉന്നതന്മാരുമായി ബന്ധപ്പെട്ട ചില രേഖകള്‍ കിട്ടുന്നതെന്നു പറയുന്നു. രേഖകള്‍ കിട്ടിയ വിവരം ആദിത്യ, തനിക്ക് പരിചയമുള്ള ഫാ. ടോണി കല്ലൂക്കാരനെ അറിയിച്ചു. അങ്കമാലി സാന്തോപുരം ഇടവകയിലെ വികാരിയും കര്‍ദ്ദിനാളിന്റെ മുന്‍ ഓഫിസ് സെക്രട്ടറിയുമായിരുന്ന ഫാ. ടോണി കല്ലൂക്കാരനാണ് ഫാ. പോള്‍ തേലക്കാട്ടിനെ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിക്കുന്നത്. ഫാ. ടോണി തന്നെ ആദിത്യക്ക് ഫാ. തേലക്കാട്ടിനെ പരിചയപ്പെടുത്തി കൊടുത്തുവെന്നും പറയുന്നു. ഫാ. തേലക്കാട്ടിനെ നേരില്‍ കണ്ട് വിവരങ്ങള്‍ പറഞ്ഞശേഷമാണ് ആദിത്യ രേഖകള്‍ ഇ-മെയില്‍ വഴി അയച്ചു നല്‍കുന്നത് എന്നാണ് പോലീസ് പറയുന്നത്.

ആദിത്യയുടെ കസ്റ്റഡിയും ആരോപണങ്ങളും

അതേസമയം ആദിത്യയെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് പുരോഹിതരും വിശ്വാസികളും രംഗത്തു വന്നത് വിഷയം കൂടുതല്‍ വിവാദമാക്കി. ചോദ്യം ചെയ്യാനെന്ന പേരില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് ആദിത്യയെ വിളിപ്പിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച്ച രാത്രി പത്തര ആയിട്ടും ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. 24 മണിക്കൂര്‍ കൂടുതല്‍ ആരെയും സ്റ്റേഷന്‍ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന് നിയമം ഉള്ളപ്പോഴാണ് നിയമവിരുദ്ധമായി ആദിത്യയെ ഡിവൈഎസ്പി ഓഫിസില്‍ പിടിച്ചിരുത്തിയതെന്നായിരുന്നു പരാതി.

ചോദ്യം ചെയ്യാന്‍ വിളിപ്പിക്കപ്പെട്ട ഫാ. ടോണി കല്ലൂക്കാരന്‍ വെള്ളിയാഴ്ച്ച ഡിവൈഎസ്പി ഓഫിസില്‍ എത്തിയപ്പോഴാണ് ആദിത്യയെ വിട്ടിട്ടില്ലെന്ന വിവരം അറിയുന്നത്. ഫാ. ടോണിയെ മൊഴിയെടുത്ത ശേഷം വിട്ടയച്ചെങ്കിലും ആദിത്യയെ പോകാന്‍ അനുവദിച്ചില്ല. വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് എഎംടിയുടെ നേതൃത്വത്തില്‍ ആലുവ ഡിവൈഎസ്പി ഓഫിസില്‍ വിശ്വാസികള്‍ കാര്യം തിരക്കിയെത്തിയെങ്കിലും പോലീസ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും പരാതിയുണ്ട്. ആദിത്യയുമായി ബന്ധമുണ്ടെന്നു പറയുന്ന വൈദികനെ വിട്ടയയ്ക്കുമ്പോഴും ചെറുപ്പക്കാരനെ മാത്രം തടഞ്ഞുവയ്ക്കുന്നതിനു പിന്നില്‍ ചില ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് എഎംടിയും ഉയര്‍ത്തിയ പരാതി. കര്‍ദ്ദിനാളിനും സംഘത്തിനുമെതിരേയുള്ള രേഖകള്‍ പുറത്തുവരാതിരിക്കാനും അഥവ വന്നാല്‍ അവ വ്യാജമാണെന്നു വരുത്തി തീര്‍ക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായി ആദിത്യയെ ബലിയാടാക്കുകയാണെന്നും എഎംടി പറഞ്ഞിരുന്നു. ആദിത്യയുടെ ഇടവക വികാരിയും പൊലീസ് നടപടിയെ ചോദ്യം ചെയ്തു രംഗത്തു വന്നിരുന്നു. ആദിത്യയെ കസ്റ്റഡിയില്‍ എടുത്തതിനെ ചോദ്യം ചെയ്ത് പുരോഹിതരും വിശ്വാസികളും പൊലീസ് സ്റ്റേഷനില്‍ എത്തിയതിനെ കര്‍ദിനാള്‍ വിഭാഗം വിമര്‍ശിച്ചതും വിവാദം മുറുക്കി.

വൈദികനെ അറസ്റ്റ് ചെയ്യാന്‍ അര്‍ദ്ധരാത്രിയില്‍ പൊലീസ്

വ്യാജരേഖ കേസുമായി ബന്ധമുണ്ടെന്നു കണ്ടെത്തി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചശേഷം വിട്ടയച്ച മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് രാത്രിയില്‍ എത്തിയത് വിവാദങ്ങള്‍ക്ക് ശക്തികൂട്ടി. ശനിയാഴ്ചച്ച രാത്രി പത്തരയോടെയാണ് മൂന്നു വാഹനങ്ങളിലായി പോലീസ് വൈദികനെ അറസ്റ്റ് ചെയ്യാനായി പള്ളയില്‍ എത്തിയത്. വിവരമറിഞ്ഞ് ഇടവകാംഗങ്ങളില്‍ ചിലര്‍ സ്ഥലത്തെത്തി. വൈദികനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് വന്നിരിക്കുന്നതെന്ന് അറിഞ്ഞതോടെ ചിലര്‍ കൂട്ടമണിയടിയടിച്ചു. ഇതോടെ കൂടുതല്‍ പേര്‍ പള്ളിയിലെത്തി. ഇവര്‍ പോലീസിനെ തടഞ്ഞുവച്ചു. എന്നാല്‍ വൈദികന്റെ അറസ്റ്റ് നടന്നില്ലെന്നതിനാല്‍ വലിയ സംഘര്‍ഷം ഉണ്ടായില്ല. ഇതിനു പിന്നാലെ ആദിത്യയുടെ പിതാവ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി. തന്റെ മകനെ പൊലീസ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നുവെന്നായിരുന്നു ആദിത്യയുടെ പിതാവിന്റെ പരാതി.

ആദിത്യയുടെ മൊഴി; സ്വയം പറഞ്ഞതോ പറയിപ്പിച്ചതോ?

ഫാ. ടോണി കല്ലൂക്കാരന്‍ ആണ് വ്യാജരേഖകള്‍ ചമച്ചതിനു പിന്നിലെന്ന് ആദിത്യ മൊഴി നല്‍കിയെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. ആദിത്യ ഒരു രാജ്യാന്തര കമ്പനിയുടെ ഓഫിസില്‍ താത്കാലിക ജോലി നോക്കുന്ന സമയത്ത്, അവിടുത്തെ ഓഫീഷ്യല്‍ ഡേറ്റാ സിസ്റ്റത്തില്‍ നിന്നും കിട്ടിയതാണ് കര്‍ദിനാളിനെതിരേയുള്ള രേഖകളെന്നുള്ളത് കള്ളമാണെന്നും ആദിത്യ അങ്ങനെയൊരു ഓഫിസില്‍ ജോലി ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഫാ. ടോണി പറഞ്ഞിട്ട് ആദിത്യ വ്യാജരേഖകള്‍ ചമയ്ക്കുകയായിരുന്നുവെന്നതാണ് സത്യമെന്നും പൊലീസ് ആദിത്യയുടെ മൊഴിയെ അടിസ്ഥാനമാക്കി പറയുന്നു.

എന്നാല്‍ ആദിത്യ പൊലീസിന്റെ പീഡനങ്ങള്‍ക്കൊടുവില്‍ ഇത്തരമൊരു മൊഴി നല്‍കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നാണ് ആക്ഷേപം. ഈ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ആണെന്നതാണ് ഗൗരവമേറിയ സംഗതി. ആദിത്യയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ, ബിഷപ്പ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഡ്മിനിസ്ട്രേറ്റര്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഗുരുതരമായ ആരോപണങ്ങളും അഡ്മിനിസ്ട്രേറ്റര്‍ ഇതിനൊപ്പം ഉയര്‍ത്തിയിട്ടുണ്ട്. കര്‍ദിനാള്‍ കുറ്റാരോപിതനായ ഭൂമികച്ചവടവുമായി വ്യാജരേഖ കേസിനു ബന്ധമുണ്ടെന്നു കൂടി അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ പറയുമ്പോള്‍ കര്‍ദിനാള്‍ അനുകൂല-വിരുദ്ധ ചേരികളുടെ ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാവുകയാണെന്ന തെളിവു കൂടിയാണത്.

ആ രേഖകള്‍ യഥാര്‍ത്ഥത്തില്‍ വ്യാജമാണോ?

ഈ ചോദ്യമായിരുന്നു അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററും അതിരൂപതയും ചോദിച്ചത്. വിശ്വാസികളും അതേ ചോദ്യം ചോദിച്ചു. ആദിത്യയും ഫാ. ടോണിയും ചേര്‍ന്ന് വ്യാജമായി ഉണ്ടാക്കിയെന്നു പറയുന്ന, ഫാ. പോള്‍ തേലക്കാട്ടും ബിഷപ്പ് ജേക്കബ് മനത്തോടത്തും പ്രചരിപ്പിച്ചെന്നു പറയുന്ന രേഖകള്‍ എല്ലാം വ്യാജമാണോ എന്നിടത്താണ് സംശയം ബലപ്പെട്ടത്. ഈ സംശയങ്ങളും ചോദ്യങ്ങളും കൂടുതല്‍ ഉച്ചത്തില്‍ ആക്കുന്ന പ്രസ്താവനകളാണ് വാര്‍ത്താ സമ്മേളനത്തില്‍ അഡ്മിനിസ്ട്രേറ്ററും വൈദിക സമിതി ചെയര്‍മാനും പറഞ്ഞത്.

അവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ ഇവയാണ്; ‘വ്യാജ രേഖ കേസില്‍ ആരൊക്കെയോ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ ആരോപണം. ഫാദര്‍ ടോണി കല്ലൂക്കാരന്‍ പറഞ്ഞിട്ടാണ് രേഖ നല്‍കിയതെന്ന ആദിത്യന്റെ മൊഴി തെറ്റാണെന്നും അഡ്മിനിസ്ട്രേറ്റര്‍ പറയുന്നു. രേഖകള്‍ വ്യാജമല്ല, അതാരും ഉണ്ടാക്കിയതുമല്ല. രേഖ ഒരു വ്യവസായ സ്ഥാപനത്തിന്റെ സര്‍വറില്‍ നിന്നെടുത്തതാണ്.

രേഖ വ്യാജമാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണം. രേഖ വ്യാജമെന്ന് കാണിച്ച് ഭൂമി ഇടപാട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. വ്യാജരേഖ കേസിനെ അതിരൂപതയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കുന്ന ഭൂമിയിടപാട് കേസുമായി മനഃപൂര്‍വം കൂട്ടിക്കെട്ടാനുള്ള തല്‍പര കക്ഷികളുടെ തെറ്റായ നടപടികളാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

ഇപ്പോള്‍ വിവാദമായിരിക്കുന്ന രേഖകള്‍ ആദിത്യ നിര്‍മ്മിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കുകയില്ല. തന്റെ ജോലിക്കിടയില്‍ തന്നെ അമ്പരപ്പിച്ച ചില സാമ്പത്തിക ബന്ധങ്ങളുടെ രേഖകളാണ് ആദിത്യ സഭയില്‍ പൊതുസമ്മതനും ഒരു പത്രാധിപരുമായ ഫാ. പോള്‍ തേലക്കാട്ടിന് ഇ-മെയില്‍ വഴി അയച്ചുകൊടുത്തത്. തനിക്ക് ലഭിച്ച രേഖകളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാനാണ് ഫാ. തേലക്കാട്ട് രഹസ്യമായി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായ മാര്‍ ജേക്കബ് മാനത്തോടത്തിനെ ഏല്‍പ്പിച്ചത്. അദ്ദേഹം വളരെ രഹസ്യമായാണ് ഈ രേഖ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഏല്‍പ്പിച്ചത്. ഈ രേഖകളുടെ സത്യാവസ്ഥ അറിയാത്തത് മൂലം ഇത് പരസ്യപ്പെടുത്തുകയോ കൈമാറുകയോ ചെയ്തിട്ടില്ല. ഇത് ആദ്യമായി പരസ്യപ്പെടുന്നത് അടച്ചിട്ട മുറിയില്‍ കൂടിയ സിറോ മലബാര്‍ സിനഡിന്റെ യോഗത്തിലാണ്. പിന്നീട് നടന്ന കാര്യങ്ങളൊക്കെ ഈ രേഖകളെ ഉപയോഗപ്പെടുത്തി ചില തല്‍പര കക്ഷികള്‍ അതിരൂപതയ്ക്കും ഇവിടുത്തെ അഞ്ച് ലക്ഷം വിശ്വാസികള്‍ക്കും നഷ്ടപ്പെട്ട കോടിക്കണക്കിന് പണത്തിന്റെയും അതിന്റെ പുറകില്‍ നടന്ന ധാര്‍മികമായ അപചയത്തെയും തേച്ചുമാച്ചു കളയാനുള്ള ഒരു തിരക്കഥ സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു ആക്ഷേപം. ആ തിരക്കഥയില്‍ കാര്യങ്ങള്‍ മുന്നോട്ടുി പോയെങ്കിലും ക്ലൈമാക്‌സ് ആലഞ്ചേരിയെയും അദ്ദേഹത്തിന്റെ ഗ്രൂപ്പിനെയും അത്രകണ്ട് സന്തോഷിപ്പിക്കുന്ന തരത്തിലല്ല ഉണ്ടായിരിക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍