UPDATES

വിദേശം

മുന്‍ സുഹൃത്തുക്കള്‍ ഇപ്പോള്‍ ബദ്ധശത്രുക്കള്‍

ഇറാന്‍-ഇസ്രയേല്‍ സൗഹൃദവും ശത്രുതയും

                       

മധ്യേഷ്യയുടെ സമാധാനം വീണ്ടും തകരാറിലാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നു. ദമാസ്‌കസിലെ ഇറാന്‍ എംബസിക്കു മേല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് 200 ഓളം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്തത്. രാജ്യാതിര്‍ത്തിക്ക് പുറത്തു വച്ച് ബഹുഭൂരിഭാഗം മിസൈലുകളും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തെങ്കിലും തങ്ങളുടെ ശത്രുവിന്റെ മണ്ണില്‍ പൊട്ടിത്തെറികള്‍ നടത്താന്‍ ഇറാന് സാധിച്ചു. ഇതാദ്യമായാണ് ഇസ്രയേലിനെതിരേ ഇറാന്‍ നേരിട്ട് ആക്രമണം നടത്തുന്നത്. സിറിയയിലെ ദാമാസ്‌കസില്‍ സ്ഥിതി ചെയ്യുന്ന ഇറാന്‍ എംബസിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ(ഐആര്‍ജിസി) ഉന്നത ഉദ്യോഗസ്ഥരടക്കം 13 പേര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണ് ഇറാന്‍ നടത്തിയത്.

2023 ഒക്ടോബര്‍ 7 മുതല്‍ തുടങ്ങിയ സംഘര്‍ഷങ്ങളുടെ ബാക്കി പത്രമാണിത്. ഗാസയില്‍ ഇസ്രയേല്‍ പ്രതിരോധ സേന നടത്തുന്ന വംശഹത്യാ സമാനമായ ആക്രമണങ്ങള്‍ക്കെതിരേയുള്ള പ്രതിരോധമെന്ന നിലയില്‍, ഹൂതികളില്‍ നിന്നും ഹിസ്ബുള്ളയില്‍ നിന്നും ഇസ്രയേലിനെതിരേ പ്രത്യാക്രമണങ്ങള്‍ നടക്കുന്നുണ്ട്. ലബനീസ് അതിര്‍ത്തിയില്‍ നിന്നും ചെങ്കടലില്‍ നിന്നുമാണ് പ്രധാനമായും ഇസ്രയേല്‍ ഭീഷണി നേരിടുന്നത്. തങ്ങള്‍ക്കെതിരേ മിഡില്‍ ഈസ്റ്റില്‍ നിന്നുണ്ടാകുന്ന തിരിച്ചടികള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നത് ഇസ്രയേലിന്റെ തുടക്കം മുതലുള്ള ആരോപരണമാണ്. അമേരിക്കയും മറ്റു പാശ്ചാത്യ സഖ്യകക്ഷികളും ഇക്കാര്യത്തില്‍ ഇസ്രയേലിനൊപ്പം നിന്ന് ഇറാന്‍ കുറ്റപ്പെടുത്തുന്നവരാണ്. മറുഭാഗത്ത്, ഇറാന്‍ ആരോപിക്കുന്നത് അമേരിക്കയും ഇസ്രയേലും യുകെയുമെല്ലാം ചേര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ അവരുടെ ആധിപത്യം സ്ഥാപിക്കുകയാണെന്നാണ്.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ഇപ്പോള്‍ അതിന്റെ പാരമ്യതയില്‍ എത്തി നില്‍ക്കുകയയാണെങ്കിലും, ആദ്യകാലത്ത് അങ്ങനെയായിരുന്നില്ല. ചരിത്രത്തിലേക്ക് നോക്കുകയാണെങ്കില്‍ സൗഹൃത്തുക്കളായിരുന്ന ഇറാനെയും ഇസ്രയേലിനെയും കാണാം. 1948 ല്‍ ഇസ്രയേല്‍ രൂപീകൃതമായശേഷം അവരെ മിഡില്‍ ഈസ്റ്റില്‍ നിന്നും അംഗീകരിക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്ന് ഇറാന്‍ ആയിരുന്നു. 1979 വരെ അവരുടെ ബന്ധം സാഹാര്‍ദ്ദപരമായിരുന്നു. പിന്നീടത് തെറ്റി.

ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒന്നാം അറബ്-ഇസ്രയേല്‍ യുദ്ധത്തിലാണ് കലാശിച്ചത്. ആ യുദ്ധത്തില്‍ ഇറാന്‍ അറബ് രാജ്യങ്ങള്‍ക്കൊപ്പം പങ്കാളിയായില്ല. എന്നു മാത്രമല്ല, യുദ്ധത്തില്‍ വിജയികളായ ഇസ്രയേലുമായി ഇറാന്‍ നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു. തുര്‍ക്കിക്കു പിന്നാലെ ജൂത രാജ്യവുമായി നയതന്ത്രത്തിലേര്‍പ്പെടുന്ന രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നു ഇറാന്‍.

അറബ് സഖ്യത്തില്‍ ഉള്‍പ്പെടാത്തവരും, അതേസമയം മുസ്ലിം ഭൂരിഭക്ഷവുമായ തുര്‍ക്കി, ഇസ്ലാമിക വിപ്ലവപൂര്‍വ ഇറാന്‍ എന്നിവര്‍ അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും സൗഹൃദം കാംക്ഷിക്കുന്നവരായിരുന്നു. ആ ഘട്ടത്തില്‍ പഹ്‌ലവി രാജവംശത്തിലെ ഷാ മുഹമദ്ദ് റെസാ പഹ്‌ലവിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഇറാന്‍. അമേരിക്കയെ പിന്തുണയ്ക്കുന്നവരായിരുന്നു പഹ്‌ലവി ഭരണകൂടം. അമേരിക്കയുമായുള്ള ബന്ധത്തിനു പുറത്താണ് ഇസ്രയേലിനോടും അവര്‍ അടുപ്പം സ്ഥാപിച്ചത്. പരസ്പരമുള്ള സഹായ സഹകരണങ്ങള്‍ക്ക് രണ്ടു പേരും ധാരണയിലായി. അറബ് സഖ്യങ്ങള്‍ ഇസ്രയേലിനെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് ഇറാന്‍ ഇസ്രയേലിന് എണ്ണ വില്‍പ്പന നടത്തി.

1979 ല്‍ ഷാ ഭരണകൂടത്തെ തൂത്തെറിഞ്ഞ് ഇറാനില്‍ ഇസ്ലാമിക വിപ്ലവം അരങ്ങേറി. രാജ്യം പൂര്‍ണമായി മതാധിഷ്ഠിതമായി. അതോടൊപ്പം ഇസ്രയേലിനോടുള്ള അവരുടെ കാഴ്ച്ചപ്പാടും മാറി. പലസ്തീന്‍ മണ്ണ് കൈയേറിയവരായി ഇസ്രയേല്‍.

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമൈനി അമേരിക്കയെ വലിയ ചെകുത്താന്‍ എന്നും ഇസ്രയേലിനെ ചെറിയ ചെകുത്താനെന്നുമാണ് അധിക്ഷേപിച്ചത്. ഇരുവരുമാണ് മധ്യേഷ്യന്‍ മേഖലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഖൊമൈനി കുറ്റപ്പെടുത്തി. മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും ഇറാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. അമേരിക്കയുടെ സഖ്യകക്ഷികളായ സൗദി അറേബ്യയെയും ഇസ്രയേലിനെയും അവര്‍ വെല്ലുവിളിച്ചു.

അറബ് രാജ്യങ്ങളുടെ സാംസ്‌കാരിക സമന്വയമായ പാന്‍-അറബ് ആശയത്തിന്റെ വക്താവായിരുന്ന ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുള്‍ നാസര്‍, അറബ് കൂട്ടായ്മയിലേക്ക് ഇറാനെ ഒരിക്കലും സ്വാഗതം ചെയ്തിരുന്നില്ല. നാസറിന്റെ മരണത്തിനു പിന്നാലെ,1970 കളിലാണ് ഇറാന്‍ ഈജിപത് ബന്ധം ഊഷ്മളമാകുന്നത്. അതുപോലെ, ഖുര്‍ദിഷ്-ഇറാഖ് വിഘടനവാദികള്‍ക്ക് ആയുധ വിതരണം ചെയ്യുന്നതു നിര്‍ത്താന്‍ ഇറാന്‍ തയ്യാറായതിനു പിന്നാലെ ഇറാഖ്-ഇറാന്‍ ശത്രുതയില്‍ അയവ് വന്നതും ബാധിച്ചത് ഇസ്രയേല്‍-ഇറാന്‍ നയതന്ത്രബന്ധത്തെയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും ഒരിക്കലും നേരിട്ടുള്ള ഏറ്റുമുട്ടലിലിലേക്ക് രണ്ടുപേരും എത്തിയിരുന്നില്ല. അതേസമയം തന്നെ നിഴല്‍ യുദ്ധങ്ങളിലൂടെയും പരിമിതമായ ആക്രമണങ്ങളിലൂടെയും ഇരുഭാഗവും പരസ്പരം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

ഇറാന്റെ ആണവ പദ്ധതികളെ ഇസ്രയേല്‍ കാലാകാലങ്ങളായി ലക്ഷ്യം വയ്ക്കുന്നുണ്ട്. ആണവായുധ നിര്‍മാണത്തില്‍ നിന്നും ഇറാനെ തടയുന്നതിന്റെ ഭാഗമായി 2010 ന്റെ ആരംഭത്തില്‍ അവരുടെ ന്യൂക്ലിയര്‍ കേന്ദ്രങ്ങളെയും ആണവ ശാസ്ത്രജ്ഞരെയും ഇസ്രയേല്‍ ലക്ഷ്യം വച്ചിരുന്നു.

2010 ല്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് സ്റ്റക്‌സ്‌നെറ്റ് എന്ന പേരില്‍ ഒരു അക്രമകാരിയായ കമ്പ്യൂട്ടര്‍ വൈറസ് വികസിപ്പിച്ചെടുത്തുവെന്നാണ് ആരോപണം. ഈ വൈറസ് ഉപയോഗിച്ചത് ഇറാന്റെ നതാന്‍സ് ആവണശാലയിലെ യുറേനിയം സമ്പുഷ്ടീകരണം തകര്‍ക്കാനായിരുന്നു. വ്യാവസായിക യന്ത്രങ്ങള്‍ക്കെതിരേ നടത്തിയ ആദ്യത്തെ പരസ്യമായ സൈബര്‍ ആക്രമണമായാണ് ഇതറിയപ്പെടുന്നത്.

ഇറാനെതിരേ പാശ്ചാത്യരാജ്യങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം അവര്‍ അമേരിക്കന്‍-ഇസ്രയേല്‍ വിരുദ്ധ തീവ്രവാദ സംഘടനകള്‍ക്ക് ആയുധ-സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്നതാണ്. ലബനന്‍ കേന്ദ്രീകരിച്ചുള്ള ഹിസ്ബുള്ള, ഗാസയിലെ ഹമാസ് എന്നിവരെ പിന്തുണയ്ക്കുന്നൂ എന്നതാണ് മുഖ്യ ആരോപണം. ഇത്തരം പിന്തുണയുടെ പേരിലാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലും ഉണ്ടായിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍