UPDATES

സുഹൃത്തുക്കള്‍ ശത്രുക്കളാകുന്നു? കാനഡ-ഇന്ത്യ ബന്ധം വഷളാകുമ്പോള്‍

കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാന്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

                       

ഖാലിസ്ഥാന്‍ വിഘടനവാദി നേതാവിന്റെ കൊലപാതകം ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതല്‍ കുഴപ്പിലാക്കുമോ? ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരേ ‘വിശ്വസനീയമായ തെളിവുകള്‍’ കിട്ടിയിട്ടുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന സൂചനകളാണ് തരുന്നത്. അതിനുള്ള തെളിവാണ്, കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രതയിലിരിക്കാനുള്ള ഇന്ത്യയുടെ മുന്നറിയിപ്പ്. കാനഡയില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, അങ്ങോട്ട് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കുമാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യ വിരുദ്ധ അജണ്ടകള്‍ എതിര്‍ക്കുന്ന കാനഡിയിലെ ഇന്ത്യന്‍ സമൂഹത്തിനു നേരെ ആക്രമങ്ങള്‍ ഉണ്ടായേക്കാമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിപ്പ് കൊടുത്തിരിക്കുന്നത്. കാനഡയില്‍ വര്‍ദ്ധിക്കുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തികളുടെയും, രാഷ്ട്രീയമായി അംഗീകാരം നേടുന്ന കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ അതിന്റെ പൗരന്മാരെ ഓര്‍മിപ്പിക്കുന്നത്.

ഇന്ത്യയുടെ ഈ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്, രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുന്നു എന്നതാണ്. നേരത്തെ തന്നെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല.

ന്യൂഡല്‍ഹി ആതിഥ്യം വഹിച്ച ജി 20 ഉച്ചകോടിയില്‍ രണ്ടു കൂട്ടര്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ പുറത്തു വന്നതാണ്. സെപ്തംബര്‍ ആദ്യവാരം നടന്ന ഉച്ചകോടിയില്‍ മറ്റ് പാശ്ചാത്യ ലോക നേതാക്കളെപ്പോലെ കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔപചാരിക ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. ആ ഒഴിഞ്ഞുമാറല്‍ തന്നെ, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം നല്ലവഴിയിലല്ല എന്നു വ്യക്തമാക്കിയിരുന്നു. കൂടാതെ, രണ്ട് പ്രധാനമന്ത്രിമാരും തമ്മില്‍ സംസാരിച്ചപ്പോള്‍ പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. കാനഡയില്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണെന്നായിരുന്നു മോദി ആശങ്കപ്പെട്ടത്. പഞ്ചാബ് വിഭജിച്ച് സ്വതന്ത്ര രാജ്യം ആവശ്യപ്പെടുന്ന ഖാലിസ്ഥാന്‍ വിഘടനവാദികള്‍ കാനഡയാണ് പ്രധാനകേന്ദ്രമാക്കിയിരിക്കുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം.

ഇന്ത്യയുടെ ആരോപണം വന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് കനേഡിയന്‍ പ്രധാനമന്ത്രി അതീവഗുരതരമായ കൊലപാത കുറ്റം ഇന്ത്യക്കുമേല്‍ ചുമത്തിയത്. പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിക്കൊണ്ട് കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചു. ന്യൂഡല്‍ഹി ഈ ആരോപണത്തെ അസംബന്ധമെന്ന് പറഞ്ഞു തള്ളിയെങ്കിലും ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്..

ആഴത്തിലുള്ള സാംസ്‌കാരിക-രാഷ്ട്രീയ-വ്യാപര ബന്ധത്തിന്റെ ചരിത്രമുണ്ട് ഇന്ത്യ-കാനഡ ബന്ധത്തിന്. ജനാധിപത്യമൂല്യങ്ങള്‍, ബഹുസ്വരത തുടങ്ങി പാരമ്പര്യത്തിലധിഷ്ഠിതമായൊരു ദീര്‍ഘകാല ബന്ധമാണ് ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനിന്നിരുന്നത്. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പ്രഥമ ലക്ഷ്യമാണിന്ന് കാനഡ. വിദ്യാര്‍ത്ഥികളടക്കം കാനഡയിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം അത്ഭുതപ്പെടുന്നതാണ്. 2022 ല്‍ മാത്രം ഒരുലക്ഷത്തിന് മുകളില്‍ ഇന്ത്യക്കാരാണ് കനേഡിയന്‍ പൗരത്വം നേടിയത്. രാജ്യത്ത് ഇപ്പോഴുള്ളതില്‍ നാല് ശതമാനം കാനഡക്കാര്‍ ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടാവുന്നവരാണ്. രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളല്‍ വീണാല്‍, അത് ലക്ഷകണക്കിന് ജനങ്ങളെയും ബാധിക്കും.

കാനഡയുടെ പട്ടികയില്‍ പത്താം സ്ഥാനത്തുള്ള വ്യാപര പാങ്കാളിയാണ് ഇന്ത്യ. തങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിന് തന്ത്രപ്രധാന സഖ്യകക്ഷിയായി അവര്‍ ഇന്ത്യയെ കാണുന്നുണ്ടായിരുന്നു. ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനും വിദേശ നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറിനും (FIPA) വേണ്ടി ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വാണിജ്യബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനു വ്യാപാരവും നിക്ഷേപവും സംബന്ധിച്ച് ദ്വിതല ചര്‍ച്ചകളും സജീവമായിരുന്നു.

സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ സഹവര്‍ത്തിച്ചുപോന്നിരുന്ന രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ കാര്‍മേഘം മൂടുന്നതിന് പ്രധാന കാരണം ഖാലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനങ്ങളാണെന്നു പറയാം. കാനഡ കേന്ദ്രീകരിച്ചിരിക്കുന്ന സിഖ് വിഘടനവാദികളോട് ആ രാജ്യം സഹതാപപൂര്‍വ്വം പെരുമാറുന്നുവെന്നതാണ് ഇന്ത്യയുടെ പരാതി. കാനഡ തിരിച്ചു ഇന്ത്യക്കു നേരെ വിരല്‍ ചൂണ്ടുന്നത് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടന്നു എന്ന ആരോപണവുമായാണ്.

ആ ‘ഇടപെടല്‍’ ആരോപണത്തിലെ ഉഗ്രശേഷിയുള്ള സ്‌ഫോടനമായിരുന്നു തിങ്കളാഴ്ച്ച കനേഡിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയത്. ഹര്‍ദീപ് സിംഹ് നിജ്ജറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയാണെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന ട്രൂഡോയുടെ പ്രസ്താവന വന്നതിനു പിന്നാലെയായിരുന്നു മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതും. ട്രൂഡോയുടെ ആരോപണത്തെ തള്ളിക്കളഞ്ഞ് പ്രസ്താവന ഇറക്കിയതിനു പിന്നാലെ തിരിച്ചടിയെന്നോണം ഒരു കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെയും പുറത്താക്കി. ഇപ്പോഴത്തെ ആരോപണം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വലിയ തിരിച്ചടിയായെന്നും, ഇതത്ര പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് കരുതാന്‍ കഴിയില്ലെന്നുമാണ് ഇന്ത്യയുടെ ദേശീയ സുരക്ഷ കൗണ്‍സില്‍ മുന്‍ ഉപദേശകന്‍ ബ്രഹ്‌മ ചെല്ലാനി ചൂണ്ടിക്കാണിക്കുന്നത്.

‘കാനഡയില്‍ സിഖ് ആക്ടിവിസം കാനഡയില്‍ വളരുകയാണ്. ഇന്ത്യ ഇക്കാര്യത്തില്‍ ഒട്ടാവ(കാനഡയുടെ തലസ്ഥാനം)യെ തങ്ങളുടെ ആശങ്ക അറിയിച്ചുകൊണ്ടേയിരിക്കുന്നു. കാനഡയാകട്ടെ ഇന്ത്യയുടെ വിഷമം കേള്‍ക്കാന്‍ തയ്യാറാകുന്നുമില്ല. ഇത് ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് കാര്യങ്ങളെ വലിച്ചിടുകയാണ്’ എന്നാണ് വില്‍സന്‍ സെന്‍ട്രലിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മൈക്കള്‍ കുഗെല്‍മന്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യ കഴിഞ്ഞാല്‍ സിഖുകാര്‍ ഏറ്റവുമധികം ഉള്ളത് കാനഡയാണ്. 7,70,000 പേര്‍. കാനഡയുടെ മൊത്തം ജനസംഖ്യയുടെ 2.1 ശതമാനം. ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ വന്നതില്‍ പിന്നെയാണ് സിഖ് ആക്ടീവിസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യയുമായി രൂക്ഷമാകുന്നത്. 2015 ല്‍ ട്രൂഡോ ആദ്യമായി അധികാരത്തില്‍ വന്നപ്പോള്‍, തന്റെ 30 അംഗ മന്ത്രിസഭയില്‍ നാല് സിഖ് വംശജരെയാണ് മന്ത്രിമാരാക്കിയത്. മുമ്പേ തന്നെ കനേഡിയന്‍ സിഖുകാര്‍ക്കെതിരേ ന്യൂഡല്‍ഹിക്ക് പരാതി നില്‍ക്കുന്നുണ്ടായിരുന്നു. ഖാലിസ്ഥാന്‍ വിഘടനവാദത്തെ പിന്തുണയ്ക്കുന്നവരാണ് കനേഡിയന്‍ സിഖുകാരെന്നായിരുന്നു ആക്ഷേപം. ഒരു ഹിന്ദു ക്ഷേത്രം കാനഡയില്‍ നശിപ്പിക്കപ്പെട്ടിരുന്നു. തകര്‍ക്കപ്പെട്ട ക്ഷേത്ര ചുവരുകളില്‍ ‘ ഇന്ത്യയുടെ മരണം’, ‘ ഖാലിസ്ഥാന്‍’ എന്നിങ്ങനെ ഉറുദുവില്‍ കുറിച്ചിട്ടുണ്ടായിരുന്നു. പ്രകോപനപരമായ മറ്റൊരു പ്രവര്‍ത്തിയുണ്ടായത്, ഇന്ത്യയില്‍ നിന്നും സിഖ് സ്വാതന്ത്ര്യം തേടി കനേഡിയന്‍ സിഖുകാര്‍ ഒരു പ്രാദേശിക ഹിതപരിശോധന സംഘടിപ്പിച്ചാണ്.

കനേഡിയന്‍ ഭരണകൂടവും ഇന്ത്യയെ ഈ വിഷയത്തില്‍ പ്രകോപിച്ചുകൊണ്ടിരുന്നു. ജസ്റ്റിന്‍ ട്രൂഡോയുടെ 2018 ലെ ഇന്ത്യ സന്ദര്‍ശനം അത്തരത്തിലൊന്നായിരുന്നു. ട്രൂഡോയ്‌ക്കൊപ്പം ഉണ്ടായിരുന്ന പ്രതിനിധി സംഘത്തിലെ സിഖ് പ്രതിനിധികള്‍ ജസ്പാല്‍ അത്വാളുമായി കൂടിക്കാഴ്ച്ച നടത്തിയത് ഇന്ത്യയെ ചൊടിപ്പിച്ചു. കാരണം, ഒരു ഇന്ത്യന്‍ കാബിനറ്റ് മന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളായിരുന്നു ജസ്പാല്‍ അത്വാള്‍. ഇന്ത്യയുടെ പ്രതിഷേധം കാരണമാകാം, അത്വാള്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചിരുന്ന അത്താഴ വിരുന്ന് കാനഡ ഒഴിവാക്കിയിരുന്നു. ഈയൊരു കാര്യത്തിന്റെ പേരില്‍ പിണങ്ങി നിന്ന ഇരു രാജ്യങ്ങളും പിന്നീട് ഒന്നിക്കുന്നത്, ബീജിംഗിനെതിരേ ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യം വന്നതോടെയായിരുന്നു. പിന്നീടങ്ങോട്ട് സുഗമമായിട്ടായിരുന്നു ബന്ധം പോയിരുന്നത്. ചൈനയുണ്ടാക്കുന്ന ആശങ്കള്‍ പരിഹരിക്കുന്നതുള്‍പ്പെടെയുള്ള തന്ത്രപരമായ ഒത്തുചേരലുകള്‍ക്കും വ്യാപരബന്ധങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനങ്ങള്‍ക്കും വേഗതയുണ്ടായി എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

തങ്ങളുടെ നിര്‍ണായക വ്യാപാര പങ്കാളിയായിട്ടായിരുന്നു ഇന്ത്യയെ ഇത്രനാളും വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഓട്ടോമൊബൈല്‍സ്, കൃഷി, വിവരസാങ്കേതിക മേഖല എന്നിവയില്‍ വ്യാപര കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതാണ്. എന്നാല്‍ സെപ്തംബര്‍ ഒന്നിന് അപ്രതീക്ഷിതമായി ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ കാനഡ നിര്‍ത്തിവച്ചു. ഒക്ടോബറില്‍ ചര്‍ച്ച ചെയ്തിരുന്ന ഇന്ത്യയുമായുള്ള വ്യാപാര കരാറുകളില്‍ നിന്നും പിന്‍മാറുകയാണെന്നു കഴിഞ്ഞാഴ്ച്ച പ്രഖ്യാപിക്കുകയും ചെയ്തു. വ്യാപരബന്ധം മുറിയുന്നത് ഉഭയകക്ഷിബന്ധം വഷളാകുന്നതിന്റെ പ്രധാന ലക്ഷണമായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സിഖ് വിഘടനവാദികള്‍ക്ക് കൂടുതല്‍ ഇടം നല്‍കുന്നത്, രണ്ടു രാജ്യങ്ങളുടെയും ബന്ധത്തിന് അത്ര നല്ലതല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണ്‍ നാലിന് ബ്രാംപ്റ്റണിലെ ഒന്റാറിയോടില്‍ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ പരേഡ് സംഘടിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യേല്‍ മീഡിയ വഴി പുറത്തു വന്നതിനു പിന്നാലെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ് വന്ന് പത്തു ദിവസം കഴിഞ്ഞായിരുന്നു വാന്‍കോവറിലെ ഒരു സിഖ് ആരാധാനാലയത്തിനു മുന്നില്‍ വച്ച് ഹര്‍ദീപ് സിംഗ് നിജ്ജര്‍ വെടിയേറ്റു കൊല്ലപ്പെടുന്നത്.

സിഖ് ആക്ടിവിസം കാനഡയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് മൈക്കള്‍ കുഗെല്‍മന്‍ ചൂണ്ടിക്കാണിക്കുന്നത്. യു കെ, യുഎസ് എ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും അത് ശക്തി പ്രാപിക്കുന്നുണ്ട്. അമൃത്പാല്‍ സിംഗ് എന്ന സിഖ് വിഘടനവാദി നേതാവിനെ വേട്ടയാടുന്നുവെന്നാരോപിച്ച് വ്യാപകമായ പ്രതിഷേധങ്ങളാണ് നടന്നത്. ഇന്ത്യ ഇക്കാര്യത്തില്‍ കൂടുതല്‍ ആശങ്കപ്പെടുമ്പോള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് കാനഡ പിന്നോട്ട് മാറിനില്‍ക്കുകയാണെന്നാണ് കുഗെല്‍മന്‍ പറയുന്നത്.

ഇന്ത്യ-കാനഡ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകുന്ന വിഷയത്തില്‍ മറ്റ് ലോക രാജ്യങ്ങളും അവരുടെ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണത്തില്‍ വൈറ്റ് ഹൗസിന് ഉത്കണ്ഠയുണ്ടെന്നായിരുന്നു യു എസ് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് അഡ്രിയാന്‍ വാട്‌സണ്‍ പറഞ്ഞത്. ബൈഡന്‍ ഭരണകൂടം ഇക്കാര്യത്തില്‍ എന്തു നിലപാടാണ് എടുക്കാന്‍ പോകുന്നതെന്ന് താത്പര്യം ജനിപ്പിക്കുന്ന കാര്യമാണെന്നാണ് ആര്‍എഎന്‍ഡി കോര്‍പ്പറേഷനിലെ പ്രതിരോധ വിദഗ്ധന്‍ ഡെറിക് ജെ ഗ്രോസ്മാന്‍ പറയുന്നത്. കാനഡയ്‌ക്കോ, ഇന്ത്യയ്‌ക്കോ, ആര്‍ക്കെങ്കിലും ഒരാള്‍ക്കൊപ്പം നിലകൊണ്ടാല്‍ തീര്‍ച്ചയായും മറുഭാഗം പ്രകോപിതരാകുമെന്നാണ് ഗ്രോസ്മാന്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനയെ പ്രതിരോധിക്കുന്നതിന് ഇന്ത്യയുടെ സഹായം ആവശ്യമായതിനാല്‍ എന്തുവിലകൊടുത്തും ആ രാജ്യത്തെ കൂടെനിര്‍ത്താന്‍ ബൈഡന്‍ ഭരണകൂടം തയ്യാറാകുമെന്നാണ് ഗ്രോസ്മാന്‍ വിലയിരുത്തുന്നത്.

Share on

മറ്റുവാര്‍ത്തകള്‍