February 19, 2025 |
Share on

‘വളരെ പ്രതീക്ഷയോടെ ഞാനും ആടുജീവിതം കാത്തിരിക്കുകയാണ്’-ബെന്യാമിന്‍: അഭിമുഖം

ഈ സിനിമ എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്‌

മണലാരണ്യങ്ങളുടെ കാണാപ്പുറങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്നു കാട്ടിയ എഴുത്തുകാരനാണ് ബെന്യാമിന്‍. നജീബ് എന്ന ചെറുപ്പക്കാരന്റെ നിസ്സഹായതയും അതിജീവനവും പ്രവാസ ജീവിതത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങളും വായനക്കാരന്റെ മനസ്സിനെ പിടിച്ചുലച്ചിരുന്നു. 2008-ല്‍ ഇറങ്ങിയ ബെന്യാമിന്റെ ആടുജീവിതം ആസ്പദമാക്കി പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. നോവലില്‍ നിന്നും സിനിമയാകുമ്പോള്‍ ആടുജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ബെന്യാമിന്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

ആടുജീവിതം സിനിമയാകുന്നത് എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. പ്രതിവര്‍ഷം ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഇറങ്ങുന്ന സ്ഥലത്ത് ഒരു സംവിധായകന്‍ എന്റെ പുസ്തകം കണ്ടെത്തുകയും പ്രഗത്ഭനായ നടന്‍ അതിനൊപ്പം സഞ്ചരിക്കുകയും, ചിത്രത്തിനുവേണ്ടി വലിയ പരിശ്രമങ്ങള്‍ നടത്തുകയും വന്‍ തോതില്‍ പണം മുടക്കി പലതും ത്യജിച്ച് സിനിമ ചെയ്യുന്നു എന്നതെല്ലാം ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ വളരെ അഭിമാനം തോന്നുന്ന നിമിഷങ്ങളും ഒപ്പം വലിയൊരു അംഗീകാരവുമായാണ് കാണുന്നത്.

ഒരു നോവല്‍ സിനിമയാകുമ്പോള്‍ സ്വാഭാവികമായും സമൂഹത്തിനുണ്ടാകുന്ന ആകാക്ഷ, എങ്ങനെയായിരിക്കും അത് ചിത്രീകരിക്കപ്പെടുക, ഏതു തരത്തിലായിരിക്കും ജനങ്ങളതിനെ സ്വീകരിക്കുക തുടങ്ങിയവയാണ്. പക്ഷെ നമ്മളോരോരുത്തരും മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാല്‍, സിനിമയ്ക്ക് അതിന്റെതായ വ്യത്യസ്തമായ സാധ്യതകളുണ്ടെന്നുള്ളതാണ്. ദൃശ്യസംഗീതത്തിന്റെതടക്കം അനേകം സാധ്യതകളുള്ള ഇടമെന്ന നിലയില്‍ വലിയ അവസരമാണ് സിനിമ വച്ച് നീട്ടുന്നത്. സര്‍ഗവൈഭത്തിന്റെ കൂട്ടായ പ്രവര്‍ത്തനം എന്ന കോണില്‍ നോക്കുകയാണെങ്കില്‍ മികച്ച സൃഷ്ടി തന്നെയായിരിക്കും ആടുജീവിതം എന്ന നോവല്‍ സിനിമയാകുമ്പോള്‍ ലഭിക്കുക എന്നു തന്നെയാണ് എന്റെ വിശ്വാസം. വളരെയധികം പ്രതീക്ഷയോടു കൂടിയാണ് ഞാന്‍ ആടുജീവിതം കാത്തിരിക്കുന്നത്.

നോവലെഴുത്തും തിരക്കഥ രചനയും

തിരക്കഥകള്‍ ഒരു കൂട്ടായ സര്‍ഗാത്മക സൃഷ്ടിയാണ്. തിരക്കഥാകൃത്തിന്റെ പേര് പറയുമ്പോള്‍ ഒന്നോ രണ്ടോ വ്യക്തികളുടെ പേരാണ് പറയുന്നതെങ്കില്‍ പോലും ഒരുപാട് ചര്‍ച്ചകളുടെയും കൂടിച്ചേരലുകളുടെയും ഒടുവിലാണ് ഒരു തിരക്കഥ ഉരുത്തിരിഞ്ഞ് വരുന്നത്. പക്ഷെ നോവലോ മറ്റ് രചനകളുടെയോ സൃഷ്ടികളെ സംബന്ധിച്ചിടത്തോളം ഒരു എഴുത്തുകാരന്‍ കടപ്പെട്ടിരിക്കുന്നത് അയാളുടെ മനഃസാക്ഷിയോടും സ്വന്തം ബോധ്യങ്ങളോടും മാത്രമാണ്. ആടുജീവിതം എന്ന പുസ്തകം വരുന്നതുവരെ ബെന്യാമിന്‍ എന്ന എഴുത്തുകാരനെ അറിയാവുന്നത് സാഹിത്യം വളരെ ഗൗരമായെടുത്തിരുന്ന ഒരു സമൂഹത്തിന് മാത്രമായിരുന്നു. ആടുജീവിതത്തിന് ശേഷമാണ് ജനങ്ങള്‍ ഇങ്ങനെ ഒരു എഴുത്തുകാരനെ ശ്രദ്ധിക്കുകയും ഞാന്‍ എഴുതിയ പുസ്തകങ്ങള്‍ വായനയില്‍ ഉള്‍പെടുത്താന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നത്. ആടുജീവിതത്തിന് ശേഷം ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് അതിനെല്ലാം തന്നെ വിവിധ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുമുണ്ട്. ആടുജീവിതത്തോട് കൂടി ജനങ്ങളുടെ സ്വീകാര്യതയും ഇഷ്ടവും അവസാനിച്ചില്ല എന്നാണതിന്റെ അര്‍ത്ഥം. വ്യത്യസ്തമായ വായനാനുഭവവും എഴുത്തും ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞ 20 വര്‍ഷം കൊണ്ടെനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഓരോ എഴുത്തുകളും വ്യസ്തമാണെന്നാണ് ഞാന്‍ കരുതുന്നത്. എഴുത്തില്‍ പുതുമ കൊണ്ട് വരാനെപ്പോഴും ഞാന്‍ ശ്രമിക്കാറുണ്ട് ചുരുക്കി പറഞ്ഞാല്‍ ഒന്നിന്നെ തന്നെ അനുകരിക്കാതിരിക്കാനുള്ള ശ്രമമാണ് എഴുത്തില്‍ വീണ്ടും വീണ്ടും നടത്തിക്കൊണ്ടിരിക്കുന്നതു എന്നു വേണം പറയാന്‍.

കലാകാരന്‍ കരുത്താര്‍ജ്ജിക്കണം

ആടുജീവിതമെഴുതിയ പക്വതയിലും പ്രായത്തിലും വായനയിലും സാമൂഹിക ബോധത്തിലുമല്ല ഇന്ന് നമ്മളോരോരുത്തരും നില്‍ക്കുന്നത്. ഓരോ വര്‍ഷവും പുതിയ മനുഷ്യരായാണ് നാം രൂപപ്പെടുന്നത,് അതിന്റേതായ മാറ്റങ്ങള്‍ നമ്മുടെ സൃഷ്ടികളിലും പ്രകടമാക്കുകയും ചെയ്യും. അറിഞ്ഞോ അറിയാതെയോ പലതരത്തിലുള്ള മാറ്റങ്ങള്‍ നിരന്തരം നമുക്ക് സംഭവിക്കുന്നുണ്ട്. ഈയൊരു കാലഘട്ടത്തില്‍ എന്നു മാത്രമല്ല എല്ലാ കാലഘട്ടങ്ങളിലും അധികാരവും മതവും ജാതിയും പണവും കലയെയും സാഹിത്യത്തെയും സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചു കൊണ്ടേയിരുന്നിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അത് ഏകാധിപത്യ ഭരണങ്ങളുണ്ടായിരുന്ന എല്ലായിടങ്ങളിലും അങ്ങനെ തന്നെയായിരുന്നുതാനും. മതം എപ്പോഴൊക്കെ ശക്തി പ്രാപിച്ചിട്ടുണ്ടോ അപ്പോഴെല്ലാം എഴുത്തുകാര്‍ക്കെതിരെയും ശാസ്ത്രജ്ഞര്‍ക്കെതിരെയും വലിയ പ്രതിരോധങ്ങളുണ്ടാകുകയും കലയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തിട്ടുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ പ്രതിബന്ധങ്ങളെയെല്ലാം ചെറുത്തുകൊണ്ട് മികച്ച കലാസൃഷ്ടികള്‍ സമ്മാനിച്ചവരാണ് നമ്മളിന്ന് ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കലാകാരന്മാരെല്ലാവരും. ഈ കാലത്തിന്റെ രീതികളെ മനസിലാക്കികൊണ്ട് എല്ലാ പ്രതിസന്ധികളിയെയും തരണം ചെയ്യാനുള്ള കരുത്ത് ആര്‍ജ്ജിക്കുക എന്നതു മാത്രമാണ് കലാകാരന്മാര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍

വായനക്കാരന്‍ അവന്റെ ഇഷ്ടത്തില്‍ നിന്ന് നല്‍കുന്ന ഏതു പ്രതികരണവും എഴുത്തുകാരന്‍ എന്ന നിലയില്‍ സന്തോഷപൂര്‍വം സ്വീകരിക്കും. അവരുടെ പ്രതികരണം അവരെ തൃപ്തിപ്പെടുത്തുന്നതാകാം, മറിച്ചവരെ തൃപ്തിപെടുത്തിയില്ലെന്നുംവരാം. എന്ത് തന്നെയായാലും ആ വ്യക്തിയുടെ സ്വകാര്യമായ അഭിപ്രായങ്ങളും പ്രതികരണങ്ങളും എന്നിലെ എഴുത്തുകാരനെ പരുവപ്പെടുത്താന്‍ ഉപകാരപെട്ടിട്ടേയുള്ളു. ചിലരുടെ സൂക്ഷമ നിരീക്ഷണങ്ങള്‍ എഴുത്തില്‍ വളരെ ഉപകാരപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും വായനക്കാരന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിരൂപണത്തിനു തുല്യമായ സ്ഥാനമാണ് സമൂഹത്തില്‍ വഹിക്കുന്നത്.

സംവിധായകന്‍ ബ്ലെസ്സിയുടെ സംവിധാനത്തിലെത്തുന്ന ആടുജീവിതം 2018-ലാണ് ചിത്രീകരണം ആരംഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ചിത്രീകരണത്തിനൊടുവില്‍ 2023 ജൂലൈ 14നാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രത്തിന്റെ മുഖ്യപങ്കും ജോര്‍ദാനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 10 ന് സിനിമയുടെ റിലീസ് നിശ്ചിയിച്ചിരിക്കുന്നത്.

×