July 14, 2026 |
Share on

മുഖ്യമന്ത്രി ആയിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല, അദ്ദേഹം ജയിച്ചതിൽ വളരെ സന്തോഷമുണ്ട്; ശിവകാർത്തികേയൻ

ഇത്രയും വലിയൊരു രാഷ്ട്രീയ വിജയം നേടിയെങ്കിലും വിജയ് എന്ന വ്യക്തിയ്ക്ക് ഒരു മാറ്റവുമില്ലെന്ന് നടൻ ശിവകാർത്തികേയൻ

തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിട്ടും വിജയ്ക്ക് യാതൊരുവിധ മാറ്റവുമില്ലെന്ന് നടൻ ശിവകാർത്തികേയൻ. ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒരാൾ സംസ്ഥാനത്തിന്റെ ഉന്നത രാഷ്ട്രീയ പദവിയിലേക്ക് എത്തിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയായതിൽ തനിക്ക് ഏറെ സംതൃപ്തിയുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു. സെയോൻ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകാർത്തികേയൻ.

തെരഞ്ഞെടുപ്പിൽ വിജയ് വിജയിച്ചതിന് പിന്നാലെ അദ്ദേഹവുമായി താൻ ഫോണിൽ‌ സംസാരിച്ചിരുന്നുവെന്നും ഇത്രയും വലിയൊരു രാഷ്ട്രീയ വിജയം നേടിയെങ്കിലും വിജയ് എന്ന വ്യക്തിയ്ക്ക് ഒരു മാറ്റവുമില്ലെന്നും ശിവകാർത്തികേയൻ പറയുന്നു. പഴയതുപോലെ തന്നെ ശാന്തമായ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. തന്റെ സുഖവിവരങ്ങൾ വിജയ് ചോദിച്ചറിഞ്ഞുവെന്നും ശിവകാർത്തികേയൻ പറഞ്ഞു. കൂടാതെ, തന്റെ സിനിമാ സഹപ്രവർത്തകനായ വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും സിനിമാ വ്യവസായത്തിൽ നിന്നുള്ള ഒരാൾ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത് കാണുന്നത് വലിയ കാര്യമാണെന്നും ശിവകാർത്തികേയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇപ്പോൾ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന പുതിയ ശിവകാർത്തികേയൻ ചിത്രമാണ് സേയോൺ. അമരന്റെ വൻ വിജയത്തിന് ശേഷം രാജ്കമൽ ഫിലിംസും ശിവകാർത്തികേയനും വീണ്ടും കൈകോർക്കുന്ന ചിത്രം കൂടിയാണിത്. ‘തായ് കിഴവി’ എന്ന ചിത്രം ഒരുക്കിയ ശിവകുമാർ മുരുഗേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൂറൽ മാസ് എന്റർടെയ്നർ ആണ് ചിത്രമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം. കമൽ ഹാസൻ, ആർ മഹേന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഭാഗ്യശ്രീ ബോർസെ ആണ് സിനിമയിൽ നായികയായി എത്തുന്നത്. പരാശക്തിയാണ് ഒടുവിൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

×