മലയാളിക്ക് എന്നും അഭിമാനമാണ് മമ്മൂട്ടി എന്ന നടൻ. സിനിമ സ്വപ്നവുമായി നടന്ന ഒരു ചെറുപ്പക്കാരനിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടനിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ഒരോ മലയാളിക്കും കാണാപാഠമാണ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതം, വിവിധ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾ, എണ്ണിയാലൊടുങ്ങാത്ത പുരസ്കാര നിരകൾ. 2026 പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ അതിൽ നമ്മൾ ഏറെ സന്തോഷത്തോടെ കേട്ട വാർത്തയാണ് മമ്മൂട്ടിയുടെ പത്മഭൂഷൻ നേട്ടം. ഇപ്പോഴിതാ പത്മ പുരസ്കാരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മമ്മൂട്ടിയുടെ രണ്ട് മിനിറ്റ് നീണ്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. വീഡിയോയിൽ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും കരിയറിന്റെ തുടക്കകാലത്തെ പ്രതിസന്ധികളെക്കുറിച്ചും മമ്മൂട്ടി പങ്കുവെയ്ക്കുന്നുണ്ട്.
എന്‍റെ അച്ഛന് ഞാന്‍ ഒരു ഡോക്ടര്‍ ആവണമെന്നായിരുന്നു. യാദൃശ്ചികമായി ഞാന്‍ ഒരു അഭിഭാഷകനും പിന്നീട് ഒരു നടനുമായി. അഭിനയിച്ച ആദ്യ ചിത്രം വെള്ളിത്തിരയില്‍ കണ്ടപ്പോള്‍ ഒരു സിനിമ നടനാവണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതായിത്തീരാനുള്ള ശ്രമങ്ങളില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്കും ശ്രമങ്ങള്‍ക്കും സ്വപ്നം കാണലിനും ഒക്കെ ഇടെയിലും അതിനോട് ഒരുതരം ആര്‍ത്തി ആയിരുന്നു എനിക്ക്. തുടക്കത്തില്‍ ചെറിയ റോളുകളും സീനുകളുമൊക്കെയാണ് എനിക്ക് കിട്ടിയത്. അഭിഭാഷകനായി പ്രവര്‍ത്തിച്ച് തുടങ്ങിയതിന് ശേഷം ഞാന്‍ വിവാഹം ചെയ്തു. അതിന് ശേഷമാണ് ഒരു വലിയ വേഷം അവതരിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ആ ചിത്രം പൂര്‍ത്തിയായില്ല. അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഞാന്‍ ഒരു മിമിക്രി കലാകാരനുമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. പക്ഷേ എന്‍റെ ഏറ്റവും വലിയ മോഹം സിനിമയായിരുന്നു. മമ്മൂട്ടി പറയുന്നു.
ഒരുപാട് ആളുകളെ, വിശേഷിച്ച് സംവിധായകരെ അവസരത്തിനായി ആ സമയത്ത് സമീപിച്ചിട്ടുണ്ട്. അവര്‍ എന്തെങ്കിലും കുറ്റം എന്നില്‍ കാണും. അങ്ങനെ എന്നെ തഴയും. അങ്ങനെ ഞാൻ വിഷമിച്ച സമയങ്ങളുണ്ടായിട്ടുണ്ട്. അവസാനം ഞാന്‍ എംടിയെ കണ്ടുമുട്ടി. അദ്ദേഹത്തിന് എന്നില്‍ എന്തോ ആത്മവിശ്വാസം തോന്നി. അദ്ദേഹം എനിക്ക് ഒരു വലിയ വേഷം തന്നു. അവിടുന്നങ്ങോട്ട് ഒരു പോരാട്ടമായിരുന്നു. സിനിമയെന്ന മാധ്യമത്തെ ഞാന്‍ പഠിച്ചു. അതിന്‍റെ സാങ്കേതികത മനസിലാക്കി. ഒരു സാധാരണ നടന്‍ ആവാന്‍ തന്നെ ഞാൻ ഏറെ കാലമെടുത്തു. ഒരു പെര്‍ഫെക്റ്റ് നടനാവാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തു. ഒരു കഥാപാത്രത്തിനും എന്നെ വെല്ലുവിളിക്കാന്‍ ആവില്ല. കാരണം എനിക്ക് ഇതില്‍ അത്രയും ആവേശമുണ്ട്. അര്‍പ്പണമുണ്ട്. സത്യസന്ധതയുണ്ട്. ഒരു താരത്തേക്കാള്‍ കൂടുതല്‍ ഒരു നടന്‍ ആവാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചത്. ഞാന്‍ ഇപ്പോഴും ഒരു നടനാണ്. ഇനി അങ്ങോട്ടും ഞാന്‍ ഒരു നടനായിരിക്കും.
എനിക്ക് രണ്ട് മക്കളാണ്. ഒരു മകനും ഒരു മകളും. മകന്‍ എന്നെപ്പോലെതന്നെ ഒരു നടനാണ്. മകള്‍ ഒരു പെയിന്‍റര്‍ ആണ്. ഭാര്യ ഒരു വീട്ടമ്മയാണ്. കുടുംബം എന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സഹായിച്ചിട്ടുണ്ട്. ഒരുപാട് പുതിയ സംവിധായകരെ ഞാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ക്ക് എന്നോടൊപ്പം എന്തെങ്കിലും പുതുതായി ചെയ്യാനുണ്ടാവും. എനിക്ക് അത് നഷ്ടപ്പെടുത്താൽ താൽപര്യമില്ല. മമ്മൂട്ടി കൂട്ടിച്ചേർത്തു.