June 25, 2026 |
Share on

മമ്മൂട്ടി, മോഹന്‍ലാല്‍ കമല്‍ എന്നിവരുടെ ജോടി, ഓര്‍മയുടെ ചുവടുകള്‍ തെറ്റി പ്രിയ നായിക

മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും അവയെല്ലാം ശ്രദ്ധേയമായിരുന്നു

‘ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം’…. സത്യൻ അന്തിക്കാടിൻ്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിലെ ഈ ​ഗാനം മലയാളികൾക്ക് വളരെ സുപരിചിതമാണ്. സഞ്ജയ് ലീല ബൻസാലി ‘ദേവദാസ്’ ചെയ്യുന്നതിന് മുൻപ് തന്നെ അർദ്ധ-ക്ലാസിക്കൽ നൃത്തച്ചുവടുകൾകൊണ്ട് ഭാനുപ്രിയയും ലക്ഷ്മി ​ഗോപാലസ്വാമിയും മനോഹരമാക്കിയ ​ഗാനത്തിൽ ഭാനുപ്രിയ എന്ന നടി അഭിനയത്രി എന്ന നിലയിലും നർത്തകി എന്ന നിലയിലും തൻ്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു.

ഒരു കാലത്ത് മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചിരുന്ന നടി ഇപ്പോൾ ഓർമ്മക്കുറവിനെ തുടർന്ന് ബുദ്ധിമുുട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ. തൻ്റെ മുൻ ഭർത്താവിൻ്റെ മരണശേഷമാണ് ഭാനുപ്രിയയ്ക്ക് ഓർമ്മക്കുറവുണ്ടെന്ന് തിരിച്ചറിയുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമാണ് ഭാനുപ്രിയ അഭിനയിച്ചതെങ്കിലും അവയെല്ലാം ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യൻ ഭാഷകളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഭാനുപ്രിയക്ക് കഴി‍ഞ്ഞു. ‘മെല്ല പേശുങ്കൾ’ (1983) എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാനുപ്രിയ പെട്ടെന്നുതന്നെ സിനിമാലോകത്ത് പ്രശസ്തി നേടി. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായി. ആകർഷകമായ കണ്ണുകളും താളബോധമുള്ള ശരീരഭാഷയും ചെറുപ്പം മുതലേ അഭ്യസിച്ച നൃത്തത്തിലുള്ള കഴിവും ഭാനുപ്രിയയെ സംവിധായകർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാക്കി.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഭാനുപ്രിയയുടെ താരപദവി വീണ്ടും ഉയരുകയായിരുന്നു. കെ. ബാലചന്ദറിൻ്റെ ‘അഴകൻ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി. മണിരത്‌നത്തിൻ്റെ ദളപതിയിൽ രജനികാന്തിനൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

1992ൽ, ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത പീരിയഡ് ഡ്രാമയായ ‘രാജശില്പി’യിലൂടെ മോഹൻലാലിനൊപ്പം അഭിനയിച്ചാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മമ്മൂട്ടിയുടെ ‘അഴകിയ രാവണൻ’, സുരേഷ് ഗോപിയുടെ ‘ഹൈവേ’ തുടങ്ങിയ മലയാള ചിത്രങ്ങളിലും കമലഹാസൻ്റെ ‘മഹാരസൻ’ പോലുള്ള തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.

1998ൽ എഞ്ചിനീയറായ ആദർശ് കൗശലിനെ വിവാഹം കഴിച്ചെങ്കിലും 2000ങ്ങൾക്ക് ശേഷവും ഭാനുപ്രിയ സിനിമയിൽ തുടർന്നു. മലയാളത്തിൽ ‘മഞ്ഞുപോലൊരു പെൺകുട്ടി’, തമിഴിൽ ‘നൈന’, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

2005ൽ ഭാനുപ്രിയയും ഭർത്താവും വേർപിരിഞ്ഞു. 2018ൽ ആദർശ് ഹൃദയാഘാതം മൂലം മരിച്ചു. ഈ കാലഘട്ടമാണ് ഭാനുപ്രിയയുടെ ജീവിതത്തിൽ ഒരു നിർഭാഗ്യകരമായ അധ്യായത്തിന് തുടക്കമിട്ടത്. അതിനുശേഷം അവർ ഓർമ്മക്കുറവുമായി മല്ലിട്ടുതുടങ്ങി, ഇത് അവരുടെ ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചു. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ച് സിനിമയിൽ ശ്രദ്ധ നേടിയ ഭാനുപ്രിയയ്ക്ക് തൻ്റെ ഇഷ്ട്ടപ്പെട്ട നൃത്തത്തോടുള്ള താൽപര്യം പോലും നഷ്ടപ്പെടുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

‘എനിക്ക് ഓർമ്മക്കുറവ് ഉണ്ടാവാറുണ്ട്. ഞാൻ പഠിച്ച കാര്യങ്ങളും മറന്നുപോകുന്നു. എനിക്ക് ഇപ്പോൾ നൃത്തത്തിൽ താൽപര്യമില്ല. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല’, രണ്ട് വർഷം മുമ്പ് ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2022 ൽ പുറത്തിറങ്ങിയ ‘സില നേരങ്ങളിൽ സില മനിതർഗൾ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സ്വന്തം സംഭാഷണങ്ങൾ പോലും മറന്നുപോവുന്ന അവസ്ഥയുണ്ടായിരുന്നു. ശിവകാർത്തികേയൻ്റെ ‘അയലാൻ’ (2024) എന്ന ചിത്രത്തിലാണ് ഭാനുപ്രിയ അവസാനമായി അഭിനയിച്ചത്.

Content Summary: Actress Bhanupriya, who has starred opposite Mammootty, Mohanlal and Kamal Haasan, is suffering from memory loss

Leave a Reply

Your email address will not be published. Required fields are marked *

×