ലോകമെമ്പാടുമുള്ള ജല സ്ത്രോതസുകളിൽ പ്രവചനാതീതമായ അസന്തുലിതാവസ്ഥ അനുഭവപ്പെടുന്നതായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെറ്റോറോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പുറത്തുവിട്ട റിപ്പോർട്ട്. കഴിഞ്ഞ വർഷം ലോകത്തിലെ നദീതടങ്ങളിൽ മൂന്നിൽ രണ്ടിലും സാധാരണ നിലയ്ക്ക് വിപരീതമായി വരൾച്ച നേരിടുകയോ അത്യധികം മഴ ലഭിക്കുകയോ ചെയ്തതായാണ് റിപ്പോർട്ടിൽ പറയുന്നത്. തുടർച്ചയായി ആറാം വർഷവും ഹൈഡ്രോളജിക്കൽ സൈക്കിളിൽ അസന്തുലിതാവസ്ഥ രേഖപ്പെടുത്തി.
വേഗതയേറിയ ജലചക്രമാണ് ഇതിൻ്റെ പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആഗോള താപനില ഉയർന്നതുകൊണ്ട് ജലചക്രം കൂടുതൽ വേഗത്തിലായി. ഉയർന്ന താപനില കാരണം ചില പ്രദേശങ്ങളിൽ വരൾച്ച കൂടുകയും, സമുദ്രങ്ങളിൽ നിന്നുള്ള ബാഷ്പീകരണം വർദ്ധിച്ച് മറ്റ് പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുകയും ചെയ്തു.
ആഗോളതലത്തിൽ ജലചക്രം വേഗത്തിൽ മാറുകയാണ്. കഴിഞ്ഞ വർഷം ഭൂമിയിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷമായിരുന്നു. തുടർന്ന് ഗ്രീൻഹൗസ് വാതകങ്ങൾ കൂടുകയും ലോകത്തിന്റെ പല സമുദ്രങ്ങളും ചരിത്രത്തിലേറ്റവും വലിയ ചൂട് രേഖപ്പെടുത്തുകയും ചെയ്തതായി ഡബ്ല്യുഎംഒ യിലെ ഹൈഡ്രോളജി, ജലം, ക്രയോസ്ഫിയർ വിഭാഗം ഡയറക്ടർ സ്റ്റീഫൻ ഉഹ്ലെൻബ്രൂക്ക് പറഞ്ഞു.
എവിടെയൊക്കെയാണ് പ്രവചനങ്ങൾക്ക് അതീതമായി കനത്ത വരൾച്ചയും മഴയുമുണ്ടായത്?
തെക്കേ അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും കടുത്ത വരൾച്ച അനുഭവപ്പെട്ടു. അതേസമയം, കിഴക്കൻ ആഫ്രിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും യൂറോപ്പിലും സാധാരണയിലും കൂടുതൽ മഴ ലഭിച്ചു.
ആഫ്രിക്കയിൽ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം 2,500 പേർ മരിക്കുകയും 40 ലക്ഷം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. ഏഷ്യയിലും പസഫിക്കിലും റെക്കോർഡ് മഴയും ചുഴലിക്കാറ്റുകളും കാരണം 1,000ത്തിലധികം പേർ മരിച്ചു. യൂറോപ്പിൽ 2013ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്.
തുടർച്ചയായ മൂന്നാം വർഷവും എല്ലാ ഹിമാനി പ്രദേശങ്ങളിലും മഞ്ഞുരുകൽ കാരണം വലിയ നഷ്ടമുണ്ടായി. ഏകദേശം 450 ജിഗാടൺ മഞ്ഞാണ് നഷ്ടപ്പെട്ടത്. ഈ മഞ്ഞുരുകൽ കാരണം ആഗോള സമുദ്രനിരപ്പ് 1.2 മില്ലിമീറ്റർ ഉയർന്നു. ഭൂഗർഭജലത്തിന്റെ കുറവ്: ഭൂഗർഭജലത്തെക്കുറിച്ച് വിവരങ്ങൾ നൽകിയ രാജ്യങ്ങളിൽ 38 ശതമാനം കിണറുകളിൽ മാത്രമാണ് സാധാരണ നിലയിലുള്ള ജലനിരപ്പ് രേഖപ്പെടുത്തിയത്.
നിലവിൽ 360 കോടി ആളുകൾക്ക് വർഷത്തിൽ ഒരു മാസമെങ്കിലും ജലലഭ്യതയ്ക്ക് ബുദ്ധിമുട്ടുണ്ടെന്നും ഈ എണ്ണം 25 വർഷത്തിനുള്ളിൽ 500 കോടിയായി ഉയരുമെന്നും ഐക്യരാഷ്ട്രസഭയുടെ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ജലലഭ്യതയിലെ വ്യതിയാനങ്ങൾ രൂക്ഷമായതിനാൽ കൂടുതൽ വിവരശേഖരണവും ഡാറ്റ പങ്കുവെക്കലും അത്യാവശ്യമാണെന്ന് ഡബ്ല്യുഎംഒ ചൂണ്ടിക്കാട്ടി.
Content Summary: Unpredictable floods and droughts: UN report shows Earth’s water cycle is out of sync
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.