June 25, 2026 |
Share on

‘അധോലോകങ്ങളെ കുറിച്ച് ഇപ്പോഴെനിക്ക് കൂടുതലറിയാം’; മോഹന്‍ലാല്‍- അജയ് ദേവ്ഗണ്‍ സിനിമ റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ച് രാം ഗോപാല്‍ വര്‍മ

പത്രവാർത്തകളിലെ തലക്കെട്ടുകൾ എടുത്ത് അതിനെ സിനിമയാക്കുന്നത് പോലെയായിരുന്നു ‘കമ്പനി’

ഇന്ത്യൻ സിനിമാലോകത്ത് നിരവധി സംവിധായകർ വിവിധ ഭാഷകളിൽ ഗ്യാങ്സ്റ്റർ സിനിമകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഈ ജേണറിൽ രാം ഗോപാൽ വർമ്മയെപ്പോലെ കൈയ്യൊപ്പ് പതിപ്പിച്ച മറ്റൊരാൾ ഉണ്ടോ എന്നത് സംശയമാണ്. മറ്റ് സംവിധായകരെ പോലും സ്വാധീനിച്ച ചിത്രങ്ങളായിരുന്നു രാം ഗോപാൽ വർമ്മയുടേത്. 1989 ൽ പുറത്തിറങ്ങിയ, നാഗാർജുന നായകനായ ‘ശിവ’ എന്ന തന്റെ ആദ്യ ചിത്രത്തിൽ തുടങ്ങി ‘അന്തം’, ‘സത്യ’, ‘കമ്പനി’, ‘രക്ത ചരിത്ര’ തുടങ്ങിയ സിനിമകളിലൂടെ ആർ.ജി.വി ഗ്യാങ്സ്റ്റർ ജേണറിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

തൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി നിരൂപകർ അഭിപ്രായപ്പെട്ട ‘കമ്പനി’ എന്ന ചിത്രത്തെക്കുറിച്ച് വിചിത്രമായൊരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് ആർ.ജി.വി. അടുത്തിടെ ‘കമ്പനി’ വീണ്ടും കണ്ടപ്പോൾ അത് തനിക്ക് ഇഷ്ടമായില്ലെന്നും തൻ്റെ സിനിമകളിൽ ഒന്ന് റീമേക്ക് ചെയ്യാൻ അവസരം ലഭിച്ചാൽ കമ്പനിയാകും ചെയ്യുമെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.

സ്ക്രീനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ.ജി.വി ഇക്കാര്യം വ്യക്തമാക്കുന്നത്. അന്ന് കമ്പനി പോലൊരു സിനിമ ചെയ്യുന്ന സമയത്ത് അധോലോകത്തെക്കുറിച്ചുള്ള എൻ്റെ അറിവ് വളരെ പരിമിതമായിരുന്നു. എന്നാൽ ഇന്ന് എനിക്കതിനെക്കുറിച്ച് കൂടുതലറിയാം. പത്രവാർത്തകളിലെ തലക്കെട്ടുകൾ എടുത്ത് അതിനെ സിനിമയാക്കുന്നത് പോലെയായിരുന്നു കമ്പനി എന്ന സിനിമ. ഇന്ന് എനിക്കുള്ള അറിവിൻ്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ പുറംപാളിയിൽ മാത്രം സ്പർശിച്ചു പോയതുപോലെയാണ് തോന്നുന്നത്. ഇന്നാണ് ഞാൻ ആ സിനിമ എടുക്കുന്നതെങ്കിൽ കുറച്ച് കൂടി ആഴത്തിൽ സിനിമയെ നോക്കിക്കാണാൻ ഞാൻ ശ്രമിക്കും, രാം ഗോപാൽ വർമ്മ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

‘സത്യ’ പുറത്തിറങ്ങി 25 വർഷത്തിന് ശേഷം അത് വീണ്ടും കണ്ടപ്പോഴാണ് തന്റെ പഴയ ചില ചിത്രങ്ങളെ വീണ്ടും കാണാനുള്ള ശീലം തുടങ്ങിയതെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു. ‘ശിവ’ സിനിമ കണ്ടപ്പോൾ അത് തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും ‘സർക്കാർ’ കണ്ടപ്പോൾ ശരാശരിക്കപ്പുറം പോകാൻ കഴിഞ്ഞില്ലെന്നും ‘സർക്കാർ’ എങ്ങനെ ആകണമായിരുന്നുവെന്ന് തനിക്ക് ഇപ്പോഴാണ് മനസിലായതെന്നും
ആർ.ജി.വി കൂട്ടിച്ചേർത്തു.

മോഹൻലാൽ, അജയ് ദേവ്ഗൺ, വിവേക് ഒബ്‌റോയി, മനീഷ കൊയ്‌രാള എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു കമ്പനി. അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിൻ്റെയും അദ്ദേഹത്തിൻ്റെ ‘ഡി-കമ്പനി’യെയും പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരുന്നത്.

Content Summary: Ram Gopal Varma wants to remake Mohanlal-Ajay Devgn film Company

Leave a Reply

Your email address will not be published. Required fields are marked *

×