June 26, 2026 |
Share on

‘വയലാര്‍ ഇന്നുണ്ടെങ്കില്‍ അദ്ദേഹം തൊഴില്‍രഹിതന്‍ ആയേനെ’

പ്രതിഭാശാലികളായ എഴുത്തുകാരെ ഇന്ന് മലയാള സിനിമയ്ക്ക് ആവശ്യമില്ലാത്ത അവസ്ഥയാണ്

മലയാള സിനിമാ ഗാനരചനയില്‍ കവിതയുടെ സൗന്ദര്യവും ഭാഷയുടെ ശുദ്ധിയും ഒരേപോലെ സമന്വയിപ്പിച്ച പ്രതിഭയാണ് കെ. ജയകുമാര്‍. വയലാര്‍ രാമവര്‍മ്മയ്ക്ക് ശേഷമുള്ള മലയാള ഗാനശാഖയിലെ പരിവര്‍ത്തനങ്ങളെയും, ചലച്ചിത്ര വേദികളില്‍ കവിത നേരിടുന്ന വെല്ലുവിളികളെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഐ.എ.എസ്. ഉദ്യോഗസ്ഥനായി ഔദ്യോഗിക രംഗത്ത് സേവനമനുഷ്ഠിക്കുമ്പോഴും, സാഹിത്യത്തിലും സിനിമയിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വാണിജ്യതാല്‍പ്പര്യങ്ങളും ഇന്നത്തെ ഗാനരചനയെ എങ്ങനെ ബാധിക്കുന്നുവെന്നും, ഭാഷയുടെ ആത്മാവ് നഷ്ടപ്പെടുന്ന പുതിയകാലത്തെ പ്രതിസന്ധികളെക്കുറിച്ചും കെ. ജയകുമാര്‍ ‘അഴിമുഖത്തോട്’ സംസാരിക്കുന്നു.

പാട്ടെഴുത്തും ഐ.എ.എസ്. ജീവിതവും?

എന്റെ സര്‍ഗാത്മക ജീവിതത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമായിരുന്നു ഗാനരചന എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് അതിന് പ്രാധാന്യം ഇല്ലായെന്നല്ല. എന്റെ ക്രിയേറ്റീവ് എനര്‍ജി ഞാന്‍ ഗാനരചനയ്ക്ക് മാത്രമല്ല ഉപയോഗപ്പെടുത്തിയത്. ഐ.എ.എസ്. ഉദ്യോഗം എന്നത് എന്റെ ഉപജീവന മാര്‍ഗം മാത്രമായിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്നതുകൊണ്ട് ജീവിതം മുഴുവന്‍ വിരസനായി ജീവിക്കാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. ഈ രണ്ട് മേഖലയെയും സമാന്തരമായി കൊണ്ടുപോകാന്‍ എനിക്ക് സാധിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. എത്ര തിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും എനിക്ക് അതിന് സാധിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം.

എങ്കിലും സിനിമയില്‍ എനിക്ക് വേണ്ടത്ര വ്യാപരിക്കാന്‍ സമയം കിട്ടിയിരുന്നില്ല. ഗാനരചനയില്‍ വ്യക്തിപരമായ ഇന്‍വോള്‍വ്‌മെന്റ് വേണം. ഉദ്യോഗത്തില്‍ ഇരിക്കുമ്പോള്‍ എന്റെ പ്രയോരിറ്റി ഗാനരചന ആയിരുന്നില്ല. അതുകൊണ്ട് എനിക്ക് അത് പലപ്പോഴും പറ്റിയിരുന്നില്ല. അതിനാല്‍ തന്നെ ഞാന്‍ ഗാനരചന നിര്‍വഹിച്ച സിനിമകളുടെ എണ്ണം കുറവാണ്. 125 പടങ്ങളിലാണ് ഞാന്‍ ഇതുവരെ പാട്ടുകള്‍ എഴുതിയത്. അതില്‍ പലതും പ്രശസ്തമായി. അത് ഒരു ഭാഗ്യമായി കാണുന്നു. പ്രശസ്തമാകാതെ പോയ പാട്ടുകളും ഉണ്ട്. പക്ഷേ അതില്‍ വിഷമമില്ല, കാരണം ഞാന്‍ നല്ല ഒരു ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുകയായിരുന്നു.

വയലാറിന്റെ വഴിയേ!

1975 ഒക്ടോബര്‍ 27ന് തിരുവനന്തപുരം ടൗണ്‍ ഹാളില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കിടത്തിയപ്പോള്‍, തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെയുള്ള ആ വിലാപയാത്ര അന്ന് കേരളം കണ്ട സമാനതകളില്ലാത്ത ഒന്നായിരുന്നു. പ്രിയകവിയെ അവസാനനോക്ക് കാണാന്‍ പതിനായിരങ്ങള്‍ ഒഴുകിവന്ന ആ ദൃശ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.

അദ്ദേഹം ഒരു രാഷ്ട്രീയ നേതാവോ മന്ത്രിയോ ആയിരുന്നില്ല. എങ്കിലും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ഒരു മഹാവിജയിയായിട്ടാണ് അദ്ദേഹം മടങ്ങിയത്. ”ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി” എന്ന ചോദ്യവും ബാക്കിവച്ച്, ഒരു ഗന്ധര്‍വനെപ്പോലെ അദ്ദേഹം ഈ ഭൂമിയില്‍ നിന്ന് മറഞ്ഞു.

ഒരു കവിക്ക് മനുഷ്യ മനസ്സുകളെ ഇത്രമേല്‍ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍, എന്നെങ്കിലും ഒരു ഗാനരചയിതാവാകുമെന്ന് അന്ന് ഇരുപത്തിമൂന്നാം വയസ്സില്‍ ഞാന്‍ ഉറപ്പിച്ചു. പിന്നീട് ഐ.എ.എസ് കിട്ടി ഉദ്യോഗസ്ഥനായപ്പോഴും ആ മോഹം ഞാന്‍ ഉപേക്ഷിച്ചില്ല. ഒടുവില്‍ 1985-86 കാലഘട്ടത്തില്‍ ആ ആഗ്രഹം പൂവണിഞ്ഞു.

കോഴിക്കോട് വെച്ച് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘ഒഴിവുകാലം’ എന്ന സിനിമ തുടങ്ങുന്ന സമയത്ത്, പി.വി. ഗംഗാധരനോട് എനിക്ക് പാട്ടെഴുതണമെന്ന് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സിനിമ ഒരു വാണിജ്യ മേഖലയായതിനാല്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്. അങ്ങനെ മദ്രാസിലെ സ്റ്റുഡിയോയില്‍ വെച്ച് ‘സായന്തനം നിഴല്‍ വീശിയില്ല’, ‘ചൂളം കുത്തും കാറ്റേ’ എന്നീ പാട്ടുകള്‍ പിറന്നു. പിന്നീട് ‘കുടജാദ്രിയില്‍’ എന്ന പാട്ട് ഏറെ പ്രശസ്തമായി. തുടര്‍ന്ന് ഒരുപാട് പാട്ടുകള്‍ എഴുതി. ചിലത് വേണ്ടെന്ന് വെച്ചു. ഇപ്പോഴും എഴുതുന്നുണ്ടെങ്കിലും അവയൊന്നും പഴയതുപോലെ ശ്രദ്ധിക്കപ്പെടുന്നില്ല. അത് എന്റെ പോരായ്മയല്ല, മറിച്ച് ഇന്നത്തെ പാട്ടുകളുടെ അന്തരീക്ഷം പാടെ മാറിയതുകൊണ്ടാണ്.

എന്തുകൊണ്ട് വയലാര്‍?

എന്തുകൊണ്ടാണ് വയലാര്‍ സമാനതകളില്ലാത്ത ഗാനരചയിതാവാകുന്നത്? പി. ഭാസ്‌കരനെയും ഒ.എന്‍.വിയെയും പോലുള്ള പ്രഗത്ഭരായ പ്രതിഭകള്‍ മലയാളത്തിലുണ്ടെങ്കിലും വയലാര്‍ മറ്റൊരു തലത്തിലാണ് നില്‍ക്കുന്നത്. പരിണതപ്രജ്ഞനായ ഒരു കവിയായി അറിയപ്പെട്ട ശേഷമാണ് അദ്ദേഹം ഗാനരചനയില്‍ ചുവടുറപ്പിച്ചത് എന്നതാണ് ഇതിന് കാരണം. 1961-ല്‍ പുറത്തിറങ്ങിയ ‘ഭാര്യ’ എന്ന സിനിമയ്ക്ക് ശേഷമുള്ള കാലഘട്ടത്തെ വയലാറിന്റെ ഗാനരചനയിലെ വസന്തകാലമായി കണക്കാക്കാം. 1961 മുതല്‍ 1975 വരെയുള്ള ആ 14 വര്‍ഷങ്ങള്‍ എന്റെ അച്ഛന്റെ ജീവിതത്തിലെയും സുവര്‍ണ്ണകാലമായിരുന്നു. ആ സമയത്താണ് അച്ഛന് വയലാറുമായി അടുത്ത സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ, അച്ഛന്റെ ഉറ്റ സുഹൃത്ത് എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യം അറിഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ പുസ്തകങ്ങളും കവിതകളും വായിച്ചു. ‘കാട്ടുതുളസി’ എന്ന ചിത്രത്തിലെ ‘ഗംഗയാറൊഴുകുന്ന നാട്ടില്‍’ എന്ന ഗാനം ശ്രദ്ധയോടെ കേട്ടപ്പോഴാണ് ചലച്ചിത്രഗാനങ്ങളുടെ രസതന്ത്രം എന്താണെന്ന് ഞാന്‍ മനസ്സിലാക്കിയത്.

അദ്ദേഹത്തിന്റെ പദസമ്പത്ത്, ഭാവനകള്‍, കാവ്യഭംഗി, ആശയങ്ങളുടെ ഗാംഭീര്യം എന്നിവയൊന്നും മറ്റൊരു ഗാനരചയിതാവിനും അവകാശപ്പെടാനില്ലാത്തതാണ്. നമ്മുടെ പുരാണങ്ങളെയും കാളിദാസ കൃതികളെയും ആട്ടക്കഥകളെയും ഇത്രയേറെ സ്വാംശീകരിച്ച മറ്റൊരു കവിയില്ല. ഉദാഹരണത്തിന്, ‘ശകുന്തള’ എന്ന സിനിമയിലെ ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മവരും’ എന്ന വരികള്‍ നോക്കുക. കാളിദാസ കല്‍പ്പനകളെ കോര്‍ത്തിണക്കി ആ മുഴുവന്‍ കഥയെയും വെറും മൂന്ന് മിനിറ്റുള്ള ഒരു പാട്ടിലേക്ക് ആവാഹിക്കാന്‍ വയലാറിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല.

ഗാനരചയിതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍

ഗാനരചയിതാക്കളെ ഇന്ന് സിനിമയ്ക്ക് ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വൈകാതെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാട്ടുകള്‍ എഴുതി നല്‍കുന്ന കാലം വരും. ട്യൂണിന് അനുസരിച്ച് വാക്കുകള്‍ ഒപ്പിച്ചു നല്‍കാന്‍ സംഗീത സംവിധായകര്‍ക്ക് ഒരുപക്ഷേ അതാകും കൂടുതല്‍ എളുപ്പം. ഇന്നത്തെ സിനിമകള്‍ക്ക് സാഹിത്യത്തിന്റെ പിന്‍ബലം ആവശ്യമില്ലാത്ത അവസ്ഥയാണ്. വയലാര്‍ രാമവര്‍മ്മ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തൊഴില്‍രഹിതനാകുമായിരുന്നു; കാരണം അദ്ദേഹത്തിന്റെ വരികളുടെ അര്‍ത്ഥവും ഗരിമയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സിനിമകള്‍ ഇന്ന് വിരളമാണ്.

ഒരിക്കല്‍ ഒരു സിനിമയ്ക്ക് വേണ്ടി ഞാന്‍ ഒരു പ്രേമഗാനം എഴുതുകയുണ്ടായി. എന്നാല്‍ നായകന്‍ ചന്തയില്‍ ജോലി ചെയ്യുന്ന ആളാണെന്നും അതുകൊണ്ട് വരികള്‍ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ പദങ്ങള്‍ കുറച്ചുകൂടി ലളിതമാക്കി. എന്നിട്ടും തൃപ്തിയാകാതെ വീണ്ടും ലളിതമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ‘ഇനി ചന്തയില്‍ ജോലി ചെയ്യുന്ന ആരെക്കൊണ്ടെങ്കിലും എഴുതിച്ചോളൂ, ഇതില്‍ കൂടുതല്‍ ലളിതമാക്കാന്‍ എനിക്ക് കഴിയില്ല’ എന്ന് പറഞ്ഞ് എനിക്ക് മാറേണ്ടി വന്നു.

ഇന്ന് ആര്‍ക്കും സാഹിത്യം വേണ്ട. അതുകൊണ്ട് തന്നെ ഭാവിയില്‍ എഐ പാട്ടുകള്‍ എഴുതിക്കോളും. അതിന് സര്‍ഗ്ഗാത്മകതയുടെ ആവശ്യമില്ലല്ലോ, പലയിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ജനറേറ്റ് ചെയ്യുകയല്ലേ അത് ചെയ്യുന്നത്? ചുരുക്കത്തില്‍, പ്രതിഭാശാലികളായ എഴുത്തുകാരെ ഇന്ന് മലയാള സിനിമയ്ക്ക് ആവശ്യമില്ലാത്ത അവസ്ഥയാണ്. ഒരുപക്ഷേ ഈ സാഹചര്യം എന്നെങ്കിലും മാറിവന്നേക്കാം.

ഇന്ന് പാടാന്‍ നല്ല പാട്ടുകള്‍ ഇല്ല

ഇന്ന് മലയാള സിനിമയില്‍ ഹൃദയത്തില്‍ തൊടുന്ന നല്ല പാട്ടുകള്‍ ഇല്ലാതായിരിക്കുന്നു. ഒരു സിനിമ ഇറങ്ങുമ്പോള്‍ വലിയ രീതിയിലുള്ള ഹൈപ്പ് ഉണ്ടാകുന്നു, എന്നാല്‍ ഒരാഴ്ച കഴിയുന്നതോടെ ആ പാട്ടുകള്‍ ജനങ്ങള്‍ പാടെ മറന്നുപോകുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിന് പണം നല്‍കി ഇതൊരു ഹിറ്റ് പാട്ടാണെന്ന് പ്രചരിപ്പിക്കുന്ന രീതിയാണ് ഇന്നുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു പാട്ട് നല്ലതാണോ എന്ന് തീരുമാനിക്കേണ്ടത് കാലമാണ്.

വയലാറിന്റെയും ഒ.എന്‍.വിയുടെയും വരികള്‍ ഇന്നും നമ്മള്‍ മൂളുന്നത് അവ കാലത്തെ അതിജീവിച്ചതുകൊണ്ടാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോ, വെറും കൂലി എഴുത്തുകാര്‍ക്കോ ഇത്തരത്തില്‍ കാലത്തെ വെല്ലുന്ന സൃഷ്ടികള്‍ നടത്താന്‍ കഴിയില്ല. അത് യഥാര്‍ത്ഥ പ്രതിഭാശാലികള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. യന്ത്രസഹായത്തോടെ നിര്‍മ്മിക്കപ്പെടുന്ന പാട്ടുകള്‍ക്ക് ‘ഹൈപ്പ്’ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാം, പക്ഷേ അവയില്‍ സര്‍ഗ്ഗാത്മകതയുടെ ആത്മാവുണ്ടാകില്ല.

കാലം മാറുമെന്നും നല്ല പാട്ടുകള്‍ ഇനിയും വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇന്നും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അധികവും പാടുന്നത് പഴയ പാട്ടുകളാണ് എന്നത് ഇതിന് വലിയൊരു ഉദാഹരണമാണ്. 2010-ന് ശേഷം ഇറങ്ങിയ പാട്ടുകള്‍ അവര്‍ അധികം തിരഞ്ഞെടുക്കാറില്ല; കാരണം അവയില്‍ മനോഹരമായ ആശയങ്ങളോ കാവ്യാഭംഗിയോ ഇല്ല. വരികളില്‍ ജീവനില്ലെങ്കില്‍ പിന്നെങ്ങനെയാണ് അവ ഓര്‍മ്മയില്‍ നില്‍ക്കുക?

ഒരു സന്ദര്‍ഭത്തിന്റെ സത്ത ആവാഹിച്ച് പാട്ടെഴുതാന്‍ ഇന്ന് സിനിമകള്‍ ഗാനരചയിതാക്കളെ അനുവദിക്കുന്നില്ല. അവര്‍ക്ക് സാഹിത്യത്തേക്കാള്‍ താല്പര്യം യന്ത്രങ്ങള്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങളോടാണ്. മെഷീനുകള്‍ പാട്ടുകള്‍ എഴുതട്ടെ, ജനങ്ങള്‍ക്കത് മടുക്കുന്ന ഒരു കാലം വരും. അന്നവര്‍ വീണ്ടും പറയും’നമുക്ക് നല്ല കവികളെ വേണം, അവര്‍ എഴുതട്ടെ’ എന്ന്.

പാട്ടില്‍ ഭാഷയുടെ പ്രാധാന്യം

നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം പാട്ടുകള്‍ക്ക് വേണ്ടി മുടക്കുന്ന പണം തിരികെ ലഭിക്കില്ലെന്ന ധാരണയാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ നല്ല പാട്ടുകള്‍ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. പണ്ട് സിഡികള്‍ വിറ്റഴിക്കുന്നതിലൂടെ വരുമാനം ലഭിക്കുമായിരുന്നു. ഇന്ന് പാട്ടുകള്‍ നേരിട്ട് യൂട്യൂബില്‍ എത്തുന്നതിനാല്‍ തങ്ങള്‍ക്ക് സാമ്പത്തിക ഗുണമില്ലെന്നാണ് പല നിര്‍മ്മാതാക്കളും കരുതുന്നത്. ഭാഷ ലളിതമാകുന്നത് ഒരിക്കലും ആസ്വാദനത്തെ ബാധിക്കില്ല.

‘എല്ലാരും ചൊല്ല്ണ്, എല്ലാരും ചൊല്ല്ണ്,
കല്ലാണീ നെഞ്ചിലെന്ന്.
ഞാനൊന്ന് തൊട്ടപ്പോള്‍
നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ…’

ഈ വരികള്‍ മനസ്സിലാക്കാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ? സങ്കീര്‍ണ്ണമായി എഴുതണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ല. ലാളിത്യം ഒരിക്കലും സര്‍ഗ്ഗാത്മകതയ്ക്ക് എതിരല്ല; എന്നാല്‍ അതില്‍ കാവ്യഭംഗിയും സന്ദര്‍ഭത്തിന് അനുയോജ്യമായ പദാവലിയും ഉണ്ടായിരിക്കണം. സന്ദര്‍ഭം ആവശ്യപ്പെടുന്ന പദങ്ങള്‍ ഉപയോഗിക്കാന്‍ ഒരു ഗാനരചയിതാവ് ബാധ്യസ്ഥനാണ്. പദസമ്പത്തിനെ തഴഞ്ഞ് ‘വായ്ത്താരികള്‍’ മാത്രം മതിയെന്ന് വാശിപിടിക്കുന്നത് തെറ്റാണ്.

ഭാഷയാണ് നമ്മുടെ ഉപകരണം, അതിനാല്‍ അതിന്റെ വിശുദ്ധി നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്. ഭാഷയില്‍ ഇതര ഭാഷാ പദങ്ങള്‍ കലരുന്നത് സ്വാഭാവികമാണ്; തമിഴില്‍ നിന്നും ഉറുദുവില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നും പല വാക്കും മലയാളത്തിലേക്ക് വന്നിട്ടുണ്ട്. എന്നാല്‍ ഏത് വാക്ക് ഉപയോഗിക്കണം, ഏത് ഒഴിവാക്കണം എന്ന വകതിരിവ് എഴുത്തുകാരന് ഉണ്ടായിരിക്കണം. ഭാഷ സ്വാഭാവികമായി കലരുന്നതും നാം മനഃപൂര്‍വ്വം കൂട്ടിക്കലര്‍ത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അനാവശ്യമായ കലര്‍പ്പുകള്‍ ഭാഷയുടെ ആത്മാവ് നഷ്ടപ്പെടുത്തും.

‘എഴുത്തുകാരെ വേണ്ട, എന്തെങ്കിലും എഴുതിത്തന്നാല്‍ മതി’ എന്ന് പറയുന്ന ഇടങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാകണം. കാരണം ഭാഷ വെറുമൊരു ഉപകരണമല്ല, അതിനൊരു ആത്മാവുണ്ട്. ആ ആത്മാവിന് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കരുത് എന്നതാണ് എന്റെ പക്ഷം.

Content Summary: Interview with Vayalar Ramavarma; how is AI affecting lyric writing

സോന സുഭാഷ്‌

സോന സുഭാഷ്‌

അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയ്‌നിയാണ് സോന സുഭാഷ്‌

More Posts

Leave a Reply

Your email address will not be published. Required fields are marked *

×