UPDATES

“വിവാഹം ദുഷിച്ച വ്യവസ്ഥിതിയാണെന്നും കുടുംബം മോശം സ്ഥലമാണെന്നും പറയുന്ന ജിയോ ബേബിയോട് യോജിക്കാന്‍ കഴിയില്ല”

‘സംവിധായകനെ കേള്‍ക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് യൂണിയനല്ല, കോളേജിലെ വിദ്യാര്‍ത്ഥികളാണ്’

                       

ഡിസംബര്‍ അഞ്ചിന് ഫാറൂഖ് കോളേജിലെ ഫിലിം ക്ലബ് സംവിധായകന്‍ ജിയോ ബേബിയെ പങ്കെടുപ്പിച്ച് നടത്താനിരുന്ന സിനിമ ചര്‍ച്ച അവസാന നിമിഷം റദ്ദാക്കിയത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവച്ചിരിക്കുന്നത്. പരിപാടിക്ക് ക്ഷണിക്കപ്പെട്ടതനുസരിച്ച് അവസാന നിമിഷം പരിപാടി റദ്ദാക്കിയത് തന്നെ അപമാനിക്കുന്നതാണെന്നായിരുന്നു സംവിധായകന്റെ പരാതി. കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ജിയോ ബേബിക്ക് നല്‍കിയ കത്തില്‍ പരാതിപ്പെട്ടിരുന്നത്, സംവിധായകന്റെ മുന്‍ പരാമര്‍ശങ്ങള്‍ കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണെന്നായിരുന്നു. ഇങ്ങനെയൊരു കാരണം, ഫാറൂഖ് കോളേജ് യൂണിയന്‍ നേതൃത്വം കൊടുക്കുന്ന എം എസ് എഫിനൈതിരേ വ്യാപക വിമര്‍ശനത്തിന് ഇടനല്‍കിയിട്ടുണ്ട്. ജിയോ ബേബി വിഷയത്തില്‍ കോളേജ് യൂണിയന്‍ എടുത്ത നിലപാട് ശരിയായതാണെന്നാണ് എംഎസ്എഫ് സംസഥാന പ്രസിഡന്റ് പി കെ നവാസ് അഴിമുഖത്തോട് പറഞ്ഞത്. അഭിപ്രായം പറയാനുള്ള അവകാശം ജിയോ ബേബി ഉപയോഗിക്കുന്നതുപോലെ, തങ്ങള്‍ക്ക് അനുചിതമായി തോന്നുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കാതിരിക്കാനുള്ള നിയമപരമായ അവകാശമാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചതെന്നാണ് നവാസ് പറഞ്ഞത്. വിവാഹം, കുടുംബം തുടങ്ങിയ ആശയങ്ങളോടുള്ള ജിയോ ബേബിയുടെ നിലപാടുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും നവാസ് വ്യക്തമാക്കി. പി കെ നവാസിന്റെ വാക്കുകള്‍;

‘അതിഥിയായി ഒരാളെ ക്ഷണിക്കുകയും പിന്നീട് അദ്ദേഹത്തെ വേണ്ടന്ന് തീരുമാനിക്കുകയും ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ആ വ്യക്തിയെ ക്ഷണിച്ചവര്‍ക്കാണ്. ഫാറൂഖിലെ യൂണിയനോ വിദ്യാര്‍ത്ഥികളോ ജിയോ ബേബിയെ ക്ഷണിച്ചിട്ടില്ല. ഫിലിം ക്ലബ്ബ് നിശ്ചയിച്ച പരിപാടിയില്‍ യൂണിയനും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ താല്പര്യമില്ല എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഫിലിം ക്ലബ്ബാണ് ജിയോ ബേബിയെ ക്ഷണിച്ചത്. പരിപാടിയില്‍ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പങ്കെടുക്കണം എന്നു നിര്‍ദേശം ലഭിച്ചപ്പോള്‍ ജിയോ ബേബി മുമ്പ് ഉന്നയിച്ചിട്ടുളള വാദഗതികളോട് വിയോജിപ്പുള്ളതുകൊണ്ട് പങ്കെടുക്കാന്‍ താല്പര്യമില്ല എന്നു മാത്രമാണ് യൂണിയന്‍ അറിയിച്ചിട്ടുള്ളത്.

ജിയോ ബേബിയുടെ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് ഈ സമൂഹത്തോട് സംവദിക്കാന്‍ ഈ രാജ്യത്തെ നിയമം അദ്ദേഹത്തെ അനുവദിക്കുന്നത് പോലെ, അദ്ദേഹം സംവദിക്കുന്ന വിഷയങ്ങള്‍ കേള്‍ക്കുന്നില്ല എന്നു തീരുമാനിക്കാനും അതേ നിയമം ഞങ്ങള്‍ക്കും അവകാശം നല്‍കുന്നുണ്ട്. ഫാറൂഖിലെ കുട്ടികളാണ്, തങ്ങള്‍ ജിയോ ബേബി പറയുന്നത് കേള്‍ക്കുന്നില്ലായെന്ന് തീരുമാനിച്ചത്.

സമൂഹത്തില്‍ വ്യത്യസ്ത ആശയങ്ങളുള്ള എല്ലാവരെയും നൂറു ശതമാനം അംഗീകരിക്കുന്ന നിലപാടാണ് എം എസ് എഫിന്റേത്. എന്നാല്‍ ജിയോ ബേബി ഉയര്‍ത്തുന്ന പല ആശയങ്ങളും എംഎസ്എഫിന് യോജിക്കാന്‍ കഴിയാത്തതാണ്. ജിയോ ബേബിയുടെ അഭിപ്രായപ്രകാരം ഒരു പുരുഷന് ഒരു സ്ത്രീ കൂടാതെ സമാന്തരമായി പല പങ്കാളികളുമുണ്ടാകാം, സ്വന്തം ഭാര്യയോട് വരെ സമാന്തരമായി മറ്റൊരു പങ്കാളിയെ കൂടെ ആയിക്കോളൂ എന്ന് പറയുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. അദ്ദേഹം പറയുന്നത്, വിവാഹം എന്നതൊരു ദുഷിച്ച വ്യവസ്ഥിതിയാണെന്നും, കുടുംബം ഒരു മോശം സ്ഥലമാണ് എന്നൊക്കെയാണ്. അത്തരത്തിലുള്ള പ്രസ്താവനകളോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കുന്നതല്ല.

പരസ്പര സമ്മതത്തോടു കൂടിയുളള വിവാഹ ജീവിതം ഒന്നിലധികം വ്യക്തികളുമായി കൊണ്ടുപോകുന്നതും, വിവാഹം എന്ന ബാധ്യത പോലുമില്ലാതെ പരസ്പര ഇഷ്ടടം എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നതും രണ്ടും രണ്ടാണ്. ഒരു വ്യവസ്ഥിതിക്കകത്ത് ഒരാള്‍ക്ക് ഒന്നിലധികം പങ്കാളികള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് നിലവിലുളള വിവാഹ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകളോ പുതിയൊരു തലമുറയെ സൃഷ്ട്ടിക്കാന്‍ കഴിയാതെ പോകുകയോ ചെയ്താല്‍ ആ വ്യക്തി മറ്റൊരു വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല. ഈ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കണം എന്നും പറയുന്നില്ല. ഇതെല്ലാം സ്വാഭാവികമായും നടക്കുന്ന കാര്യങ്ങളാണല്ലോ. ഇത് ഒരു പ്രത്യേക വിഭാഗമായി എല്ലാവരും കാണണം എന്നാണ് ഞാന്‍ പറയുന്നത്. അത് ഏതെങ്കിലും തരത്തില്‍ കയ്യടിക്കപ്പെടേണ്ടതാണ് എന്ന് വിശ്വസിക്കുന്നുമില്ല.

ഒരു വ്യക്തിക്ക് സ്വതന്ത്രമായി ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിക്കാം, നാളെ ആ ഇഷ്ടം കഴിയുമ്പോള്‍ ഉപേക്ഷിക്കാം എന്ന സങ്കല്പങ്ങളോട് ഒരിക്കലും യോജിക്കാന്‍ പറ്റാത്തതാണ്. ഈ സങ്കല്പം സമൂഹത്തില്‍ ആരാജകത്വം ഉണ്ടാക്കും എന്ന വാദമാണ് എം എസ് എഫിനുള്ളത്. ഈ പറഞ്ഞതെല്ലാം എല്ലാവരും ഉള്‍ക്കൊള്ളണം എന്ന നിര്‍ബന്ധമൊന്നുമില്ല. ജിയോ ബേബി ഉയര്‍ത്തുന്ന വാദങ്ങളില്‍ നിലനില്‍ക്കാന്‍ ജിയോ ബേബിക്ക് നിയമം നല്‍കുന്ന അതേ അവകാശം ഞങ്ങള്‍ അത് കേള്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്നു’.

അതെ സമയം ജിയോ ബേബിക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫാറൂഖില്‍ എസ് എഫ് ഐ രംഗത്ത് വന്നിട്ടുണ്ട്. വിളിച്ച് വരുത്തി അപമാനിക്കുന്ന രീതിയിലാണ് കോളേജ് അദ്ദേഹത്തോട് പെരുമാറിയതെന്നും എസ് എഫ് ഐ ഭാരവാഹികള്‍ അഴിമുഖത്തോടു പറഞ്ഞു. യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളാണ് ഫിലിം ക്ലബ്ബ് ഉള്‍പ്പടെ. ക്ലബിന്റെ ഭാഗമായി ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ യൂണിയനത് തീര്‍ച്ചയായും അറിയേണ്ടതാണ്. എന്ത് കൊണ്ടത് അറിഞ്ഞില്ല. കുട്ടികള്‍ക്ക് താല്പര്യമില്ല എന്നുണ്ടെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച് തീരുമാനിക്കേണ്ടതായിരുന്നു. അതൊന്നും ചെയ്യതെ അവസാന നിമിഷത്തിലുണ്ടായ മാറ്റം അപലപനീയമാണ്’. എസ് എഫ് ഐ നേതാക്കള്‍ പറയുന്നു.

തന്നെ ഒഴിവാക്കിയതിനു പിന്നില്‍ വിദ്യാര്‍ത്ഥികളാകില്ല, കോളേജ് മാനേജ്‌മെന്റിനെ നിയന്ത്രിക്കുന്ന ശക്തികളായിരിക്കുമെന്നാണ് അഴിമുഖത്തോട് പ്രതികരിച്ചപ്പോള്‍ ജിയോ ബേബി ആരോപിച്ചത്. ‘എനിക്കറിയാം. സ്റ്റുഡന്റ്സ് യൂണിയന്റെ പേരില്‍ പരിപാടി റദ്ദാക്കിയതായി കത്തയച്ചെന്നു മാത്രം. മാനേജ്മെന്റിന്റെ തീരുമാനത്തിന് പിന്നില്‍ അവരെ നിയന്ത്രിക്കുന്ന ഇടപെടലുകള്‍ നടന്നിരിക്കാം’- ഇതായിരുന്നു സംവിധായകന്റെ വാക്കുകള്‍. ഫാറൂഖ് കോളേജിനും വിദ്യാര്‍ത്ഥി യൂണിയനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ജിയോ ബേബി പറയുന്നുണ്ട്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍