UPDATES

ക്രിക്കറ്റ് ലോകകപ്പ് ആണ്, ഇന്ത്യയിലാണ് നടക്കുന്നത്; എവിടെ കാണികള്‍?

ഏറ്റവും മോശം സംഘാടനത്തിന്റെ പേരിലും ഈ ലോകകപ്പ് അറിയപ്പെടും

                       

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരം ആരംഭിച്ച് ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ഡാനിയേല്‍ വ്യാട്ട് ഒരു ട്വീറ്റ് ചെയ്തു; ‘എവിടെ ആള്‍ക്കൂട്ടം?

ആശ്ചര്യജനകമായ ആ ചോദ്യം/സംശയം ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് മത്സരം വീക്ഷിക്കാനിരുന്ന നിരവധി പേര്‍ക്കുമുണ്ടായിരുന്നു. ക്രിക്കറ്റ് ഒരു മതമായി കാണുന്ന രാജ്യമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യയില്‍, ലോകകപ്പ് മത്സരം കാണാന്‍ ആളില്ലേ?

ടെലിവിഷനില്‍ മത്സരം കാണാനിരുന്നവരുടെയെല്ലാം കണ്ണുകള്‍ നിരാശയോടെ, അല്ലെങ്കില്‍ അത്ഭുതത്തോടെ നോക്കിയത് സ്‌റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകളിലായിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം എന്ന ഖ്യാതിയുള്ള നരേന്ദ്ര മോദി സ്‌റ്റേഡയത്തിലെ ആ ‘ ശൂന്യത’ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി. 1,32,000 കാണികളെ ഉള്‍ക്കൊള്ളാവുന്നതാണ് മോദി സ്‌റ്റേഡിയം. വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ ഒരു ലക്ഷത്തിലേറെയും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

എത്രപേര്‍ സ്റ്റേഡിയത്തില്‍ വന്നു കളി കണ്ടുവെന്നതിന്റെ ഔദ്യോഗിക കണക്ക് സംഘാടകര്‍ പുറത്തു വിട്ടിട്ടില്ല. 45,000 ടിക്കറ്റുകള്‍ വിറ്റിട്ടുണ്ടെന്നു പറയുന്നു. ടിവിയില്‍ കളികണ്ടവരൊക്കെ ആ 45,000 കണക്കില്‍ അത്ര സംതൃപ്തരല്ല.

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകള്‍ കണ്ട് ലോകം മുഖം ചുളിച്ചതോടെ അഭിമാനം കാക്കാന്‍ സംഘാടകര്‍ അഹമ്മദാബാദിലുള്ള 30,000-40,000 വരെ സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ ഓഫര്‍ ചെയ്തു. ടിക്കറ്റ് മാത്രമല്ല, ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായകുടിയും സൗജന്യം! പക്ഷേ, ആ പദ്ധതിയും ഇംഗ്ലണ്ടിനെപ്പോലെ തന്നെ പരാജയപ്പെടുകയായിരുന്നു.

ഒക്ടോബര്‍ മാസത്തിലെ കനത്ത ചൂട് ആണ് ആളില്ലാതിരുന്നതിന് ഒരു കാരണമായി പറയുന്നത്. രണ്ടാമത്തെ കാരണം കളി നടന്ന ദിവസം പ്രവര്‍ത്തി ദിനം ആയിരുന്നുവെന്നതും. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകളുടെ മത്സരം ആയിരുന്നുവെന്നതിനാല്‍ തന്നെ ജോലി ഉപേക്ഷിച്ച്, പൊള്ളുന്ന ചൂടില്‍ സ്റ്റേഡിയത്തില്‍ വന്നിരുന്ന് കളി കാണാന്‍ ആളുകള്‍ താത്പര്യപ്പെട്ടില്ലെന്നും, ക്രിക്കറ്റിനോടുള്ള ആവേശം കുറഞ്ഞതല്ല കാരണമെന്നും വിശദീകരിക്കുന്നവരുമുണ്ട്. ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യമത്സരം, അന്ന് ഞായറാഴ്ച്ച കൂടിയാണ്. അന്നേ ദിവസം സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞ് കാണികള്‍ കാണുമെന്ന ആത്മവിശ്വാസവും വിശദീകരണങ്ങളിലുണ്ട്. കനത്ത ചൂടും, ആഴ്ച്ച മധ്യത്തിലെ മത്സരവും കാണികളുടെ കുറവിന് പ്രധാന കാരണം തന്നെയാണ്. പ്രവര്‍ത്തി ദിനങ്ങളില്‍ അഹമ്മദാബാദ് വരെ യാത്ര ചെയ്തു പോയി കളി കാണുക എന്നത് പ്രായോഗികമല്ല. ചൂട് 34-35 ഡിഗ്രി സെല്‍ഷ്യസ് ആണ്.

ഏകദിന മത്സരങ്ങള്‍ക്കായി സമയം ചെലവിടാന്‍ ആളുകള്‍ക്ക് താത്പര്യം കുറഞ്ഞതും ഒരു കാരണമാണ്. ഇന്ത്യ കളിക്കുന്ന അമ്പത് ഓവര്‍ മത്സരം പോലും ആളുകള്‍ മൂഴുവന്‍ സമയവും കാണാന്‍ ഇരിക്കുന്നില്ല. അത്തരമൊരു അവസ്ഥയില്‍ മറ്റ് ടീമുകളുടെ കളി കാണാന്‍ സമയം കളയുമെന്ന് കരുതേണ്ടതില്ല. ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയുടെ കളികള്‍ക്ക് മാത്രമായിരിക്കും ആളുണ്ടാവുക, അല്ലാത്ത മത്സരങ്ങള്‍ക്ക് ആളെ കൂട്ടാന്‍ സൗജന്യ ടിക്കറ്റുകള്‍ നല്‍കേണ്ടി വരും. ടിക്കറ്റ് വിലയും പ്രധാനമാണ്. 500 മുതല്‍ 25,000 വരെയാണ് ടിക്കറ്റ് നിരക്കുകള്‍. സ്റ്റേഡിയവും സ്റ്റാന്‍ഡുകളും വ്യത്യാസപ്പെടുന്നതിനനുസരിച്ച് നിരക്കിലും മാറ്റമുണ്ടാകും. ഏറ്റവും കുറഞ്ഞ നിരക്കിലെ ടിക്കറ്റുകളില്‍ ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ കളി കാണുന്നത് ആ ദിവസത്തിലെ ഏറ്റവും മോശമേറിയൊരു അനുഭവമായിരിക്കും.

ഇന്ത്യയുടെതല്ലാത്ത മത്സരങ്ങള്‍ക്ക് സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും സൗജന്യമായി ടിക്കറ്റ് നല്‍കണമെന്നാണ് മുന്‍ താരം വീരേന്ദര്‍ സെവാഗും ആവശ്യപ്പെടുന്നത്. യുവാക്കളില്‍ ലോകകപ്പ് ആവേശം ഉണ്ടാക്കാനും താരങ്ങള്‍ക്ക് നിറഞ്ഞ സ്റ്റേഡയത്തിനു മുന്നില്‍ അവരുടെ പ്രകടനം നടത്താനും ഇതുമൂലം കഴിയുമെന്നാണ് സെവാഗ് വിശ്വസിക്കുന്നത്. അദ്ദേഹം പറയുന്ന മറ്റൊരു കാര്യം, ഓഫീസ് സമയം കഴിഞ്ഞ് മത്സരങ്ങള്‍ക്ക് കൂടുതല്‍ ആളുകള്‍ കയറിയേക്കാമെന്നാണ്.

ഈയൊരു ചിന്തയില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഏകദേശം അറുപത് ലക്ഷമാണ് അഹമ്മദാബാദിലെ ജനസംഖ്യ. ഇതില്‍ ഒരു ശതമാനം പേര്‍ കളി കാണാന്‍ എത്തിയിരുന്നുവെങ്കില്‍ തന്നെ സ്റ്റേഡിയം പകുതി നിറയുമായിരുന്നുവെന്നാണ് എക്‌സില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ക്രിക്കറ്റിനോടുള്ള താത്പര്യം ആളുകളില്‍ കുറഞ്ഞതുമാകാം കാരണമെന്നാണ് ഇവര്‍ പറയുന്നത്. ട്വന്റി-20 കളികളോടാണ് ആളുകള്‍ക്ക് കൂടതലും താത്പര്യം. ഐപിഎല്‍ സ്റ്റേഡിയങ്ങളൊക്കെ എപ്പോഴും ആളു നിറഞ്ഞാണുണ്ടാവുക. ലൈവ് ബ്രോഡ്കാസ്റ്റിംഗ് ഉള്ളപ്പോള്‍ എന്തിന് സ്‌റ്റേഡിയത്തില്‍ പോയിരുന്ന് കളികാണണം എന്ന ചിന്തയമുണ്ട്. പണ്ടത്തെ പോലെ ടിവിക്കു മുന്നിലും ഇരിക്കേണ്ട. മൊബൈലില്‍ എവിടെയിരുന്നും കാണാം. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് കിട്ടുന്ന രാജ്യമാണ് ഇന്ത്യ.

ലോകകപ്പ് ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിക്കാന്‍ കാലതാമസം നേരിട്ടതില്‍ നേരത്തെ മുതല്‍ വിമര്‍ശനമുണ്ട്. മത്സരക്രമങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍-ഐസിസി-വരുത്തിയ താമസമാണ് ടിക്കറ്റ് വില്‍പ്പനയ്ക്കും കാലതാമസം ഉണ്ടാക്കിയത്.

ലോകത്തിലെ പ്രധാനപ്പെട്ടൊരു കായികമേളയുടെ മത്സരക്രമം നിശ്ചയിക്കുന്നത് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് രണ്ടു മാസം മുമ്പ് മാത്രമാണ്. ടിക്കറ്റ് വില്‍പ്പനയ്ക്ക് കിട്ടിയതാകട്ടെ വെറും ആറാഴ്ച്ചയും. 2019-ല്‍ ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിച്ചപ്പോള്‍ മത്സരക്രമങ്ങള്‍ 13 മാസങ്ങള്‍ക്കു മുമ്പേ നിശ്ചയിക്കപ്പെടുകയും ടിക്കറ്റ് വില്‍പ്പന ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് ആറ് മാസം മുമ്പേ തുടങ്ങുകയും ചെയ്തു.

ഉത്ഘാടന മത്സരം പ്രവര്‍ത്തി ദിനത്തില്‍ വയ്ക്കുക, അതും ആതിഥേയ രാജ്യമില്ലാത്ത മത്സരം; എന്തിനായിരുന്നു അങ്ങനെയൊരു തീരുമാനം എന്നതാണ് ക്രിക്കറ്റ് കൗണ്‍സിലിനെതിരേയുള്ള മറ്റൊരു ചോദ്യം. ബിസിസിഐയെയും ഐസിസിയെയും ഇത്തരം ഷെഡ്യൂള്‍ ക്രമീകരണത്തിലേക്ക് എത്തിച്ചത് ടെലിവിഷന്‍ സംപ്രേക്ഷണാവകാശം വാങ്ങിയവരുടെ സമ്മര്‍ദ്ദമാകാനാണ് സാധ്യത. ഇന്ത്യയുടെ മത്സരങ്ങള്‍ വാരാന്ത്യങ്ങളില്‍ വയ്ച്ചാലേ പരമാവധി പ്രേക്ഷകരെ കിട്ടൂ. ഇന്ത്യയുടെ ഒമ്പത് ഗ്രൂപ്പ് മത്സരങ്ങളില്‍ ആറും ശനിയോ ഞായറോ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച്ച(ഒക്ടോബര്‍ 8) ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായണ്. നവംബര്‍ 19 നാണ് ഫൈനല്‍. അതും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തന്നെയാണ്. ഉദ്ഘാടന മത്സരത്തില്‍ മോദി സ്‌റ്റേഡിയത്തിനുണ്ടായ നാണക്കേട് നിറഞ്ഞു കവിഞ്ഞ കാണികള്‍ക്കു മുന്നിലെ ത്രില്ലിംഗ് ഫൈനലോടെ മാറ്റാന്‍ കഴിയുമെന്നാണ് ഇന്ത്യയും ക്രിക്കറ്റ് ആരാധകരും വിശ്വസിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍