UPDATES

വിദേശം

രാജകുമാരി എവിടെ?

കാതറിനെ തിരക്കി സോഷ്യല്‍ മീഡിയ, വൈറലായി ഹാഷ് ടാഗുകള്‍

                       

ഏറെ നാളുകളായി ലോകം ആവർത്തിച്ച് ചോദിക്കുന്ന ചോദ്യമാണ് കാതറിൻ മിഡിൽടൺ എവിടെയാണെന്ന് . എന്നാൽ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് സന്തോഷവതിയായി വില്യം രാജകുമാരനോടൊപ്പം ഫാം ഷോപ്പിൽ നിന്ന് സാധനങ്ങളുമായി ഇറങ്ങി വരുന്ന വില്യമിനെയും കാതറിന്റെയും വീഡിയോ ദൃശ്യം ‘ ദി സൺ ‘ പുറത്ത് വിട്ടിരുന്നു.

എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യാപക ചർച്ചകൾ നടക്കുകയാണ്. ചർച്ചകളിൽ ഭൂരിഭാഗം പേരും വീഡിയോ ദൃശ്യങ്ങളിലുള്ളത് കാതറിൻ അല്ലെന്ന വിശ്വാസത്തിലാണ്. ഏറെ ഊർജ്ജസ്വലയായിരുന്ന കേറ്റ് മിഡിൽടൺ പെട്ടെന്ന് പൊതുവേദികളിൽ നിന്നും അപ്രത്യക്ഷമായത് ബ്രിട്ടനിലെ ജനങ്ങളെ മാത്രമല്ല, ആഗോള തലത്തിലുളള കേറ്റ് ആരാധകർക്കും അമ്പരപ്പായിരുന്നു. 42 കാരിയായ വെയ്ൽസ് രാജകുമാരി തന്റെ ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതെന്നു മാത്രമായിരുന്നു ആരാധകരുടെ ഏറെ നാളത്തെ അന്വേഷണത്തിന് ലഭിച്ച മറുപടി. എന്നാൽ രാജകുമാരിക്ക് എന്താണ് അസുഖമെന്ന കാര്യം കെന്നിംഗ്സ്റ്റൺ കൊട്ടരത്തിൽ നിന്നും ഉണ്ടായില്ല.

ഇതിനിടെയാണ് ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയ്ക്ക് രാജകുമാരിയുടെ ഏറ്റവും പുതിയൊരു ചിത്രം പുറത്തു വന്നത്. മക്കളായ 10 വയസുള്ള ജോർജ് രാജകുമാരനും എട്ടുവയസുകാരി ഷാർലറ്റ് രാജകുമാരിക്കും അഞ്ചു വയസുള്ള ലൂയിസ് രാജകുമാരനും ഒപ്പമുള്ള ഒരു കുടുംബ ചിത്രം. അമ്മയും മക്കളും നിറഞ്ഞ ചിരിയോടെയുള്ള ചിത്രം കെന്നിംഗ്സ്റ്റൺ പാലസിൽവച്ച് വെയ്ൽസ് രാജകുമാരനും കേറ്റിന്റെ ഭർത്താവുമായ വില്യം പകർത്തിയതായാണ് പറഞ്ഞിരുന്നത്. ചിത്രം വില്യമിന്റെയും കാതറിന്റെയും സോഷ്യൽ മീഡിയ അകൗണ്ടിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ലോകത്തിലെ പ്രധാനപ്പെട്ട ചില ഫോട്ടോ ഏജൻസികൾ ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു. മക്കളെ മടിയിലിരുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കാതറിന്റെ ഫോട്ടോ ഒറിജനൽ അല്ലെന്നും ഫോട്ടോഷോപ്പ് ആണെന്നുമാണ് അവർ ചൂണ്ടിക്കാണിച്ചത്. ഈ ചിത്രം പുറത്തുവിട്ടശേഷം അസോസിയേറ്റഡ് പ്രസ്, ഏജൻസി ഫ്രാൻസ്-പ്രസ്, റോയിട്ടേഴ്‌സ് തുടങ്ങിയ ഫോട്ടോ ഏജൻസികൾ ഈ ചിത്രത്തിന്റെ വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

മാറ്റം വരുത്തിയ ഫോട്ടോയും ഒപ്പം വീഡിയോയിലെ ആധികാരികതയെയും കൂട്ടി വായിച്ചുകൊണ്ട് കേറ്റിന്റെ തിരോധനത്തോട് അനുബന്ധിച്ച്  സാമൂഹ്യ മാധ്യമങ്ങളിൽ  പുതിയ ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും വ്യാപക ചർച്ചകൾക്കും കരണമാകുകയായിരുന്നു. നിലവിലെ സിദ്ധാന്തങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയത് വീഡിയോയിൽ കാണുന്നത് യാതാർത്ഥ കേറ്റ് മിഡിൽടൺ അല്ലെന്നും കേറ്റിന്റെ ബോഡിഡബ്ബിൾ (രൂപത്തിലും ശാരീരിക ഘടനയിലും ഒരു വ്യക്തിയുടെ രൂപ സാദൃശ്യമുള്ളയാൾ) ആണെന്ന തരത്തിലുള്ളതാണ്.

കൊട്ടാരത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം കൂടി ഉണ്ടായതയോടെ സാമൂഹ്യമാധ്യമങ്ങളിൽ കേറ്റ് എവിടെയെന്നുളള ഹാഷ് ടാഗോടെ ചർച്ചയായികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസമായി സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലും വെബ്‌ പേജുകളിലും #whereiskate #katebodydouble, #katemiddleton എന്നീ ഹാഷ്‌ടാഗുകൾ മാത്രം 400 ദശലക്ഷം ആളുകൾ ഉപയോഗിച്ചിട്ടുണ്ട്, എന്നാണ് ഹാഷ്‌ടാഗുകളുടെയും കീവേഡുകളുടെയും ഉപയോഗം നിരീക്ഷിക്കുന്ന കമ്പനിയായ ബ്രാൻഡ്‌മെൻഷൻസ് പറയുന്നത്. ഹാഷ്‌ടാഗുകളുള്ള പോസ്റ്റുകൾ 2.3 ദശലക്ഷം തവണ ഷെയർ ചെയ്യുകയും 2.2 ദശലക്ഷം തവണ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാൽ കാതറിൻ രാജകീയ ചുമതലകൾ പുനരാരംഭിക്കുമ്പോൾ നിലവിലെ ചർച്ചകളും അഭ്യൂഹങ്ങളും കെട്ടടങ്ങുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ജനുവരിയിലാണ് കാതറിൻ മിഡിൽടൺ ഉദരശസ്ത്രക്രിയയ്ക്ക് വിധേയാമാകുന്നത്. കാതറിന്റെ’ തിരോധാനം’ മുതൽ ഊഹാപോഹങ്ങളും സംശയങ്ങളും വലിയ തോതിൽ വർദ്ധിച്ചിരുന്നു. വരുന്ന ഈസ്റ്ററോടെ കാതറിൻ സുഖം പ്രാപിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമെന്ന വാർത്തകളും ഇതിനൊപ്പം വരുന്നുണ്ട്. എന്നാൽ, അവയ്ക്ക് സ്ഥിരീകരണങ്ങളൊന്നുമില്ല.

Share on

മറ്റുവാര്‍ത്തകള്‍