എഡ്ടെക് കമ്പനിയായ ബൈജൂസും മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണും സാമ്പത്തിക ദുരുപയോഗം, ഓഫ്ഷോര്‍ ഇടപാടുകള്‍, നിയമ തര്‍ക്കങ്ങള്‍ എന്നിവയുടെ സങ്കീര്‍ണ്ണമായ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. ബൈജൂസിന്റെ അനവധി സാമ്പത്തിക ക്രമക്കേടുകളില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നത് ഫ്‌ളോറിഡ ഹെഡ്ജ് ഫണ്ടിലേക്ക് നടത്തിയെന്നാരോപിക്കുന് 533 മില്യണ്‍ ഡോളറിന്റെ(44,16,21,41,400.00 കോടി) തിരിമറിയാണ്. 4416 കോടിക്കു മേല്‍ തുക മറച്ചുവെക്കാന്‍ തിങ്ക് ആന്‍ഡ് ലേണിനെ സഹായിച്ച കാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ട് എന്ന ഫ്‌ളോറിഡ ഹെഡ്ജ് ഫണ്ടില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. കാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ടിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന 533 മില്യണ്‍ ഡോളര്‍ ബൈജു രവീന്ദ്രന്റെ സഹോദരനായ റിജു രവീന്ദ്രന്‍ വെളിപ്പെടുത്താത്ത ഓഫ്ഷോര്‍ ട്രസ്റ്റിലേക്ക് മാറ്റി എന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.
തിങ്ക് ആന്‍ഡ് ലേണിനെ 533 മില്യണ്‍ ഡോളര്‍ മറച്ചുവെക്കാന്‍ സഹായിച്ചതായി ആരോപിക്കപ്പെടുന്ന ഫ്‌ളോറിഡ ഹെഡ്ജ് ഫണ്ടിന് പണം എവിടെയാണെന്ന് വെളിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാര്‍ച്ച് നാലിലെ (തിങ്കളാഴ്ച) കോടതി നടപടികള്‍ നേരിടേണ്ടതായി വരുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കാനുള്ള നിക്ഷേപ സ്ഥാപനമായ കാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ടിന്റെ ശ്രമം യുഎസ് ജഡ്ജി ജോണ്‍ ഡോര്‍സി മാര്‍ച്ച് ഒന്നിനു നടന്ന ഹിയറിംഗില്‍ തള്ളിക്കളഞ്ഞിരുന്നു. ജഡ്ജി കാംഷാഫ്റ്റിന്റെ വിമുഖതയെ വിമര്‍ശിക്കുകയും ചെയ്തു. നിക്ഷേപകരും ബൈജൂസും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ കേന്ദ്രമാണ് ഈ പണം. ബൈജൂസിന്റെ ആനുബന്ധ സ്ഥാപനമായ ആല്‍ഫയുടെ നിയന്ത്രണം 1.2 ബില്യണ്‍ ഡോളര്‍ കുടിശ്ശികയുള്ളതിനാല്‍ നിക്ഷേപകര്‍ കൈക്കലാക്കിയിരുന്നു. മറച്ച് വച്ചിരിക്കുന്ന 533 മില്യണ്‍ ഡോളര്‍ കണ്ടെത്തി തങ്ങളുടെ വായ്പ തിരിച്ചടക്കണമെന്നാണ് ഇവരുടെ ആവശ്യം.
തങ്ങളുടെ പണംതിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് നിക്ഷേപകര്‍ ബൈജൂസുമായി നിയമപോരാട്ടത്തിലാണ്. യുഎസ് സംസ്ഥാനമായ ഡെലാവെയറിലെ കോടതി വിധി പ്രകാരമാണ് ആല്‍ഫയുടെ നിയന്ത്രണം നിക്ഷേപകര്‍ക്ക് വിട്ട് നല്‍കിയത്. കോടതിയുടെ ഈ തീരുമാനത്തില്‍ റിജു രവീന്ദ്രന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. 533 മില്യണ്‍ ഡോളര്‍ പേരില്ലാത്ത ഓഫ്‌ഷോര്‍ ട്രസ്റ്റിലേക്ക് മാറ്റുന്നതിന് മുന്‍പായി കാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ടിലേക്ക് മാറ്റിയതായി ബൈജുവിന്റെ അഭിഭാഷകന്‍ ബെഞ്ചമിന്‍ ഫൈന്‍സ്റ്റോണ്‍ കോടതിയില്‍ വെളിപ്പെടുത്തി.
തങ്ങളുടെ ഇടപാടുകാരുടെ സ്വകാര്യതയെ മാനിക്കണം എന്ന വാദം ഉയര്‍ത്തികൊണ്ട് ക്യാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ട് പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് എതിര്‍ത്തിരുന്നു. ട്രസ്റ്റിലേക്ക് പണം കൈമാറുന്നതിന് മുമ്പായി പണം കൈപ്പറ്റിയെന്ന് ആരോപിക്കപ്പെടുന്ന
ഡെലാവെയര്‍ ആസ്ഥാനമായുള്ള കമ്പനിയായ ഇന്‍സ്പിലേണ്‍ എന്ന കമ്പനിയിലേക്ക് അന്വേഷണം വഴി തിരിച്ച് വിടുകയും ചെയ്തു.
ബൈജൂസിന്റെ പ്രധാന നിക്ഷേപകര്‍ ഫെബ്രുവരിയില്‍ ബൈജു രവീന്ദ്രനെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് നീക്കാനും 2015-ല്‍ സ്ഥാപിച്ച കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് ബൈജു രവീന്ദ്രനെ ഒഴിവാക്കുന്നതിനും വോട്ട് ചെയ്തിരുന്നു. ഒരിക്കല്‍ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി വാനോളം പ്രശസ്തിയാര്‍ജിച്ച കമ്പനിയാണ് ബൈജൂസ്. 22 ബില്യണ്‍ ആസ്തിയുണ്ടായിരുന്ന ബൈജൂസ് 2023 ല്‍ ഏകദേശം 90 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. മൂന്നു ബില്യണ്‍ ഡോളറാണ് നിലവില്‍ കമ്പനിയുടെ മൂല്യം.
2022-ല്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ബൈജൂസിന് 2023-ന്റെ തുടക്കം മുതല്‍ തിരിച്ചടികളുടെ ആരംഭമായിരുന്നു. ഓഡിറ്റര്‍മാരുടെ രാജി, നിക്ഷേപകര്‍ നിയമ നടപടികള്‍ ആരംഭിച്ചതും, വായ്പാ നിബന്ധനകളെ ചോദ്യം ചെയ്ത് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഫയല്‍ ചെയ്ത കേസും കമ്പനിയുടെ പ്രശ്നങ്ങളില്‍ പ്രധാന പങ്കുവഹിക്കുകയും കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. നിക്ഷേപകരുമായുള്ള നിയമപരമായ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കമ്പനിക്ക് ഈ മാസം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ജീവനക്കാരോട് ക്ഷമ ചോദിച്ചു ബൈജു രവീന്ദ്രന്‍ കത്തയിച്ചിട്ടുണ്ട്. ബൈജൂസില്‍ ശമ്പളവും മുടങ്ങി
2006-ല്‍ ‘കാറ്റ്’ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എം ബി എ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കിക്കൊണ്ടാണ് ബൈജൂസ് ആരംഭിച്ചത്. ‘പിന്നീട് ബിരുദാനന്തര ബിരുദം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വരെ ബൈജൂസിന്റെ സേവനം വ്യാപിപ്പിച്ചു. 2015-ല്‍, ബൈജുസ് ലേണിംഗ് ആപ്പ് പുറത്തിറക്കി, വെറും നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആദ്യത്തെ എഡ്-ടെക് കുത്തക എന്ന നിലയിലേക്ക് കമ്പനി വളര്‍ച്ചയുടെ കൊടുമുടി കയറുകയായിരുന്നു.