UPDATES

ഫിനാന്‍സ്/ ബിസിനസ്‌

ബൈജൂസില്‍ ശമ്പളവും മുടങ്ങി

ജീവനക്കാര്‍ക്ക് കത്തയച്ച് ബൈജൂ രവീന്ദ്രന്‍

                       

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വഴിയില്ലാതെ ബൈജൂസ്. എഡ്യുടെക് കമ്പനിയുടെ സിഇഒ ബൈജു രവീന്ദ്രന്‍ തന്നെയാണ് തങ്ങളുടെ നിസ്സഹായവസ്ഥ പരസ്യമാക്കിയത്. ശമ്പളം മുടുങ്ങുന്ന കാര്യം ബൈജു ജീവനക്കാര്‍ക്ക് ഇമെയ്ല്‍ വഴി അയച്ച കത്തില്‍ പറയുന്നുണ്ട്. നിക്ഷേപകര്‍ക്കെതിരെയാണ് ബൈജു കുറ്റം ആരോപിക്കുന്നത്. കമ്പനിയുടെ ഫണ്ടുകള്‍ ഒരു പ്രത്യേക അകൗണ്ടിലേക്ക് മാറ്റാന്‍ പ്രമേയം പാസാക്കിയ നിക്ഷേപകരാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണമെന്നാണ് ബൈജു ആരോപിക്കുന്നത്.

ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോഴും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിവരം നിങ്ങളെ അറിയിക്കേണ്ടി വരുന്നതില്‍ ഞാന്‍ ഖേദിക്കുന്നു എന്നാണ് കത്തില്‍ ബൈജു പറയുന്നത്. നൂറ്റമ്പതില്‍ അധികം നിക്ഷേപകരുള്ളതില്‍ നാലു പേര്‍ ഹൃദയശൂന്യമായി പ്രവര്‍ത്തിച്ചതുകൊണ്ട്, നിങ്ങള്‍ കഠിനാധ്വാനം ചെയ്തിനുള്ള ശമ്പളം നല്‍കാന്‍ സ്വരൂപിച്ച ഫണ്ട് ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നാണ് കത്തില്‍ പറയുന്നത്. നിക്ഷേപകരുടെ ഇടപെടല്‍ മൂലം ശമ്പളവും മറ്റും ആനുകൂല്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഫണ്ട് ഒരു പ്രക്യേക അകൗണ്ടിലേക്ക് മാറ്റി ലോക്ക് ചെയ്തിരിക്കുകയാണെന്നും ബൈജു പറയുന്നു. നിക്ഷേപകര്‍ ഇതിനകം തന്നെ കമ്പനിയില്‍ നിന്നും ലാഭം കൊയ്തതിനുശേഷവും ഫണ്ടുകള്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെന്നാണ് ബൈജു രവീന്ദ്രന്‍ കത്തില്‍ പരാതിപ്പെടുന്നത്. ‘ ഈ നിക്ഷേപകരില്‍ ചിലര്‍ ഇതിനകം തന്നെ ഗണ്യമായ ലാഭം നേടിയിട്ടുണ്ടെന്നത് ഒരു യഥാര്‍ത്ഥ്യമാണ്, അവരില്‍ ഒരാള്‍ ബൈജൂസില്‍ ആദ്യമായി നടത്തിയ നിക്ഷേപത്തിലൂടെ എട്ടിരട്ടി ലാഭമാണ് കൊയ്തത്, എന്നിട്ടും അവര്‍ നമ്മുടെ ജീവിതത്തോടും ജീവിതോപാധിയോടും കടുത്ത അവഗണന കാണിക്കുകയാണ്’- ബൈജുവിന്റെ വാക്കുകള്‍.

പരമാവധി ശ്രമിച്ചിട്ടും, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുന്നില്ല എന്ന ഹൃദയഭേദകമായ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണു കത്തില്‍ പറയുന്നത്. സാധ്യമായ എല്ലാ വഴികളും തിരയുന്നതിനായി ഞങ്ങളുടെ നിയമ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയും, നിങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നതിനുവേണ്ടി നിരവധി മണിക്കൂറുകള്‍ ചെലവഴിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഞങ്ങളുടെ പരമാവധി ശ്രമിച്ചിട്ടും, നിങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കാന്‍ ഞങ്ങള്‍ക്ക് താല്‍ക്കാലികമായി കഴിയുന്നില്ല എന്ന ഹൃദയഭേദകമായ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല’-കത്തിലെ വരികള്‍.

മാര്‍ച്ച് 10 നകം എല്ലാവര്‍ക്കും ശമ്പളം നല്‍കുമെന്നാണ് ബൈജു ഇപ്പോള്‍ പറയുന്നത്. മാര്‍ച്ച് 10-നകം ശമ്പളം കിട്ടുന്നത് ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഫണ്ട് ഫിലീസ് ചെയ്യാന്‍ നിയമപ്രകാരം അനുവാദം കിട്ടുന്ന നിമിഷം തന്നെ ശമ്പളം വിതരണം ചെയ്യുമെന്നാണ് കത്തില്‍ പറയുന്നത്.

ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയിലേക്ക് കഴിഞ്ഞ മാസം തന്നെ ബൈജൂസ് എത്തിയിരുന്നതായി ഇപ്പോഴത്തെ കത്തില്‍ പറയുന്നുണ്ട്. നിലവില്‍ കമ്പനിയുടെ താത്കാലിക ചെലുകള്‍ നടത്താനും സാമ്പത്തിക ബാധ്യതകള്‍ പരിഹാരിക്കാനും മാത്രമുള്ള സാമ്പത്തികമേ ഉള്ളൂവെന്നും ശമ്പളം നല്‍കുന്നകാര്യം പ്രതിസന്ധിയിലാണെന്നുമാണ് കത്തില്‍ പറയുന്നത്. മൂലധനത്തിന്റെ അഭാവത്തിനൊപ്പം, ഫണ്ട് ഉണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ബൈജൂസ് ചൂണ്ടിക്കാണിക്കുന്ന പ്രതിസന്ധി.

കടുത്ത സാമ്പത്തികമാന്ദ്യമാണ് ബൈജൂസ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 90 ശതമാനം ഇടിവാണ് കഴിഞ്ഞവര്‍ഷം നേരിട്ടത്. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് നിക്ഷേപകര്‍ കമ്പനിയുടെ മാനേജ്‌മെന്റില്‍ നിന്നും ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും മാറ്റാന്‍ നിയമസഹായം തേടിയിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍