UPDATES

പുസ്തകമെഴുതിയ ആളുടെ പേര് എവിടെ? മില്ലി ബ്രൗണിന്റെ ‘ നയന്റീന്‍ സ്‌റ്റെപ്‌സ്’ ഗോസ്റ്റ് റൈറ്റിംഗ് വിവാദത്തില്‍

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് വെബ് സീരിസിലൂടെ പ്രശസ്തയാണ് മില്ലി ബോബി ബ്രൗണ്‍

                       

‘സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്’ എന്ന വെബ് സീരീസിലൂടെ ലോക പ്രശസ്തയായ മില്ലി ബോബി ബ്രൗണിന്റെ ആദ്യ പുസ്തകമായ ‘നയന്റീന്‍ സ്റ്റെപ്‌സ്’ വിവാദത്തില്‍. 1943-ലെ ബെത്നാല്‍ ഗ്രീന്‍ ട്യൂബ് ദുരന്തത്തെക്കുറിച്ചുള്ള തന്റെ മുത്തശ്ശിയുടെ അനുഭവത്തില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ഹിസ്റ്റോറിക് ഫിക്ഷന്‍ വിഭാഗത്തിലുള്ള പുസ്തകം ബോബി ബ്രൗണ്‍ പുറത്തിറക്കിയത്. വിഖ്യാത എഴുത്തുകാരി കാത്ലീന്‍ മക്ഗളാണ് പുസ്തകം എഴുതിയിരിക്കുന്നത്. എന്നാല്‍ പുസ്തകത്തില്‍ കാത്ലീന്റെ പേര് ഉള്‍പ്പെടുത്താത്തതിനെതിരേ കടുത്ത വിമര്‍ശനമാണ് ബോബി ബ്രൗണിനെതിരെ ഉണ്ടാകുന്നത്.

പ്രശസ്ത ബ്രിട്ടീഷ് പുസ്തക വില്‍പ്പനക്കാരായ വാട്ടര്‍ സ്റ്റോണ്‍സ് പുസത്കത്തിന്റെ പ്രമോഷന്റെ ഭാഗമായി നയന്റീന്‍ സ്റ്റെപ്‌സിനെ കുറിച്ച് ചെയ്ത ട്വീറ്റിന് താഴെ, നിരവധി പേരാണ് ബ്രൗണിനെ വിമര്‍ശിച്ചു രംഗത്തെത്തിയത്. ബ്രൗണിനെ പോലുള്ള നിരവധി താരങ്ങള്‍ നിഴല്‍ രചയിതാക്കളെ (ഗോസ്റ്റ് റൈറ്റര്‍) ഉപയോഗിച്ച് ബാല സാഹിത്യത്തെ എളുപ്പത്തില്‍ നശിപ്പിക്കാന്‍ സാധിച്ചു. ഇപ്പോള്‍ താരങ്ങള്‍ നിഴല്‍ രചയിതാക്കളെ ഉപയോഗിച്ച് ഫിക്ഷന്‍ വിഭാഗത്തിന്റെ നിലവാരത്തെ കൂടി ചോദ്യം ചെയ്യാന്‍ മുതിരുകയാണെന്ന് വിമര്‍ശകര്‍ പറയുന്നു. ഈ ട്വീറ്റ് പിന്നീട് വാട്ടര്‍ സ്റ്റോണ്‍സ് ഡിലീറ്റ് ചെയ്തു.

‘നീയില്ലാതെ എനിക്കിത് പ്രവര്‍ത്തികമാക്കാന്‍ കഴിയില്ലായിരുന്നു’ എന്ന അടിക്കുറിപ്പോടെ ബ്രൗണ്‍ മക്ഗളുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രം കഴിഞ്ഞ
ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിരുന്നു. ഈ പോസ്റ്റിന് താഴെയും പുസ്തകത്തില്‍ രചയിതാവായി മക്ഗളിന്റെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് വായനക്കാര്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ബ്രൗണിനെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ബ്രൗണിനെ പോലെ പ്രശസ്തിയാര്‍ജിച്ചവരെ വിമര്‍ശിക്കാന്‍ എപ്പോഴും ആളുകള്‍ തയ്യാറായിരിക്കുമെന്ന് എംബര്‍ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവ് കാതറിന്‍ യാര്‍ഡ്ലി ഗാര്‍ഡിയന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു. ഒരു വ്യകതിക്ക് എങ്ങനെയാണ് ഇത്രയും വിമര്‍ശങ്ങള്‍ നേരിടാനാവുന്നതെന്നും അതില്‍ പ്രായം, ലിംഗം, അസൂയ എന്നീ ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുന്നത് വേദനജനകമാണെന്നും യാര്‍ഡ്ലി പറയുന്നു.

കാറ്റി പ്രൈസും നവോമി കാംബെലും തങ്ങളുടെ ഫിക്ഷന്‍ പുസ്തകങ്ങള്‍ക്കായി നിഴല്‍ എഴുത്തുകാരെ ഉപയോഗിച്ചിട്ടുള്ള സെലിബ്രിറ്റികളാണ്. ബ്രൗണിനെ പോലെ മറ്റു യുവ താരങ്ങളും എഴുത്തുകാരെ ഉപയോഗിച്ച് തങ്ങളുടെ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന്, ‘സെലിബ്രിറ്റി മെമ്വയര്‍: ഫ്രം ഗോസ്റ്റ് റൈറ്റിങ് ടു ജന്‍ഡര്‍ പൊളിറ്റിക്‌സ്’ എന്ന് പുസ്തകം രചിച്ച ഡോക്ടര്‍ ഹന്നാ യെലിന്‍ പറയുന്നു. ”സഹകരണ കര്‍ത്തൃത്വം പുതിയ കാര്യമല്ല, അത് പല പ്രശസ്തമായ രൂപങ്ങളിലും നിലനില്‍ക്കുന്നു,” യെലിന്‍ കൂട്ടിച്ചേര്‍ത്തു. ‘രാഷ്ട്രീയ പ്രസംഗങ്ങളില്‍ മുതല്‍ എഫ് സ്‌കോട്ട് ഫിറ്റ്‌സ് ജെറാള്‍ഡിനെ ‘ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി’യില്‍ സഹായിച്ച മാക്‌സ്വെല്‍ പെര്‍കിന്‍സ് പോലുള്ള എഡിറ്റര്‍മാര്‍ വരെ ഇത് നീണ്ടു കിടക്കുന്നു’; ഡോ യെലിന്‍ സാക്ഷ്യപ്പെടുത്തുന്നു. ഗോസ്റ്റ് റൈറ്റേഴ്സ് ഏജന്‍സി ആരംഭിച്ച ഷാനണ്‍ കൈല്‍ പ്രതികരിച്ചത്, ഗോസ്റ്റ് റൈറ്റിംഗ് ‘ഏറെക്കാലമായി ഉണ്ടെന്നാണ്. ഷേക്‌സ്പിയറിന്റെ കാലത്തോളം ഇതിനു പഴക്കമുണ്ടെന്നാണ് കൈല്‍ പറയുന്നത്.

പെര്‍ഫ്യൂമുകള്‍, വസ്ത്ര ശ്രേണികള്‍, ബ്യൂട്ടി ലൈനുകള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങിയ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് ‘സെലിബ്രിറ്റി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന്’ കൈല്‍ പറഞ്ഞു. എന്നാല്‍ സെലിബ്രിറ്റികള്‍ ഇവ സൃഷ്ടിക്കുന്നതിന്റെ സാങ്കേതിക വശവുമായി ബന്ധം പുലര്‍ത്തുന്നില്ല. നിഴല്‍ രചയിതാവിനെ ഉപയോഗിച്ചത് കൊണ്ട് മാത്രം ബ്രൗണിന്റെ പങ്കാളിത്തം ഈ രചനയില്‍ ഇല്ലാതാവുന്നില്ല. അടിസ്ഥനപരമായി കഥ മില്ലിയുടെ കുടുംബ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്നും കൈല്‍ കൂട്ടിച്ചേര്‍ത്തു.

മില്ലിയും കുടുംബവും പങ്കുവച്ച നിരവധി അനുഭവങ്ങളെ മുന്‍നിര്‍ത്തി ഒരുപാട് ഗവേഷണങ്ങള്‍ നടത്തിയതായി പുസ്തകത്തിന്റെ നിഴല്‍ രചന നിര്‍വഹിച്ച എഴുത്തുകാരി കാത്‌ലീന്‍ മകഗള്‍ മാര്‍ച്ചില്‍ പങ്കുവച്ച ഒരു ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്. മക്ഗള്‍ പുസ്തകത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതുന്നതിനു മുമ്പ് ബ്രൗണുമായി സൂം കോളുകളിലൂടെ നിരവധി തവണ ബന്ധപെട്ടിരുന്നു. പിന്നീട് ബ്രൗണ്‍ തന്റെ വാട്ട്സ് ആപ്പ് വഴിയും ആശയങ്ങള്‍ പങ്കുവച്ചിരുന്നതായും പറയുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരെ കുറിച്ചുള്ള ‘പൊതു ധാരണ’ മാറിക്കൊണ്ടിരിക്കുകയാണെന്ന് കൈല്‍ പറഞ്ഞു. അല്ലാത്തപക്ഷം ‘ഇന്‍ഡസ്ട്രിയില്‍ ഈ എഴുത്തുകാര്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണെന്നാണ് കൈല്‍ ചൂണ്ടിക്കാണിക്കുന്നു. സെലിബ്രിറ്റികള്‍ തങ്ങളുടെ നിഴല്‍ എഴുത്തുകാരെ കുറിച്ചു തുറന്ന് പറയുന്നത് ഈ എഴുത്തുകാരുടെ സ്വീകര്യത കൂടുന്നതിന് സഹാകമാകുമെന്നും കൈല്‍ അഭിപ്രായപ്പെടുന്നു.

Share on

മറ്റുവാര്‍ത്തകള്‍