UPDATES

ഇന്ത്യ

പേര് മാറ്റിയാല്‍ നെഹ്‌റുവിനൊപ്പം മായുന്നത് ഇന്ത്യയുമാണ്

നെഹ്‌റു നിര്‍മിച്ച ഇന്ത്യയെ പൊളിച്ചു പണിയുന്ന മോദി

                       

നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി(എന്‍ എംഎംഎല്‍) ഔദ്യോഗികമായി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി(പിഎംഎംഎല്‍)സൊസൈറ്റിയായി പേര് മാറിയിരിക്കുന്നു.

ഈ പേര് മാറ്റം രാഷ്ട്രീയ അല്‍പ്പത്തമാണ്. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി ലോകത്തില്‍ തന്നെ ആദരിക്കപ്പെടുന്ന റിസര്‍ച്ച് സെന്ററുകളില്‍ ഒന്നാണ്. നെഹ്‌റുവിന്റെ മാത്രമല്ല, പല പ്രമുഖരുടെയും സ്വകാര്യ വിവരങ്ങളും, ചരിത്രപരമായ, പത്ര റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സംരക്ഷിക്കുന്ന, ലോകത്തിലെ തന്നെ മികച്ച ലൈബ്രറി സ്ഥിതി ചെയ്യുന്ന, റിസര്‍ച്ച് പേപ്പറുകള്‍ തയ്യാറാക്കുന്നതിനും പുസ്തകങ്ങള്‍ എഴുതാനുമൊക്കെയായി ലോകത്തെമ്പാടുമുള്ളവര്‍ ആശ്രയിക്കുന്ന ഒരു സ്ഥാപനമാണത്. അങ്ങനെയൊരു സ്ഥാപനത്തിന്റെ പേര് മാറ്റുന്നതില്‍ ഒരു രാഷ്ട്രീയ അല്‍പ്പത്തമുണ്ട്.

രാജ്യത്ത് പ്രധാനമന്ത്രിമാരുടെ പേരില്‍ മ്യൂസിയം നിര്‍മിക്കണമെങ്കില്‍, അതാകാമായിരുന്നില്ലേ? നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് മാറ്റിയിട്ട് വേണമായിരുന്നോ? പ്രധാനമായും അതൊരു അക്കാദമിക് സ്ഥാപനമാണ്. ഒരു അക്കാദമിക് സ്ഥാപനം ലോകത്തിന് മുന്നില്‍ പേര് ഉണ്ടാക്കിയെടുക്കുന്നത് പതിറ്റാണ്ടുകള്‍ നീളുന്ന, കൂട്ടായ പരിശ്രമങ്ങളിലൂടെയാകും. ഇന്ത്യക്ക് പുറത്തുപോലും സ്ഥാനം നേടിയെടുത്ത സ്ഥാപനത്തിന്റെ പേരില്‍ മാറ്റം വരുത്തുന്നത് അര്‍ത്ഥമില്ലാത്തതും രാഷ്ട്രീയ മണ്ടത്തരവുമാണ്. അതേസമയം ഇത്തരം പേര് മാറ്റങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയവുമുണ്ട്.

പുതിയൊരു ഇന്ത്യയുടെ നിര്‍മാതാവാണ് താന്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവം. അദ്ദേഹം സംസാരിക്കുമ്പോഴെല്ലാം ഇക്കാര്യം ഊന്നി പറയാറുണ്ട്. ഇന്ത്യയെ കുറിച്ച് തനിക്ക് അടുത്ത ആയിരം വര്‍ഷത്തേക്കുള്ള കാഴ്ച്ചപ്പാട് ഉണ്ടെന്നൊക്കെയാണ് പ്രധാനമന്ത്രി പറഞ്ഞുവച്ചിട്ടുള്ളത്. ഒരു രാഷ്ട്ര നിര്‍മാതാവ് എന്ന മോദിയുടെ ഫാന്റസിക്ക് ഏറ്റവും വലിയ ഭീഷണി നെഹ്‌റുവാണ്.

ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് നെഹ്‌റുവാണെന്നതില്‍ സംശയത്തിനിടയില്ല. വെള്ളക്കാരെ പുറത്താക്കുന്നതായിരുന്നു ഗാന്ധിയുടെ ഒന്നാമത്തെ ലക്ഷ്യം, ഇന്ത്യയെന്ന റിപ്പബ്ലിക്കിനെ രൂപപ്പെടുത്തുന്നതായിരുന്നില്ല. ഗാന്ധിയും പട്ടേലും അംബേദ്കറും നെഹ്‌റും ആസാദും എല്ലാം അടങ്ങുന്ന ആശയവൈവിധ്യത്തിലൂടെയാണ് ഇന്ത്യയെന്ന റിപ്പബ്ലിക് രൂപം കൊണ്ടതെങ്കിലും അടിസ്ഥാനപരമായി റിപ്പബ്ലിക് ഓഫ് ഇന്ത്യ-രാജക്കന്മാരല്ലാത്ത, ജനങ്ങളുടെ ഇന്ത്യ- എന്ന ആശയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വക്താവ് നെഹ്‌റു ആയിരുന്നു. 1946-ഡിസംബറില്‍ ഭരണഘടന അസംബ്ലി രൂപീകരിച്ചപ്പോള്‍, ആ അസംബ്ലിയില്‍ ആദ്യം നടത്തിയ പ്രസംഗത്തില്‍ തന്നെ നെഹ്‌റു പറഞ്ഞത്, ഇന്ത്യ ഒരു റിപ്പബ്ലിക് ആയിരിക്കും എന്നായിരുന്നു. പ്രസംഗത്തില്‍ നെഹ്‌റു ഡെമോക്രാറ്റിക് എന്ന പദമല്ല ഇന്ത്യയോട് ചേര്‍ത്തു പറഞ്ഞത്, റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നായിരുന്നു. ഇന്ത്യയൊരു ജനാധിപത്യ സംവിധാനമാകുമെന്നതില്‍ നെഹ്‌റുവിന് സംശയമില്ലായിരുന്നു. ആ ജനാധിപത്യ ആന്തരീകമായി ക്രമീകരിക്കപ്പെട്ടതായിരിക്കും, അക്കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ലായിരുന്നു. അതേസമയം ഈ രാജ്യമൊരു റിപ്പബ്ലിക് ആയിരിക്കണം, അതാണ് നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ മനുഷ്യരും തുല്യരായി ജീവിക്കണം, ഇവിടെയിനിയൊരു രാജഭരണം വേണ്ട, രാജാവും പ്രജകളുമില്ലാത്തൊരു റിപ്പബ്ലിക് ആയി ഇന്ത്യ മാറും; നെഹ്‌റുവിന്റെ തീരുമാനങ്ങളിതൊക്കെയായിരുന്നു.

രാജ്യം സ്വാതന്ത്ര്യത്തോട് അടുത്ത, 1947 ലെ വേനല്‍കാലത്ത്, ഇന്ത്യയെ ഏകീകരിക്കുന്നതിന്റെ ഭാഗമായി നാട്ടുരാജാക്കന്മാരെ പൂട്ടാന്‍ വേണ്ടി പട്ടേലും വി പി മേനോനും ചേര്‍ന്ന് അതിഭയങ്കരമായ പരിശ്രമം നടത്തുമ്പോള്‍, പട്ടേല്‍ വളരെ പ്രായോഗികമായി പലയിടത്തും വിട്ടുവീഴ്ച്ചകള്‍ ചെയ്തപ്പോഴും (അത് ആവശ്യമായ വിട്ടുവീഴ്ച്ചകള്‍ തന്നെയായിരുന്നു) ഇന്ത്യ റിപ്പബ്ലിക്ക് ആയിരിക്കും, ഒരു രാജാവിനും ഇവിടെ ഭരിക്കാന്‍ സാധിക്കില്ല എന്നു ധിക്കാരത്തോടുകൂടി സംസാരിച്ച നേതാവായിരുന്നു നെഹ്‌റു. ആ ചരിത്രമൊന്നും നെഹ്‌റുവില്‍ നിന്നും ആര്‍ക്കും എടുത്തുമാറ്റാന്‍ സാധിക്കില്ല.

അന്ന്, 47 ലെ ആ ചൂടുകാലത്ത് സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭ നാട്ടുരാജക്കാന്മാരെ പിന്തുണയ്ക്കാന്‍ നടന്നവരായിരുന്നു. ഇന്ത്യയെന്ന റിപ്പബ്ലിക്കിനു നേരെയുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഭീഷണികളില്‍ ഒന്നായിരുന്നു ഹിന്ദു മഹാസഭക്കാര്‍. ആ ഭീഷണികളെയെല്ലാം വെല്ലുവിളിച്ച് ഇന്ത്യയെന്ന റിപ്പബ്ലിക്കിന് വേണ്ടി നിലകൊണ്ട ഏറ്റവും പ്രധാനപ്പെട്ട നേതാവ് നെഹ്‌റു തന്നെയായിരുന്നു; ചരിത്രം സാക്ഷ്യം.

സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം അംബേദ്കറിന്റെ നേതൃത്വത്തില്‍ ഇന്ത്യക്ക് ഉജ്വലമായൊരു ഭരണഘടന എഴുതുമ്പോഴും, സെക്യുലര്‍ ഇന്ത്യക്ക് വേണ്ടി ഗാന്ധി തന്റെ അവസാന ശ്വാസവും കളഞ്ഞപ്പോഴും, പട്ടേലിന്റെ നേതൃത്വത്തില്‍ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുമ്പോഴും, എയിംസ് തൊട്ട്, സയന്റിഫിക് ഇന്‍സ്റ്റിറ്യൂഷനുകള്‍ തൊട്ട്, ഭംക്രാനംഗല്‍ അണക്കെട്ട് തൊട്ട് രാജ്യത്തിന്റെ ക്ഷേത്രങ്ങളെന്ന് വിശേഷിപ്പിച്ച് സ്ഥാപനങ്ങള്‍ നിര്‍മിച്ച നെഹ്‌റുവിനെ ആര്‍ക്കും നിഷേധിക്കാനൊക്കില്ല.

ഇത്തരത്തിലെല്ലാം ഇന്ത്യയുടെ ചരിത്രത്തില്‍ ഭീമാകാരനായി നിവര്‍ന്നു നില്‍ക്കുന്ന നെഹ്‌റുവിന്റെ നിഴലിനെ പേടിച്ചും, ആ നെഹ്‌റുവിനെ കുറ്റം പറഞ്ഞുമാണ് മോദി അദ്ദേഹത്തിനൊരു രാഷ്ട്രീയ പൈതൃകം ഉണ്ടാക്കാനായി കഴിഞ്ഞ ഒമ്പതു വര്‍ഷമായി നോക്കുന്നത്. എന്തു കാര്യത്തിനും കുറ്റം ചാര്‍ത്താന്‍ മോദിക്ക് വേണ്ടത് നെഹ്‌റുവിനെയാണ്. മറ്റുള്ളവരെ കുറ്റം പറഞ്ഞുകൊണ്ട് ഒരു നേതാവിനും അവരുടെതായൊരു രാഷ്ട്രീയ പൈതൃകം ഉണ്ടാക്കാന്‍ സാധിക്കില്ല. സ്വയം അദ്ധ്വാനിച്ച് സമൂഹത്തിനുവേണ്ടി സംഭാവനകള്‍ ചെയ്തുമൊക്കെയാണ് അതുണ്ടാക്കിയെടുക്കേണ്ടത്. നെഹ്‌റുവിനെപോലൊരു പൊളിറ്റക്കല്‍ ലെജന്‍ഡ് ആകണമെങ്കില്‍, ഇത്തരം വാശി കാണിച്ചതുകൊണ്ട് കാര്യമില്ലെന്ന് മോദി മനസിലാക്കണം.

ഇതൊക്കെ പറയുമ്പോഴും ഒരു കാര്യം അംഗീകരിച്ചേ മതിയാകൂ. നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ തങ്ങളുടെ പേര് ശ്വാശതമായി നിലനിര്‍ത്താന്‍ വേണ്ടി ഒരു രാജ കുടുംബത്തെപോലെയാണ് ഗാന്ധി കുടുംബം ഇത്രകാലമായിട്ടും പെരുമാറുന്നത്, കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ പിന്തുണച്ചും പോരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വം തങ്ങളുടെ കുടുംബ സ്വത്തല്ലെന്നു ഗാന്ധി കുടുംബം ആംഗീകരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന് തയ്യാറകണം. ഏതൊരു കോണ്‍ഗ്രസുകാരനും സ്വപ്‌നം കാണാവുന്ന പദവിയാകണം കോണ്‍ഗ്രസ് പ്രസിഡന്റ് എന്നത്. ആ മാറ്റത്തിലേക്കുള്ള ചെറിയൊരു കാല്‍ വയ്പ്പായി രാഹുല്‍ ഗാന്ധി അധ്യക്ഷപദം വേണ്ടെന്നു വച്ചതിനെ കാണാമെങ്കിലും അത്തരം മാറ്റങ്ങള്‍ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. ഈ രാജ്യത്ത് നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയുമെല്ലാം പേരില്‍ ആയിരക്കണക്കിന് സ്ഥാപനങ്ങളും പദ്ധതികളും ഉണ്ടാക്കി വച്ചിരിക്കുന്നതിലും ഒരുതരം രാഷ്ട്രീയ അല്‍പ്പത്തം ഉണ്ട്. അതും നവീകരിക്കേണ്ടതുണ്ട്. എന്നാല്‍ അത്തരം നവീകരണങ്ങള്‍ നടക്കേണ്ടത്, ഇതുപോലൊരു അക്കാദമിക് സ്ഥാപനത്തിന്റെ പേര് മാറ്റിക്കൊണ്ടാകരുത്. കുടുംബാധിപത്യത്തെ ജനാധിപത്യവത്കരിച്ചുകൊണ്ടായിരിക്കണം. അത്തരം പ്രവര്‍ത്തി ചെയ്യുന്നതിന് മാന്യതയുണ്ടായിരിക്കണം. ആ മാന്യതയാണ് മോദി കാണിക്കാതെ പോയത്.

Share on

മറ്റുവാര്‍ത്തകള്‍