UPDATES

ഓഫ് ബീറ്റ്

ഇന്ത്യയും ചൈനയും, നെഹ്‌റുവും ഇഎംഎസും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-85

                       

1914-ല്‍ ബ്രിട്ടിഷ് ടിബറ്റന്‍ പ്രതിനിധികള്‍ ഒപ്പിട്ട സിംല കണ്‍വന്‍ഷന്‍ പ്രകാരമാണ് ഇന്ത്യ-ചൈന അതിര്‍ത്തിയായി മക്മഹോന്‍ രേഖ നിശ്ചയിക്കുന്നത്. എന്നാല്‍ ഈ അതിര്‍ത്തി ചൈനയ്ക്ക് സ്വീകാര്യമല്ല. ലഡാക്ക് ഭാഗത്ത്, കാരക്കോറം മലനിരകളുടെ ജലപാതനിര അതിര്‍ത്തിയായി അംഗീകരിക്കണമെന്നാണ് ചൈനീസ് നിലപാട്. എന്നാല്‍ കുന്‍ലുന്‍ മലനിരകളുടെ ജലപാതനിരയാകണം അതിര്‍ത്തിയെന്നാണ് ഇന്ത്യന്‍ നിലപാട്. ഈ തര്‍ക്കത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.

പുട്ടിനും ഹിറ്റ്ലറും

ഇന്ത്യ ചൈന യുദ്ധത്തിന് അതിര്‍ത്തി തര്‍ക്കം മാത്രമായിരുന്നില്ല കാരണം. 1959-ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി എത്തി. ഇന്ത്യ അവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കി. ഇത് ചൈനയെ പ്രകോപിപ്പിക്കുകയും 1954 ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ഇന്ത്യയെ കടന്നാക്രമിക്കാന്‍ കാരണമായി. 1962ലെ ഇന്ത്യ ചൈന യുദ്ധത്തിലാണ് അത് അവസാനിച്ചത്. ഇന്നും ഇന്ത്യ ചൈന ബന്ധങ്ങളില്‍ അവിശ്വാസം നിഴലിക്കുന്നുണ്ട് എന്നത് വര്‍ത്തമാന കാലത്തെ സാക്ഷ്യം.

1960 ആഗസ്റ്റ് 28ലെ ശങ്കേഴ്‌സ് വീക്കിലിയുടെ ലക്കത്തില്‍ ഒ വി വിജയന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഇന്ത്യ ചൈന വിഷയമായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നായിരുന്നു. സി.പി.ഐ നേതാവായ ഇ.എം.എസ് ഇന്ത്യയുടെ രാഷ്ട്രീയ നിലപാടിനെ വിമര്‍ശിക്കുകയാണ്. സി.പി.ഐയ്ക്ക് നെഹ്‌റുവിനെ പോലെ സോവിയറ്റ് നയങ്ങളോടാണ് താത്പര്യം. എന്നാല്‍ സി.പി.ഐ നേതാവായ ഇ.എംഎസ് സോവിയറ്റ് നയങ്ങളെ അനുകൂലിക്കുന്നില്ല എന്ന അര്‍ത്ഥത്തിലാണ് നെഹ്‌റുവിന്റെ നിഴലിന് ഒരു വളവ് സംഭവിക്കുന്നത്. ചൈനീസ് നയങ്ങളിലേയ്ക്ക് നടന്നു നീങ്ങുന്ന ഇ.എം.എസിനെ കാര്‍ട്ടൂണില്‍ കാണാം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായിരുന്ന മാവോ സേ തുങ്ങിനേയും കാര്‍ട്ടൂണില്‍ കാണാം. രണ്ട് വര്‍ഷം കഴിഞ്ഞ് ‘നാം നമ്മുടേതെന്നും ചൈനക്കാര്‍ അവരുടേതെന്നും അവകാശപ്പെടുന്ന പ്രദേശം’ എന്ന ഇ എം എസിന്റെ 1962ലെ ഒരു പരാമര്‍ശം ഏറെ പ്രശസ്തവുമായി. 1962-ലെ ഇന്ത്യ ചൈന യുദ്ധവും മറക്കുവാന്‍ പറ്റില്ലല്ലോ. 1964-ല്‍ സി.പി.ഐ. പിളര്‍ന്ന് സി.പി.ഐ.എം രൂപം കൊണ്ടതും ചരിത്രം.

Share on

മറ്റുവാര്‍ത്തകള്‍