ഇന്ത്യയിലെ ചെന്നൈ തുറമുഖത്ത് നിന്ന് ആയുധങ്ങളുമായി പോയ ഡാനിഷ് കപ്പലിന് പ്രവശനാനുമതി നിഷേധിച്ച് സ്പെയ്ന്‍. പശ്ചിമേഷ്യയ്ക്ക് ആവശ്യം ആയുധങ്ങളല്ല, സമാധാനമാണ് വേണ്ടത്. അതുകൊണ്ട് തന്നെ മുന്നോട്ടും ആയുധങ്ങളുമായി കപ്പല്‍ വന്നാല്‍ നിലപാട് ഇത് തന്നെയായിരിക്കുമെന്നും വ്യക്തമാക്കി കൊണ്ടാണ് സ്‌പെയ്‌നിന്റെ നടപടി. ഇസ്രയേലിന്റെ ഗസ ആക്രമത്തെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുകയും ചെയ്ത യുറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് സ്‌പെയ്ന്‍. ഇസ്രയേലിലേക്ക് ആയുധങ്ങളുമായി ഒരു കപ്പല്‍ എത്തുന്നതും പ്രവേശനത്തിന് അനുമതി ചോദിക്കുന്നതും ആദ്യമായാണെന്ന് വിദേശകാര്യമന്ത്രി ജോസ് മാനുവല്‍ അല്‍ബ്രാസ് പറഞ്ഞു. കപ്പല്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ജോസ് മാനുവല്‍ തയ്യാറായില്ല. എന്നാല്‍ സ്‌പെയ്ന്‍ ഗതാഗത മന്ത്രി ഓസ്‌കാര്‍ പ്യൂണ്ടെ പറയുന്നത്, ഡെന്‍മാര്‍ക്കിന്റെ കാര്‍ഗോ കപ്പലായ മറൈന്‍ ഡാനിക്കയാണ് രാജ്യത്തിന്റെ തെക്ക്-കിഴക്കന്‍ തുറമുഖമായ കാര്‍ട്ടജീനയില്‍ പ്രവേശിക്കാന്‍ അനുമതി തേടിയതെന്നാണ്. ബോംബുകളടക്കം 27 ടണ്‍ വരുന്ന ആയുധങ്ങളാണ് ഇസ്രയേലിന്റെ ഹൈഫ തുറമുഖം ലക്ഷ്യമിട്ട് പോവുന്ന കപ്പലിലുള്ളതെന്നാണ് അന്താരാഷ്ട്രമാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. Spain denies ship carrying arms to Israel
സ്‌പെയ്ന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളും രാജ്യത്തെ ഫലസ്തീന്‍ അനുകൂല സംഘടനകളും ഇതര രാഷ്ട്രീയപാര്‍ട്ടികളും തമ്മില്‍ ബോര്‍ക്കം എന്ന കപ്പല്‍ സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇസ്രയേലിലേക്ക് ആയുധങ്ങളുമായി എത്തിയ കപ്പലാണ് ഇതെന്നാണ് ഫലസ്തീന്‍ അനുകൂല സംഘടനകളുടെ വാദം. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. ഇസ്രയേലിലേക്കല്ല, ചെക്ക് റിപ്പബ്ലിക്കിലേക്കാണ് ബോര്‍ക്കം സൈനിക സാമഗ്രികള്‍ കൊണ്ടുപോകുന്നതെന്നാണ് സ്‌പെയ്ന്‍ ഗതാഗത മന്ത്രി പറയുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 22ന് നടന്ന യൂറോപ്യന്‍ കൗണ്‍സിലിനിടെയാണ് സ്പെയ്ന്‍, അയലര്‍ലന്‍ഡ്, മാള്‍ട്ട, സ്ലോവേനിയ രാജ്യങ്ങള്‍ സ്വതന്ത്രമായ ഫലസ്തീന്‍ രാഷ്ട്രം എന്നത് അംഗീകരിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. പിന്നാലെ ഇസ്രയേലിനുള്ള ആയുധ വില്‍പ്പന അടക്കമുള്ള കാര്യങ്ങളും നിര്‍ത്തിവച്ചിരുന്നു.
English Summary: Spain denies port of call to ship carrying arms to Israel