November 09, 2024 |
Share on

ഐടി സെല്ലിലെ മല്‍ഘോഷുമാരും മലയാളിക്കറിയാവുന്ന മമ്മൂട്ടിയും

കേരളമായതുകൊണ്ടും, മലയാളിക്ക് മമ്മൂട്ടി ആരാണെന്ന് അറിയാവുന്നതുകൊണ്ടും സംഘപരിവാര്‍ ഇപ്പോള്‍ അടുപ്പത്തിട്ടിരിക്കുന്ന പരിപ്പ് വേവില്ലെങ്കിലും, സൂക്ഷിക്കണം; മല്‍ഘോഷുമാര്‍ വലിയ അപകടം ഉണ്ടാക്കും

‘ഗോപിയെ പോലെയല്ല, മല്‍ഘോഷിന് ജോലിയുണ്ട്’. മല്‍ഘോഷിന്റെ ജോലി ഗോപിയുടെ അമ്മ ഓര്‍ത്തെടുക്കുന്ന നേരം കൊണ്ട് അയാള്‍ അവിടെ പണി തുടങ്ങിയിരുന്നു. ഡിജോ ജോസ് ആന്റണി ചിത്രം മലയാളി ഫ്രം ഇന്ത്യയില്‍ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചെയ്യുന്ന ജോലി പരാമര്‍ശിക്കുന്ന ഒരു രംഗമാണിത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഐടി സെല്ലിലെ ജോലിയുടെ സ്വഭാവം കൃത്യമായി കാണിക്കുന്നുണ്ട് ആ രംഗം. സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളും, വിദ്വേഷവും എങ്ങനെയാണ് നിര്‍മിക്കപ്പെടുന്നതെന്നു മുഖ്യധാരയില്‍ വ്യക്തമായി പരാമര്‍ശിക്കുന്നതും ഇതാദ്യമായാണ്. cyber attack against mammootty

മമ്മൂട്ടിക്ക് നേരെ നടക്കുന്ന കുപ്രചാരണങ്ങള്‍ കാണുമ്പോള്‍ മല്‍ഘോഷിനെയാണ് ഓര്‍മ വരുന്നത്. പോലീസ് സ്റ്റേഷനില്‍ ഇരുന്ന്, മറ്റൊരു മതത്തിലെ വ്യക്തിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലിലൂടെ മതപരവും അങ്ങേയറ്റം വര്‍ഗീയതയും പറയുന്ന ഫേസ്ബുക്ക് കമ്മന്റുകളിടുന്ന മല്‍ഘോഷ് സിനിമയില്‍ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. പക്ഷെ യാഥാര്‍ഥ്യത്തിലേക്ക് എത്തുമ്പോള്‍ മല്‍ഘോഷുമാര്‍ കോമഡിയല്ല. അവര്‍ അത്യന്തം അപകടകാരികളാണ്. സിനിമയിലെ ഒരൊറ്റ മല്‍ഘോഷ് ഒരു കൂട്ടം ആളുകളായി മാറുന്നതും കാണാം. അവര്‍ മമ്മൂട്ടിയെ തങ്ങളുടെ കൂട്ടത്തിലെ ഒരാളായി ചിത്രരീകരിക്കുന്നത് കാണാം. ആ ചിത്രീകരണത്തിലൂടെ അദ്ദേഹത്തെ പിന്തുണക്കുന്നുമുണ്ട്. തങ്ങളില്‍ ഒരാള്‍ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമണമായി ഇതിനെ പര്‍വ്വതീകരിക്കുന്നുമുണ്ട്. തങ്ങളെല്ലാം ആ ആശയത്തിന്റെ വക്തക്കളാണെന്നും, തങ്ങള്‍ പലപ്പോഴും മമ്മൂട്ടിയില്‍ നിന്ന് സഹായം സ്വീകരിക്കാറുണ്ടെന്ന് വരെ പറഞ്ഞു വയ്ക്കുന്നുണ്ട്. മമ്മൂട്ടിയെ പിന്തുണച്ച് കൊണ്ട് അദ്ദേഹത്തെ തീവ്ര ഇസ്ലമിസ്റ്റായി ചിത്രീകരിക്കുന്ന ഈ പ്രൊഫൈലുകള്‍ വ്യജമാണെന്ന വസ്തുത നെറ്റിസണ്‍സ് ട്രോളുകളിലൂടെയും, കമ്മന്റുകളിലൂടെയും പൊളിച്ചടുക്കുന്നുണ്ടെങ്കില്‍ പോലും ഐടി സെല്‍ മല്‍ഘോഷുമാരുടെ ലക്ഷ്യം പൂര്‍ണമായി പരാജയപ്പെടുന്നുമില്ല.

നീലക്കുയിലും പുഴുവും മമ്മൂട്ടിയും

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായൊരു നടനെതിരേ വര്‍ഗീയാധിക്ഷേപങ്ങളിലേക്കു വഴി വയ്ക്കുന്നതിലെ ഒരു ഘടകം പുഴു സിനിമ പറയുന്ന രാഷ്ട്രീയമാണ്. സിനിമ പ്രത്യക്ഷത്തില്‍ തന്നെ പറഞ്ഞുവയ്ക്കുന്നത് സവര്‍ണ്ണ ബ്രാഹ്‌മണ്യത്തിന്റെ അസഹിഷ്ണുതയാണെന്നാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത്. ഇത്തരമൊരു ആക്ഷേപം ബ്രാഹ്‌മണ്യത്തിനെതിരേ ഉയര്‍ത്താന്‍ കാരണം മമ്മൂട്ടിയും, സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദും ഉള്ളില്‍ കൊണ്ട് നടക്കുന്ന തീവ്ര ഇസ്ലാമിസമാണെന്ന ആഖ്യാനമാണവര്‍ കൊടുക്കുന്നത്. ഈ വാദത്തെ നീതികരിക്കാനുള്ള പരവേശമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും കാണുന്നത്. മമ്മൂട്ടി തീവ്ര ഇസ്ലാമിക ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്നുണ്ടെന്നും അതിനെ പിന്തുണക്കുന്നുണ്ടെന്നും വാദിക്കുന്ന നിരവധി ഫേസ്ബുക്ക് ഹാന്‍ഡിലുകള്‍ കാണാം. അവ പലമതങ്ങളില്‍പ്പെട്ട പ്രൊഫലുകളിലൂടെയാണ് നിങ്ങളുടെ മുന്നിലെത്തുന്നത്. എന്നാല്‍ ഈ വാദഗിക്കാരില്‍ ഭൂരിഭഗവും വ്യാജന്മാരാണെന്നതാണ് വാസ്തവം.

ഇന്ത്യയില്‍ സംഘപരിവാറിന്റെ ഐടി സെല്ലുകള്‍ എത്രമാത്രം ശക്തമാണെന്ന് മണിപ്പൂര്‍ കലാപത്തിലും, അയോധ്യ രാമക്ഷേത്ര ഉദഘാടന വേളയിലടക്കം വ്യക്തമായതാണ്. സമൂഹമാധ്യമങ്ങളിലൂടെ വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം വര്‍ഗീതയുടെയും, വിഭാഗീയതയുടെയും വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നത്തില്‍ ഈ വ്യാജ പ്രൊഫൈലുകള്‍ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല. ഒരു രാജ്യത്തിന്റെ സെക്കുലര്‍ സ്വഭാവത്തെ തന്നെ കീഴ്‌മേല്‍ മറിക്കാന്‍ പോന്നതാണ് ഈ തന്ത്രങ്ങള്‍. ഐടി സെല്ലുകള്‍ പൊതു തെരഞ്ഞെടുപ്പില്‍ പോലും ബിജെപിക്ക് വ്യാപക സ്വാധീനം നേടി കൊടുക്കുന്നുണ്ടെന്ന് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

അന്നവര്‍ ഫഹദിനെ രാജ്യദ്രോഹിയാക്കി, ഇന്ന് മമ്മൂട്ടിയെ ഇസ്ലാമിസ്റ്റും

മതം ആയുധമാക്കിയുള്ള വിഭാഗീയതയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. വെറുപ്പിനെയും വിദ്വേഷത്തെയും അതുവഴിയുള്ള വിഭാഗീയതയെയും രാഷ്ട്രീയത്തില്‍ ഫലവത്തയി കൊയ്തെടുക്കാന്‍ തീവ്ര വലതുപക്ഷ ശക്തികള്‍ക്ക് അനായാസം സാധിക്കുന്നുണ്ട്. അധികാര രാഷ്ട്രീയത്തിലടക്കം പ്രയോഗിച്ചു പോരുന്ന ഈ വിദ്വേഷം വിളയിച്ചെടുക്കാന്‍ പറ്റിയ മണ്ണ് കല സാംസ്‌കാരിക വേദികളാണ്. വലതുപക്ഷ ചായ്വ് പേറുന്ന പ്രൊപ്പഗാണ്ട സിനിമകളിലൂടെ വിഭാഗീയതയും, തീവ്ര ജാതി മത ചിന്തകളും പറഞ്ഞു വയ്ക്കാനും പോന്ന സിനിമകളും, ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചു കൊണ്ട് കൂടിയാണ്. ഇവിടം കൊണ്ട് തീരുന്നതല്ല ഈ അതിപ്രസരം. നുണ പ്രചാരങ്ങളിലൂടെയും കലാകാരന്മാര്‍ക്കു നേരെയുള്ള വ്യക്തിഹത്യയിലൂടെയും അത് വിഹരിക്കുന്നുണ്ട്. ഏറ്റവുമൊടുവിലായി ആ വാള്‍ എറിയപ്പെട്ടത് മമൂട്ടിക്ക് നേരെയാണ്. പുഴു, ബസ് കണ്ടക്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി ചെയ്തുവച്ച കഥാപത്രങ്ങളുടെ പേരിലാണ്. മമ്മൂട്ടിയെന്ന കലാകാരനെ അവര്‍ വളരെ വേഗം ‘ മുസ്ലിം’ ആക്കി, മതമൗലികവാദിയാക്കി.

ഇതാദ്യമായല്ല മമ്മൂട്ടിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത മലയാളത്തിലെ ഒരു പ്രമുഖ താരത്തിന്റെ മകളുടെ വിവാഹമാണ് വേദി. വിവാഹ വേദിയില്‍ ഒരിടത്ത് വച്ച് സിനിമയിലെ ഒരു പ്രമുഖ താരത്തിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിയ്ക്കാതെ വിട്ടു. തൊട്ടു പിന്നാലെയെത്തിയ മമ്മൂട്ടിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ചു ദേഹ പരിശോധനയടക്കം നടത്തി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ സംഭവത്തിന് പല തരത്തിലുള്ള ആഖ്യാനങ്ങള്‍ വന്നു. പതിവ് പോലെ തീവ്ര സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വിഷയം ഏറ്റെടുത്തു. മമ്മൂട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിലുള്ള ആഹ്ലാദം അവര്‍ മറച്ചുവച്ചില്ല. യഥാര്‍ത്ഥത്തില്‍ ഈ ആഹ്ലാദം എന്തിന്റെ പേരിലായിരുന്നു? രാജ്യം ഇതിനു മുന്‍പ് കണ്ടിട്ടില്ലാതെ വിധത്തില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവാഹ വേദിയില്‍ എത്തിയതോടെ പല പ്രമുഖ താരങ്ങളും അതി വിനയത്തോടെയാണ് പ്രധാനമന്ത്രിയെ എതിരേറ്റത്. എന്നാല്‍ മമ്മൂട്ടി പ്രധാനമന്ത്രിയെ വേണ്ടവിധത്തില്‍ അഭിവാദ്യം ചെയ്തില്ലെന്ന പരാതി ആദ്യമേ ഉയര്‍ന്നിരുന്നു. നല്‍കേണ്ട ബഹുമാനം അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു നല്‍കിയെന്ന കാര്യം സംഘപരിവാരം പരിഗണിച്ചതേയില്ല. അവര്‍ക്കു കാണേണ്ടിയിരുന്നത് വിനീതവിധേയന്മാരെയായിരുന്നു. ഇതിനു പിന്നലെയാണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ഈ സംഭവത്തെ ആഘോഷമാക്കിയത്.

സമൂഹത്തില്‍ വ്യക്തമായ സ്വാധീനമുള്ള വ്യക്തികള്‍ക്ക് നേരെ ഇതിനുമുമ്പും സംഘപരിവാര്‍ തങ്ങളുടെ സ്ഥിരം ആയുധമായ വിദ്വേഷ പ്രചരണവും, വ്യക്തിഹത്യയും നടത്തിയിട്ടുണ്ട്. സംഘപരിവാര്‍ ആശയധാരയ്ക്കു കുടപിടിക്കാത്തവരെല്ലാം തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന ഭയമാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍. കേരളമായതുകൊണ്ടും, മലയാളിക്ക് മമ്മൂട്ടി ആരാണെന്ന് അറിയാവുന്നതുകൊണ്ടും സംഘപരിവാര്‍ ഇപ്പോള്‍ അടുപ്പത്തിട്ടിരിക്കുന്ന പരിപ്പ് വേവില്ലെങ്കിലും, സൂക്ഷിക്കണം; മല്‍ഘോഷുമാര്‍ വലിയ അപകടം ഉണ്ടാക്കും.

Content Summary; Cyber attack against Mammootty, fake sangh parivar profiles that support actor and depict him as an Islamist

Advertisement