UPDATES

‘മോദി പറയുന്ന മറ്റൊരു പച്ചക്കള്ളമാണ് നെഹ്‌റു സംവരണവിരുദ്ധനായിരുന്നു എന്നത്’

സംവരണം എന്ന തത്വം നടപ്പിലാക്കിയത് തന്നെ ജവഹര്‍ലാല്‍ നെഹ്‌റുവാണ്; ജെ എസ് അടൂര്‍ എഴുതുന്നു

                       

കോൺഗ്രസ് എസ് സി, എസ് ടി, ഒ ബി സി, വിഭാഗങ്ങൾക്കുള്ള സംവരണത്തിന് എതിരായിരുന്നെന്നും ജവഹർലാൽ നെഹ്റു ഒരു സംവരണ വിരുദ്ധനാണെന്നുമായിരുന്നു രാജ്യസഭയിൽ ബജറ്റ് നന്ദിപ്രമേയത്തിൽ പങ്കെടുത്ത് സംസാരിച്ചോൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപം. അധികാരത്തിലെത്തിയതു മുതൽ നെഹ്‌റുവിനെതിരേ ആരോപണങ്ങൾ ആക്ഷേപങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന മോദിയുടെ ഏറ്റവും പുതിയ പരാതിയായിരുന്നു സംവരണ വിരുദ്ധനായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെന്നത്. ചരിത്രത്തിൽ മോദിക്കും മുമ്പും സമാനസ്വഭാവമുള്ള ആക്ഷേപം നെഹ്‌റുവിനെതിരേ ഉയർന്നിട്ടുണ്ടെന്നതും മറക്കേണ്ടതില്ല. സംവരണ കാര്യത്തിൽ നെഹ്‌റുവും അംബേദ്കറും രണ്ട് തട്ടിലായിരുന്നുവെന്ന പ്രചാരണം ഇന്നും സജീവമാണ്. യഥാർത്ഥത്തിൽ നെഹ്‌റു സംവരണ വിരുദ്ധനായിരുന്നോ ? മോദിയുടെ ആക്ഷേപത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ?

നെഹ്‌റുവിനെതിരായി പ്രചരിപ്പിക്കുന്ന സംവരണ വിരുദ്ധനെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നാണാണ് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ജെ എസ് അടൂർ പറയുന്നത്. ഈ വിഷയത്തിൽ അദ്ദേഹം അഴിമുഖവുമായി പങ്കുവച്ച നിലപാടുകൾ ഇങ്ങനെയാണ്;

നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങളെല്ലാം തന്നെ നൂറു ശതമാനം തെറ്റാണ്. കാരണം ഇന്ത്യൻ ഭരണഘടന ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയതാണ്. ഭരണഘടനയുടെ ആമുഖവും ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളും പാർലമെന്റിൽ 1946 ൽ ഡിസംബർ 13-ാം തീയതി ജവഹർലാൽ നെഹ്റു അനുശാസിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിർമിച്ചിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടന ഒരു ഇന്ത്യയിലെ പൗരന് നൽകുന്ന ഉറപ്പാണ് സംവരണം. അത്തരത്തിൽ സംവരണമുള്ളതുകൊണ്ടാണ് ഇന്ത്യൻ ഭരണ ഘടനയിൽ ഷെഡ്യൂൾഡ് കാസ്റ്റ് എന്നും ഷെഡ്യൂൾഡ് ട്രൈബ് എന്നും പ്രത്യേകം വേർതിരിച്ച് നൽകിയിരിക്കുന്നത്. സംവരണം എന്ന തത്വം നടപ്പിലാക്കിയത് തന്നെ ജവഹർലാൽ നെഹ്‌റുവാണ്. രണ്ടാമതായി, ഇന്ത്യയിലുള്ള എല്ലാവരുടെയും പട്ടിണി നിർമാർജ്ജനത്തിൽ വലിയ പങ്ക് വഹിക്കുന്ന റേഷൻ സംവിധാനം 1962 -ൽ ഉണ്ടാക്കിയത് ജവഹർ ലാൽ നെഹ്‌റുവാണ്. ഒപ്പം ഇന്ത്യയിലെ പൊതുവിതരണം സംവിധാനവും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സ്ഥാപിച്ചതു നെഹ്‌റുവാണ്. മൂന്നാമതായി, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തിൽ എല്ലാ യൂണിവേഴ്‌സിറ്റികളും ഉന്നതിയിലേക്ക് വരണമെന്നും ഒപ്പം സർവ്വകലാശാലകളിൽ വിദ്യാഭ്യാസം സൗജന്യമായിരിക്കണമെന്നും ആവശ്യപെട്ട വ്യക്തിയാണ് നെഹ്റു. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയും ആരോഗ്യ രംഗത്തുള്ള സംവരണങ്ങളും ഒപ്പം തന്നെ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത് ജവഹർലാൽ നെഹ്റുവാണെന്നതിനുള്ള വസ്തുതാപരമായ തെളിവുകളുണ്ട്. അതിനാൽ തന്നെ നരേന്ദ്ര മോദിയും അദ്ദേഹം ഉന്നയിച്ചിരിക്കുന്ന വാദങ്ങളും തെറ്റായതാണ്.

എസ് സി, എസ് ടി കൂടാതെ ഒ ബി സി എന്ന വിഭാഗത്തിനും സംവരണം വരുന്നത് നെഹ്‌റുവിന്റെ കാലത്താണ്. ചൂണ്ടിക്കാണിക്കാവുന്ന മറ്റൊരു ഉദാഹരണമാണ് ഇന്ത്യയുടെ ആദ്യത്തെ ദളിത് പ്രസിഡന്റായ കെ ആർ നാരായണൻ. അദ്ദേഹത്തെ പോലെ നൈപുണ്യമുള്ള ഒരു വ്യക്തിയെ ജവഹർലാൽ നെഹ്‌റുവാണ് ഇന്ത്യൻ വിദേശകാര്യ വകുപ്പിലേക്ക് നേരിട്ട് നിയമിച്ചത്. നരേന്ദ്ര മോദി ചൂണ്ടിക്കാണിക്കുന്ന
ദ്രൗപദി മുർമുവിനെ പോലെയല്ല കെ ആർ നാരായണനെ നെഹ്റു ആദരിച്ചിരുന്നത്. ജവഹർലാൽ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്നു കെ ആർ നാരായണൻ. കൂടാതെ, അമേരിക്കയുടെയും ചൈനയുടേതുമടക്കം അംബാഡിസർ സ്ഥാനം വഹിച്ച വ്യക്തിയാണ്. ഇതിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്. ദളിത് വിഭാഗത്തിൽ വരുന്ന വ്യക്തിയെ ഉന്നത സ്ഥാനത്തേക്ക് കൊണ്ടു വന്ന വ്യക്തിയാണ് നെഹ്റു. ഇത്രയും ഉദാഹരണങ്ങൾ കൺമുമ്പിൽ ഉണ്ടായിരിക്കെ എങ്ങിനെയാണ് നെഹ്റുവും അദ്ദേഹത്തിന്റെ പാർട്ടിയും ഏത് രീതിയിലാണ് സംവരണ വിരോധിയാവുക? ഭരണത്തിൽ ദളിതരുടെയും മുസ്ലിങ്ങളുടെയും സാനിധ്യം ഉറപ്പ് വരുത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം. മാത്രമല്ല നെഹ്റുവിനെ വിമർശിച്ച ശ്യാമ പ്രസാദ് മുഖർജിയെയും ബി ആർ അംബേദ്കറും കാബിനറ്റിൽ ചേർത്ത ആളാണ് അദ്ദേഹം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ദാരിദ്ര നിർമാർജ്ജന പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിയുടെ 18-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ 80,000 കോടി രൂപയുണ്ടായിരുന്ന പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചവരാണ് ബി ജെ പി സർക്കാർ. നിലവിൽ വാദിക്കുന്ന എല്ലാ ദാരിദ്ര്യ നിവാരണ പദ്ധതികളും പ്രാബല്യത്തിൽ കൊണ്ടുവന്നത് കോൺഗ്രസാണ്. മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായിരുന്നപ്പോഴാണ് തൊഴിലുറപ്പ് പദ്ധതി 2005 ൽ നിയമമാക്കുകയും 2006 ഫെബ്രുവരി രണ്ട് മുതൽ നടപ്പിലാക്കുകയും ചെയ്തത്. ബി ജെ പി ഇത്തരത്തിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എന്ത് പദ്ധതിയാണ് പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുള്ളത്. അവരുടേത് എന്ന വാദിക്കുന്ന നിലവിലുളള പദ്ധതികളെല്ലാം തന്നെ പേര് മാറ്റി പറയുന്നതല്ലാതെ ഒരു പുതിയ പദ്ധതിയോ സംവരണമോ ഈ ഗവൺമെന്റ് ജനങ്ങൾക്കായി കൊണ്ടുവന്നിട്ടില്ല.

ബി ആർ അംബേദ്കർ ആവശ്യപ്പെട്ടത് ദളിതർ ദളിതർക്ക് വേണ്ടി മാത്രം വോട്ട് ചെയ്യുന്ന പ്രത്യേക നിയോജകമണ്ഡലങ്ങൾ വേണമെന്നാണ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ എതിർത്തത് ഗാന്ധിജിയാണ് നെഹ്‌റു അന്നും നിശ്ശബ്ദനായിരുന്നു. അദ്ദേഹം ഒരിക്കലും ഒരു രീതിയിലുള്ള സംവരണത്തിനും എതിര് നിന്നിട്ടില്ല. ഈ വിഷയത്തിലുള്ള അംബേദ്കറിന്റെയും ഗാന്ധിജിയുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും തുടർന്നുള്ള ഒത്തു തീർപ്പിന്റെ ഭാഗമായാണ് പുനാ പാക്ട് ഉണ്ടാക്കിയത്. അതോടൊപ്പം ഓർക്കേണ്ട മറ്റൊരു വസ്തുത കോൺഗ്രസ്സിന്റെ കാലത്താണ് ആദ്യത്തെ ദളിത് പ്രസിഡന്റും, ചീഫ് ജസ്റ്റിസും ഉണ്ടായത്. ഇവർ രണ്ടു പേരും കേരളത്തിൽ നിന്നുള്ളവരാണ്. 1931 ൽ എ ഐ സി സി (ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി) കറാച്ചി പ്രമേയത്തിലൂടെയാണ് എല്ലാവർക്കും തുല്യ മനുഷ്യാവകാശങ്ങളും ജോലിചെയ്യാനുള്ള അവകാശങ്ങളും കോൺഗ്രസ്സ് കൊണ്ടുവരുന്നത്. ഇതിൽ നിന്ന് തന്നെ കോൺഗ്രസ്സിന്റെ നിലപാടുകൾ വ്യക്തമാണ്. നെഹ്‌റുവിന്റെ വാദം എന്നത് ഒരു ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും ഒരു പോലെ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടെന്നായിരുന്നു. സത്യാനന്തര കാലഘട്ടത്തിൽ നുണകൾ പറഞ്ഞ് പരത്തുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയാണ്.

(ജെ എസ് അടൂരുമായി അഴിമുഖം പ്രതിനിധി ഫോണിൽ സംസാരിച്ചു തയ്യാറാക്കിയത്)

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍