December 10, 2024 |
Share on

ബോളിവുഡിന്റെ പിന്നാമ്പുറ കഥകള്‍ പറയുന്ന ‘ഷോ ടൈം’

സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള സീരിസിന്റെ ട്രെയിലര്‍ പുറത്തിറക്കിയത് കരണ്‍ ജോഹര്‍

ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും വിലയേറിയ താരമായിരുന്നു ഇമ്രാന്‍ ഹാഷ്മി. കഴിഞ്ഞ 10 വര്‍ഷമായി ഇമ്രാന്‍ ഹാഷ്മിയുടേതായി പുറത്തിറങ്ങിയ ഒരു സിനിമ പോലും ഹിറ്റായിട്ടില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ക്കിടയില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഇമ്രാന്‍ ഹാഷ്മിയും മൗനി റോയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസാണ് ‘ഷോ ടൈം’. സീരിസിന്റെ ട്രെയിലര്‍ പുറത്തിറക്കിയത് കരണ്‍ ജോഹറാണ്.

ബോളിവുഡിലെ സ്വജനപക്ഷപാതം ഇതിവൃത്തമാകുന്ന സീരിസിന്റെ ട്രെയിലര്‍ കരണ്‍ ജോഹര്‍ പങ്കുവച്ചതിന്റെ ഞെട്ടലിലാണ് ആരാധകര്‍. മിഹിര്‍ ദേശായിയും അര്‍ച്ചിത് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്ത ഷോ ടൈമിന്റെ ടാഗ് ലൈന്‍ ‘സിനിമ ലോകത്തെ പാരമ്പര്യത്തിന്റെയും അഭിലാഷത്തിന്റെയും ഇതിഹാസ കഥ’ എന്നാണ്. മാര്‍ച്ച് എട്ടിന് ഡിസ്‌നിഹോറസ്റ്ററിലാണ്  സീരീസ് റിലീസ് ചെയ്യുന്നത്.

തന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് കരണ്‍ ജോഹര്‍ ഷോ ടൈമിന്റെ ട്രെയിലര്‍ പങ്കുവച്ചത്. ഒരു സിനിമ നിര്‍മാതാവിന്റെ വേഷത്തിലാണ് ഇമ്രാന്‍ ചിത്രത്തിലെത്തുന്നത്. മഹിമ മക്വാന അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടര്‍ ടെലിവിഷനില്‍ സ്വജനപക്ഷപാതം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ട്രെയ്‌ലറില്‍ കാണാം. ജനപ്രീതിയുള്ള ഒരു ബോളിവുഡ് താരത്തെയാണ് രാജീവ് ഖണ്ഡേല്‍വാള്‍ അവതരിപ്പിക്കുന്നത്. അര്‍മാനിയന്‍ ഗായകന്‍ അര്‍മാന്‍ മാലിക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ കഥാപാത്രമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ബോളിവുഡ് ‘സ്വന്തം’ ആണെന്ന് അവകാശപ്പെടുന്ന ഒരു ധനികനായ വ്യവസായിയുടെ വേഷത്തില്‍ നസിറുദ്ദീന്‍ ഷായും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

2017-ല്‍ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ കരണ്‍ ജോഹറിനെ ‘സ്വജനപക്ഷപാതത്തിന്റെ പതാകവാഹകന്‍’ എന്ന് നടി കങ്കണ റണാവത്ത് വിളിച്ചതു വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സംഭവത്തോടെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കരണ്‍ ജോഹര്‍ കുടുങ്ങിയിരുന്നു. സമാനമായ ഇതിവൃത്തം കൈ കാര്യം ചെയ്യുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ് കരണ്‍. അപൂര്‍വ മേത്ത, സോമെന്‍ മിശ്ര, മിഹിര്‍ ദേശായി എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ഷോ ടൈമിനെക്കുറിച്ച് ഇമ്രാന്‍ നേരത്തെ ഒരു പ്രസ്താവനയില്‍ പറഞ്ഞത്, ‘ഇത്രയും കാലം സിനിമ വ്യവസായത്തിന്റെ ഭാഗമായിരുന്നതുകൊണ്ട് തന്നെ അതിന്റെ നല്ലതും ചീത്തയുമായ വശങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതിനാല്‍ ഈ സിനിമയുടെ ഭാഗമാകാനുള്ള ക്ഷണം ഞാന്‍ സ്വീകരിക്കുകയായിരുന്നു’ എന്നാണ്. ബോളിവുഡിന്റെ അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡിന്റെ കഥകളിലേക്ക് ആഴ്ന്നിറങ്ങാന്‍ തയ്യാറാകൂ എന്നാണ് പ്രേക്ഷകരോട് ഇമ്രാന്‍ പറയുന്നത്.

×