മോദി സര്‍ക്കാരിനും ബിജെപിക്കും സംഘപരവാറിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നൊരു മേഖലയായി മാറിയിരിക്കുകയാണോ ബോളിവുഡ്? തുടര്‍ച്ചയായി തയ്യാറാക്കി കൊണ്ടിരിക്കുന്ന സിനിമകള്‍ കാണുമ്പോഴാണ് ബിജെപി-ആര്‍എസ്എസിനു വേണ്ടി ആത്മാര്‍ത്ഥമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബോളിവുഡില്‍ നടക്കുന്നതെന്ന തോന്നല്‍ ഉണ്ടാകുന്നത്.
ബിജെപിക്ക് വേണ്ടി ചരിത്രങ്ങള്‍ നിര്‍മിക്കുകയും അവരുടെ നേതാക്കന്മാരെ മഹത്വവത്കരിക്കുകയും മാത്രമല്ല, പ്രഖ്യാപിത സംഘപരിവാര്‍ ശത്രുക്കളെ, ജനങ്ങള്‍ക്ക് മുന്നില്‍ അവരുടെ കൂടി ശത്രുക്കളാക്കുന്ന തരത്തില്‍ അവതരിപ്പിക്കുന്ന സിനിമകളാണ് റിലീസ് ചെയ്യുന്നതും അണിയറില്‍ തയ്യാറായി കൊണ്ടിരിക്കുന്നതും.
ബിജെപിയും സംഘപരിവാറിനുമുള്ള ഏക ‘സ്വാതന്ത്രസമര പോരാളി’യാണ് വിനായക് ദാമോദര്‍ സവര്‍കര്‍ അഥവ ‘വീര്‍ സവര്‍കര്‍’. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ, ഹിന്ദു രാജ്യത്തിനായി പ്രവര്‍ത്തിച്ച, മുസ്ലിങ്ങളെയും കമ്യൂണിസ്റ്റുകാരെയും എന്തിന്, ഗാന്ധിയെ പോലും ശത്രുപക്ഷത്ത് കണ്ടിരുന്ന ഒരു മതമൗലികവാദിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സവര്‍ക്കറെ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ നേതൃത്വ നിരയില്‍ പ്രതിഷ്ഠിക്കാനാണ് ബിജെപിയും പരിവാരവും കുറച്ചു കാലങ്ങളായി പ്രയത്‌നിക്കുന്നത്. അതിനുവേണ്ടിയുള്ള ചെലവേറിയൊരു പ്രചാരണമാണ് ബോളിവുഡ് നടത്തിയിരിക്കുന്നത്.
മുമ്പും ചില സിനിമകള്‍ സവര്‍ക്കര്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ടിരുന്നു(മലയാളത്തില്‍ കാലാപനി എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലും സവര്‍ക്കര്‍ ‘ധീരനായിരുന്നു’). എന്നാല്‍, സീ സ്റ്റുഡിയോ നിര്‍മിക്കുന്ന ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ ഇക്കൂട്ടത്തില്‍ കുറച്ചു ചെലവ് കൂടിയ ബയോപിക് ആണ്. ചിത്രം സംവിധാനം ചെയ്യുന്നതും ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ബോളിവുഡ് സ്റ്റാര്‍ രണ്‍ദീപ് ഹൂഡയാണ്. ഹൂഡയുടെ ആദ്യ സംവിധാന സംരംഭമാണ്. മാര്‍ച്ച് 22 ന് ചിത്രം റിലീസ് ചെയ്യും. ചരിത്രം തിരുത്തിയെഴുതുകയാണെന്നാണ് ഹൂഡയുടെ അകാശവാദം. ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ സവര്‍ക്കര്‍ വഹിച്ച പങ്ക് ചരിത്രം ഇത്രനാളും മൂടിവച്ചിരിക്കുകയായിരുന്നുവെന്നും താനത് വെളിയില്‍ കൊണ്ടുവരുമെന്നുമാണു ഹൂഡ പറയുന്നത്. സിനിമ സവര്‍ക്കറെ വീരനാക്കുന്നതിനൊപ്പം ഗാന്ധിയെ കുറ്റപ്പെടുത്തുന്നുമുണ്ട്. ഗാന്ധിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സ്വതന്ത്രമാകുമെന്നാണ് സിനിമ പറയുന്നത്. ഗാന്ധിയെ എങ്ങനെയെങ്കിലും പടിയിറക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ്-ബിജെപി നീക്കങ്ങള്‍ക്ക് സഹായം നല്‍കുന്ന പ്രഖ്യാപനമാണ് സിനിമ നടത്തുന്നത്.
ഇന്ത്യയെ കത്തിച്ച സമകാലിക കലാപമായ ഗുജറാത്ത് വംശഹത്യയെ അപനിര്‍മിക്കുന്ന മറ്റൊരു ചിത്രമാണ് ‘ആക്‌സിഡന്റ് ഓര്‍ കോണ്‍സ്പിറസി; ഗോധ്ര. എം കെ ശിവാക്ഷ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഒഎം ത്രിനേത്ര ഫിലിംസും ആര്‍ട്ട്വേഴ്‌സ് സ്റ്റുഡിയോസും ചേര്‍ന്നാണ്. ഗുജറാത്ത് വംശഹത്യയിലേക്ക് വഴിവച്ചത് ഗോധ്ര ട്രെയിന്‍ തീവയ്പ്പായിരുന്നു. കര്‍സേവകര്‍ കൊല്ലപ്പെട്ട സംഭവം ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. കത്തുന്ന ട്രെയിന്റെ ജനല്‍ വാതിലിലൂടെ പ്രാണരക്ഷാര്‍ത്ഥം നീണ്ടു വരുന്ന കൈകളാണ് സിനിമയുടെ പോസ്റ്റര്‍. ഗോധ്ര ദുരന്തത്തെ അതിന്റെ ഗുണഭോക്താക്കള്‍ക്ക് അനുകൂലമായി അവതരിപ്പിക്കാനുള്ള മറ്റൊരു ശ്രമം.
മോദി ഭരണകൂടം അധികാരത്തില്‍ വന്നനാള്‍ തൊട്ട് ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രധാന ടാര്‍ഗറ്റ് ആയി മാറുകയായിരുന്നു ലോകത്തിന് തന്നെ അഭിമാനമായി നിലനില്‍ക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി അഥവ ജെഎന്‍യു. ജെഎന്‍യുവിനെ തകര്‍ക്കാന്‍ പലശ്രമങ്ങളും നടക്കുന്നുണ്ട്്. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കും സംഘപരിവാര്‍ വിരുദ്ധ അധ്യാപകര്‍ക്കും എതിരേ ആരോപണങ്ങളും കേസുകളും നിത്യസംഭവമായി മാറി. എങ്കിലും രാജ്യത്ത് നടക്കുന്ന എല്ലാ ജനാധിപത്യ പോരാട്ടങ്ങളുടെയും തരംഗം ജെഎന്‍യുവിലും അലയടിക്കും. ഇവിടെ ജെഎന്‍യുവിനെതിരേ ഒരു സിനിമയുണ്ടാക്കി സംഘപരിവാര്‍ അജണ്ടയ്ക്ക് കൂട്ടുനില്‍ക്കുകയാണ് ‘ജഹാംഗിര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി’യിലൂടെ. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തു വന്നതപ്പോള്‍ തന്നെ എത്രമാത്രം പ്രകോപനം സൃഷ്ടിക്കുന്ന സിനിമയാണിതെന്നു വ്യക്തമായി. കാവി നിറത്തിലുള്ള ഇന്ത്യയെ കൈയില്‍ ചുരുട്ടി പിടിക്കുന്നതാണ് പോസ്റ്റര്‍. ‘വിദ്യാഭ്യാസത്തിന്റെ അടഞ്ഞ മതിലുകള്‍ക്ക് പിന്നില്‍ രാഷ്ട്രത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന നടക്കുന്നു’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. അര്‍ബന്‍ നക്‌സലൈറ്റുകള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവകാശപ്പെടുന്ന സിനിമ ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യും.
ഒരു ചെറിയ പട്ടണത്തില്‍ നിന്നും ജെഎന്‍യുവില്‍ പഠിക്കാനെത്തുന്ന സൗരഭ് ശര്‍മയെന്ന വിദ്യാര്‍ത്ഥിയാണ് കഥാനായകന്‍. സര്‍വകലാശാലയിലെ ‘ഇടതുപക്ഷ ആധിപത്യത്തെ’ സൗരഭ് വെല്ലുവിളിക്കുകയും ‘ലൗ ജിഹാദ്’ നടത്തുന്ന വിദ്യാര്‍ത്ഥികളെ എതിര്‍ക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം. കേന്ദ്ര ഫണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ വികൃതമുഖം വെളിവാക്കുന്ന സിനിമയെന്നാണ് അണിയറപ്രവര്‍ത്തകരും ബിജെപി ഐടി സെല്ലും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. അതേസമയം, ജനാധിപത്യവിശ്വാസികള്‍, ഈ സിനിമ ബോളിവുഡ് പ്രൊപ്പഗാണ്ടയുടെ മറ്റൊരു മുഖം എന്നാണ് വിമര്‍ശിക്കുന്നത്.
ബിജെപി അവരുടെ പ്രഖ്യാപിത അജണ്ടയായി പ്രഖ്യാപിച്ചിരുന്ന വിഷയമായിരുന്നു ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്നത്. അതവര്‍ ചെയ്യുകയും ചെയ്തു. മോദി സര്‍ക്കാര്‍ നടപടി ശരിയായിരുന്നുവെന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടി കൊണ്ടുവന്ന സിനിമയായിരുന്നു ‘ ആര്‍ട്ടിക്കിള്‍ 370’. ഫെബ്രുവരി 23 ന് രാജ്യവ്യാപകമായി റിലീസ് ചെയ്ത സിനിമ, തുടക്കത്തില്‍ ചില ചലനങ്ങള്‍ തിയേറ്ററുകളില്‍ ഉണ്ടാക്കിയെങ്കിലും രണ്ടാഴ്ച്ചയ്ക്കപ്പുറം ബോക്‌സ് ഓഫിസില്‍ തകര്‍ന്നു. ആദിത്യ സുഹാസ് ജംഭാലെ ത്രില്ലര്‍ ഴോണറില്‍ കശ്മീര്‍ പശ്ചാത്തലമാക്കിയെടുത്തിരിക്കുന്ന സിനിമ മോദിയെയും സര്‍ക്കാരിനെയും ധീരനായകരാക്കുന്ന ഒരു പ്രൊപ്പഗാണ്ട സിനിമ മാത്രമാണെന്ന്് പ്രേക്ഷകര്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും ചുമതലപ്പെടുത്തുന്ന ഒരു യുവ വനിത ഓഫിസര്‍(യാമി ഗുപ്ത) നടത്തുന്ന സാഹസിക പോരാട്ടങ്ങളാണ് ആര്‍ട്ടിക്കിള്‍ 370 പറയുന്നത്. നായകന്മാരെ മനസിലായ സ്ഥിതിക്ക് വില്ലന്മാര്‍ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! കശ്മീരിലെ രാഷ്ട്രീയക്കാരെല്ലാവരും അഴിമതിക്കാരും രാജ്യത്തോട് സ്‌നേഹമില്ലാത്തവരും, പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിന്റെ രക്ഷകനുമാകുന്നു. പുല്‍വാമ, ബാലേകോട്ട് ആക്രമണങ്ങളും സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. മോദിയുടെ പുകഴ്ത്തലിനും അര്‍ഹമായ സിനിമയാണ് ആര്‍ട്ടിക്കിള്‍ 370. ജനങ്ങള്‍ക്ക് ചില പ്രത്യേക വിഷയങ്ങളില്‍ താത്പര്യം ഉണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.
ആര്‍ട്ടിക്കിള്‍ 370 തീവ്രവാദികള്‍ക്കെതിരെയായിരുന്നുവെങ്കില്‍, ബസ്തര്‍ നക്‌സല്‍ വിരുദ്ധ സിനിമയാണ്. ദ കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ ആണ് ബസ്തര്‍; ദ നക്‌സല്‍ സ്‌റ്റോറിയും ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ നക്‌സല്‍ ആക്രമണങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ആര്‍ട്ടിക്കിള്‍ 370 പോലെ ബസ്തറും നായിക കേന്ദ്രീകൃത സിനിമയാണ്.
എന്തുകൊണ്ട് നായികമാര്‍ എന്നതിനു പിന്നിലും കൃത്യമായി രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് ദ ടെലഗ്രാഫ് എഴുതുന്നത്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിടുന്നുണ്ടവര്‍. രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരേ പോരാടുന്ന സ്ത്രീകള്‍ വനിത വോട്ടര്‍മാരില്‍ ആവേശവും വികാരവും ഉണ്ടാക്കാം. ഇത്തരം പെണ്‍പോരാട്ടങ്ങള്‍ മോദിയുടെ ഇന്ത്യയിലാണ് നടക്കുന്നതെന്നത് മറ്റൊരു ഇലക്ഷന്‍ പ്രചാരണവുമാക്കുന്നു.
ഈ സിനിമകളെല്ലാം ബോക്‌സ് ഓഫീസ് വിജയങ്ങള്‍ ലക്ഷ്യമിടുന്നില്ല. കളക്ഷന്‍ അല്ല അവരുടെ ലക്ഷ്യം. ജനുവരിയില്‍ റിലീസ് ചെയ്ത സിനിമയായിരുന്നു ‘മേം അടല്‍ ഹൂണ്‍’. അന്തരിച്ച ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവചരിത്രം. റിലീസ് ചെയ്ത് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍ സിനിമ തിയേറ്ററുകളില്‍ നിന്നും പോയി. ഇനിയവര്‍ അത് ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യാന്‍ ഇരിക്കുകയാണ്.
2023 ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു 72 ഹൂറൈന്‍(72 ഹൂറികള്‍) ഇന്ത്യ ഗേറ്റില്‍ ആക്രമണം നടത്താന്‍ വരുന്ന രണ്ട് തീവ്രവാദികളുടെ കഥ. തങ്ങള്‍ പോരാടി മരിച്ചാല്‍ സ്വര്‍ഗത്ത് ചെല്ലുമ്പോള്‍ 72 കന്യകമാരെ ലഭിക്കുന്നമെന്ന് വിശ്വസിക്കുന്ന രണ്ടു പേര്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്തുവെന്ന് അവകാശപ്പെട്ട സിനിമ തിയേറ്റുകളില്‍ പൊട്ടിത്തകര്‍ന്നു. ഇസ്ലാമോബോഫിയ പടര്‍ത്തുന്ന മറ്റൊരു ചിത്രമായിരുന്നു റസാകര്‍; ദി സൈലന്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ്. സ്വാതന്ത്രാനന്തരം ഇന്ത്യയോട് ചേരാന്‍ വിസമ്മതിച്ച ഹൈദരാബാദ് നിസം, ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ പോളോയെ തന്റെ സൈന്യത്തെ ഉപയോഗിച്ച് നേരിടുന്നതായിരുന്നു ഇതിവൃത്തം. ഈ സിനിമയ്‌ക്കെതിരേ കോടതിയില്‍ കേസ് നില്‍ക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്കെതിരേ മുസ്ലിങ്ങള്‍ നടത്തുന്ന ക്രൂരതകളെന്ന പേരില്‍ മുസ്ലിം വിരുദ്ധ രംഗങ്ങള്‍ കുത്തിനിറച്ചിരുന്നു. ഈ സിനിമകള്‍ക്കൊന്നും ഒരു ചലച്ചിത്രം എന്ന നിലയില്‍ ബോക്‌സ് ഓഫിസില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം ചില സിനിമികള്‍ രാഷ്ട്രീയ ലാഭത്തിനു പുറമെ സാമ്പത്തിക ലാഭവും ഉണ്ടാക്കി കൊടുക്കുന്നുണ്ട്. കേരള സ്റ്റോറി, കശ്മീര്‍ ഫയല്‍സ് എന്നീ ലക്ഷണമൊത്ത സംഘപരിവാര്‍ പ്രചാരണ സിനിമകള്‍ ബോക്‌സ് ഓഫീസ് വിജയങ്ങളും നേടിയെടുത്തിരുന്നു.
പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് ഈ സിനിമകളെല്ലാം പുറത്തേക്കു വരുന്നത്. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക കയറുന്നതിനു മുമ്പായി അവരിലേക്ക് സിനിമകളെന്ന വിലാസത്തില്‍ സംഘപരിവാര്‍ പ്രചാരണങ്ങള്‍ എത്തുന്നുണ്ട്. കൃത്യമായ കണക്കുകൂട്ടലുകളോടെ തന്നെയാണ് ഈ സിനിമകളുടെയെല്ലാം റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നത്.
ഇത്തരം സിനിമകളുടെ അണിയറക്കാര്‍ തങ്ങള്‍ പ്രൊപ്പഗാണ്ട സിനിമകളാണ് ചെയ്യുന്നതെന്ന് സമ്മതിച്ചു തരില്ല. തങ്ങള്‍ രാജ്യത്തിന്റെ അവസ്ഥകള്‍, യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറയുകയാണെന്നാണ് അവരുടെ അവകാശവാദം. ബിജെപിക്ക് ജയിക്കാന്‍ ഞങ്ങളുടെ സിനിമകളുടെ ആവശ്യമെന്താണെന്ന പരിഹാസവും അവര്‍ക്കുണ്ട്.
മേല്‍പ്പറഞ്ഞ സിനിമകളും ഇനി വരാനൊരുങ്ങുന്ന സിനിമകളും എല്ലാം തന്നെ സംഘപരിവാറിന്റെയും ബിജെപിയുടെയും പ്രഖ്യാപിത ശത്രുക്കളെ ലക്ഷ്യം വച്ചുള്ളവയാണ്. പ്രൊപ്പഗാണ്ട സിനിമകള്‍. ഏറ്റവും ശക്തമായൊരു ജനകീയ മാധ്യമം എന്ന നിലയില്‍ സിനിമ സംഘപരിവാര്‍ വേണ്ടപോലെ ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പോലും അവരുടെ നിയന്ത്രണത്തിലായി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മാത്രമല്ല, തങ്ങളുടെ അജണ്ടകള്‍ പ്രചരിപ്പിക്കാനും അവര്‍ സിനിമ ഉപയോഗിക്കുകയാണ്.