രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തു വരുന്നത്. ഓരോ വ്യവസായ സ്ഥാപനങ്ങളും തങ്ങളുടെ അഴിമതിയും കള്ളത്തരങ്ങളും മറച്ചു വയ്ക്കാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക്, സുപ്രിം കോടതി ‘ഭരണഘടന വിരുദ്ധം’ എന്നു വിധിയെഴുതിയ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സഹസ്രകോടികളാണ് ‘സംഭാവന’ നല്‍കിയത്. ഇടതു പാര്‍ട്ടികള്‍ ഒഴിച്ച്-സിപിഎം, സിപിഐ)പ്രാദേശിക പാര്‍ട്ടികളും പ്രതിപക്ഷനിരയിലുള്ളവരുമൊക്കെ കോടികള്‍ ഓരോ കമ്പനികളില്‍ നിന്നും വാങ്ങി. ഗുണമേന്മയില്ലാത്ത മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നവര്‍, പാലങ്ങളും റോഡുകളും നിര്‍മിക്കാന്‍ കരാര്‍ എടുത്തവര്‍, ഖനന വ്യവസായികള്‍, വന്‍കിട ബിസിനസുകര്‍ തുടങ്ങി വമ്പന്മാരെല്ലാവരും ബോണ്ടുകള്‍ വാങ്ങി പാര്‍ട്ടികളെയും സര്‍ക്കാരുകളെയും തൃപ്തിപ്പെടുത്തി. പണം വാങ്ങി ഉപകാരം ചെയ്തു കൊടുത്തവരില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത് രാജ്യം ഭരിക്കുന്ന ബിജെപിയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വാതില്‍ മുട്ടിയവരെല്ലാം ശതകോടികളുടെ ബോണ്ടുകള്‍ വാങ്ങി പാര്‍ട്ടിയുടെ ദയ തേടി, അങ്ങനെ അവരെല്ലാം കേസുകളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും രക്ഷപ്പെട്ടു.
ഇത്രയും വലിയ അഴിമതി രാജ്യത്ത് നടന്നിട്ടും, മുഖ്യധാര ദേശീയ മാധ്യമങ്ങള്‍ക്ക്(പ്രാദേശിക മാധ്യമങ്ങള്‍ക്കും) തെരഞ്ഞെടുപ്പ് ബോണ്ട് അഴമതി വാര്‍ത്തയായി തോന്നുന്നില്ല. ഏതാനും സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഒഴിച്ചാല്‍, പ്രധാന ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഈ വിഷയത്തില്‍ അന്വേഷണങ്ങള്‍ക്കും താത്പര്യമില്ല, ചര്‍ച്ചകളും വേണ്ട. പരിപൂര്‍ണ നിശബ്ദരായിക്കൊണ്ട്, ഭരണകക്ഷിയെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്.
ദേശീയ പാര്‍ട്ടികളുടെ ബിജെപി വിധേയത്വം പുതിയ കഥയല്ലെങ്കിലും, അവരെങ്ങനെയാണ് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും ‘ സംരക്ഷിക്കുന്നത ‘ എന്നതിന് ഏറ്റവും പുതിയൊരു ഉദ്ദാഹരണം മുന്നില്‍ വന്നിരിക്കുകയാണ്. അത് അരവിന്ദ് കെജ്‌രിവാളിന്റെ രൂപത്തിലാണ്. വ്യാഴാഴ്ച്ച രാത്രി, ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തതു മുതല്‍ ദേശീയ ചാനലുകള്‍ ആവേശത്തിലാണ്. അവര്‍ പ്രതിപക്ഷത്തിന്റെ ‘അഴിമതിയും’ ഭരണകക്ഷിയുടെ ‘അഴിമതിവിരുദ്ധ പോരാട്ടവും’ ഇടതടവില്ലാതെ ആഘോഷിക്കുകയാണ്. ഇലക്ടറല്‍ ബോണ്ട് വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ നിന്നും മായ്ച്ച് കളയാന്‍ ഈയവസരം നന്നായി മുതലെടുക്കുന്നുണ്ട് ഇന്ത്യയിലെ പ്രൈം ടൈം ആങ്കര്‍മാര്‍.
ആജ് തക്കിലെ തന്റെ ‘ ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ ഷോയില്‍ സുധീര്‍ ചൗധരി പതിവ് പരിഹാസങ്ങളും ഏകപക്ഷീയമായ ആരോപണങ്ങളും കൊണ്ട് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഒപ്പം പ്രതിപക്ഷ സഖ്യത്തെയും ആക്രമിക്കുകയാണ്. ഇഡിയ്ക്കു മേല്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല, കേന്ദ്രസര്‍ക്കാരിനെ പരിപൂര്‍ണ വിശ്വാസവും. കെജ്‌രിവാളിന്റെ അറസ്റ്റില്‍, പ്രതിപക്ഷത്തിന്റെ നിലപാടും, ഇഡിയുടെ ആരോപണങ്ങളും ബാലന്‍സ് ചെയ്ത് പറഞ്ഞാണ് വെള്ളിയാഴ്ച്ചത്തെ തന്റെ ചര്‍ച്ച ചൗധരി ആരംഭിച്ചതെങ്കിലും, പെട്ടെന്ന് തന്നെ ആങ്കര്‍ തന്റെ പ്രഖ്യാപിത മാര്‍ഗത്തിലേക്ക തിരിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍.
അഴിമതിക്കെതിരായി പോരാടുമെന്ന് വാഗ്ദാനം ചെയ്‌തൊരാള്‍ തന്നെ അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്, ജനാധിപത്യത്തിന്റെ കൊലപാതകമാണോ എന്നായിരുന്നു സുധീര്‍ ചൗധരിയുടെ ചോദ്യം. അരവിന്ദ് കെജ്‌രിവാള്‍ വലിയ ദേശീയ നേതാവായി മാറിയതുകൊണ്ടാണോ ഇത് സംഭവിക്കുന്നത്? ചൗധരിയുടെ അടുത്ത ചോദ്യം. ഗുരുതരമായ അഴിമതി എന്നു തന്നെയാണ് അജ് തക് അവതാരകന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്.
ചര്‍ച്ചയ്ക്കിടയില്‍ ചൗധരി ‘എക്‌സ്‌ക്ലൂസീവ്’ ആയൊരു വിവരവും പുറത്തു വിട്ടിരുന്നു. ഇഡി ഉദ്യോഗസ്ഥരില്‍ ചിലര്‍ കെജ്‌രിവാളിനു വേണ്ടി ചാരപ്പണിയെടുത്തിരുന്നതിന്റെ തെളിവുകള്‍ ഉദ്യോഗസ്ഥര്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയെന്നായിരുന്നു എക്‌സ്‌ക്ലൂസീവ്. എന്നാല്‍, ആ തെളിവുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനോ, അതിന്റെ രേഖകളോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതികരണമോ ഒന്നുമില്ല, തെളിവ് കിട്ടി എന്ന വാദം മാത്രം.
ഇടയ്ക്ക് കെജ്‌രിവാളിന്റെ പഴയൊരു വീഡിയോ കാണിക്കുന്നു. തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു എന്ന് കെജ്‌രിവാള്‍ പറയുന്നതാണ് വീഡിയോയില്‍. ആ വീഡിയോ പ്ലേ ചെയ്ത ശേഷം പരിഹാസത്തോടെ ചൗധരിയുടെ വാക്കുകള്‍, ഇഡി പറയുന്നത്, മദ്യനയത്തിനു പിന്നിലെ അഴിമതിയുടെ യഥാര്‍ത്ഥ സൂത്രധാരന്‍ കെജ്‌രിവാള്‍ ആണെന്നാണ്. ഇതില്‍ അടിമുടി അഴിമതിയാണെന്നുമാണ്.
അറസ്റ്റിന് പിന്നാലെ കെജ്‌രിവാളിന്റെ അഭിഭാഷകര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു, എന്നാല്‍ പിന്നീട് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു. ഇതിനെയും പരിഹസിക്കുന്നുണ്ട് ചൗധരി. വികൃതമായൊരു ചിരിയോടെ അയാള്‍ ചോദിക്കുന്നത്, കെജ്‌രിവാളിന് എന്തുപറ്റി? പേടിച്ചു പോയോ? എന്നാണ്. ഇഡിയുടെ ഫയലിലെ തെളിവുകള്‍ ബോധ്യപ്പെട്ടതുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി അറസ്റ്റ് തടയാന്‍ വിസമ്മതിച്ചതെന്നും ചൗധരി സമര്‍ത്ഥിക്കുന്നു. തുടര്‍ പരിഹാസം ഇങ്ങനെയാണ്; കെജ്‌രിവാളിന്റെ ഹോളി ഇഡിയുടെ പുതിയ ഓഫിസിലാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഹോളി എന്നും ഓര്‍മിക്കപ്പെടും!
ഈ അഴിമതി കേസ് വ്യാജമാണെങ്കില്‍, മനീഷ് സിസോദിയയും സഞ്ജയ് സിംഗും ഇപ്പോഴും ജയിലില്‍ കിടക്കുന്നതെന്തുകൊണ്ടാണെന്നാണ് ചൗധരിയുടെ മറ്റൊരു ചോദ്യം. ഇരുവര്‍ക്കും ഇതുവരെ ജാമ്യം കിട്ടാത്തൊരു കേസ് വ്യാജമാണോയെന്നാണ് ചൗധരി ചോദ്യം ആവര്‍ത്തിക്കുന്നത്. ബിജെപി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതല്ലെന്നു കൂടി അയാള്‍ വാദിക്കുന്നുണ്ട്. നാല് സീറ്റില്‍ പോലും ബിജെപിക്ക് എതിരാളിയാകാന്‍ കഴിയാത്ത പാര്‍ട്ടിയാണ് എഎപിയെന്നാണ് പരിഹാസം.
ന്യൂസ് 18 നും കെജ്‌രിവാളിന്റെ അറസ്റ്റ് ആഷോഷിക്കുകയാണ്. ‘ കെജ്‌രിവാളിന്റെ ജീവിതം ഇനി ജയിലിലാണോ? എന്നാണ് ചാനലിന്റെ ചോദ്യം. അവരുടെ പ്രൈം ടൈം ഷോ ആയ ‘ ദേശ് നഹി ജുക്‌നെ ദേംഗേ’യില്‍ വെള്ളിയാഴ്ച്ച നടന്ന ചര്‍ച്ചയുടെ യൂട്യൂബ് വീഡിയോയുടെ തമ്പ് നെയ്‌ലിനൊപ്പം കൊടുത്തിരിക്കുന്ന ചിത്രം കെജ്‌രിവാള്‍ കണ്ണുനീര്‍ തുടയ്ക്കുന്നതാണ്. വീഡിയോ ഓപ്പണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന വോയ്‌സ് ഓവര്‍, കെജ്‌രിവാള്‍ അറസ്റ്റില്‍, തെരുവില്‍ കലാപം, കെജ്‌രിവാളിന്റെ ചാരക്കേസ്’ എന്നിങ്ങനെയാണ്. പതിവ് അവതാരകനായ അമന്‍ ചോപ്രയ്ക്ക് പകരം, ഇത്തവണ സബീന തമാംഗും, കിഷോര്‍ അജ്വാനിയുമാണ് പ്രൈം ടൈം നയിച്ചത്. കെജ്‌രിവാള്‍ ഇഡി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിന് ഡല്‍ഹി മുഖ്യമന്ത്രിക്കെതിരേ വേറൊരു കേസ് കൂടി ചാര്‍ജ് ചെയ്യണമെന്നാണ് അവതാരകരുടെ ആവശ്യം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഇഡി നടത്തുന്നതെന്ന് യാതൊരു അന്വേഷണവുമില്ല, ചര്‍ച്ചയുമില്ല. ചര്‍ച്ചയ്ക്കിടയില്‍ കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആം ആദ്മിയുടെയും ബിജെപിയുടെയും നേതാക്കളുടെ പ്രതികരണങ്ങളും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പക്ഷേ, ആം അദ്മിയുടെ ഒരു വീഡിയോ ഇടുമ്പോള്‍ ബിജെപിയുടെ രണ്ട് വീഡിയോകള്‍ ചാനല്‍ കാണിക്കും. ജനങ്ങള്‍ ബിജെപിക്കാര്‍ പറയുന്നത് കൂടുതലായി കേട്ടാല്‍ മതിയെന്ന പോലെ.
ജയിലില്‍ കിടന്നുകൊണ്ട് കെജ്‌രിവാള്‍ എങ്ങനെ ഡല്‍ഹി സര്‍ക്കാരിനെ നയിക്കുമെന്നാണ് ടൈംസ് നൗ നവ്ഭാരതിന്റെ സുശാന്ത് സിന്‍ഹയുടെ ചോദ്യം. ഡല്‍ഹി സര്‍ക്കാരും ആം അദ്മി പാര്‍ട്ടിയും എപ്പോള്‍ തകരുമെന്നാണ് സുശാന്തിന് അടുത്തതായി അറിയേണ്ടത്. ചാനലില്‍ സുശാന്ത് അവതരിപ്പിക്കുന്ന പ്രൈം ടൈം ചര്‍ച്ചയാണ് ‘ ന്യൂസ് കി പാഠ്ശാല’. വെള്ളിയാഴ്ച്ചത്തെ ചര്‍ച്ചയുടെ യൂട്യൂബ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തമ്പ് നെയ്ല്‍ ഡല്‍ഹി സര്‍ക്കാര്‍ വീഴുമോ, ആം ആദ്മി പാര്‍ട്ടി തകരുമോയെന്നാണ്. കെജ്‌രിവാള്‍ ഇഡി ഓഫിസില്‍ ഇത്തവണ ഹോളി ആഘോഷിക്കുമെന്നു പരിഹസിക്കാന്‍ സുശാന്ത് സിന്‍ഹയും മറന്നില്ല. ഇഡി ആരോപണങ്ങള്‍ കോടതി ശരിവച്ചിരിക്കുകയാണെന്നും തെളിവുകളുണ്ടെന്നുമാണ് ടൈം നൗവ് നവ്ഭാരത് അവതാരകനും സമര്‍ത്ഥിക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയം മാറ്റിമറിക്കാനാണ് കെജ്‌രിവാള്‍ വന്നതെന്നും ഒരുതരത്തില്‍ നോക്കിയാല്‍ അദ്ദേഹമത് ചെയ്‌തെന്നും സുശാന്ത് പരിഹസിക്കുന്നു.
‘സ്വാതന്ത്ര്യത്തിനുശേഷം ഇന്നു വരെ ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, അങ്ങനെ നോക്കുമ്പോള്‍, അധികാരത്തിലിരിക്കെ ജയിലില്‍ പോകുന്ന ആദ്യ മുഖ്യമന്ത്രിയെന്ന നിലയില്‍ കെജ്‌രിവാള്‍ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവന്നു. ഇത് ഒരു മാറ്റമാണ്… രാഷ്ട്രീയത്തില്‍ എന്തൊരു മാറ്റമാണ് അദ്ദേഹം കൊണ്ടുവന്നത്! ഇഡി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുമ്പോഴും അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ കടിച്ചുതൂങ്ങിക്കിടക്കുകയാണ്. അല്‍പ്പമെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ ഏത് മനുഷ്യനും രാജിവെക്കുമായിരുന്നു’ കെജ്‌രിവാളിനെതിരെയുള്ള ചാനല്‍ അവതാരകന്റെ പരിഹാസമാണിത്. ഇഡിയുടെ ആക്ഷേപങ്ങള്‍ ശരിയാണെങ്കില്‍ മദ്യനയത്തിന്റെ പിന്നിലൂടെ കെജ്‌രിവാള്‍ പണം തട്ടിയിട്ടുണ്ടെന്നും സുശാന്ത് സിന്‍ഹയ്ക്ക് ഉറപ്പാണ്.
#KejriwalTaint എന്ന ഹാഷ് ടാഗ് ടി വി സ്്കീനില്‍ വലിപ്പത്തില്‍ ദൃശ്യമാക്കിയായിരുന്നു റിപ്പബ്ലിക് ടിവിയില്‍ അര്‍ണബ് ഗോസാമി തന്റെ ‘ ദ ഡിബേറ്റ്’ എന്ന പ്രൈം ടൈം ചര്‍ച്ച നടത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് ഉറപ്പിച്ചുകൊണ്ടായിരുന്നു അര്‍ണബിന്റെ ചര്‍ച്ച. മദ്യനയ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ വാര്‍ത്താ സമ്മേളനവും, അണ്ണ ഹസാരെ കെജ്‌രിവാളിനെതിരേ നടത്തിയ പ്രതികരണവുമൊക്കെ ചര്‍ച്ചയില്‍ സമയം കൊടുത്തു തന്നെ കാണിക്കുന്നുണ്ടായിരുന്നു. ഇഡിയുടെ തെളിവുകളെക്കാള്‍ കെജ്‌രിവാളിന് കിട്ടിയ പ്രഹരം, അദ്ദേഹത്തെ പൊതുജീവിതത്തിലേക്ക് കൊണ്ടു വന്ന അണ്ണ ഹസാരെയുടെ കുറ്റപ്പെടുത്തലുകളാണെന്ന് ഗോസാമി പറയുന്നത്. അര്‍ണബിന്റെ ചര്‍ച്ചയുടെ യൂട്യൂബ് വീഡിയോയുടെ തമ്പ് നെയല്‍, എന്തിനാണ് അരവിന്ദ് കെജ്‌രിവാള്‍ മദ്യനയ അഴിമതിയുടെ പാത സ്വീകരിച്ചതെന്നാണ്. അതായത്, കെജ്‌രിവാള്‍ അഴിമതി നടത്തിയെന്ന് അര്‍ണബും ചാനലും ഉറപ്പിക്കുകയാണ്.
രാഷ്ട്രീയത്തില്‍ ധാര്‍മികതയാണ് എല്ലാത്തിലും വലുത്, ഇന്ന് അണ്ണ ഹാസരെ പറഞ്ഞതിലും വ്യക്തമാകുന്നത് കെജ്‌രിവാളിന്റെ പേര് പൂര്‍ണമായി ചീത്തയായിരിക്കുന്നുവെന്നാണ്- ഗോസാമിയുടെ വിലയിരുത്തലാണ്.
ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ പൂര്‍ണ നിശബ്ദരായവരാണ്, രാഷ്ട്രീയത്തില്‍ ധാര്‍മികതയുടെയും അഴിമതി വിരുദ്ധതയുടെയുമൊക്കെ പ്രധാന്യം പറഞ്ഞ് ക്ലാസ് എടുക്കുന്നതെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൗര്‍ഭാഗ്യം.
കടപ്പാട്; ന്യൂലോണ്‍ട്രി