June 13, 2026 |
Share on

‘ഒരവസരം കൂടി തരൂ, അടുത്ത തവണ നല്ല മാര്‍ക്ക് വാങ്ങാം’; അച്ഛന്‍ കേള്‍ക്കാതെ പോയ 16 കാരിയുടെ അപേക്ഷ

നീറ്റ് തയ്യാറെടുപ്പിന്റെ ഭാഗമായി നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാണ് അച്ഛന്‍ മകളെ അടിച്ചു കൊന്നത്

എനിക്ക് ഒരു ചാന്‍സ് കൂടി തരൂ അച്ഛാ, അടുത്ത തവണ ഞാന്‍ നല്ല മാര്‍ക്ക് വാങ്ങിച്ചോളാം; സാധാന എന്ന 16 കാരി അലറിക്കരഞ്ഞു കൊണ്ട് അവളുടെ അച്ഛനോട് അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം മകളുടെ കണ്ണീരിന് ആ അച്ഛന്‍ ചെവിക്കൊടുത്തില്ല. അരകല്ലിന് ഉപയോഗിക്കുന്ന കട്ടിയുള്ള മരക്കക്ഷണം ഉപയോഗിച്ച് ആ അച്ഛന്‍ അതി ക്രൂരമായി മകളെ തല്ലുന്നത് തുടര്‍ന്നതേയുള്ളൂ. പിതൃ-പുത്രി ബന്ധം പോലും മറന്നുള്ള ആ മര്‍ദ്ദനത്തിന്റെ പിറ്റേന്ന് സാധാന എന്ന പെണ്‍കുട്ടി മരിച്ചു.

12 ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സാധന. നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാനുള്ള യോഗ്യത അളക്കുന്നതിന് സ്‌കൂളില്‍ നടത്തിയ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടി എന്നതായിരുന്നു അവള്‍ ചെയ്ത കുറ്റം. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ അറ്റ്പാഡി താലൂക്കിലെ നെല്‍കരഞ്ചി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ശിവാജി ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു അവളുടെ അച്ചന്‍ ധോണ്ടിറാം ഭഗവന്‍ ഭോസ്ലെ. ഈ 42 കാരനാണ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ ക്ഷുഭിതനായി ജൂണ്‍ 20 രാത്രിയില്‍ സ്വന്തം മകളെ മനസാക്ഷിയില്ലാതെ മര്‍ദ്ദിച്ചത്. പിറ്റേദിവസം സാധനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ചു മരിച്ചു. മകളെ കൊന്നതിന് ഭഗവാന്‍ ഭോസ്ലയെ അറസ്റ്റ് ചെയ്തിരുന്നു. അയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡയിലാണ്.

സാധാന ഒരു മോശം വിദ്യാര്‍ത്ഥില്ലായിരുന്നുവെന്നാണ് തങ്ങള്‍ക്ക് മനസിലാക്കാനായതെന്നാണ്, അന്വേഷണ സംഘം പറയുന്നത്. കോളേജില്‍ അവള്‍ക്ക് നല്ല ഗ്രേഡ് ആയിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. നീറ്റ് പരീക്ഷയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി കോളേജില്‍ നടത്തിയ ഇന്റേണല്‍ ടെസ്റ്റിലാണ് സാധാനയ്ക്ക് പ്രതീക്ഷിച്ച മാര്‍ക്ക് നേടാനാകാതെ പോയത്. ഈ പരീക്ഷയുടെ വിശദാംശങ്ങള്‍ കോളേജിനോട് ചോദിച്ചിട്ടുണ്ടെന്നും പൊലീസ് സംഘം പറയുന്നു. ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകളാണ് സാധനയുടെ മരണകാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ അറ്റ്പാഡിയിലെ ഖെബൂദ്കര്‍ കോളേജിലായിരുന്നു സാധാന പഠിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അവിടെ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം. പരീക്ഷ കഴിഞ്ഞ് ജൂണ്‍ 18 നാണ് സാധാന വീട്ടിലെത്തുന്നത്. പ്രീതിയാണ് സാധാനയുടെ അമ്മ, ദ്വിഗ്‌വിജയ് സഹോദരനും.

പ്രീതി പറയുന്നതായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരം ഇങ്ങനെയാണ്; ജൂണ്‍ 20 രാത്രി 9 മണിയോടെ എല്ലാവരും അത്താഴം കഴിച്ചു. ഒന്നാം നിലയിലുള്ള ഞങ്ങളുടെ മുറികളിലേക്കായി ഞാനും ദ്വിഗ് വിജയും ഉറങ്ങാനായി പോയി. സാധനയും എന്റെ ഭര്‍ത്താവും ആ സമയം താഴെ ഡ്രോയിംഗ് റൂമില്‍ ഇരിപ്പുണ്ടായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അവര്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായത് കേട്ടാണ് ഞാനും മകനും താഴേക്ക് ചെല്ലുന്നത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ കാണുന്നത്, ആട്ടുകല്ലിന്റെ തടിയന്‍ വണ്ടി കൊണ്ട് എന്റെ ഭര്‍ത്താവ് സാധനയെ തല്ലുന്നതാണ്. നന്നായി പഠിച്ചിരുന്നുവെങ്കില്‍ നല്ല ഗ്രേഡ് കിട്ടുമായിരുന്നുവെന്ന് പറഞ്ഞാണ് എന്റെ ഭര്‍ത്താവ് മകളെ തല്ലുന്നത്. എനിക്കൊരു ചാന്‍സ് കൂടി തരൂ, അടുത്ത തവണ നല്ല മാര്‍ക്ക് വാങ്ങാം എന്നു മകള്‍ പറയുന്നുണ്ടായിരുന്നു. നിന്റെ പഠനത്തിനായി ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് മര്‍ദ്ദനം തുടരുകയായിരുന്നു. ഞാനും ദ്വിഗ് വിജയും ചേര്‍ന്ന് ഭര്‍ത്താവില്‍ നിന്നും മകളെ പിടിച്ചു മാറ്റി. അപ്പോഴേക്കും ്അവള്‍ തളര്‍ന്നു വീണു.

എഫ് ഐആറില്‍ പറയുന്നതനുസരിച്ച്, ദ്വിഗ് വിജയ് ഉടന്‍ തന്നെ പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അറ്റ്പാഡിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ സാധനയെ പ്രവേശിപ്പിച്ചു. പിറ്റേദിവസം(ജൂണ്‍ 21) ആ പെണ്‍കുട്ടി മരിച്ചു. അടുത്ത ദിവസം അച്ഛന്‍ അറസ്റ്റിലുമായി.  16-year-old-girl was beaten to death by her father in Maharashtra over pre NEET exams’ low grades

Content Summary; 16-year-old-girl was beaten to death by her father in Maharashtra over pre NEET exam’s low grades

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×