July 13, 2025 |
Share on

‘ടിക് ടോക് എനിക്ക് തരൂ’, ചൈനയുമായി ചർച്ചയ്ക്കൊരുങ്ങി ട്രംപ്

യുഎസിൽ 170 മില്യണിലധികം ഉപയോക്താക്കൾ ടിക് ടോക്കിനുണ്ട്

ജനപ്രിയ സമൂഹ മാധ്യമമായ ടിക്ടോക് വിലയ്ക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി ചർച്ചയ്ക്ക് ഒരുങ്ങുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ ഡീലിനായി ഒരു വലിയ തുക തന്നെ അമേരിക്ക കരുതിയിട്ടുള്ളതായി ട്രംപ് വ്യക്തമാക്കി. ഇനി വരുന്ന ആഴ്ചയിൽ ചൈനയുടെ ഷി ജിങ്പിങുമായോ മറ്റു പ്രതിനിധികളുമായോ ചർച്ച നടത്തിയേക്കുമെന്നും എയർ ഫോഴ്സ് വൺ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ മാസം ഇരുനേതാക്കളും പരസ്പരം രാജ്യ സന്ദർശനത്തിനായി ​ക്ഷണിച്ചിരുന്നു. യുഎസിൽ 170 മില്യണിലധികം ഉപയോക്താക്കളുള്ള ടിക് ടോക്കിന്റെ യുഎസ് ആസ്തികൾ വിൽക്കാൻ ട്രംപ് ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ടിക് ടോക്കിന്റെ യുഎസ് ആസ്ഥാനമായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമങ്ങളും യുഎസ് നടത്തിയിരുന്നു. ഇതിനുള്ള കരാ‍ർ നേടുന്നതിനായുള്ള നടപടികൾ പുരോ​ഗമിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനയുമായി യുഎസ് ഒരു കരാറിന് തയ്യാറെടുക്കുന്നതായും ഈ ഡീലിന് ചൈന അം​ഗീകാരം നൽകിയേക്കുമെന്നും മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ ട്രംപ് വ്യക്തമാക്കി. ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിൽ ആയിരുന്നതിനാൽ അമേരിക്കയിൽ നിരോധിക്കപ്പെടാൻ പോകുന്ന ആപ്പായിരുന്നു ടിക് ടോക്. ആപ്പ് വാങ്ങാൻ യുഎസ് തയ്യാറെടുക്കുന്നതായി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വ്യക്തമാക്കിയത്.

ജനപ്രിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്ക് വാങ്ങാന്‍ അമേരിക്കയില്‍ ഒരാള്‍ തയ്യാറായതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു എന്നാൽ ആരാണ് വാങ്ങുന്നതെന്ന് രണ്ടാഴ്ച്ചക്കുള്ളില്‍ വെളിപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ‘ടിക് ടോക്ക് വാങ്ങാന്‍ ഞങ്ങള്‍ക്കൊരാളുണ്ട്’ എന്നാണ് ഫോക്‌സിന്റെ സണ്‍ഡേ മോര്‍ണിംഗ് ഫ്യൂച്ചേഴ്‌സിന് മരിയ ബാര്‍ട്ടിറോമുമായുള്ള അഭിമുഖത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്

2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ ആശ്രയിച്ചിരുന്ന ട്രംപ് ടിക് ടോക് തനിക്ക് ഇഷ്ടമുള്ള ആപ്പ് ആണെന്ന് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം നിരവധി തവണ പ്രസ്താവിച്ചതുപോലെ ടിക് ടോക്ക് ഇല്ലാതായി പോകരുതെന്ന് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നു,’വെന്ന് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു.

ടിക് ടോക്കും മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സും ലൊക്കേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുളള സെന്‍സിറ്റീവ് ഉപയോക്തൃ ഡേറ്റ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നതായി അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടിക് ടോക് പ്ലാറ്റ്ഫോമിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും ആശങ്കപ്പെട്ടിരുന്നു. 170 കോടി അമേരിക്കന്‍ ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. കൂടുതലും യുവാക്കളാണ് ആപ്പ് ഉപയോഗിക്കുന്നത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2020ല്‍ ഇന്ത്യ ടിക് ടോക് നിരോധിച്ചിരുന്നു.

content summary: trump to begin TikTok sale discussions with China, says deal is ‘nearly complete’

Leave a Reply

Your email address will not be published. Required fields are marked *

×