എങ്ങനെയാണ് വിഎസ് പാവങ്ങളുടെ പടത്തലവനായത്, ഒരു രാത്രി കൊണ്ടാണോ ?. അല്ലായെന്ന് തെളിയിക്കുന്നതാണ് തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ നീണ്ട ജനസാഗരം. കണ്ഠമിടറി മുദ്രാവാക്യം വിളിച്ചും വിതുമ്പിയും ജനങ്ങൾ റോഡിന് ഇരുവശവുമായി തടിച്ചു കൂട്ടിയപ്പോൾ ഓരോരുത്തർക്കും വിഎസെന്ന നേതാവിനെക്കുറിച്ച് പറയാനുണ്ടായിരുന്നത് പല കഥകളായിരുന്നു. അതിലെല്ലാം സഖാവായും നേതാവായും വിഎസ് നിറഞ്ഞു നിന്നു. വിലാപയാത്ര വിഎസിന്റെ ജന്മനാട്ടിലേക്ക് അടുക്കുമ്പോൾ ഏറെ വൈകാരികമായ നിമിഷങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചത്.
മൂപ്പരില്ലായിരുന്നെവെങ്കിൽ ഞാൻ എപ്പോഴേ മരിച്ചേനെ മൂപ്പരാണ് എനിക്ക് പുതിയ ജീവിതം ഉണ്ടാക്കി തന്നത്. എല്ലാം നഷ്ടപ്പെടുവെന്ന് കരുതിയ തനിക്ക് ജീവിതം തിരികെ നൽകിയ വിഎസിനെക്കുറിച്ച് ന്യൂസ് മലയാളത്തോട് പങ്കുവയ്ക്കുകയാണ് ഒരു മദ്ധ്യവയസ്കൻ. വർഷങ്ങൾക്ക് മുമ്പ് എന്റെ ഒരു കാലു നഷ്ടപ്പെട്ട് പോയതാണ്. അന്ന് എനിക്ക് പഞ്ചായത്ത് വകയായി ലോട്ടറി വിൽക്കാൻ ഇങ്ങനൊരു സംവിധാനമുണ്ടാക്കി തന്നത് അദ്ദേഹമാണ്. നല്ല മനുഷ്യനാണ്. തന്നെ പോലെ പലർക്കും ആശ്രയമായി തീർന്ന പ്രിയനേതാവിനെക്കുറിച്ച് അയാൾ ഓർത്തെടുത്തു
അന്ന് ആ കൈകൾ എന്റെ നേരെ നീട്ടിയിരുന്നില്ലെങ്കിൽ എനിക്ക് ഒരു ജീവിതം ഉണ്ടാവില്ലായിരുന്നു. തമിഴ് കലർന്ന മലയാളത്തിൽ അയാൾ മാധ്യമങ്ങളോട് വിഎസിനെക്കുറിച്ച് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഷുഗർ വന്നത് മൂലമാണ് എന്റെ കാലു മുറിച്ചു മാറ്റുന്നത്. അന്ന് അദ്ദേഹത്തിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എവിടെ പോകുമായിരുന്നുവെന്ന് പോലും അറിയില്ല.
പാവങ്ങളുടെ പടത്തലവൻ… സഖാവ് വിഎസ് സിന്ദാബാദ്. വിലാപയാത്രയിൽ തുടർച്ചയായി മുഴുങ്ങിക്കേട്ട മുദ്രാവാക്യം ഇതായിരുന്നു. അതിന് പിന്നിലെ കാരണങ്ങൾ ഇതൊക്കെയാണ്. ഒരു തൊഴിലാളി നേതാവിന്റെ മക്കളാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് മക്കളെ വളർത്തിയ നേതാവിൽ നിന്ന് ഇതൊക്കെയല്ലേ നമ്മൾ പ്രതീക്ഷിക്കേണ്ടത്.
content summary: VS helped me rebuild my life, the mourning procession of the communist leader was filled with emotional moments