June 04, 2026 |
Share on

ഒടുവില്‍ ട്രംപിന്റെ വരുതിയില്‍ ടിക് ടോക്

അമേരിക്കന്‍ നിക്ഷേപകരുമായി ചൈനീസ് കമ്പനി കരാറിലെത്തി

ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോം ആയ ടിക് ടോക്കിന് വീണ്ടും അമേരിക്കയില്‍ പ്രവര്‍ത്തനം തുടരാനുള്ള സാഹചര്യം തെളിയുന്നു. ഒറാക്കിള്‍, സില്‍വര്‍ ലേക്ക്, എംജിഎക്‌സ് എന്നിവര്‍ക്കായി തങ്ങളുടെ ബിസിനസ് വില്‍ക്കാനുള്ള കരാറില്‍ ടിക് ടോക് ഒപ്പുവെച്ചതോടെയാണ് തടസങ്ങള്‍ ഒഴിയുന്നത്. അസോസിയേറ്റഡ് പ്രസ്സും റോയിട്ടേഴ്‌സും സ്ഥിരീകരിച്ച ഒരു ആഭ്യന്തര മെമ്മോ അനുസരിച്ച്, ജനുവരി 22-ഓടെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാകും.

പുതിയ ടിക് ടോക് യുഎസ് സംയുക്ത സംരംഭത്തില്‍ 50 ശതമാനം ഓഹരികള്‍ പുതിയ നിക്ഷേപകര്‍ക്കായിരിക്കും. അതായത്, ഒറാക്കിള്‍, സില്‍വര്‍ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള എംജിഎക്‌സ് എന്നിവര്‍ക്ക് 15 ശതമാനം വീതം ഓഹരികള്‍. ബാക്കിയുള്ളതില്‍ 30.1 ശതമാനം ടിക് ടോക്കിന്റെ യഥാര്‍ത്ഥ ഉടമകളായ ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ നിലവിലെ നിക്ഷേപകര്‍ക്കും, 19.9 ശതമാനം ബൈറ്റ്ഡാന്‍സിനും ലഭിക്കും.

ഡൊണാള്‍ഡ് ട്രംപിന്റെ അനുഭാവിയായ ലാറി എല്ലിസണ്‍ സഹസ്ഥാപകനായ ഒറാക്കിളിന് ടിക് ടോക്കിന്റെ അല്‍ഗോരിതം ഉപയോഗിക്കാനുള്ള അവകാശം ലഭിക്കുന്നുവെന്നതും ഈ കരാറിലെ പ്രധാനപ്പെട്ട വശമാണ്. അതായത് ചൈനീസ് കമ്പനി മാത്രമല്ല, അമേരിക്കന്‍ കമ്പനിയും ഇനി മുതല്‍ ടിക് ടോക്കിന്റെ അല്‍ഗോരിതം നിയന്ത്രിക്കും. അല്‍ഗോരിതം ഇപ്പോഴും ബീജിംഗിന്റെ നിയന്ത്രണത്തിലാണോ അതോ പൂര്‍ണമായും കൈമാറ്റം ചെയ്യപ്പെട്ടോ എന്ന കാര്യത്തില്‍ മുന്‍ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ റഷ് ദോഷിയുടെ സംശയവും ഇതിനൊപ്പം വാര്‍ത്തയായിട്ടുണ്ട്.

ടിക് ടോക്ക് വിഷയം കൂടി വന്നതോടെ, ട്രംപ് അനുയായികളായ ശതകോടീശ്വരന്മാര്‍ മാധ്യമ സ്ഥാപനങ്ങള്‍ കൈയടക്കുന്നതിലെ ആശങ്ക വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ലാറി എല്ലിസന്റെ മകന്‍ ഡേവിഡ് സിബിഎസിലും, എലോണ്‍ മസ്‌ക് എക്‌സിലും, മാര്‍ക്ക് സക്കര്‍ബര്‍ഗ് മെറ്റയിലും, ജെഫ് ബെസോസ് വാഷിംഗ്ടണ്‍ പോസ്റ്റിലും ഉള്ള സ്വാധീനം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ട്രംപ് തന്റെ ശതകോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്ക് മാധ്യമങ്ങളുടെ നിയന്ത്രണം കൈമാറാന്‍ ശ്രമിക്കുകയാണെന്നു ഡെമോക്രാറ്റിക് സെനറ്റര്‍ എലിസബത്ത് വാറന്‍ ആരോപണവും ഈ പശ്ചാത്തലത്തിലാണ് വരുന്നത്.

2020-ല്‍ തന്റെ ആദ്യ പ്രസിഡന്റ് കാലാവധിയില്‍ കോവിഡ് കൈകാര്യം ചെയ്തതിലെ അതൃപ്തി കാരണം ട്രംപ് ടിക് ടോക് നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് 2024 ഏപ്രിലില്‍ ജോ ബൈഡന്‍ ടിക് ടോക് നിരോധന നിയമത്തില്‍ ഒപ്പുവെച്ചു. 2025 ജനുവരി 20-ന് നിരോധനം നിലവില്‍ വരാനിരിക്കെയാണ്, ട്രംപ് ഭരണകൂടം ഇടപെട്ട് ഈ ഉടമസ്ഥാവകാശ കൈമാറ്റ കരാര്‍ ഉണ്ടാക്കുന്നത്.

Content Summary; TikTok has signed a deal to sell its US business to three American investors-Oracle, Silver Lake and MGX

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×