ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ഡിജിറ്റല്‍ അവകാശവുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങള്‍ നേരിടുന്നതിനിടയില്‍, ചിത്രത്തില്‍ വന്‍ നിക്ഷേപവുമായി മുംബൈ ആസ്ഥാനമായുള്ള പ്രമുഖ നിര്‍മ്മാണ കമ്പനി പെന്‍ സ്റ്റുഡിയോസ് രംഗത്തെത്തി. ആശിര്‍വാദ് സിനിമാസിന് വേണ്ടി പനോരമ സ്റ്റുഡിയോസ് വഴി 100 കോടി രൂപ നിക്ഷേപിക്കാനാണ് പെന്‍ സ്റ്റുഡിയോസ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 24 വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ ഈ നിക്ഷേപത്തിന്റെ സ്വഭാവത്തെക്കുറിച്ചോ നിബന്ധനകളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ദൃശ്യം 3-ന്റെ പ്രീ-റിലീസ് ബിസിനസ്സില്‍ രണ്ടാമത്തെ വലിയ ഇടപാടാണിത്. നേരത്തെ, ചിത്രത്തിന്റെ തീയേറ്റര്‍, വിദേശ, ഡിജിറ്റല്‍ അവകാശങ്ങള്‍ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന മനോരമ ഹോര്‍ട്ടസ് സാഹിത്യോത്സവത്തില്‍ നിര്‍മ്മാതാവ് എം. രഞ്ജിത്ത് വെളിപ്പെടുത്തിയത് പ്രകാരം, റിലീസിന് മുന്‍പ് തന്നെ 350 കോടി രൂപയുടെ ബിസിനസ്സ് ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ 66-ാം ജന്മദിനമായ മെയ് 21-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ ഒടിടി അവകാശത്തെച്ചൊല്ലി ആമസോണ്‍ പ്രൈം വീഡിയോ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുകയാണ്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ മൂന്നാം കക്ഷിക്ക് കൈമാറുന്നത് കോടതി തടഞ്ഞു. 2020-ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം ദൃശ്യം പരമ്പരയിലെ തുടര്‍ന്നുള്ള ഭാഗങ്ങളുടെ അവകാശം തങ്ങള്‍ക്കാണെന്നാണ് ആമസോണ്‍ വാദിക്കുന്നത്. ഒടിടി അവകാശത്തിനായി ആമസോണുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ കൂടുതല്‍ തുകയ്ക്ക് മറ്റൊരാളുമായി കരാറിലേര്‍പ്പെടാന്‍ നിര്‍മ്മാണ കമ്പനി ശ്രമിച്ചതാണ് നിയമനടപടിക്ക് കാരണമായത്. ഈ കേസ് മെയ് 15-ന് കോടതി വീണ്ടും പരിഗണിക്കും.
Mohanlal and Jeethu Joseph’s Drishyam 3 bags Rs 100 crore investment from Pen Studios amid Amazon prime row
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.