ഇറാന്‍ ഭരണകൂടത്തെ ഉള്ളില്‍ നിന്ന് തന്നെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കയുടെ പുതിയ നീക്കം. ഇറാഖ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ അനുകൂല ഇറാനിയന്‍ കുര്‍ദിഷ് സേനകള്‍ ഇറാനിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ ഭരണകൂടത്തിനെതിരേ പുതിയൊരു യുദ്ധമുഖം തുറക്കാനാണ് പദ്ധതി. ഇറാഖി ഉദ്യോഗസ്ഥരെയും കുര്‍ദിഷ് നേതാക്കളെയും ഉദ്ധരിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ഇപ്പോഴത്തെ യുദ്ധത്തിന് മുമ്പ് തന്നെ, ഇറാന്‍ ഭരണകൂടത്തെ വീഴ്ത്താന്‍ സി.ഐ.എ രഹസ്യമായി ഈ കുര്‍ദിഷ് സേനകള്‍ക്ക് ചെറുകിട ആയുധങ്ങള്‍ നല്‍കി വരുന്നുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാല്‍ കുര്‍ദിഷ് വിമതര്‍ ഇറാനില്‍ അധിനിവേശം നടത്തുന്നതിന് പ്രസിഡന്റ് ട്രംപ് അനുമതി നല്‍കി എന്ന വാര്‍ത്തകള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചതാണ് ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍. ഇതില്‍ ഇറാന്റെ പരമോന്നത നേതാവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ സുരക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാജ്യമൊട്ടാകെയുള്ള പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം തുടരുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ മറ്റൊരു യുദ്ധതന്ത്രമാണ് കുര്‍ദിഷ് മുന്നേറ്റം. കുര്‍ദിഷ് സേനകള്‍ ഇറാനിലേക്ക് കടന്നാല്‍ അവരെ നേരിടാന്‍ ഇറാനിയന്‍ സൈന്യം പുറത്തുവരുമെന്നും, ആ സമയം ഇറാന്‍ സൈനിക യൂണിറ്റുകളെ ആകാശത്തുനിന്ന് എളുപ്പത്തില്‍ ആക്രമിക്കാന്‍ യുഎസ്-ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് സാധിക്കുമെന്നുമാണ് സൈനിക തന്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
ഇറാനിലെ പുരോഹിത ഭരണകൂടം ദശാബ്ദങ്ങളായി അതിക്രൂരമായ അടിച്ചമര്‍ത്തലുകള്‍ ക്ക് വിധേയരാക്കുന്നവരാണ് കുര്‍ദുകള്‍. ആ വികാരം തിരിച്ചറിഞ്ഞു തന്നെയാണ് അമേരിക്ക സാഹചര്യം മുതലെടുക്കുന്നതും.
ഇറാന്റെ ആകെ ജനസംഖ്യയുടെ ഏകദേശം 10 ശതമാനത്തോളം വരുന്ന കുര്‍ദിഷ് സമൂഹം ഇസ്ലാമിക് റിപ്പബ്ലിക്കിന് എക്കാലവും ഒരു വലിയ വെല്ലുവിളിയാണ്. ദേശീയ അതിര്‍ത്തികള്‍ക്കും അപ്പുറത്തുള്ള ശക്തമായ സ്വത്വബോധം പുലര്‍ത്തുന്ന ഇവര്‍, ഇറാനിലെ മറ്റ് പ്രതിപക്ഷ ഗ്രൂപ്പുകളേക്കാള്‍ സംഘടിതരും സായുധരുമാണ്. നിലവില്‍ അയല്‍രാജ്യമായ ഇറാഖ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ കുര്‍ദിഷ് പോരാളികള്‍, സാഹചര്യം അനുകൂലമായാല്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തിന് തയ്യാറായവരാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇറാനിയന്‍ കുര്‍ദിസ്ഥാന്‍ (കെഡിപിഐ) പോലുള്ള പ്രമുഖ സംഘടനകള്‍ പറയുന്നത്, തങ്ങളുടെ ലക്ഷ്യം ഇറാനില്‍ നിന്നുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമല്ല, മറിച്ച് ഇറാന്‍ ഭരണകൂടത്തിന് കീഴില്‍ കൂടുതല്‍ സ്വയംഭരണാധികാരമുള്ള മേഖലകള്‍ നേടിയെടുക്കുക എന്നതാണ് എന്നാണ്.
ഇറാന്റെ ഭൂരിപക്ഷമായ പേര്‍ഷ്യന്‍ വംശജര്‍ ഒരു കുര്‍ദിഷ് സായുധ മുന്നേറ്റത്തെ സ്വാഗതം ചെയ്യാന്‍ സാധ്യതയില്ല. മാത്രമല്ല, സി.ഐ.എ നല്‍കുന്ന ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇറാന്റെ ശക്തമായ ഭരണകൂടത്തെ താഴെയിറക്കാന്‍ കുര്‍ദ് സേനയ്ക്ക് കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 1991ലെ ഗള്‍ഫ് യുദ്ധാനന്തരം നടന്നത് പോലെ കുര്‍ദുകളെ പ്രോത്സാഹിപ്പിക്കുകയും പിന്നീട് അവരെ കൈവിടുകയും ചെയ്യുന്ന അമേരിക്കയുടെ മുന്‍കാല ചരിത്രവും ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കുര്‍ദിഷ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഭരണകൂടത്തിനെതിരെ ആയുധമെടുക്കാന്‍ തയ്യാറുള്ള കുര്‍ദിഷ് ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. ഇറാഖിന്റെ വടക്കന്‍ മേഖലയില്‍ യുഎസ് സൈനിക താവളം നിലനില്‍ക്കുന്നതിനാല്‍ കുര്‍ദിഷ് നേതാക്കളുമായുള്ള ആശയവിനിമയം സ്വാഭാവികമാണെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ കുര്‍ദിഷ് സായുധ ഗ്രൂപ്പുകള്‍ കൂടി യുദ്ധത്തിന്റെ ഭാഗമായാല്‍, ഇതുവരെ ആകാശത്ത് മാത്രം ഒതുങ്ങിനിന്ന പോരാട്ടം കരയുദ്ധത്തിലേക്ക് കൂടി വ്യാപിക്കുന്ന ഒരു നിര്‍ണ്ണായക വഴിത്തിരിവാകും അത്.
ആയുധശേഷി നശിപ്പിക്കുന്നതിന് അപ്പുറം ഭരണമാറ്റമാണ് അമേരിക്കയും ഇസ്രയേലും ലക്ഷ്യമിടുന്നതെന്ന് ഇറാന്‍ ഭയക്കുന്നുണ്ട്. അത്തരമൊരു ഭീഷണി ഇറാന്‍ ഭരണകൂടം ഗൗരവത്തോടെയാണ് കാണുന്നത്. ഇറാഖിലെ കുര്‍ദിഷ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതും അതിന്റെ ഭാഗമായാണ്. അതേസമയം, അതിര്‍ത്തി കടന്നുള്ള ഏതൊരു സൈനിക നീക്കത്തിനും ഇറാഖി കുര്‍ദിസ്ഥാന്‍ മേഖലയിലെ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്. ഇറാനിയന്‍ കുര്‍ദുകളോട് സഹതാപമുണ്ടെങ്കിലും, അവരെ സഹായിക്കുന്നത് തങ്ങളുടെ പ്രദേശത്തെ ബാധിക്കുമോ എന്ന് ഇറാഖി കുര്‍ദിഷ് നേതാക്കള്‍ ഭയപ്പെടുന്നു. ഇതിനുപുറമെ, കുര്‍ദുകളുടെ സായുധ മുന്നേറ്റം ഇറാനിലെ മറ്റ് പ്രതിപക്ഷ വിഭാഗങ്ങള്‍ക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്നും മറ്റ് വംശീയ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിഘടനവാദ ചിന്തകള്‍ വളര്‍ത്തുമെന്നും ഇവര്‍ ഭയപ്പെടുന്നു.
അതിനിടെ, ഇറാഖ് അതിര്‍ത്തി കടന്ന് കുര്‍ദിഷ് പോരാളികള്‍ വരുന്നത് തടയാന്‍ ഇറാഖ് സര്‍ക്കാരിന് മേല്‍ ഇറാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇറാഖിലെ കുര്‍ദിഷ് നേതാക്കളായ മസൂദ് ബര്‍സാനിയോടും ബഫല്‍ തലാബാനിയോടും കുര്‍ദിഷ് പോരാളികള്‍ക്ക് ഇറാനിലേക്ക് കടക്കാന്‍ സൗകര്യമൊരുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ഇറാഖിലെ പ്രാദേശിക സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാനിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയെ കേന്ദ്രീകരിച്ചാണ് നിലവില്‍ യുഎസ്-ഇസ്രയേല്‍ മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. സനന്ദജ്, മരിവാന്‍, ബാനെ തുടങ്ങിയ നഗരങ്ങളിലെ പോലീസ് ആസ്ഥാനങ്ങളും ജയിലുകളും കമ്മ്യൂണിക്കേഷന്‍ ടവറുകളും ബോംബാക്രമണത്തില്‍ തകര്‍ന്നു. അതിര്‍ത്തി കടന്നുള്ള കുര്‍ദ് മുന്നേറ്റം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഈ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇറാനിലെ മതഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് കുര്‍ദുകളായതിനാല്‍, ഇതൊരു ‘ചരിത്രപരമായ അവസരമായി’ ട്രംപ് വിശേഷിപ്പിക്കുന്നു. എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടാല്‍ തങ്ങളുടെ ജനത അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചില കുര്‍ദിഷ് നേതാക്കള്‍ക്ക് ആശങ്കയുണ്ട്. എങ്കിലും, ഇറാനിലെ കുര്‍ദിഷ് മേഖലകളില്‍ മുന്‍പുണ്ടായ ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍, ഒരു സായുധ മുന്നേറ്റം ഉണ്ടായാല്‍ പ്രാദേശിക ജനത തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കുര്‍ദിഷ് സേനകള്‍.
Content Summary: America backing Iranian Kurdish forces based in Iraq are preparing armed units that could enter Iran
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.