ആന്ധ്രാപ്രദേശിലെ കുർണൂലിൽ സ്വകാര്യ ബസിന് തീപിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 25 ആയി. കാവേരി ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള വോൾവോ ബസാണ് തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചത്. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 41 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്താണ് തീപിടിത്തത്തിന് കാരണമായത്?
പുലർച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. ബസും ഒരു മോട്ടോർസൈക്കിളുമായി കൂട്ടിയിടിച്ചുവെന്നും ഇരുചക്രവാഹനം ബസിനടിയിൽ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇടിയുടെ ഫലമായി മോട്ടോർസൈക്കിളിന്റെ ഇന്ധന ടാങ്ക് പൊട്ടുകയും ഇത് തീപിടിത്തത്തിലേക്ക് നയിച്ചുവെന്നുമാണ് പ്രാഥമിക നിഗമനം. അപകടസമയത്തുണ്ടായ ഫ്രിക്ഷനും തീപിടിത്തത്തിന് കാരണമായതായി പൊലീസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുഴുവൻ ഗ്ലാസ് വിൻഡോകളുള്ള എസി ബസാണ് അപകടത്തിൽപ്പെട്ടത്. ജനൽച്ചില്ല് തകർത്ത് പുറത്തേക്ക് ചാടി ചില യാത്രക്കാർ രക്ഷപ്പെട്ടതായി കുർനൂൽ എസ്പി വിക്രാന്ത് പാട്ടീൽ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
കൂട്ടിയിടിച്ച മോട്ടോർസൈക്കിളിന്റെ യാത്രികനും മരിച്ചവരിൽ ഉൾപ്പെടുന്നു. വോൾവോ ബസിന്റെ ഡ്രൈവറായ മിര്യാല ലക്ഷ്മയ്യ, സഹ ഡ്രൈവർ ജി ശിവനാരായണ, അറ്റൻഡന്റ് മിര്യാല അശോക് എന്നിവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാൻ സാധിച്ചുവെന്ന് കുർണൂൽ ജില്ലാ കളക്ടർ എ സിരി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രക്ഷപ്പെട്ട ബസ് ജീവനക്കാർ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും സുരക്ഷാ പ്രവർത്തനങ്ങൾ നടക്കുകയാണ്.
ഹൈദരാബാദ്-ബെംഗളൂരു റൂട്ടിൽ നടക്കുന്ന രണ്ടാമത്തെ വലിയ ബസ് തീപിടിത്തമാണിത്. ഇതിനുമുമ്പ് 2013 ഒക്ടോബർ 30ന് തെലങ്കാനയിലെ മഹബൂബ് നഗർ ജില്ലയിലെ പാലെമിനടുത്ത് വെച്ച് സ്വകാര്യ ബസിന് തീപിടിച്ച് 45 പേർ മരിച്ചിരുന്നു.
Content Summary: Kurnool bus fire; The death toll has risen to 25, What caused the Kurnool bus fire?