ബെംഗളൂരു കെംപെഗൗഡഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുസ്ലിം പുരുഷന്മാര്‍ നമസ്‌കരം നടത്തിയ സംഭവം രാഷ്ട്രീയ വിവാദമാക്കി ബിജെപി. നമസ്‌കാരം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നതോടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ബിജെപി തിരിഞ്ഞത്.
വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 ന്റെ ഗേറ്റിന് പുറത്തായാണ് ഒരു കൂട്ടം പുരുഷന്മാര്‍ ഇസ്ലാം വിശ്വാസ പ്രകാരമുള്ള നമസ്‌കാരം നടത്തുന്നത്. ഇവരുടെ സമീപത്തായി തന്നെ സി ഐ എസ് എഫ് ജവാന്മാരെയും വീഡിയോയില്‍ കാണാം. ഗേറ്റ് നമ്പര്‍ 3 ന്റെ പുറത്തായാണ് നമസ്‌കാരം നടന്നതെന്നാണ് ഒരു വാര്‍ത്ത സോഴ്‌സ് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. അതേസമയം ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും പത്രം പറയുന്നു.
നമസ്‌കാരം നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ പ്രചാരിച്ചതോടെ വിഷയം ബിജെപി ഏറ്റുപിടിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടായിരുന്നോ പ്രാര്‍ത്ഥന നടത്തിയതെന്ന ചോദ്യവുമായി ബിജെപി കര്‍ണാടക യൂണിറ്റ് വക്താവ് വിജയ് പ്രസാദ് ചോദ്യമുയര്‍ത്തി.
എങ്ങനെയാണ് ഇത് അനുവദിക്കപ്പെട്ടത്, അതീവ സുരക്ഷമേഖലയില്‍ പ്രാര്‍ത്ഥന നടത്താന്‍ അവര്‍ മുന്‍കൂര്‍ അനുമതി നേടിയിരുന്നോ? മുഖ്യമന്ത്രി സിദ്ധരാമയ്യയെയും മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും ടാഗ് ചെയ്തുകൊണ്ട് ബിജെപി വക്താവ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിച്ചു.
‘ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുവാദം വാങ്ങിയ ശേഷം ആര്‍എസ്എസ് പദ സഞ്ചലനം നടത്തുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും എന്നാല്‍ നിയന്ത്രണമുള്ള പൊതുസ്ഥലത്ത് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ഇത്രയും സെന്‍സിറ്റീവ് ആയ ഒരു മേഖലയില്‍ ഇത് ഗുരുതരമായ സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നില്ലേ?’ എന്നാണ് ബിജെപി നേതാവ് ചോദിക്കുന്നത്.
വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്, പ്രാര്‍ത്ഥന ആവശ്യങ്ങള്‍ക്കായി പ്രത്യേകം മുറിയുണ്ടായിട്ടും അവര്‍ പുറത്ത് നമസ്‌കാരം നടത്തിയെന്നാണ്.
വിമാനത്താവളം തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നായിരുന്നു കെഐഎ പോലീസ് പറഞ്ഞതെന്നും എക്‌സ്പ്രസ് പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പത്രത്തോട് പ്രതികരിച്ചത്.
Content Summary: Namaz at Bengaluru airport. BJP target Karnataka Congress government. Kempegowda Gowda International Airport
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.