UPDATES

റോക്കറ്റുകളും മിസൈലുകളും പറയുന്ന കഥകള്‍

ലോകത്തിന്റെ ഏത് മൂലയിലുള്ള യുദ്ധത്തിലും, കൂട്ടക്കൊലയിലും, ഒരു ആധുനിക റോക്കറ്റോ, മിസൈലോ വിനാശത്തിന്റെ പോര്‍മുനയുമായി ആഞ്ഞുപതിക്കുന്നുണ്ട്

                       

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ആയിരക്കണക്കിന് റോക്കറ്റാക്രമണങ്ങളാണ് ഇരുഭാഗത്തു നിന്നുമുണ്ടായത്. 2,250 നു മുകളില്‍ മനുഷ്യര്‍ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടു. 8,000-ത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ ചരിത്രത്തില്‍ അവര്‍ നേരിട്ട ഏറ്റവും വലിയ ആക്രമണത്തില്‍ ഏകദേശം അയ്യായിരത്തനടുത്ത് റോക്കറ്റാക്രമണങ്ങള്‍ ഹമാസ് നടത്തിയെന്നാണ് കണക്ക്. ഇതിനുള്ള പ്രത്യാക്രമണമായി ഇപ്പോഴും ഗാസയിലേക്ക് റോക്കറ്റാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രയേല്‍.

2014-ലെ യുദ്ധസമാന ഏറ്റുമട്ടലിലും ഇസ്രയേലില്‍നിന്നും തൊടുത്തുവിട്ട മിസൈലുകള്‍ നിരവധി ദിവസങ്ങള്‍ ഗാസയില്‍ മരണവും ദുരിതവും പെയ്യിച്ചു. അന്ന് ഹമാസ് വളരെ പ്രഹരശേഷി കുറഞ്ഞ റോക്കറ്റുകള്‍കൊണ്ടാണ് ഇസ്രയേലിനോടു പ്രതികരിച്ചത്. അവയില്‍ ഭൂരിഭാഗവും അയണ്‍ ഡോം എന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രയേല്‍ തകര്‍ത്തിടുകയും ചെയ്തു. ഇത്തവണ ഹമാസ് ഇസ്രയേലിന്റെ അയണ്‍ ഡോമിനെ പരാജയപ്പെടുത്തി.

റോക്കറ്റുകളെയും മിസൈലുകളെയും അറിഞ്ഞാല്‍ നമ്മുടെ സംഘര്‍ഷഭരിതമായ കാലത്തെ സംഘര്‍ഷങ്ങളെക്കുറിച്ചും മനസ്സിലാക്കാം.

2014 ജൂലൈ 17 ന് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 17 വിമാനം തകര്‍ത്തത് ബക് എന്ന ഭൂതല-ആകാശ മിസൈലാണ്. 1970-കളില്‍ ശീതസമരകാലത്ത് അമേരിക്കയെ ചെറുക്കാന്‍ കണ്ടുപിടിച്ചത്. 298 മനുഷ്യരെ കൊന്ന ആ മിസൈല്‍ തൊടുത്തത് റഷ്യന്‍ അനുകൂല വിമതരോ, ഉക്രൈന്‍ സൈന്യമോ, റഷ്യന്‍ സേനയോ ആയിരിക്കും. മൂന്നുകൂട്ടര്‍ക്കും ആ മിസൈലുണ്ടായിരുന്നു. അടുത്തുവരുന്ന വിമാനങ്ങളെയോ, മിസൈലുകളെയോ കണ്ടെത്താനും, അവക്കെതിരെ മിസൈല്‍ തൊടുക്കാനും കഴിയുന്ന നൂതനസംവിധാനമാണിത്. ഇന്ത്യന്‍ നാവികസേനക്ക് ചില കപ്പലുകളില്‍ ഇതിന്റെ ചില വകഭേദ സംവിധാനങ്ങളുണ്ട്.

മിസൈലുകളും റോക്കറ്റുകളും നമ്മള്‍ ഈ പ്രപഞ്ചത്തെ കാണുന്ന രീതിയെ തന്നെ മാറ്റിമറിച്ചിരിക്കുന്നു; അതോടൊപ്പം പരസ്പരം കൊല്ലുകയും ചെയ്യുന്നു. കൊല്ലാനും, ബഹിരാകാശത്തേക്കും, പിന്നീട് ചന്ദ്രനിലേക്കും, ഇനിയൊരുകാലത്ത് അതിനുമപ്പുറത്തേക്കും ആളെ കയറ്റിവിടാനും ഉപയോഗിക്കുന്ന ഈ പറക്കും യന്ത്രങ്ങളുടെ കഥ ചൈനയിലാണ് തുടങ്ങുന്നത്. നമ്മുടെ ടിപ്പുസുല്‍ത്താനും ഇവയുടെ പുരോഗതിയില്‍ ചെറിയ ചില പങ്കുവഹിച്ചിട്ടുണ്ട്.

വെടിമരുന്നിനോടൊപ്പം, ചൈനയുടെ ചരിത്രത്തില്‍ പല തരത്തിലുള്ള റോക്കറ്റുകളെക്കുറിച്ചും ധാരാളം പരാമര്‍ശങ്ങളുണ്ട്. എന്തായാലും റോക്കറ്റുകളെക്കുറിച്ച് ചൈനയുടെ ചരിത്രത്തില്‍ ഏറ്റവും വിശ്വസനീയമായ പരാമര്‍ശങ്ങളുണ്ടാകുന്നത് 1000 എ ഡി-യോടടുപ്പിച്ചാണ്.

1700-കളുടെ ഒടുവിലാണ് മൈസൂര്‍ റോക്കറ്റുകള്‍ തയ്യാറാവുന്നത്. ഹൈദരാലിയും മകന്‍ ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാര്‍ക്കെതിരെ ഇവയെ വളരെ വിജയകരമായി ഉപയോഗിച്ചു. അവരുടെ സൈനികവിജയങ്ങളില്‍ ഇവ വളരെ നിര്‍ണായകമായ പങ്കും വഹിച്ചു. അക്കാലത്ത് ലോകത്തിലെ ഏറ്റവും ആധുനികമായ റോക്കറ്റുകളായിരുന്നു മൈസൂര്‍ റോക്കറ്റുകള്‍. കാരണം കൂടുതല്‍ വേഗവും, പരിധിയും സാധ്യമാവുന്ന തരത്തില്‍ ഇരുമ്പ് കുഴല്‍ കൊണ്ടുള്ള തീതുപ്പിയായിരുന്നു (propellant) അതില്‍ ഉപയോഗിച്ചിരുന്നത്. രണ്ടു കിലോമീറ്റര്‍ വരെ ദൂരം അവ സഞ്ചരിച്ചിരുന്നു എന്നത് അന്നത്തെ സാങ്കേതികസാധ്യതകള്‍ വെച്ചുനോക്കുമ്പോള്‍ ഒട്ടും മോശമായിരുന്നില്ല.

ശ്രീരംഗപട്ടണം കീഴടക്കിയതിന്‌ശേഷം ബ്രിട്ടീഷുകാര്‍ നിരവധി വിക്ഷേപണികളും, റോക്കറ്റുകളും, അവയുടെ ഒഴിഞ്ഞ തൊണ്ടുകളും, ബ്രിട്ടനിലേക്ക് കൊണ്ടുപോയി. ഈ റോക്കറ്റുകളില്‍ പലതിനോടും ഉരുക്ക് കത്തികളും ഘടിപ്പിച്ചിരുന്നു. ശത്രുവിനുമേല്‍ പതിക്കുമ്പോള്‍ വഴിയിലുള്ള സകലതിനെയും അരിഞ്ഞുതള്ളാനുള്ള തന്ത്രം.

മൈസൂര്‍ റോക്കറ്റുകളെ അടിസ്ഥാനമാക്കി ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രേവ് റോക്കറ്റുകള്‍ വികസിപ്പിച്ചു. നെപ്പോളിയനുമായുള്ള യുദ്ധത്തില്‍ (1803-1815) അവരുടെ ഏറ്റവും ഫലപ്രദമായ ആയുധങ്ങളിലൊന്നായിരുന്നു ഇത്. അവിടുന്നിങ്ങോട്ട് റോക്കറ്റുകളുടെ ആധുനികയുഗം കുതിച്ചുയര്‍ന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിയുടെ വി-2 റോക്കറ്റുകള്‍ ഫ്രാന്‍സിലും, ബല്‍ജിയത്തിലും എന്തിന്, ബ്രിട്ടനിലും തീമഴ പെയ്യിച്ചു. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ റോക്കറ്റുകള്‍ക്ക് 1000 കിലോഗ്രാം വരെ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്യുകയും, ജപ്പാനില്‍ യു എസ് ആണവ ബോംബുകള്‍ ഇടുകയും, യുദ്ധം അവസാനിക്കുകയും ചെയ്തതോടെ വിജയികളെല്ലാം വി-2 റോക്കറ്റുകളുടെ സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ പാഞ്ഞു. പക്ഷേ,അപ്പോഴേക്കും ഒരു വന്‍ശക്തിയായി മാറിയ യു എസായിരുന്നു കാര്യമായ നേട്ടം കൊയ്തത്. നാസികള്‍ക്ക് വേണ്ടി ദീര്‍ഘദൂര റോക്കറ്റുകള്‍ വികസിപ്പിച്ച വെര്‍ണര്‍ വോണ്‍ ബ്രോണ്‍ അടക്കമുള്ള നിരവധി ശാസ്ത്രജ്ഞരെ പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയി.

വി-2 സാങ്കേതികവിദ്യയില്‍ നിന്നാണ് യു എസ് തങ്ങളുടെ ബഹിരാകാശ പദ്ധതിക്കുവേണ്ട ആദ്യ റോക്കറ്റുകള്‍ ഉണ്ടാക്കിയത്. അതേസമയത്തുതന്നെ സോവിയറ്റ് യൂണിയനും നൂതനമായ റോക്കറ്റുകള്‍ ഉണ്ടാക്കുകയായിരുന്നു. ഇന്നും റോക്കറ്റുകളും, മിസൈലുകളും ഉണ്ടാക്കുന്നതിലും ബഹിരാകാശ സാങ്കേതികവിദ്യയിലും റഷ്യ ഏറെ മുമ്പിലാണ്.

റോക്കറ്റിന്റെ കൂടെ ചില സംവിധാനങ്ങള്‍കൂടി ചേര്‍ത്താല്‍ ഒരു ആധുനിക മിസൈലായി. എഞ്ചിനില്‍ നിന്നുമുള്ള തള്ളല്‍ കൊണ്ട് കുതിച്ചുയരുന്ന ഒരു ലളിത സംവിധാനമാണ് റോക്കറ്റ് എന്നു ചുരുക്കിപ്പറയാം. ആധുനിക മിസൈലുകള്‍ ഏറെ സങ്കീര്‍ണ്ണമാണ്. അവക്ക് പ്രധാനമായും നാലു ഘടകങ്ങളുണ്ട്-വഴികാട്ടി സംവിധാനം, പറക്കല്‍ സംവിധാനം, എഞ്ചിന്‍, പോര്‍മുന.

മിസൈലുകള്‍ സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്നതും മാരകവുമാണ്. 10 കിലോമീറ്റര്‍ ഉയരത്തില്‍ പറന്നിരുന്ന മലേഷ്യന്‍ യാത്രാവിമാനത്തെ ബുക് മിസൈല്‍ സംവിധാനം കണ്ടുപിടിച്ച് പിന്തുടര്‍ന്ന് വീഴ്ത്തിയത് ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. മണിക്കൂറില്‍ 881 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാണ് മിസൈല്‍ വിമാനത്തെ തകര്‍ത്തത്.

ആധുനികയുഗത്തിന്റെ മാരകസിദ്ധികളുടെ ആദ്യഇരകളായിരുന്നില്ല MH 17ലെ യാത്രക്കാര്‍. പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും, യെമനിലും, മറ്റ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള ഗ്രാമങ്ങളില്‍ അമേരിക്കയുടെ ആളില്ലാ യുദ്ധവിമാനങ്ങള്‍ മിസൈലും തൊടുത്തു പോരുമ്പോള്‍ പൊലിയുന്ന മനുഷ്യജീവനുകള്‍ ഏറെയാണ്. നിരപരാധികളായ മനുഷ്യരാണ് അവരില്‍ ഏറെയും. ലോകത്തിന്റെ ഏത് മൂലയിലുള്ള യുദ്ധത്തിലും, കൂട്ടക്കൊലയിലും, ഒരു ആധുനിക റോക്കറ്റോ, മിസൈലോ വിനാശത്തിന്റെ പോര്‍മുനയുമായി ആഞ്ഞുപതിക്കുന്നത് കാണാനാകും. ഭൂമിയുടെ ഗുരുത്വാകര്‍ഷണ പരിധികളെ ഉല്ലംഘിച്ച് ബഹിരാകാശത്തിന്റെ രഹസ്യങ്ങളിലേക്ക് മനുഷ്യന്‍ പറക്കുന്നതും ഇതുപയോഗിച്ചാണ്. റോക്കറ്റും മിസൈലും പോലെ നമ്മുടെ കാലത്തിന്റെ സങ്കീര്‍ണ്ണമായ വൈരുദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ ഏറെയില്ല.

Share on

മറ്റുവാര്‍ത്തകള്‍