December 09, 2024 |
Share on

പതിവ് വഴിയിൽ നിന്ന് മാറി നടക്കുക എന്നാൽ എഴുത്തുകാർ സ്വയം നവീകരിക്കുക എന്നത് കൂടിയാണ്: എം മുകുന്ദൻ

എഴുത്ത് ഒരു യാത്രയാണ്. ഒരേ ശൈലിയിലുള്ള കഥാപാത്രങ്ങൾ ആ യാത്രയെ തുടങ്ങിയ ഇടത്തു തന്നെ നിർത്തും.

അഴിമുഖം ബുക്‌സിന്റെ നാലാമത് പുസ്തകം ‘ തൃക്കാക്കര സ്‌കെച്ചസ് പ്രകാശനം ചെയ്ത പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ അഴിമുഖവുമായി നടത്തിയ അഭിമുഖം.

മയ്യഴി പുഴയുടെ തീരങ്ങളിൽ അമ്പതു വർഷം തികഞ്ഞിരിക്കുകയാണ്. കാർട്ടൂണിസ്റ്റ് സുധീർനാഥ് എഴുതിയ പുസ്തകം തൃക്കാക്കര സ്കെച്ചസും മയ്യഴി പുഴയുടെ തീരങ്ങളിലും ഓരോ ദേശങ്ങളുടെ കഥയാണ്. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം സ്വന്തം നാടിനെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും സ്വന്തം കൈ പടയിൽ രേഖപ്പെടുത്തുന്നത് എത്രമാത്രം ആത്മസംതൃപ്തി നൽകുന്നതാണ്.

തീർച്ചയായും, സ്വന്തം നാടിനെ കുറിച്ച് എഴുതുമ്പോൾ ലഭിക്കുന്ന ഒരു ആത്മസംതൃപ്തിയുണ്ട്. മറ്റു കൃതികളിലൂടെ അതിനേക്കാൾ മനോഹരമായി ഒരുപക്ഷെ മറ്റൊരു ഇടത്തെ കുറിച്ച് എഴുതിയേക്കാം. എന്നാൽ നേരത്തെ പറഞ്ഞ ആ സംതൃപ്തി അതിൽ അന്യമായിരിക്കും. ഏതൊരു എഴുത്തുകാരനും ആദ്യം എഴുതിത്തുടങ്ങുന്നത് സ്വന്തം നാടിനെ കുറിച്ചായിരിക്കും. ആ എഴുത്തിലൂടെയാണ് സാഹിത്യകാരന്മാർ വളർന്നു വരുന്നത്. കൂടല്ലൂരിനെ കുറിച്ചെഴുതിയ എംടിയും, ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസവുമെല്ലാം ഇത്തരത്തിലുള്ള സാഹിത്യ കൃതികളാണ്.  ആദ്യം സ്വന്തം നാടിനെ കുറിച്ച് എഴുതിയ ശേഷമേ മറ്റെന്തിനെ കുറിച്ചും സാഹിത്യകാരന്മാർ ചിന്തിക്കുകയുള്ളു.എവിടെ ജനിച്ചു എന്നുള്ളത് ഒരാളുടെ സാഹിത്യത്തിൽ അത്രമേൽ പ്രാധാന്മർഹിക്കുന്നുണ്ട്.

പ്രകൃതി സാഹിത്യത്തെ ചുറ്റി പിടിച്ചിരിക്കുന്നവർ വികസനത്തിന് എതിരാണെന്നുള്ള വിമർശനത്തെ എങ്ങനെയാണ് നോക്കി കാണേണ്ടത്?

പ്രകൃതിക്കു കോട്ടം വരാത്ത വികസനങ്ങളാണ് നമുക്കാവശ്യം. എഴുത്തുകാരുൾപ്പെടെ പരിശ്രമിക്കുന്നതും അത്തരമൊരു വികസനത്തിനാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ
കേരളത്തിലെ ജനസംഖ്യ കൂടുതലുള്ള, ആളുകൾ ഇട തിങ്ങി കഴിയുന്ന ഇടം കൂടിയാണ്. അതുകൊണ്ട് തന്നെ ജനങ്ങൾക്കും, പ്രകൃതിക്കും കോട്ടം തട്ടാത്ത വികസനമാണ് ഇവിടെ ആവശ്യം. ചൈന പോലുള്ള വലിയ ജന സാന്ദ്രതയുള്ള രാജ്യങ്ങൾ അവലംഭിക്കുന്ന വികസന മാതൃകകൾ സൂക്ഷ്മമായി വിശകലനം ചെയ്ത് പഠിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ നശിക്കാൻ വിട്ടുകൊണ്ടുള്ള വികസനങ്ങൾ ഭൂഷണമായിരിക്കില്ല. അതല്ലാത്ത
പക്ഷം ഇതിന്റെ അനന്തര ഫലങ്ങൾ ഭാവിയിൽ അഭിമുഖീകരിക്കേണ്ടതായി വരും.

സമൂഹം കൽപ്പിച്ചു നൽകിയ മാനങ്ങളിൽ അധിഷ്ഠിതമല്ലാത്ത നായക സങ്കൽപ്പമാണ് പലപ്പോഴും കണ്ടിട്ടുള്ളത് എന്തുകൊണ്ടാണിത്?

ഒരു എഴുത്തുകാരനെന്ന നിലയിൽ പുതിയ കാര്യങ്ങൾ പുതിയ രീതിയിൽ അവതരിപ്പിക്കാനാണ് എല്ലായിപ്പോഴും ഞാൻ ശ്രമിക്കാറുള്ളത്. പതിവ് രീതിയിൽ നിന്ന് മാറി നടക്കുക കൂടിയാണ്. എഴുത്തുകാരൻ സ്വയം നവീകരിക്കുക എന്നു വേണമെങ്കിൽ പറയാം. എഴുത്ത് ഒരു യാത്രയാണ്. ഒരേ ശൈലിയിലുള്ള കഥാപാത്രങ്ങൾ ആ യാത്രയെ തുടങ്ങിയ ഇടത്തു തന്നെ നിർത്തും. അതിനിടകൊടുക്കാതെ മറ്റു വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കണം. ഹരിദ്വാറിൽ മണി മുഴങ്ങുന്നു എന്ന കൃതി ആ രീതിയിൽ ഉള്ള ഒന്നാണ്. ഞാൻ ഹരിദ്വാറിൽ എത്തുന്നതും ഈ വിധമാണ്. എന്നെ സംബന്ധിച്ചു ഹരിദ്വാർ വളരെ പരിചിതമായ ഇടമാണ്.ഒരുപാടനുഭവങ്ങൾ സമ്മാനിച്ചതു കൊണ്ട് കൂടിയാണ് പതിവ് രീതിയിൽ നിന്നും മാറി ഒരു നായക സങ്കല്പത്തെ സൃഷ്ടിക്കാനായത്.

Advertisement
×