UPDATES

‘ഏകാംഗ കമ്മീഷനായി’ മാറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിവാദ നിയമനം നേടിയ അരുണ്‍ ഗോയല്‍ രാജിവച്ചു

                       

രാജ്യം നിര്‍ണായകമായ പൊതു തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ ആഴ്ച്ചകള്‍ മാത്രമാണ് ബാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ സുപ്രധാന ചുമതലക്കാരായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണിപ്പോള്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമുള്ള കമ്മീഷനില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രം. ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ ശനിയാഴ്ച്ച രാത്രി രാജിവച്ചതോടെയാണ് ഏകാംഗ കമ്മീഷനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയത്. ഗോയലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.

2027 ഡിസംബര്‍ വരെ കാലാവധി ഉണ്ടായിരിക്കെയാണ് ഗോയലിന്റെ അപ്രതീക്ഷിത രാജി. എന്താണ് തിടക്കുപ്പെട്ടുള്ള തീരുമാനത്തിന് പിന്നിലെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഈ വര്‍ഷം ഫെബ്രുവരി 15 ന് മൂന്നാമത്തെ അംഗമായിരുന്ന അനൂപ് ചന്ദ്ര പാണ്ഡെയുടെ കാലാവധി പൂര്‍ത്തിയായിരുന്നു. ഒരു മാസമായി ഈ ഒഴിവ് നിലനില്‍ക്കെയാണ് ഇപ്പോള്‍ ഗോയലും രാജിവച്ചത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാത്രമായി ഇ സി ഐ(ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) ചുരുങ്ങി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഇ സി ഐ രാജ്യത്തുടനീളം പരിശോധനകള്‍ നടത്തി വരികയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് ഗോയലിന്റെ അപ്രതീക്ഷിത രാജി. തെരഞ്ഞെടുപ്പ് ബോണ്ട് നിരോധനം മോദി സര്‍ക്കാരിനും ഇസിഐക്കും നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗോയലിന്റെ രാജി.

അരുണ്‍ ഗോയലിനെ നിയമനം തന്നെ വിവാദമായിരുന്നു. ഗോയലിനെ ഇലക്ഷന്‍ കമ്മീഷന്‍ അംഗമാക്കിയത് സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പഞ്ചാബ് കേഡറിലുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗോയല്‍ ഐഎഎസ് പദവി രാജിവച്ചതിനു പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കപ്പെടുന്നത്. 37 വര്‍ഷത്തെ ഐഎഎസ് സേവനത്തിനുശേഷം 2022 നവംബര്‍ 18 ന് ആയിരുന്നു ഗോയല്‍ സ്വയം വിരമിക്കുന്നത്. ഡിംസബര്‍ 31 ന് ഔദ്യോഗിക കാലാവധി തീരുമെന്നിരിക്കെ ഒരു മാസം മുമ്പ് അപ്രതീക്ഷിത രാജി. തൊട്ടടുത്ത ദിവസം(നവംബര്‍ 19) രാഷ്ട്രപതി ഗോയലിനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. 2022 മാര്‍ച്ച് 15 മുതല്‍ ഒഴിഞ്ഞു കിടന്ന പോസ്റ്റിലേക്കായിരുന്നു ഗോയലിന്റെ നിയമനം. നവംബര്‍ 21 ന് അദ്ദേഹം സ്ഥാനം ഏറ്റെടുത്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള നിയമന പ്രക്രിയയില്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രിം കോടതി പരിഗണിക്കുന്ന അതേ സമയത്ത് തന്നെയായിരുന്നു ഗോയലിന്റെ നിയമനവും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റെഫോംസ്(എഡിആര്‍) ഗോയലിന്റെ നിയമനം സുപ്രിം കോടതിയില്‍ ചോദ്യം ചെയ്തു. ഇത്തരമൊരു നിയമനം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് ഗോയല്‍ ഐഎഎസ് പദവിയില്‍ നിന്നും സ്വയം വിരമിച്ചതെന്നായിരുന്നു 2023 ഏപ്രിലില്‍ നല്‍കിയ ഹര്‍ജിയില്‍ എഡിആര്‍ ആരോപിച്ചിരുന്നത്. കോടതി ഗോയലിന്റെ നിയമനം ശരിവയ്ക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടുന്ന വിവരമനുസരിച്ച് മാര്‍ച്ച് 14 നോ 15 നോ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവുകള്‍ നികത്താനുള്ള ഉന്നത തല സമിതി യോഗം ചേരുമെന്നാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായി തന്നെ യോഗം ചേരുമെന്നും ഒഴിവുകള്‍ നികത്തുമെന്നുമാണ് വിവരം. സ്വതന്ത്ര ഭരണഘടന സ്ഥാപനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സുപ്രിം കോടതി ചീഫ് ജസ്റ്റീസ് കൂടി അംഗമായ സമിതിയായിരുന്നു മുന്‍കാലങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തെരഞ്ഞെടുത്തിരുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ ബില്ല് പ്രകാരം, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതു പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയായിരിക്കും, ചീഫ് ജസ്റ്റീസിന് സ്ഥാനമില്ല. അതായത് ആരൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വേണമെന്നത് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവച്ചൊഴിഞ്ഞൊരു മുന്‍ഗാമി അരുണ്‍ ഗോയലിനുണ്ട്. ആശോക് ലവാസ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇടം പിടിച്ച ആദ്യ വ്യക്തി. ലവാസയും ഗോയലും മോദി ഭരണ കാലയളവിലാണ് രാജിവച്ചിരിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. 2020 ഓഗസ്റ്റിലായി അശോക് ലവാസ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവച്ച് എബിഡിയില്‍ ചേരുന്നത്. സീനിയോരിറ്റി പരിഗണിച്ച് ലവാസ അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകാന്‍ സാധ്യത നിലനില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. 2019-ലെ പൊതു തെരഞ്ഞെടുപ്പ് കാലത്ത് ലവാസ മാത്രമായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനായി ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന്റെ പേരില്‍ നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ലവാസ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലവാസയുടെ ഭാര്യക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് വന്നു. ഒരു ഫ്‌ളാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ലാവസ ദമ്പതിമാര്‍ക്കെതിരേ മുഖ്യധാര മാധ്യമങ്ങള്‍ വിചാരണ ആരംഭിച്ചു. ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ അശോക് ലവാസയുടെ പേരും ഉണ്ടായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അശോക് ലവാസ രാജിവച്ചു പോയത്.

Related news


Share on

മറ്റുവാര്‍ത്തകള്‍