സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ നിന്നും ആറ് പേരെ കാണാതായിട്ടുണ്ടെന്നു തമിഴ്‌നാട് പൊലീസ്. മദ്രാസ് ഹൈക്കോടതിയിലാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ഇഷ ഫൗണ്ടേഷനില്‍ നിന്നും 2016 മുതലാണ് ആറു പേരെയും കാണാതായത്. ജസ്റ്റീസുമാരായ എം എസ് രമേഷ്, സുന്ദര്‍ മോഹന്‍ എന്നിവരുടെ ഡിവിഷന്‍ ബഞ്ചിനു മുന്നില്‍ പൊലീസ് വാക്കാല്‍ നല്‍കിയ വിവരമാണിത്. കാണാതായവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. പൊലീസിന്റെ പ്രസ്താവന രേഖകളില്‍ ഉള്‍പ്പെടുത്തിയ കോടതി, അടുത്ത വാദം നടക്കുന്ന ഏപ്രില്‍ 18 ന് ഇതുവരെയുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ സഹോദരനായ ഗണേശനെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് തിരുന്നല്‍വേലി സ്വദേശി തിരുമലൈ ഹൈക്കോടതയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ആറ് പേരെ കാണാതായിട്ടുണ്ടെന്ന കാര്യം പൊലീസ് വെളിപ്പെടുത്തുന്നത്. 2023 മാര്‍ച്ച് രണ്ടാം തീയതിയാണ് തിരുമലൈ ഇഷ ഫൗണ്ടേഷനില്‍ ബന്ധപ്പെട്ടപ്പോഴാണ് 46 കാരനായ ഗണേശനെ കാണാതായ വിവരം അറിയുന്നത്. ഫൗണ്ടേഷനും പൊലീസും തന്റെ സഹോദരന്റെ കാര്യത്തില്‍ നിസ്സംഗത കാണിച്ചതോടെയാണ് കര്‍ഷകനായ തിരുമലൈ കോടതിയുടെ സഹായം തേടിയത്. ഗണേശനെ കോണ്‍ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടാകത്തിനെ തുടര്‍ന്നാണു തിരുമലൈ ഇഷ ഫൗണ്ടേഷനെ ബന്ധപ്പെട്ടു. അവര്‍ പറഞ്ഞത്, ആശ്രമത്തില്‍ ജോലി നോക്കി വന്നിരുന്ന ഗണേശനെ രണ്ടു ദിവസമായി കാണാനില്ലെന്നായിരുന്നു. തുടര്‍ന്നാണ് തിരുമലൈ പൊലീസില്‍ പരാതി കൊടുത്തു. ഗണേശനെ കാണാതയിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്ന ഫൗണ്ടേഷന്റെ യോഗ സെന്റര്‍ ഇന്‍ ചാര്‍ജ് ദിനേഷിനെ കുറ്റാരോപിതനാക്കിയാണ് തിരുമലൈ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് പരാതിയോട് ഉദാസീനമായ സമീപനമാണ് സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് തിരുമലൈ കോടതിയെ സമീപിക്കുന്നത്.
കാണാതയവരില്‍ ചിലര്‍ ഇതിനകം തിരിച്ചെത്തിയിരിക്കാമെന്നും, എന്നാല്‍ കൃത്യമായ വിവരങ്ങളുടെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയോട് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് എപ്രില്‍ 18 ന് ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
1992 ലാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ സദ്ഗുരു ജഗ്ഗി വാസുദേവ് ഇഷ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇഷ യോഗ സെന്റന്‍. ഇതാദ്യമായല്ല ഇഷ ഫൗണ്ടേഷന്‍ വിവാദങ്ങളില്‍ നിറയുന്നത്. പാരിസ്ഥിതിക ആരോപണങ്ങള്‍ നേരിടുന്ന പ്രസ്ഥാനമാണ് ഇഷ ഫൗണ്ടേഷന്‍. കോയമ്പത്തൂരിലെ യോഗ സെന്റര്‍ നിര്‍മാണം പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്നായിരുന്നുവെന്നാണ് ആരോപണം. ഇതിനു പുറമെയാണ് ആശ്രമത്തിലും യോഗ സെന്ററുകളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും മോശം പെരുമാറ്റങ്ങളും വിവാദങ്ങളാകുന്നത്. മുന്‍ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ ഇത്തരം പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍. ജഗ്ഗി വാസുദേവ് ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ തലയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്. തലയോട്ടിയിലെ രക്തസ്രാവം നീക്കം ചെയ്യുന്നതിനായിരുന്നു മാര്‍ച്ച് 17 ന് ശസ്ത്രക്രിയ നടത്തിയത്.