UPDATES

സിഖ് വിഘടനവാദം; പ്രാദേശിക പ്രശ്‌നത്തില്‍ നിന്നും രാഷ്ട്രീയ അബദ്ധത്തിലൂടെ ആഗോള പ്രസ്ഥാനമായി വളര്‍ന്നതിന്റെ ചരിത്രം

കേന്ദ്രഭരണകൂടത്തിന്റെ ഒരോ ക്രൂരമായ അടിച്ചമര്‍ത്തലുകളും സിഖ് തീവ്രവാദത്തെ കൂടുതല്‍ ശക്തമാക്കി

                       

സിഖ് വിഘടനവാദത്തിന്റെ പേരില്‍ ഇന്ത്യക്ക് അതിന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന കാനഡയുമായി പിണങ്ങേണ്ട സാഹചര്യം വന്നിരിക്കുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടക്കം പതിനായിര കണക്കിന് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്ക് കാരണമായ, ഇന്ത്യയെ പിടിച്ചു കുലുക്കിയ സിഖ് വിഘടനവാദം ഇന്നും ഇന്ത്യയുടെ പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി നിലനില്‍ക്കുകയാണെന്നു നിലവിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു.

എങ്ങനെയായിരുന്നു സിഖ് വിഘടനവാദം മുളപൊട്ടിയത്. അതേ താനെ മുളച്ചുപൊന്തിയതായിരുന്നോ? കശ്മീരിനെ പോലെ പഞ്ചാബിനെയും കത്തിച്ച രാജ്യവിരുദ്ധ പ്രതികാരങ്ങളുടെ ചരിത്രം തുടങ്ങുന്നത്, ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ അവരുടെ അധികാര ശക്തി നിലനിര്‍ത്താന്‍ വേണ്ടി നടത്തിയ ‘ അബദ്ധങ്ങളില്‍’ നിന്നായിരുന്നുവെന്നാണ് പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. കഴുകന്മാരുടെ വിരുന്ന്'(എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്; ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ) എന്ന ആദ്യ പുസ്തകത്തിനു ശേഷമെഴുതിയ ‘ നിശബ്ദ അട്ടിമറി; ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ചു പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം(The Silent Coup: A History of India’s Deep State) എന്ന രണ്ടാമത്തെ പുസ്‌കതത്തില്‍ കശ്മീരിലെയും പഞ്ചാബിലെയുമെല്ലാം വിഘടനവാദ/തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെങ്ങനെയാണെന്ന് ജോസി വ്യക്തമായി വരച്ചിടുന്നുണ്ട്.

എവരി വണ്‍ ലൗസ് എ ബ്ലഡി വാര്‍

ജോസി ജോസഫിന്റെ ‘ നിശബ്ദ അട്ടിമിറി’ എന്ന പുസ്തകത്തില്‍ വിവരിക്കുന്ന, സിഖ് തീവ്രവാദം ഒരു പ്രാദേശിക പ്രശ്‌നമെന്നതില്‍ നിന്ന് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയും വിവിധ രാജ്യങ്ങളില്‍ ശാഖകളും പ്രബലമായ ഫണ്ടിങ്ങും ഉള്ള ആഗോള പ്രസ്ഥാനമായി വളര്‍ന്നത് എങ്ങനെയെന്നതിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമാണ് താഴെ കൊടുക്കുന്നത്.

അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ജര്‍ണല്‍ സിങ് ഭിന്ദ്രന്‍വാലയുമായി ബന്ധപ്പെട്ടുവെന്ന് അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ പറഞ്ഞിട്ടുണ്ട്. സുപ്രധാന സിഖ് മതപാഠശാലയായ ദാംദാനി താലിന്റെ സമരോത്സുകനായ അധിപനായിരുന്നു ഭിന്ദ്രന്‍വാല. കോണ്‍ഗ്രസിനെ തകര്‍ത്തുകളഞ്ഞ അകാലിദളിനെ എതിര്‍ക്കാനൊരു സഹായമായി ഭിന്ദ്രന്‍വാല മാറി. 1977ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ അതുവരെ ഗ്യാനി സെയില്‍സിങ്ങിന്റെ-പിന്നീട് അദ്ദേഹം രാഷ്ട്രപതിയായി മാറി-നേതൃത്വത്തില്‍ ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്ക് പുറംതള്ളപ്പെട്ടു. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍ അകാലിദളിന്റെ സിഖ് രാഷ്ട്രീയത്തിനെതിരായി സ്വന്തമായി മതനേതൃത്വത്തെ മുന്നോട്ട് വയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. സഞ്ജയ് ഗാന്ധിയും കൂട്ടാളികളും അതിനായി രണ്ട് പേരെ കണ്ടെത്തി. സഞ്ജയ് ഗാന്ധിയുടെ അടുത്ത സഹപ്രവര്‍ത്തകനും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ ഉദ്ധരിച്ചുകൊണ്ട് കുല്‍ദീപ് നയ്യാര്‍ എഴുതുന്നു: ‘ഞങ്ങള്‍ ആദ്യം കൂടിക്കാഴ്ച നടത്തിയ ആള്‍ അത് ധൈര്യമുള്ള ഒരാളായി തോന്നിയില്ല. പക്ഷേ ഭിന്ദ്രന്‍വാല മട്ടിലും മാതിരിയിലും ശക്തനായിരുന്നു. ലക്ഷ്യത്തിന് പറ്റിയ ആളാണെന്ന് തോന്നി. അദ്ദേഹത്തിന് ഇടയ്ക്കിടെ ഞങ്ങള്‍ പണം നല്‍കികൊണ്ടിരുന്നു. പക്ഷേ അയാള്‍ ഒരു ഭീകരവാദിയായി മാറുമെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല.’

നരേഷ് ഗോയലും വിമാനക്കമ്പനി ഉടമയായിരുന്ന ഒരു മലയാളിയുടെ കൊലപാതകവും

തുടര്‍ന്ന് വര്‍ഷങ്ങളോളം നാശം വിതയ്ക്കുകയും ഇന്ത്യയെ തന്നെ പിടിച്ച് കുലുക്കുകയും ചെയ്ത ഒരു ക്രൂരജന്തുവിനെയാണ് കോണ്‍ഗ്രസ് സൃഷ്ടിച്ചെടുത്തത്. 1981 സെപ്തംബര്‍ ഒന്‍പതിന് പഞ്ചാബ് കേസരി ദിനപത്രത്തിന്റെ സ്ഥാപകന്‍ ലാലി ജഗത് നാരായണിന്റെ കൊലപാതകമാണ് ഭിന്ദ്രന്‍വാലയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെട്ട ആദ്യത്തെ അക്രമം. സ്വാതന്ത്ര്യസമര സേനാനിയും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട പൊതുപ്രവര്‍ത്തകനുമായ ജഗത് നാരായണന്‍, ഭി ന്ദ്രന്‍വാലയുടെ രൂക്ഷ വിമര്‍ശകനുമായിരുന്നു. മാത്രമല്ല, നിരാങ്കരികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ സാക്ഷിയുമായിരുന്നു അദ്ദേഹം, ജഗത് നാരായണന്‍ വധക്കേസില്‍ ഭിന്ദ്രന്‍വാലയെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പോലീസിന്റെ ശ്രമം പരാജയപ്പെടുത്തിയത് രണ്ട് കോണ്‍ ഗ്രസ് നേതാക്കളായിരുന്നുവെന്നാണ് കുല്‍ദീപ് നയ്യാര്‍ എഴുതുന്നത്. 1980-ല്‍ വലിയ വിജയത്തോടെ കോണ്‍ഗ്രസ് രാജ്യഭരണത്തില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായ സെയില്‍ സിങ്ങും ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭജന്‍ലാലും. ആയിടെയാണ് കുറച്ചധികം എം.എല്‍.എമാരുമായി കൂറുമാറി ഭജന്‍ലാല്‍ കോണ്‍ഗ്രസിലെത്തിയത്. ഭിന്ദ്രന്‍വാല അക്കാലത്ത് താമസിച്ചിരുന്ന ഹരിയാനയിലെ ചന്ദോ കാലന്‍ ഗ്രാമത്തില്‍ പഞ്ചാബ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വന്നത് കലാപത്തിന് വഴി വച്ചു. പോലീസും ഭിന്ദ്രന്‍വാലയുടെ അനുയായികളുമായുള്ള പോരാട്ടം രണ്ട് ബസുകള്‍ തീവച്ച് നശിപ്പിക്കുന്നതിനും മറ്റ് പല അക്രമസംഭവങ്ങള്‍ക്കും കാരണമായി. നശിക്കപ്പെട്ടവയുടെ കൂട്ടത്തില്‍ ഭിന്ദ്രന്‍വാല അരുമയായി സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ ലിഖിത രൂപങ്ങളും ഉണ്ടായിരുന്നു.

അതിനിടെ അതിര്‍ത്തിക്കപ്പുറത്ത്, 1971-ലെ അപമാനത്തിന് പകരം വീട്ടാന്‍ തക്കം പാര്‍ത്തിരുന്ന പാകിസ്ഥാന്‍ പഞ്ചാബിലെ ഈ അവ്യവസ്ഥയിലേയ്ക്ക് ദ്രുദഗതിയില്‍ കടന്ന് കയറി. തീവ്രവാദികള്‍ക്ക് ആയുധങ്ങളും പടക്കോപ്പുകളും നല്‍കുകയും പാകിസ്ഥാനിലേയ്ക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും അനുവദിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളെ സംഘടിപ്പിക്കാനുള്ള സഹായവും പാകിസ്ഥാനാണ് ചെയ്തത്. അവിടത്തെ പ്രാദേശിക ജേര്‍ണലിസ്റ്റുകളും നിരീക്ഷകരും പറയുന്നത്, സിഖ് തീവ്രവാദവുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ ജനറല്‍ സിയ ഉള്‍ ഹഖ് വ്യക്തിപരമായി വലിയ താത്പര്യത്തോടെയാണ് ഇടപെട്ടിരുന്നത് എന്നാണ്. 1982-ല്‍ ഒന്‍പതാം ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ ഇന്ത്യ തയ്യാറെടുക്കുകയായിരുന്നു. അതൊരു കായികോത്സവം മാത്രമായിരുന്നില്ല, തന്റെ പിന്‍ഗാമിയായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വളര്‍ത്തിക്കൊണ്ട് വരുന്ന പുത്രന്‍ രാജീവ് ഗാന്ധിയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദി കൂടിയായിരുന്നു.

അക്കാലമായപ്പോഴേയ്ക്കും ഭിന്ദ്രന്‍വാലയുടെ പോരാട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്ന അകാലി ദളിന്റെ നേതാവ് ഹര്‍ചന്ദ് സിങ്ങ് ലോഗോവാളിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ഗെയിംസിന്റെ സമയത്ത് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചു. ഇതിനോടുള്ള ഭരണകൂടത്തിന്റെ പ്രതികരണം ക്രൂരമായിരുന്നു. സാധാരണ സിഖ് ജനതയാണ് ഇതിന്നിരകളായി മാറിയത്. ഈ താറുമാറുകളും ഭിന്ദ്രന്‍വാലയുടെ തീവ്രവാദത്തിന് കൂടുതല്‍ സഹായം നല്‍കി. പഞ്ചാബ് തീവ്രവാദത്തിനൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വച്ച രാജീവ് ഗാന്ധി, അതില്‍ നിന്ന് തെറ്റായ പാഠങ്ങളാണ് പഠിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അതരത്തിലുള്ള, ഭാവനാശൂന്യമായ രാഷ്ട്രീയ നടപടികള്‍ കശ്മീരിലും കൈക്കൊള്ളുന്നതിലേയ്ക്കാണ് അത് നയിച്ചത്.

കേന്ദ്രഭരണകൂടത്തിന്റെ ഒരോ ക്രൂരമായ അടിച്ചമര്‍ത്തലുകളും സിഖ് തീവ്രവാദത്തെ കൂടുതല്‍ ശക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ട തീവ്രവാദികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കലാപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ 3000 തീവ്രവാദികളെ വരെ പാകിസ്ഥാന്‍ ആതിഥ്യമരുളി സംരക്ഷിച്ചിട്ടുണ്ട് എന്ന്, ഇന്ത്യന്‍ ഏജന്‍സികള്‍ അവകാശപ്പെട്ടു. മിക്കവാറും തീവ്രവാദ സംഘടനകളുടെ നേതാക്കള്‍ പാകിസ്ഥാനിലായിരുന്നു താവളമുറപ്പിച്ചത്. അവര്‍ക്ക് ആയുധങ്ങളും പടക്കോപ്പുകളും പരിശീല നവും നല്‍കിയ ഐ.എസ്.ഐ അന്തരാഷ്ട്ര അതിര്‍ത്തി കടക്കാനും അവരെ സഹായിച്ചു. ഈ തീവ്രവാദമാകട്ടെ ഹിന്ദുവിരുദ്ധമായും പരിണമിച്ചു. ബസുകളിലും തീവണ്ടികളും പൊതുവിടങ്ങളിലും ഹിന്ദുക്കളെ ലക്ഷ്യം വച്ച് കൊലപാതകങ്ങള്‍ നടന്നു. അന്തരീക്ഷം കൂടുതല്‍ വഷളായതോടെ, സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ 1983 ജൂണ്‍ മൂന്നിന് പിരിച്ച് വിടേണ്ട അവസ്ഥ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുണ്ടായി.

1984-ലെ വേനല്‍ കാലത്ത് പഞ്ചാബില്‍ ഇന്ത്യന്‍ കരസേനയെ വിന്യസിച്ചു. പോലീസിനെ പട്ടാള നിയന്ത്രണത്തില്‍ കീഴിലാക്കി, മീററ്റില്‍ നിന്ന് മേജര്‍ ജനറല്‍ കുല്‍ദീപ് സിങ്ങ് ബാര്‍ നയിച്ച് ഒന്‍പതാം ഡിവിഷനെ അമൃത്സറിലേയ്ക്ക് കൊണ്ടുവന്നു. 1965-ലെ യുദ്ധത്തില്‍ പാകിസ്ഥാന്റെ കയ്യില്‍ നിന്ന് അവിശ്വസനീയമായ രീതിയില്‍ ഹാജിപീര്‍ ചുരം പിടിച്ചെടുത്ത ഐതിഹാസിക സൈനികനും അക്കാലത്ത് പശ്ചിമ കമാന്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫുമായിരുന്ന ലഫ്റ്റനന്റ് ജനറല്‍ രഞ്ജിത് സിങ് ദയാലിനെ പഞ്ചാബ് ഗവര്‍ണറുടെ സുരക്ഷാ ഉപദേശകനായി നിയമിച്ചു. ഇന്ത്യന്‍ സേനയുടെ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന പദവികളില്‍ ധാരാളം സിഖ് ഓഫിസര്‍മാരെ നിയമിച്ചു.

ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള സിഖ് തീവ്രവാദികള്‍ താവളമടിച്ചിരുന്ന സുവര്‍ണക്ഷേത്രം, രായ്ക്കുരാമാനം ബിഹാര്‍ റെജിമെന്റ് വളഞ്ഞു. പക്ഷേ ഈ തീവ്രവാദികള്‍ അസംഘടിതരായ പ്രവര്‍ത്തകരൊന്നുമല്ലായിരുന്നു. അവരെ നയിച്ചിരുന്നത് 1971-ലെ ബംഗ്ലാദേശ് യുദ്ധതന്ത്രത്തിന്റെ സൃഷ്ടാക്കളില്‍ ഒരാളായിരുന്ന മേജര്‍ ജനറല്‍ ഷാബഗ് സിങ്ങായിരുന്നു. സൈനിക നേതൃത്വത്തില്‍ നിന്ന് ഷാബെഗ് സിങ്ങിന് അനീതി നേരിടേണ്ടി വന്നുവെന്നാണ് പലരും വിശ്വസിക്കുന്നത്. സേ നയില്‍ നിന്ന് വിരമിക്കുന്നതിന്റെ തലേദിവസം കോര്‍ട്ട് മാര്‍ഷലിന് വിധേയനായ അദ്ദേഹം പിന്നീട് സിഖ് അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും ഭിന്ദ്രന്‍വാല സംഘത്തില്‍ എത്തിച്ചേരുകയും ചെയ്തു.

2012ല്‍ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് ശേഖര്‍ ഗുപ്തയ്ക്ക് അനുവദിച്ച ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സുവര്‍ണക്ഷേത്ര സൈനിക നടപടിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതിനെ നയിച്ച് ജനറല്‍ കെ.എ സ്.ബാര്‍, ഷാബെഗ് സിങ്ങിനെ കുറിച്ച് വാചാലനായി. അദ്ദേഹം അക്കാദമിയില്‍ എന്റെ പരിശീലകനായിരുന്നു. അദ്ദേഹത്തിന്റെ കേഡറ്റായിരുന്നു ഞാന്‍. പിന്നീട് 1971-ലെ യുദ്ധത്തില്‍ ധാക്കയിലേയ്ക്ക് പോകുമ്പോള്‍ ഞങ്ങള്‍ വീണ്ടും കൂട്ടിമുട്ടി. അക്കാലത്ത് ബാര്‍ വണ്‍ മറാത്തയുടെ കമാന്‍ഡര്‍ ആയിരുന്നു. 1971 ഡിസംബര്‍ പതിനാറിന് ധാക്കയിലേയ്ക്ക് പ്രവേശിച്ച ആദ്യ ബറ്റാലിയനുകളിലൊന്നായിരുന്നു വണ്‍ മറാത്ത സുബേഗ് സിങ്ങും അദ്ദേഹം വളര്‍ത്തിയെടുത്ത മുക്തിവാഹിനിയും അവര്‍ക്കൊപ്പമാണ് ധാക്കയിലെത്തിയത്.

‘ഡോ.നാര്‍കോ’യും ഇന്ത്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിലെ ഇരുണ്ട രഹസ്യങ്ങളും

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സുവര്‍ണക്ഷേത്ര സമുച്ചയത്തിന് കാര്യമായ കേടുപാടുകള്‍ വരുത്തി. ഇത് സിഖ് സമൂഹത്തിന്റെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഗുരുതരമായ വിള്ളലുണ്ടാക്കി. സൈനിക നീക്കം അവസാനിച്ച് രണ്ട് മൂന്ന് ദിവസത്തിന് ശേഷം രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ പട്ടണാതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ഒന്‍പതാം സിഖ് റെജിമെന്റ് പൂര്‍ണമായും സൈനിക ലഹള സൃഷ്ടിച്ചു. അറന്നൂറോളം സായുധ സൈനികര്‍ പട്ടണത്തിന്റെ തെരുവുകളിലൂടെ ഭിന്ദ്രന്‍വാലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുദ്രവാക്യങ്ങള്‍ മുഴക്കി വാഹനങ്ങളോടിച്ചു. ഒരു പോലീസുകാരനെ വെടിവെച്ച് കൊന്നശേഷം ആ സൈനികര്‍ രണ്ടായി പിരിഞ്ഞു. ഒരു കൂട്ടര്‍ ദേശീയ തലസ്ഥാനത്തേയ്ക്കും മറ്റൊരു സംഘം പാകിസ്ഥാന്‍ പ്രദേശത്തേയ്ക്കും നീങ്ങി. ഈ സൈനിക കലാപത്തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ ബിഹാറിലെ രാംഗഡ് താവളമാക്കിയിരുന്ന സിഖ് റെജിമെന്റും ഇളകി മറിഞ്ഞു. ഏകദേശം 1500 സൈനികര്‍ ആയുധപ്പുര ആക്രമിച്ച് പടക്കോപ്പുകളെടുത്ത് കടന്ന് കളഞ്ഞു. രണ്ടാമത്തെ ലഹളയുടെ വാര്‍ത്തയറിഞ്ഞ് രണ്ട് ഓഫീസര്‍മാര്‍ക്കൊപ്പം ബ്രിഗേഡിയര്‍ എസ്.സി പുരി സൈനികര്‍ക്ക് നേരെ വാഹനമോടിച്ചെത്തി. സൈനികര്‍ കാറിന് നേരെ വെടിവയ്ക്കുകയും ബ്രിഗേഡിയര്‍ക്ക് പരിക്ക് പറ്റുകയും ചെയതു. മറ്റ് ഓഫീസര്‍മാര്‍ അദ്ദേഹത്തെ ഉടനടി സൈനിക ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ബ്രിഗേഡിയര്‍ പുരിയെ രക്ഷിക്കാനായില്ല.

സാധാരണ പൗരന്മാരില്‍ നിന്ന് ബലമായി അപഹരിച്ചതടക്കമുള്ള കാറുകളിലും വാഹനങ്ങളിലും രാംഗഡില്‍ നിന്ന് ഈ സൈനികര്‍ അമൃത്സര്‍ ലക്ഷ്യമാക്കി കുതിച്ചു. സൈന്യം റോഡുകള്‍ തടയുകയും മറ്റ് പല യൂണിറ്റുകളെയും ഇവരുടെ പുറകെ അയയ്ക്കുകയും ചെയ്തു. ഹെലികോപ്ടറുകളിലും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തി. ഇന്ത്യന്‍ സേന ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. സ്വന്തം സൈനികരെ തന്നെ വേട്ടയാടുക എന്നത്. പലയിടങ്ങളിലും ചെറുത്ത് നില്‍പ്പുകളും വെടിവെയ്പ്പുകളുമുണ്ടായി. പിന്നീടുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത് നൂറിലധികം പേര്‍ വെടിവെയ്പില്‍ മരിച്ചുവെന്നാണ്.

ആഗസ്ത് 24-ന് ചണ്ഡീഗഢില്‍ നിന്നുള്ള ശ്രീനഗര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം സിഖ് തീവ്രവാദികള്‍ റാഞ്ചി. ആ വിമാനം അമേരിക്കയിലേയ്ക്ക് കൊണ്ടുപോകണം എന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. പക്ഷേ ആദ്യം ലാഹോറിലേയ്ക്കും പിന്നീട് കറാച്ചിയിലേയ്ക്കും പോയ ആ വിമാനം അവസാനം യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ ദുബായില്‍ ഇറങ്ങി.

വികാരാധീനരായ ഇന്ത്യന്‍ സുരക്ഷ സംവിധാനം സൈനിക ലഹളകള്‍ക്ക് പ്രേരണ ചെലുത്തിയതിന് പാകിസ്ഥാനെ പഴിക്കാന്‍ മറന്നില്ല. എന്തായാലും സൈനിക ട്രൈബ്യൂണലിന്റെ സ്വന്തം അന്വേഷണം ബാഹ്യ ഇടപെടലിനെ അസന്ദിഗ്ദമായി തള്ളിക്കളയുകയും ഇന്ത്യന്‍ ഭരണനേതൃത്വത്തേയും മറ്റ് സാഹചര്യങ്ങളേയും കുറ്റപ്പെടുത്തുകയുമാണുണ്ടായത്. പക്ഷേ വിവിധ തലങ്ങളിലുള്ള അശാന്തി അവിടം കൊണ്ട് അവസാനിച്ചില്ല. ജമ്മു, പുനെ, മുംബൈ നഗരാതിര്‍ത്തിക്ക് പുറത്ത് എ ന്നിവടങ്ങളില്‍ നിന്ന് ചെറിയ തോതില്‍ സൈനിക ലഹള പൊട്ടിപ്പുറപ്പെട്ടു. സുവര്‍ണക്ഷേത്ര സമുച്ചയത്തിനകത്ത് സൈനികര്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തുവെന്ന ആരോപണവും ഉയര്‍ന്നു.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം, അവസാനം സൈനികരോട് പിന്തിരിയാന്‍ ആവശ്യപ്പെട്ടപ്പോഴേയ്ക്കും സംസ്ഥാനത്തുടനീളം നടന്ന അതിക്രമങ്ങളെ കുറിച്ചുള്ള പരാതികള്‍ കൂമ്പാരമായിരുന്നു. ഈ ആരോപണങ്ങളെയെല്ലാം സൈനിക നേതൃത്വം പൂര്‍ണമായും തള്ളിക്കളഞ്ഞു. എന്നാല്‍ 5000-ത്തിലധികം പേരെ സേന അറസ്റ്റ് ചെയ്യുക യും ഒട്ടനവധി റെയ്ഡുകള്‍ നടത്തുകയും ചെയ്തിരുന്നു.  ഭരണ കൂടമാകട്ടെ, ഒരു വ്യക്തിക്ക് തന്നെ നിരപരാധിത്വം തെളിയിക്കാന്‍ കര്‍ ക്കശമായ ഉപാധികള്‍ ഉള്‍പ്പെടുന്ന ഭീകര ബാധിത പ്രദേശ് (പ്രത്യേക കോടതി) നിയമം, 1984, പാസാക്കുകയും ചെയ്തിരുന്നു.

പഞ്ചാബില്‍ തുച്ഛമായ രാഷ്ട്രീയ താത്പര്യങ്ങളും കെട്ടുറപ്പില്ലാത്ത സുരക്ഷാസംവിധാനങ്ങളും ചേര്‍ന്ന് പ്രതിസന്ധിയെ മൂര്‍ദ്ധന്യത്തിലെത്തിച്ചു. ജമ്മു കാശ്മീരിലും ഇത് തന്നെയാണ് സംഭവിച്ചത്. രഹസ്യാന്വേഷണ വിവരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചാബില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടിട്ടും ഇതേ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ എവിടേയും കാണുന്നുണ്ടായില്ല. 1984 ഒക്ടോബറില്‍ സ്വന്തം സിഖ് അംഗരക്ഷകരാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോടെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ഇന്ത്യ കനത്ത വില നല്‍കേണ്ടി വന്നു.

ആ വര്‍ഷം അവസാനിച്ചതോടെ അക്രമങ്ങളുടെ ആവര്‍ത്തനം കൂടുതല്‍ ക്രൗര്യം നിറഞ്ഞതായി. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കൂട്ടക്കൊല ഡല്‍ഹിയടക്കമുള്ള പ്രദേശങ്ങളിലെ ചെറുപ്പക്കാരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചു. സമ്പന്നരായ പ്രവാസി സിഖുകാരില്‍ നിന്ന് ധനശേഖരം നടന്നു. അതോടെ സിഖ് തീവ്രവാദം ഒരു പ്രാദേശിക പ്രശ്‌നമെന്നതില്‍ നിന്ന് ഐഎസ്‌ഐയുടെ പിന്തുണയും വിവിധ രാജ്യങ്ങളില്‍ ശാഖകളും പ്രബലമായ ഫണ്ടിങ്ങും ഉള്ള ആഗോള പ്രസ്ഥാനമായി വളര്‍ന്നു. 1985 ജൂണ്‍ 23-ന് കാനഡ കേന്ദ്രമായുള്ള ഖാലിസ്ഥാനി തീവ്രവാദികള്‍ എയര്‍ ഇന്ത്യ 182 വിമാനത്തില്‍ ബോംബ് വയ്ക്കുകയും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 31,000 അടി മുകളില്‍ വച്ച് വിമാനം തകര്‍ന്ന് യാത്രക്കാരും വിമാനജീവനക്കാരും അടക്കം 329 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അമേരിക്കയില്‍ ഒക്ടോബര്‍ 11 ന് ഉണ്ടായ ആക്രമണത്തിന് മുമ്പ് ആകാശമാര്‍ഗ്ഗത്തിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. ഇതേക്കുറിച്ച് അ ന്വേഷണം നടത്തിയ ഒരു കനേഡിയന്‍ ഏജന്‍സി അവരുടെ തന്നെ സുരക്ഷാ സംവിധാനത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: ”വിവരങ്ങള്‍ കൈമാറുന്നതിലുള്ള വര്‍ദ്ധിച്ച രഹസ്യാത്മകത ഏതെങ്കിലും ഒരു ഏജന്‍സിക്ക് ഭീഷണികളെ വിലയിരുത്തുന്നതിനുവേണ്ടിയുള്ള വിവരങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നത് തടയുന്നു. ഇത്തരം ഭീഷണികളെ തടയുന്നതിനുള്ള സുരക്ഷാ നടപടികള്‍ കൈക്കൊള്ളേണ്ടതിന് വേണ്ട വിവരങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കാതിരിക്കുന്നതിനും ഈ വര്‍ദ്ധിത രഹസ്യാത്മകത ഇടയാക്കുന്നു.” ഈ വാക്കുകള്‍ ഇപ്പോഴും സത്യമാണ്, പ്രത്യേകിച്ചും ഇന്ത്യയെ സംബന്ധിച്ച്, ഏജന്‍സികള്‍ക്കിടയിലുള്ള സഹകരണം ദുര്‍ബലമായി തന്നെ തുടരുന്നു.

ന്യൂഡല്‍ഹിയില്‍ പുതിയ പ്രധാനമന്ത്രി രാജീവ് ഗാന്ധി പഞ്ചാബില്‍ സാധാരണ നിലകൈവരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിങ്ങിനെ ഗവര്‍ണറാക്കി അയയ്ക്കുകയും അകാലി ദള്‍ അധ്യക്ഷന്‍ ഹര്‍ചന്ദ് സിങ്ങ് ലോംഗോവാള്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. മിതവാദികളായ ചില സംഘങ്ങളുമായി ചര്‍ച്ച നടത്താനും ശ്രമിച്ചു. 1985 ജൂലായ് ഇരുപത്തി നാലിന് ഒപ്പ് വച്ച് രാജീവ്- ലോംഗോവാന്‍ കരാര്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ അകാലികളുടെ മിക്കവാറും ആവശ്യങ്ങള്‍ അംഗീകരിച്ചു. 1984-ലെ സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്ന ജൂഡീഷ്യല്‍ കമ്മീഷന്റെ പരിധി വലുതാക്കുക, പഞ്ചാബില്‍ നിന്നുള്ള സൈനിക റിക്രൂട്ട്‌മെന്റിന് കുറവ് വരുത്താതിരിക്കുക, സേന ഉപേക്ഷിച്ച് പോയ ലഹളക്കാരെ തിരിച്ചെടുക്കുക തുടങ്ങിയവ അതിലുള്‍പ്പെടുന്നു. എന്നാല്‍ ഈ കരാര്‍ തികച്ചും ജനകീയമായി മാറിയില്ല. അത് ഒപ്പുവച്ച് ഒരുമാസത്തിനുള്ളില്‍ സിഖ് തീവ്രവാദികള്‍ ലോംഗോവാളിനെ വെടിവെച്ച് കൊന്നു.

1986-ല്‍ വീണ്ടും നൂറുകണക്കിന് തീവ്രവാദികള്‍ സുവര്‍ണക്ഷേത്രത്തിനുള്ളില്‍ താവളമുറപ്പിച്ചു. ഹിന്ദുക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള കൊലപാതകങ്ങള്‍ പുനഃരാരംഭിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ട വിഭവങ്ങള്‍ ധാരാളമായി ഒഴുകിയെത്തിക്കൊണ്ടുമിരുന്നു. പ്രത്യേകിച്ചും പാകിസ്ഥാനില്‍ നിന്ന്. അവിടെ ഐ.എസ്.ഐ ഈ തീവ്രവാദത്തിന്റെ കനലാളിക്കത്തിച്ചുകൊണ്ടേയിരുന്നു. അതിനെല്ലാം പുറമേ കേന്ദ്രസര്‍ക്കാരിന്റെ വിഡ്ഢിത്തങ്ങളും കോണ്‍ഗ്രസിന്റെ തെറ്റായ കണക്കുകൂട്ടലുകളും ചേര്‍ന്ന് ഖാലിസ്ഥാന്‍ അവകാശവാദത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍