UPDATES

സെലിബ്രിറ്റിയെ ഒഴിവാക്കി പ്രാദേശിക നേതാവിന് ടിക്കറ്റ്

ഛണ്ഡീഗഡില്‍ സിറ്റിംഗ് എംപിയെ ഒഴിവാക്കി ബിജെപി തന്ത്രം

                       

രാജ്യമെമ്പാടും തെരെഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ പല മണ്ഡലങ്ങളിലും അപ്രതീക്ഷിത നീക്കമാണ് നടന്നു കൊണ്ടിരിക്കുന്നത്. ചണ്ഡീഗഢ് ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കാനിരുന്ന സിറ്റിംഗ് എംപി കിരൺ ഖേറിന് കനത്ത തിരിച്ചടി നൽകിയിരിക്കുയാണ് നേതൃത്വം. രണ്ടു തവണയും മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയുടെ വിജയസാധ്യതകൾ പ്രവചിക്കുന്നതിനിടയിലാണ് ബിജെപിയുടെ പുതിയ കരുനീക്കം. ടെലിവിഷൻ താരവും, ഗായികയുമായ ഖേറിനെ തഴഞ്ഞ് മുതിർന്ന ബിജെപി നേതാവും, മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ ബൽറാം ദാസ് ടണ്ടൻ്റെ മകനുമായ സഞ്ജയ് ടണ്ടനാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്. നിലവിലെ എംപിയെ മാറ്റി പുതിയ സ്ഥാനാർത്ഥിയെ എന്തുകൊണ്ടാണ് പാർട്ടി തിരഞ്ഞെടുത്തത് ?

മണ്ഡലത്തിന് പുറത്തുള്ള മുഖം

പത്തു വർഷത്തോളമായി പ്രതിനിധാനം ചെയ്യുന്ന ലോക്സഭ സീറ്റ് ആയിരിന്നിട്ട് പോലും മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാർഥി എന്ന പേര് മാറ്റിയെടുക്കാൻ കഴിയാതിരുന്നതാണ് ഈ തെരെഞ്ഞെടുപ്പിൽ കിരൺ ഖേറിന് വിനയായത്. കഴിഞ്ഞ മാസം കുടുംബവും, തൊഴിലും ഉപേക്ഷിച്ച് 10 വർഷമായി ചണ്ഡീഗഢിൽ താമസിച്ചു വരുന്ന ആളാണ് താനെന്ന് കിരൺ നടത്തിയ പ്രസ്ഥാവന അവരെ പിന്തുണക്കാൻ പോന്നതായിരുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ പ്രാദേശിക നേതാവ് തന്നെ മത്സരിക്കണമെന്ന വികാരം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായിരുന്നു. ചണ്ഡീഗഢിലെ ജനങ്ങൾക്ക് ഇത്തവണ ഒരു പ്രാദേശിക സ്ഥാനാർത്ഥിയെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക തിരഞ്ഞെടുപ്പ് കമ്മിറ്റി കേന്ദ്ര നേതൃത്വത്തിന് അയച്ച നാല് പേരുകളുടെ പട്ടികയിൽ ഖേറിൻ്റെ പേര് ഇല്ലായിരുന്നു.

മാറ്റി ചിന്തിപ്പിച്ച 2021 ലെ സിവിൽ തിരഞ്ഞെടുപ്പ്

2021 ഡിസംബറിൽ നടന്ന ചണ്ഡീഗഢിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നവാഗതനായ എഎപി സ്‌ഥാനാർഥി ഭൂരിപക്ഷം നേടി. ഈ വിജയം ബിജെപി നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചു. ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ്റെ ജനറൽ ഹൗസിൽ എഎപിക്ക് 14 കൗൺസിലർമാരെ ലഭിച്ചപ്പോൾ ബിജെപി 2016ൽ ഉണ്ടായിരുന്ന 20 സീറ്റിൽ നിന്ന് 12 ആയി കുറഞ്ഞു.

സഞ്ജയ് ടണ്ടന്റെ പ്രാദേശിക സ്വീകാര്യത

2010 മുതൽ 2019 വരെ ചണ്ഡിഗഡിൽ ഏറ്റവും കൂടുതൽ കാലം ബിജെപി പ്രസിഡന്റ് സ്ഥാനം വഹിച്ച നേതാവെന്ന ഖ്യാതി സഞ്ജയ് ടണ്ടനുണ്ട്. അദ്ദേഹം പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ് പാർട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സിവിൽ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയിച്ചത്. ഈ വിജയത്തിന് ശേഷം ടണ്ടൻ ഹിമാചൽ പ്രദേശ് ബിജെപിയുടെ സഹ ചുമതലക്കാരനായി. മുതിർന്ന ആർഎസ്എസ് പ്രവർത്തകനായ ടണ്ടൻ്റെ പിതാവ് ബൽറാം ദാസ് ടണ്ടൻ 1969 മുതൽ 1970 വരെ പഞ്ചാബ് ഉപമുഖ്യമന്ത്രിയും പിന്നീട് 2014 മുതൽ 2018 വരെ ഛത്തീസ്ഗഢ് ഗവർണറുമായിരുന്നു. 1999 മുതൽ കോൺഗ്രസിൻ്റെ പവൻ ബൻസാലാണ് ചണ്ഡീഗഢിൽ തുടർച്ചയായി മൂന്ന് തവണ വിജയിച്ചത്. 2014-ലെ, തന്റെ കന്നി അങ്കത്തിലാണ് ഖേർ വിജയിക്കുന്നത്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കൻ ഖേറിന് കഴിഞ്ഞില്ലെന്നും, പ്രാദേശിക നേതാവിന് അക്കര്യത്തിൽ കുറച്ചു കൂടി ചെയ്യാനുണ്ടാകുമെന്നും പല കോണിൽ നിന്ന് വിലയിരുത്തലുകൾ വന്നിരുന്നു.

പാർട്ടിക്കും നഷ്ട്ടപെട്ട പ്രതിച്ഛായത വീണ്ടെടുക്കണം

ഫെബ്രുവരിയിൽ നടന്ന ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് ബി.ജെ.പി സ്‌ഥാനാർഥിയെ വിജയിപ്പിക്കനായി ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസ് കൗൺസിലർമാരുടെയും വോട്ടുകൾ അസാധുവാക്കിയിരുന്നു. മറ്റു പാർട്ടി നേതാക്കൾ കോടതിയിൽ തെളിവായി സുരക്ഷാ ക്യാമറകളിൽ തിരിമറി നടത്തുന്നത് സമർപ്പിച്ചതും വിവാദമായിരുന്നു. ക്യാമറയിൽ കുടുങ്ങിയ പ്രിസൈഡിംഗ് ഓഫീസറെ കടുത്ത ഭാഷയിൽ വിമർശിച്ച കോടതി തെരെഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് കണ്ടെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ സംഭവിച്ച വിവാദം പാർട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചു. നിലവിൽ പാർട്ടിയുടെ വികാരം മാനിച്ച് പ്രാദേശിക സമ്മതനായ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതും ഈ പ്രതിച്ഛായ വീണ്ടെടുക്കാനാണ്.

‘സെലിബ്രിറ്റി’

വർഷങ്ങളായി, ചണ്ഡീഗഡിലെ ടാണ്ടൻ്റെ പാർട്ടിക്ക് വേണ്ടിയുള്ള നിതാന്ത പ്രവർത്തനം കൂടിയാണ് പരിഗണിക്കപ്പെട്ടത്. മറുവശത്ത്, തനിക്ക് ആരോഗ്യപരമായ വെല്ലുവിളികൾ ഉണ്ടെന്ന് പ്രഖ്യാപിച്ച് ഖേർ മാന്യമായ ഒരു വിടവാങ്ങലിന് തയ്യാറെടുത്തിരുന്നെങ്കിലും, അവർക്കെതിരെ ഭരണവിരുദ്ധത വികാരം ശക്തമായിരുന്നു. 2019ൽ ഖേറിന് രണ്ടാമതും അവസരം ലഭിച്ചത് “മോദി തരംഗം” മൂലമാണെന്ന് പ്രാദേശിക ബിജെപി നേതാക്കൾ പറയുന്നു. 2019-ൽ പ്രധാനമന്ത്രി മോദി ചണ്ഡീഗഡിൽ അഭിസംബോധന ചെയ്ത റാലിയിൽ, തനിക്ക് വോട്ട് ചെയ്യാൻ മാത്രമാണ് പറഞ്ഞത്. ഒരിക്കൽ പോലും അദ്ദേഹം ഖേറിനെ പരാമർശിച്ചില്ലെന്നും ബിജെപി നേതാക്കൾ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍