UPDATES

ഓഫ് ബീറ്റ്

ഗോവന്‍ ചലചിത്രമേളയുടെ ദിനപത്രത്തില്‍ നിന്നും ജാതി വിവേചനത്തെക്കുറിച്ചുള്ള കവിത ഒഴിവാക്കി

അന്തരിച്ച എഴുത്തുകാരൻ വിഷ്ണു സൂര്യ വാഗ് എഴുതിയ ജാതി വിവേചനത്തെക്കുറിച്ചുള്ള കവിത ഐഎഫ്എഫ്ഐ യുടെ ദിനപത്രത്തിൽ നിന്ന് നീക്കം ചെയ്തു

                       

അന്തരിച്ച ഗോവന്‍ എഴുത്തുകാരനും മുന്‍ ബിജെപി എം.എല്‍.എയുമായ വിഷ്ണു സൂര്യ വാഗ് എഴുതിയ ജാതി വിവേചനത്തെക്കുറിച്ചുള്ള കവിത ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ)യുടെ ഭാഗമായുള്ള ദിനപത്രത്തില്‍ പ്രസിദ്ധികരിക്കാത്തതില്‍ വിവാദം കനക്കുന്നു. ഐഎഫ്എഫ്ഐ ദിനപത്രമായ ദി പീക്കോക്കിന്റെ ഞായറാഴ്ച പതിപ്പില്‍ സൂര്യ വാഗിനെക്കുറിച്ച് രണ്ടു പേജില്‍ ആര്‍ട്ടിസ്റ്റ് സിദ്ധേഷ് ഗൗതമിന്റെ ചിത്രീകരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഗിന്റെ സെക്യുലര്‍ എന്ന കവിതയ്ക്കൊപ്പം ചിത്രീകരണം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ ശനിയാഴ്ച ടെക്സ്റ്റ് നീക്കം ചെയ്തതായും ഇന്ത്യന്‍ എക്‌സ്പ്രസ്സ് പറയുന്നു.
ദി പീക്കോക്കിന്റെ നടപടിയില്‍ നിരാശ പ്രകടിപ്പിച്ച് സിദ്ധേഷ് ഗൗതം രംഗത്തെത്തിയിരുന്നു. സംഭവത്തെ വാഗിന്റെ അനന്തരവന്‍ ”സെന്‍സര്‍ഷിപ്പ്” നടപടിയെന്നാണു കുറ്റപ്പെടുത്തിയത്. ‘പൂര്‍ണ്ണമായും സൃഷ്ടിപരമായ കാരണങ്ങളാലാണ്’ കവിത ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തിയതെന്ന് ഗോവ സര്‍ക്കാരിന് വേണ്ടി ഐഎഫ്എഫ്ഐ സംഘടിപ്പിക്കുന്ന നോഡല്‍ ഏജന്‍സിയായ എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ (ഇഎസ്ജി) പറഞ്ഞു. ദി പീക്കോക്കിന്റെ പ്രസാധകരും ഇഎസ്ജിയാണ്.

”ഇന്നത്തെ ലക്കത്തിനായി വിഷ്ണു സൂര്യ വാഗിന്റെ ഒരു കവിത പ്രസിദ്ധീകരിക്കരുതെന്ന് എന്നോട് ആവശ്യപ്പെട്ടു. വാഗിന്റെ ‘സെക്കുലര്‍’ എന്ന കവിതയാണ് ഞാന്‍ തെരഞ്ഞെടുത്തിരുന്നത്. കാരണം കവിതയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ദിനംപ്രതി സംഭവിക്കുന്ന ജാതി വിവേചനത്തെ എടുത്തു കാണിക്കുന്നുണ്ട്. ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ മാത്രമല്ല, ഒരു അറിയപ്പെടുന്ന കലാകാരനെന്ന നിലയിലും എന്റെ ജീവിതത്തില്‍ സമാനമായ ഒരു കാര്യത്തിലൂടെ പലതവണ കടന്നുപോയിട്ടുണ്ട്.”ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചിത്രകാരനായ ഗൗതം പറയുന്നു.

എന്നാല്‍ ലേഖനം അച്ചടിക്കേണ്ടതില്ലെന്ന തീരുമാനം ക്രിയാത്മകമായ കാരണങ്ങളാല്‍ എടുത്ത ഒരു എഡിറ്റോറിയല്‍ തീരുമാനം ലേഖനത്തിന്റെ ഉള്ളടക്കവുമായി ഒരു ബന്ധവുമില്ലെന്നും ദി ഇന്ത്യന്‍ എക്സ്പ്രസിനോട് സംഭവത്തെ കുറിച്ചു പ്രതികരിച്ച ഇഎസ്ജി സിഇഒ അങ്കിത മിശ്ര പറയുന്നു. ദി പീക്കോക്ക് അതിന്റെ തുടക്കം മുതല്‍ കലാസ്വാതന്ത്ര്യത്തിന്റെ പതാകവാഹകനായിരുന്നു, അത് അങ്ങനെ തന്നെ തുടര്‍ന്നു കൊണ്ടുപോകനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നതെന്നും അങ്കിത മിശ്ര കൂട്ടിച്ചേര്‍ത്തു.

വാഗിന്റെ ‘സുദീര്‍സുക്തട എന്ന ശേഖരത്തിലെ കവിത വിവര്‍ത്തനം ചെയ്യാന്‍ ദി പീക്കോക്ക് സംഘം തന്നോട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നതായി വാഗിന്റെ അനന്തരവന്‍ കൗസ്തുഭ് നായിക് പറഞ്ഞു.”ചില കവിതകള്‍ വിവര്‍ത്തനം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് അവര്‍ എന്നെ സമീപിച്ചിരുന്നു. ഏത് കവിതയാണ് മൊഴിമാറ്റം ചെയ്യണ്ടെതെന്ന് ഞാന്‍ അവരോട് ചോദിച്ചിരുന്നു. ഈ കവിത വിവര്‍ത്തനം ചെയ്യാനാണ് അവര്‍ ആവശ്യപ്പെട്ടത്. ദി പീക്കോക്കിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ആന്റി -കാസ്റ്റ് കലാകാരന്‍ സിദ്ധേഷ് ഗൗതം എഴുതിയ വാഗിനെക്കുറിച്ചുള്ള ഇരട്ട പേജുള്ള ചിത്രീകരണത്തോടൊപ്പമായിരുന്നു ഈ കവിത പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ചിത്രം മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത് കവിത പ്രസിദ്ധീകരിച്ചില്ല” കവിത അച്ചടിക്കില്ലെന്ന് ഇഎസ്ജി ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചതായും നായിക് പറഞ്ഞു. കവിത പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ തനിക്കറിയില്ലെങ്കിലും വാഗിന്റെ കവിതകളിലെ ”സ്ഥാപന വിരുദ്ധ നിലപാടും” പ്രമേയങ്ങളും അതിലൊന്നാകാമെന്ന് അദ്ദേഹം പറഞ്ഞു.

‘സുദീര്‍സുക്ത എന്ന കവിത സമാഹാരം 2017-ല്‍ ചില വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കവിത വായിച്ചാല്‍, വാഗ് തന്റെ കവിതകളിലൂടെ ഗോവയുടെ ബഹുജന്‍ സമാജത്തിന്റെ ചരിത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. ഭാഷയുടെ ഉപയോഗവും അതിന്റെ ചിത്രങ്ങളും പ്രമേയങ്ങളും ഗോവയുടെ സാഹിത്യരംഗത്ത് വിപ്ലവാത്മകമാണ്. കവിതകള്‍ എസ്റ്റാബ്ലിഷ്മെന്റ് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ഒരുപക്ഷേ അതായിരിക്കാം കാരണം,” നായിക് കൂട്ടിച്ചേര്‍ത്തു, ”ഭരണഘടനാ ദിനത്തിന്റെ തലേദിവസം ഈ സെന്‍സര്‍ഷിപ്പ് നടപടിയുണ്ടായതും നിര്‍ഭാഗ്യകരമാണ്.”

2017-ല്‍, വാഗിന്റെ കൊങ്കണിയിലെ കവിതകളുടെ സമാഹാരമായ സുദിര്‍സുക്ത കവിത വിഭാഗത്തില്‍ ഗോവ കൊങ്കണി അക്കാദമി അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത് വിവാദമായി. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിലേക്കോ സംഘര്‍ഷങ്ങളിലേക്കോ വഴിവയ്ക്കുന്ന കാഴ്ചപ്പാടുകളെ കവിത പിന്തുണക്കുന്നതായി അന്ന് വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗിന് നല്‍കിയ എല്ലാ സാഹിത്യ സാംസ്‌കാരിക പുരസ്‌കാരങ്ങളും റദ്ദാക്കപെട്ടു. വാഗിനെതിരെയും പുസ്തകത്തിന്റെ പ്രസാധക സ്ഥാപനത്തിനെതിരെയും അശ്ലീലം ആരോപിച്ച് ഗോവ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍