UPDATES

ഒബിസി ചരിത്രവും ജാതി സെന്‍സസും

പാര്‍ശ്വവത്കരണത്തിന്റെ വിവിധ തലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഒബിസികള്‍ക്കിടയിലെ പല ജാതി വേര്‍തിരുവുകള്‍

                       

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കാന്‍ ജാതി സെന്‍സസ് കാരണമാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ 27% സംവരണത്തിന്റെ ഗുണഭോക്താക്കളെന്നതിലുപരി ഒബിസി സമുദായത്തിനുള്ളിലെ പാര്‍ശ്വവല്‍ക്കരിക്കപെട്ട ഉപവിഭാഗങ്ങള്‍ നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ജാതി സെന്‍സസ് ഉള്‍പ്പെടയുള്ള വിഷയങ്ങള്‍ ഭരണത്തലത്തില്‍ വരെ ആശങ്ക വിതക്കുന്ന ഒരു വൈകാരിക വിഷയമായി മാറിയിട്ടുണ്ട്. ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സ് നടത്തുകയും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിന്റെ അലകള്‍ രാജ്യത്തെങ്ങും ഉയര്‍ന്നിട്ടുണ്ട്. ഓരോരോ സംസ്ഥാനങ്ങളായി ജാതി സെന്‍സസ് നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. നടപ്പാകുമോയെന്നറിയില്ലെങ്കിലും അവരതിന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ആന്ധ്രാപ്രദേശില്‍ നവംബര്‍ 15 മുതല്‍ പിന്നാക്ക വിഭാഗ സെന്‍സസ് ആരംഭിക്കുമെന്ന് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി പ്രഖ്യാപിച്ചത്. തങ്ങളുടെ സംഖ്യാബലത്തെക്കുറിച്ച് ബോധവാന്മാരാവാന്‍ സംസ്ഥാനത്തെ 139 പിന്നാക്ക വിഭാഗങ്ങള്‍ക്കും ഇതിലൂടെ അവസരമൊരുങ്ങുമെന്നും, അവര്‍ക്ക് മികച്ച സേവനമൊരുക്കാന്‍ ഈ കണക്കുകള്‍ വഴി വെക്കുമെന്നും മന്ത്രി സി ശ്രീനിവാസ വേണുഗോപാല കൃഷ്ണ പറഞ്ഞിരുന്നു. ഈ മാസം ആദ്യമാണ് ബിഹാറിലെ ജാതി സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്. പൊതു തെരെഞ്ഞെടുപ്പിനു മാസങ്ങള്‍ ബാക്കി നില്‍ക്കെ മറ്റു സംസ്ഥാനങ്ങളും സര്‍വ്വേയിലേക്ക് കടക്കുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. തൊഴില്‍ സംവരണം പോലുള്ള ആനുകൂല്യങ്ങള്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ന്യായമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ജാതികളുടെ എണ്ണവും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ഉപവിഭാഗങ്ങളുടെയും ജാതികളുടെ കണക്കെടുപ്പ് നടത്തണമെന്ന വിഷയം, ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യപെട്ടുകൊണ്ടിരിക്കുകയാണ്.

പിന്നാക്ക വിഭാഗങ്ങള്‍ അഥവ ഒബിസി ആരാണ്?

പട്ടികജാതി (എസ്സി) അല്ലെങ്കില്‍ പട്ടികവര്‍ഗ (എസ്ടി) വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടാത്തതും ,പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ സമുദായങ്ങളെയും ജാതികളെയും സൂചിപ്പിക്കുന്നതാണ് ‘ഒബിസി’ എന്ന പ്രയോഗം. ഒരു വ്യക്തിയുടെ താഴ്ന്ന ജാതി പദവി ചരിത്രപരമായി അവരുടെ സാമൂഹിക അവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ ജാതി വിവേചനം സാമൂഹികപരമായി വ്യക്തി ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനും കാരണമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ, ആര്‍ട്ടിക്കിള്‍ 15 (4) ല്‍, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ സഹായിക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാനോ നടപടിയെടുക്കാനോ സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 29 (2)പ്രകാരം മതം, ജാതി മുതലായവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവേചനം തടയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 16(4) പ്രകാരം സംസ്ഥാനത്തിന് കീഴിലുള്ള സേവനങ്ങളില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തിലുള്ള പൗരന്മാര്‍ക്ക് അനുകൂലമായ നിയമനങ്ങളിലോ തസ്തികകളിലോ സംവരണത്തിന് എന്തെങ്കിലും വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തെ അനുവദിക്കുന്നുണ്ട്.

ഒബിസി വിഭാഗത്തിലെ പിന്നാക്കക്കാര്‍

വ്യക്തികള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന്റെ അടിസ്ഥനത്തിലാണ് ജാതികളെയും അതിലെ ഉപവിഭാഗത്തെയും ഇന്ത്യയിലൊട്ടാകെ ചരിത്രാതീത കാലം മുതല്‍ തിരിച്ചറിയുന്നത്. പാര്‍ശ്വവത്കരണത്തിന്റെ വിവിധ തലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഒബിസികള്‍ക്കിടയിലെ പല ജാതി വേര്‍തിരുവുകള്‍. ഉദാഹരണമായി ബിഹാറിലും ഉത്തര്‍പ്രദേശിലും യാദവരും, കുര്‍മികളും പോലുള്ള, സ്വന്തമായി ഭൂമി കൈവശമുള്ളവര്‍ ഒരു വിഭാഗവും, ഭൂമി സ്വന്തമയില്ലാത്തവര്‍ മറ്റൊരു വിഭാഗവുമാണ്. 30 വര്‍ഷം മുമ്പ് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയപ്പോള്‍ സംവരണത്തിന്റെ 27% ലഭിച്ചത് ‘ഉന്നത’ ഒബിസിക്കാര്‍ക്കാണെന്ന വാദം മുന്നോട്ടുവന്നതോടെ ‘ഒബിസികളിലെ പിന്നാക്കക്കാര്‍’ക്കുള്ള സംവരണമെന്ന ആവശ്യവും ശക്തമായിരുന്നു.

ഇബിസിയും ബിഹാര്‍ ജാതി സെന്‍സസും

ബിഹാറില്‍ നടത്തിയ ജാതി സര്‍വേയില്‍ ജനസംഖ്യയുടെ 27% പിന്നാക്ക വിഭാഗവും 36% ‘അങ്ങേയറ്റം പിന്നാക്കം’ എന്നു വിശേഷിപ്പിക്കുന്ന
ഇബിസി(എക്‌സ്ട്രീമിലി ബാക്ക്‌വേഡ് ക്ലാസ്)കളാണെന്നും കണ്ടെത്തിയിരുന്നു. 1951-ലാണ് ബിഹാര്‍ സര്‍ക്കാര്‍ 109 ജാതികളുടെ പട്ടിക തയ്യാറാക്കിയത്. ഇവരില്‍ 79 പേര്‍ പട്ടികയിലെ മറ്റ് 30 പേരെക്കാള്‍ പിന്നാക്ക വിഭാഗത്തില്‍ പെടുന്നവരാണെന്നും സര്‍വ്വേ കണ്ടെത്തിയിരുന്നു. എന്നാല്‍ 1964-ല്‍, പാറ്റ്‌ന ഹൈക്കോടതി ഈ രണ്ട് പട്ടികകള്‍ പ്രകാരമുള്ള ജാതിയുടെ തരം തിരിക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരിത്തിയിരുന്നു.

1970 ജൂണില്‍, ബിഹാര്‍ സര്‍ക്കാര്‍ ജാതിയുടെ തരം തിരിക്കലിനായി മുന്‍ഗേരി ലാല്‍ കമ്മീഷനെ നിയമിച്ചു. 1976 ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 128 സമുദായങ്ങളെ ‘പിന്നാക്കമെന്ന്’ നാമകരണം ചെയ്തിരുന്നു. അതില്‍ 94 സമുദായങ്ങളെ ‘ഏറ്റവും പിന്നാക്കം’ എന്നും കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റെ നേതൃത്വത്തിലുള്ള ജനത സര്‍ക്കാര്‍ മുന്‍ഗേരി ലാല്‍ കമ്മീഷന്‍ അംഗീകരിക്കുകയും ശുപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഈ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങളിലും ന്യായമായ അവസരം നല്‍കാനായി ‘കര്‍പ്പൂരി താക്കൂര്‍ ഫോര്‍മുല’ എന്ന പേരില്‍ നടപ്പിലാക്കിയ ശുപാര്‍ശ 26% സംവരണമാണ് സമുദായങ്ങള്‍ക്ക് നല്‍കിയത്. അതില്‍ ഒബിസികള്‍ക്ക് 12% സംവരണം ലഭിച്ചു. ഒബിസികളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 8%, സ്ത്രീകള്‍ക്ക് 3%, ‘മുന്‍ജാതികളില്‍’ നിന്നുള്ള പാവപ്പെട്ടവര്‍ക്ക് 3% എന്നിങ്ങനെ നീക്കിവച്ചിരുന്നു.

ബിഹാറിലെ ആളുകളുടെ എണ്ണത്തില്‍ ചെറുതായിരുന്ന കുറുമി-കുര്‍മി ജാതിക്കപ്പുറത്തേക്ക് ജാതി രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ‘പിന്നാക്ക’ ഒബിസി എന്നറിയപ്പെടുന്ന വിഭാഗത്തെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ‘ഉന്നത’ ഒബിസികളെ തഴയുകയും ചെയ്തു. തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദിനെ പിന്തുണയ്ക്കുന്ന യാദവര്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ ഉന്നത ഒബിസി സമൂഹം. ati-pichda backwards (EBCs) പോലെ, പട്ടികജാതിക്കാര്‍ക്കിടയില്‍ ‘മഹാദളിത്’ എന്ന മറ്റൊരു വിഭാഗവും കണ്ടെത്തിയിരുന്നു. ബിഹാറിലും യുപിയിലും, ഇബിസികളെ ബിജെപി ഉന്നംവെക്കുന്ന വലിയ വോട്ട് ബാങ്കാണ്. ബിഹാറിലെ ഒബിസി സംവരണം നിലവില്‍ പിന്നോക്ക വിഭാഗങ്ങള്‍ അല്ലെങ്കില്‍ ഒബിസി-I, ഒബിസി-II, ഒബിസി സ്ത്രീകള്‍ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ജാതി സര്‍വ്വേയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതില്‍ മാറ്റം സംഭവിച്ചേക്കാം.

രണ്ട് ഒബിസി കമ്മീഷനുകള്‍

കാക്ക കലേല്‍ക്കറുടെ നേതൃത്വത്തിലുള്ള പാനലിന്റേതായിരുന്നു ഇന്ത്യയിലെ ആദ്യ ഒബിസി കമ്മീഷന്‍. 1953 ജനുവരി 29-ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ സര്‍ക്കാര്‍ രൂപീകരിച്ച കമ്മീഷന്‍ 1955 മാര്‍ച്ച് 30-നാണ് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ഹിന്ദു സമൂഹത്തിന്റെ പരമ്പരാഗത ജാതി ശ്രേണിയില്‍ താഴ്ന്ന സാമൂഹിക സ്ഥാനം; ജാതി/സമുദായത്തിലെ പ്രധാന വിഭാഗങ്ങള്‍ക്കിടയില്‍ പൊതു വിദ്യാഭ്യാസ പുരോഗതിയുടെ അഭാവം, സര്‍ക്കാര്‍ സര്‍വീസില്‍ അപര്യാപ്തമായ പ്രാതിനിധ്യം, വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവയില്‍ അപര്യാപ്തമായ പ്രാതിനിധ്യം എന്നീ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കമ്മിഷന്‍ അടയാളപ്പെടുത്തിയത്.

ആദ്യത്തെ ഒബിസി കമ്മിഷന്‍ രാജ്യത്തെ 2,399 പിന്നാക്ക ജാതികളുടെയും സമുദായങ്ങളുടെയും പട്ടിക തയ്യാറാക്കിയിരുന്നു. അതില്‍ 837 പേരെ ‘ഏറ്റവും പിന്നാക്കം’ എന്നു തരംതിരിച്ചു. 1961-ലെ സെന്‍സസ് പ്രകാരം ജാതികളുടെ എണ്ണവും വിവിധ തലത്തിലുള്ള സര്‍ക്കാര്‍ ജോലികളില്‍ 25-40% സംവരണം നല്‍കാനും സാങ്കേതിക, പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് 70% സംവരണം നല്‍കാനും അന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

മൊറാര്‍ജി ദേശായിയുടെ ജനത സര്‍ക്കാര്‍ 1979-ല്‍ നിയമിച്ച ബി പി മണ്ഡല്‍ കമ്മീഷനായിരുന്നു ഇന്ത്യയിലെ രണ്ടാമത്തെ ഒബിസി കമ്മീഷന്‍. എന്നാല്‍ ഇത് നടപ്പിലാക്കുന്നതിനെ കുറിച്ച് പ്രഖ്യാപനം വരുന്നത് 1990-ലെ വി പി സിംഗ് സര്‍ക്കാരിന്റെ കാലത്താണ്. മണ്ഡല്‍ കമ്മീഷന്‍ 3,743 ജാതികളെയും സമുദായങ്ങളെയുമാണ് ഒബിസികളായി കണ്ടെത്തിയത്. ജനസംഖ്യ അനുപാതം 52% ആണെന്നും കണക്കാക്കിയിരുന്നു. സര്‍ക്കാര്‍ ജോലികളിലും സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശാസ്ത്ര, സാങ്കേതിക, പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും പ്രവേശനത്തിലും 27% സംവരണവും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. അംഗങ്ങളില്‍ ഒരാളായ എല്‍ ആര്‍ നായിക് ഒബിസികളെ ഇന്റര്‍മീഡിയറ്റ് പിന്നാക്ക വിഭാഗങ്ങളായും അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളായും വിഭജിക്കണമെന്ന് ആവിശ്യപെട്ടെങ്കിലും, 27% ഒബിസി ക്വാട്ടയില്‍ ഉപവിഭാഗങ്ങളൊന്നും കമ്മിഷന്‍ അംഗീകരിച്ചില്ല.

1991 സെപ്തംബര്‍ 25-ന് പുറപ്പെടുവിച്ച മണ്ഡല്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ ഔദ്യോഗിക മെമ്മോറാണ്ടം പറയുന്നതനുസരിച്ചു:’എസ്.ഇ.ബി.സി കള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 27%, എസ്.ഇ.ബി.സികളിലെ ദരിദ്ര വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെയും ഉള്‍പ്പെടുത്തുമെന്നാണ്’. എന്നിരുന്നാലും, സുപ്രീം കോടതി വിധിക്ക് ശേഷം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പന്നരായ സ്ഥാനാര്‍ത്ഥികളുടെ ‘ക്രീമിലെയര്‍’ ഒഴിവാക്കിയ ശേഷം മുഴുവന്‍ ഒബിസി ജനങ്ങളെയും ഒരു ബ്ലോക്കായി കണക്കാക്കുന്ന ക്വാട്ട കേന്ദ്ര സര്‍ക്കാര്‍ എല്ലായ്പ്പോഴും നടപ്പിലാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങളിലെ ഉപവിഭാഗങ്ങള്‍

പതിറ്റാണ്ടുകളായി, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒബിസിയുടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ക്വാട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് അവരുടേതായ മാനദണ്ഡങ്ങള്‍ പ്രയോഗിച്ചുവരുന്നുണ്ട്. ഈ പ്രക്രിയ കേന്ദ്രത്തില്‍ മണ്ഡല്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് വളരെ മുമ്പുതന്നെ ആരംഭിച്ചിട്ടുള്ളതാണ്. ആന്ധ്രാപ്രദേശില്‍, ഒബിസികളെ അഞ്ച് ഉപവിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്: (എ) ആദിവാസി ഗോത്രങ്ങള്‍, വിമുക്ത് ജാതികള്‍, നാടോടികളും അര്‍ദ്ധ നാടോടികളും മുതലായവ; (ബി) ടാപ്പര്‍മാര്‍, നെയ്ത്തുകാര്‍, ആശാരികള്‍, ഇരുമ്പ് പണിക്കാര്‍, സ്വര്‍ണ്ണപ്പണിക്കാര്‍, കംസലിനുകള്‍ തുടങ്ങിയവര്‍. (സി) പട്ടികജാതിക്കാര്‍ ക്രിസ്തുമതത്തിലേക്കും അവരുടെ സന്തതികളിലേക്കും പരിവര്‍ത്തനം ചെയ്തവര്‍; (ഡി) മുമ്പത്തെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത മറ്റ് എല്ലാ ഒബിസി ജാതികളും സമുദായങ്ങളും; (ഇ) 14 മുസ്ലീം ഒബിസി ജാതികള്‍, 2007-ല്‍ കണ്ടെത്തിയിരുന്നു. എ മുതല്‍ ഇ വരെയുള്ള ഗ്രൂപ്പുകള്‍ക്ക് 29% സംവരണ ആനുകൂല്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യഥാക്രമം 7%, 10%, 1%, 7%, 4% എന്നിങ്ങനെ യാണ് മറ്റു സമുദായങ്ങള്‍ക്കുള്ള സംവരണം. തെലങ്കാനയും ഇതേ മാതൃകയാണ് പിന്തുടരുന്നത്. കര്‍ണാടകയില്‍ 207 ഒബിസി ജാതികളെ അഞ്ച് ഉപഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിന് രണ്ട് ഗ്രൂപ്പുകളുണ്ട്: അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളും (ഇബിസി) പിന്നാക്ക വിഭാഗങ്ങളും.

പശ്ചിമ ബംഗാളിലെ 143 ഒബിസി ജാതികളെ കൂടുതല്‍ പിന്നാക്കക്കാരും, പിന്നാക്കക്കാരും എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. മഹാരാഷ്ട്രയില്‍, 21% ഒബിസി സംവരണം ലഭിക്കുന്നത് പ്രത്യേക പിന്നാക്ക വിഭാഗത്തിനും (2%) മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ് (19%). തമിഴ്നാട്ടില്‍, 50% ഒബിസി ക്വാട്ട പിന്നാക്ക വിഭാഗങ്ങള്‍ (26.5%), പിന്നാക്ക വിഭാഗ മുസ്ലിങ്ങള്‍ (3.5%), ഏറ്റവും പിന്നാക്ക വിഭാഗങ്ങള്‍/അസാധുവാക്കപ്പെട്ട സമുദായങ്ങള്‍ (20%) എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. 40% ഒബിസി സംവരണം ഈഴവ/തീയ്യ/ബില്ലവ (14%), മുസ്ലീങ്ങള്‍ (12%) എന്നിങ്ങനെ എട്ട് ഉപഗ്രൂപ്പുകളായാണ് കേരളത്തില്‍ തരം തിരിച്ചിരിക്കുന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍

ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഭൂഉടമസ്ഥരായ ഒബിസികള്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതോടെ പാര്‍ട്ടി പുതിയ അടിത്തറ തേടുകയായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി തന്റെ ഒബിസി വ്യക്തിത്വത്തിന് അടിവരയിടാന്‍ തുടങ്ങി. ആ വര്‍ഷം ഫെബ്രുവരി ഒമ്പതിന് കൊച്ചിയില്‍ നടന്ന ഒരു റാലിയില്‍, പിന്നാക്ക സമുദായക്കാര്‍ അടുത്ത 10 വര്‍ഷത്തേക്ക് ഇന്ത്യ ഭരിക്കുമെന്ന് പ്രഖ്യാപിചിരുന്നു. ഈ സംഭവത്തിനു ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 13-ന് കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനോട് (എന്‍സിബിസി) കേന്ദ്ര ലിസ്റ്റിലെ ഒബിസികളെ ഉപവിഭാഗമാക്കുന്ന കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. 2015 മാര്‍ച്ച് രണ്ടിന്, ജസ്റ്റിസ് (റിട്ട) വി ഈശ്വരയ്യയുടെ നേതൃത്വത്തിലുള്ള എന്‍സിബിസി, ഒബിസികളെ അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങള്‍, കൂടുതല്‍ പിന്നാക്ക വിഭാഗങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിങ്ങനെ ഉപവര്‍ഗ്ഗീകരിക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. ഈ ശിപാര്‍ശ നടപ്പാക്കപെട്ടില്ല. 2017 ഒക്ടോബറില്‍ ജസ്റ്റിസ് ജി രോഹിണിയുടെ കീഴില്‍ ഒബിസികളുടെ ഉപവിഭാഗങ്ങള്‍ക്കായി ഒരു പുതിയ കമ്മീഷന്‍ രൂപീകരിച്ചു. രോഹിണി കമ്മീഷന്‍ ഈ വര്‍ഷം ജൂലൈ 31 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിന്റെ ഉള്ളടക്കം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Share on

മറ്റുവാര്‍ത്തകള്‍