മാധ്യമങ്ങള്‍ക്കും, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും നരേന്ദ്ര മോദി സര്‍ക്കാര്‍ ഭീഷണിയാകുന്നുണ്ടെന്ന ആരോപണം അന്തര്‍ദേശിയ തലത്തില്‍ നിന്ന് പോലും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ 94.2 ലക്ഷം വരിക്കാരുള്ള ‘നാഷണല്‍ ദസ്തക്’, മൂന്നു ലക്ഷം വരിക്കാരുള്ള ‘ബോള്‍ട്ട ഹിന്ദുസ്ഥാന്‍ എന്നീ ഹിന്ദി വാര്‍ത്താ പ്ലാറ്റ്ഫോമുകളുടെ സംപ്രേക്ഷണം തടഞ്ഞിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ബോള്‍ട്ട ഹിന്ദുസ്ഥാനും, നാഷണല്‍ ദസ്തകും നിരോധിച്ചതില്‍ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും (പിസിഐ) പ്രസ് അസോസിയേഷനും (പിഎ) രംഗത്തു വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മേലുള്ള സെന്‍സര്‍ഷിപ്പ് ആണിതെന്നും, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ആക്രമണമാണെന്നും വിമര്‍ശിച്ച പിസിഐയും പിഎയും, ചാനലുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ”പ്രസ് ക്ലബ് ഓഫ് ഇന്ത്യയും പ്രസ് അസോസിയേഷനും സര്‍ക്കാരിന്റെ ഇത്തരം തീവ്രമായ നടപടിയെ അപലപിക്കുന്നു, ഈ നടപടി മാധ്യമങ്ങള്‍ക്കെതിരായ സെന്‍സര്‍ഷിപ്പിനും മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണത്തിനും തുല്യമാണെന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്, പ്രത്യേകിച്ചും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ,” പിസിഐയും പിഎയും ഏപ്രില്‍ 13 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മൂന്നു ലക്ഷം വരിക്കാരുള്ള ‘ബോള്‍ട്ട ഹിന്ദുസ്ഥാന്‍’, 94.2 ലക്ഷം വരിക്കാരുള്ള ‘നാഷണല്‍ ദസ്തക്’ എന്നീ ചാനലുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് യുട്യൂബിനോട് ആവശ്യപ്പെട്ടത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000-ന്റെ സെക്ഷന്‍ 69എ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ റൂള്‍ 15(2) (ഇടനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) എന്നിവ ഉപയോഗിച്ചാണ് ഈ മീഡിയ സ്റ്റാര്‍ട്ടപ്പുകള്‍ വിലക്കാന്‍ യൂട്യൂബിനോട് ഐ ബി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ നാലിനാണ്, ബോള്‍ട്ട ഹിന്ദുസ്ഥാന്‍ ടീമിന് യൂട്യൂബില്‍ നിന്ന് ഇമെയില്‍ ലഭിക്കുന്നത്. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് ഐബി മന്ത്രാലയത്തില്‍ നിന്ന് നോട്ടീസ് ലഭിച്ചതായും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ചട്ടങ്ങള്‍ 2021, 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റിന്റെ സെക്ഷന്‍ 69എ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുന്നതായും മെയിലില്‍ പറയുന്നു. ഐ ബിയില്‍ നിന്ന് ലഭിച്ച അറിയിപ്പ് രഹസ്യ സ്വഭാവമുള്ളതിനാല്‍ 2015-ല്‍ സ്ഥാപിതമായ വാര്‍ത്താ പ്ലാറ്റ്ഫോമുമായി അത് പങ്കിടാന്‍ കഴിയില്ലെന്നാണു യൂ ട്യൂബ് ബോള്‍ട്ട ഹിന്ദുസ്ഥാനെ അറിയിച്ചത്. യൂട്യൂബ് ചാനല്‍ നിരോധിക്കുന്നതിനു മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബോള്‍ട്ട ഹിന്ദുസ്ഥാന്റെ 40,000 ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
”ജനുവരിയില്‍ മുതല്‍ ഞങ്ങളുടെ ഇന്‍സ്റ്റാഗ്രാം ആക്സസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു, കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ അകൗണ്ട് ക്രമരഹിതമായി പ്രവര്‍ത്തനരഹിതമാക്കി,” എന്നാണു ബോള്‍ട്ട ഹിന്ദുസ്ഥാന്‍ സ്ഥാപകന്‍ ഹസീന്‍ റഹ്‌മാനി പറയുന്നത്. യൂട്യൂബ് ബ്ലോക്ക് ചെയ്യുന്നതിനുമുമ്പ്, ഡല്‍ഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) എംപി സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചതിനെ കേന്ദ്രീകരിച്ചായിരുന്നു അവസാന വീഡിയോ, എന്ന് റഹ്‌മാനി ചൂണ്ടിക്കാണിക്കുന്നു. ”യഥാര്‍ത്ഥത്തില്‍ ഏത് വീഡിയോയാണ് അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതെന്ന് മനസിലാക്കാന്‍ ഞങ്ങള്‍ യൂട്യൂബിനോട് അഭ്യര്‍ത്ഥിച്ചു, അതിനു മറുപടി നല്‍കാതെ അവര്‍ ഞങ്ങളുടെ മുഴുവന്‍ വീഡിയോകളും ഡിലീറ്റ് ചെയ്തു” റഹ്‌മാനി പറയുന്നു.
ഒരു ചെറുകിട മാധ്യമ സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍, ബോള്‍ട്ട ഹിന്ദുസ്ഥാന്‍, പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി), കര്‍ഷക പ്രതിഷേധങ്ങള്‍, കോവിഡ്-19, ഹത്രാസ് കേസ് തുടങ്ങി രാജ്യം നേരിടുന്ന നിരവധി സുപ്രധാന വിഷയങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചവരാണ്. മുഖ്യധാര മാധ്യമങ്ങള്‍ അവഗണിക്കുന്ന വാര്‍ത്തകളിലും വിഷയങ്ങളിലുമാണ് തങ്ങള്‍ ശ്രദ്ധിക്കുന്നതെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. ചാനല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് പിന്നാലെ, നിരവധി മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും യൂട്യൂബിന്റെ നടപടിയെ അപലപിച്ച് രംഗത്തുവന്നിരുന്നു.
‘സെന്‍സര്‍ഷിപ്പിന് തുല്യമായ’ മറ്റ് സമീപകാല സംഭവങ്ങളും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും പ്രസ് അസോസിയേഷനും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകള്‍ നിര്‍മിച്ചതിന് മാധ്യമപ്രവര്‍ത്തകരായ മെഹ്ഗ്നാദ്, സോഹിത് മിശ്ര എന്നിവര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ”ഇന്ത്യ നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്ത് ഈ രണ്ട് മാധ്യമപ്രവര്‍ത്തകരും ഇവിഎമ്മുകളെയും വിവിപാറ്റിനെയും ചുറ്റിപ്പറ്റിയുള്ള വിവിധ ആശങ്കകളെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇവിഎം, വിവിപാറ്റ് പ്രശ്നത്തില്‍ സുപ്രിം കോടതി ഇടപെടല്‍ ഉണ്ടാവുകയും സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുള്ളതാണെന്നും പിസിഐയും പിഎയും ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ, കര്‍ഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന നിരവധി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ബ്ലോക്ക് ചെയ്തതായും മാധ്യമ സംഘടനകള്‍ പരാതിപ്പെടുന്നു.