രാജ്യത്ത് സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച് 15ന് വിജ്ഞാപനം ചെയ്ത പുതിയ സിനിമാട്ടോഗ്രാഫ് ഭേദഗതിയിലൂടെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിയമങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സിനിമ കാണുന്ന പ്രേക്ഷകരുടെ പ്രായത്തിന് അനുസരിച്ച് സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് പുതിയ തീരുമാനം. സിനിമകളെ പ്രായപരിധി അനുസരിച്ച് കൂടുതല്‍ ഉപവിഭാഗങ്ങളാക്കി തിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള വ്യവസ്ഥകളാണ് പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ളത്. മാര്‍ഗ്ഗനിര്‍ദ്ദേശ സര്‍ട്ടിഫിക്കറ്റ് മൂന്ന് പ്രായ വിഭാഗങ്ങളായി ഉപ-വര്‍ഗ്ഗീകരിക്കും. UA 7+, UA 13+, UA 16+ എന്നിങ്ങനെയായിരിക്കും സിനിമകളുടെ സെന്‍സറിങ് പ്രക്രിയ.
1983-ലെ സിനിമാട്ടോഗ്രാഫ് (സർട്ടിഫിക്കേഷൻ) നിയമങ്ങളെ മറികടന്നാണ് സിനിമാട്ടോഗ്രാഫ് (സർട്ടിഫിക്കേഷൻ) റൂൾസ്, 2024-ന് കീഴിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി ബി എഫ് സി ) പ്രാബല്യത്തിൽ കൊണ്ട് വരുന്നത്. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികളെല്ലാം ഓൺലൈനാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ നിയമങ്ങൾ പ്രകാരം സെൻട്രൽ ബോർഡിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നിർബന്ധമാക്കുന്നതാണ്. പുതുക്കിയ നിയമ പ്രകാരം സെൻട്രൽ ബോർഡിൽ സ്ത്രീകളുടെ കൃത്യമായ അനുപാതം നിർദേശിക്കുന്നു. മൂന്നിലൊന്ന് ബോർഡ് അംഗങ്ങൾ സ്ത്രീകളായിരിക്കണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
പൊതു പ്രദർശനത്തിനു വേണ്ടി സിനിമകളുടെ സർട്ടിഫിക്കേഷൻ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും സമകാലികമാക്കി നിർത്തുന്നതിനുമായാണ് നിയമങ്ങൾ പരിഷ്കരിച്ചിരിക്കുന്നതെന്ന് , ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ (ഐ ആൻഡ് ബി) പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ‘യു’ (അനിയന്ത്രിതമായ പൊതു പ്രദർശനം), ‘എ’ (മുതിർന്നവർക്കായി പരിമിതപ്പെടുത്തിയത്), ‘എസ്’ (പ്രത്യേക വിഭാഗങ്ങൾക്കുള്ളത് ) എന്നീ സർട്ടിഫിക്കേഷൻ വിഭാഗങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല.
നിലവിൽ യു, എ, യുഎ, എസ് എന്നിങ്ങനെ നാലു സർട്ടിഫിക്കറ്റുകളാണ് സിനിമകൾക്ക് നൽകുന്നത്. യു ( കുടുംബ സൗഹൃദ സിനിമകളുള്ള അനിയന്ത്രിതമായ പൊതു പ്രദർശനം), എ (മുതിർന്ന പ്രേക്ഷകർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്) 1983 ജൂണിലാണ് യു/എ (അനിയന്ത്രിതമായ പൊതു പ്രദർശനം, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള രക്ഷാകർതൃ മാർഗ്ഗനിർദ്ദേശത്തോടെ), എസ് ( പ്രത്യേക പ്രേക്ഷകർക്ക് മാത്രമായുള്ളത് ) എന്നിവ കൂടി ചേർക്കുന്നത്.