UPDATES

വിദേശം

ഏറ്റവും പ്രായം കുറഞ്ഞ, സ്വവർഗാനുരാഗിയായ ഫ്രാൻസിന്റെ ആദ്യ പ്രധാനമന്ത്രി

വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗബ്രിയേലിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ഉയർച്ച കണ്ണഞ്ചിപ്പിക്കും വേഗത്തിലായിരുന്നു.

                       

സുപ്രധാനമായ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഫ്രാൻ‌സിൽ പുതിയ അധികാര മാറ്റങ്ങൾ. ജനുവരി 9 ന് ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായ സ്ഥാനമേറ്റ ഗബ്രിയേൽ അറ്റലിന് ആധുനിക ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, ആദ്യ സ്വവർഗാനുരാഗിയായ നേതാവ് അങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗബ്രിയേലിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ഉയർച്ച കണ്ണഞ്ചിപ്പിക്കും വേഗത്തിലായിരുന്നു. എന്താണ് ഫ്രാൻ‌സിൽ മാറി മറിയുന്ന രാഷ്ട്രീയ സാഹചര്യം? ആരാണ് ഈ പുതിയ പ്രധാനമന്ത്രി.

എലിസബത്ത് ബോണിന്റെ രാജി

തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്റെ മുൻനിര ടീമിനെ പുനഃസംഘടിപ്പിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി എലിസബത്ത് ബോൺ രാജി വക്കുന്നതും പുതിയ പ്രധനമന്ത്രിയെ തിരഞ്ഞെടുക്കുന്നതും. അധികാരത്തിൽ എത്തി രണ്ടു വർഷം പൂർത്തീകരിക്കും മുമ്പാണ് ബോണിന്റെ രാജി. ഇക്കാലയളവിൽ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം നേടിയെടുക്കാൻ ബോണിക്ക് കഴിയാതെ വന്നിരുന്നു. ജൂണിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഫ്രഞ്ച് സർക്കാരിനെ നയിക്കാനുള്ള ചുമതല ബോണിന്റെ പകരക്കാരനായി എത്തുന്ന ഗബ്രിയേൽ അറ്റലിനായിരിക്കും.

പുതിയ പ്രധാനമന്ത്രി

1984-ൽ ഫ്രാങ്കോയിസ് മിത്തറാൻഡ് നിയമിച്ച സോഷ്യലിസ്റ്റ്കാരനായിരുന്ന ലോറന്റ് ഫാബിയസിയായിരുന്നു ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. തന്റെ 37-ാം വയസിലാണ് ഫാബിയസി പ്രധനമന്ത്രിയാവുന്നത്. ഈ റെക്കോർഡിനെ പിന്തള്ളിയാണ് 34-ാം വയസ്സിൽ ഗബ്രിയേൽ അറ്റൽ ആധുനിക ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുന്നത്. ഇമ്മാനുവൽ മാക്രോൺ പ്രസിഡന്റായി ചുമതലയേറ്റ ആദ്യ കാലങ്ങളിൽ ആ യുവ ഫ്രഞ്ച് നേതാവിനെ ഉപദേശിക്കാനും പിന്തുണയ്ക്കാനും തിരഞ്ഞെടുത്ത വിദ്യാസമ്പന്നരായ ഒരു കൂട്ടം ചെറുപ്പക്കാരിൽ ഒരാളായിരുന്നു അറ്റൽ. ഏത് വിഷയവും പരസ്യമായി സംസാരിക്കാൻ എപ്പോഴും തയ്യാറായിരുന്ന ആ ചെറുപ്പക്കാരൻ സ്വാഭാവികമായും ആ കൂട്ടത്തിൽ വേറിട്ട് നിന്നിരുന്നു. നന്നായി ആശയവിനിമയം നടത്താനും വേഗത്തിൽ ചിന്തിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. ഒരേ സമയം പാർലമെന്റിലും പൊതു ഇടങ്ങളിലും സന്ദർഭത്തിനനുയോജ്യമായി ഉത്തരം നൽകാനുള്ള കഴിവാണ് വേഡ് സ്നിപ്പർ” എന്ന വിളിപ്പേര് അദ്ദേഹത്തിന് നേടിക്കൊടുത്തത്.

2015 ൽ അന്തരിച്ച ടുണീഷ്യൻ ജൂത വംശജനായ അഭിഭാഷകനും ചലച്ചിത്ര നിർമ്മാതാവുമായ യെവ്സ് അടലിന്റെയും ഒഡെസയിൽ നിന്നുള്ള ഓർത്തഡോക്സ് ക്രിസ്ത്യാനികളിൽ നിന്നുള്ള മേരി ഡി കൂറിസിന്റെയും മകനാണ് അറ്റൽ ഡി കൂറിസ്. തന്റെ മൂന്ന് ഇളയ സഹോദരിമാർക്കൊപ്പം പാരീസിലാണ് അറ്റൽ വളർന്നത്. 2019-ൽ, ലിബറേഷൻ ന്യൂസ് ഔട്ലെറ്റിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ജൂത വംശീയതയെ പ്രതിപാദിച്ചത് ചർച്ചയായിരുന്നു. ” ഒരുപക്ഷേ നിങ്ങൾ ഓർത്തഡോക്‌സുകാരനായിരിക്കാം, പക്ഷേ നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ജൂതനായി തോന്നും, പ്രധാനമായും നിങ്ങളുടെ പേര് കാരണം നിങ്ങൾ യഹൂദവിരുദ്ധത അനുഭവിക്കുമെന്ന് ഒരിക്കൽ എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്” എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. സമാനമായി തന്റെ സ്കൂൾ കാലഘട്ടത്തിലും ചൂഷണം ചെയ്യപ്പെട്ടതിനെ പറ്റി അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

ഫ്രഞ്ച് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ജീൻ മേരി ലെ പെന്നിനെതിരെ ഒരു പ്രതിഷേധത്തിൽ പങ്കെടുക്കുന്നതോടെയാണ് ഗബ്രിയേൽ അറ്റലിന്റെ രാഷ്ട്രീയത്തോടുള്ള താൽപര്യം ജനിക്കുന്നത്. വലതുപക്ഷ നേതാവായിരുന്ന ലെ പെൻ 2002 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന റൗണ്ടിൽ ജാക്വസ് ചിറാക്കിനെതിരെ (ഫ്രാൻസ് പ്രസിഡന്റ്) കടുത്ത മത്സരം കാഴ്ച്ചവച്ചിരുന്നു. ഈ സംഭവം അറ്റലിന്റെ രാഷ്ട്രീയ മോഹത്തിന് പ്രചോദനമായി. 2006-ൽ അദ്ദേഹം സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി, 2007-ലെ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിയായ സെഗോലെൻ റോയലിനെ അദ്ദേഹം പിന്തുണച്ചിരുന്നു. 2016-ൽ അദ്ദേഹം സോഷ്യലിസ്റ്റ് പാർട്ടി വിട്ട് മാക്രോണിന്റെ പുതിയ കേന്ദ്ര രാഷ്ട്രീയ പാർട്ടിയായ എൻ മാർച്ചിൽ ചേർന്നു, അത് പിന്നീട് ലാ റിപ്പബ്ലിക്ക് എൻ മാർച്ചെ (എൽആർഇഎം) ആയി മാറി. മാക്രോണിന്റെ അതിവേഗ രാഷ്ട്രീയ വളർച്ചക്ക് സമാനമായിരുന്നു ഈ വിശ്വസ്ത അനുഭാവിയുടെയും രാഷ്ട്രീയ വളർച്ച. 29-ാം വയസ്സിൽ, വിദ്യാഭ്യാസ മന്ത്രാലയത്തിൽ സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട, അറ്റൽ 1958 ഒക്ടോബറിൽ നിലവിൽ വന്ന അഞ്ചാം റിപ്പബ്ലിക്കിന് കീഴിലുള്ള സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. എൽആർഇഎമ്മിന്റെ തലവൻ, സർക്കാർ വക്താവ്, പബ്ലിക് അക്കൗണ്ട്സ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങി നിരവധി ഉന്നത രാഷ്ട്രീയ ജോലികൾ നിർവഹിച്ച അദ്ദേഹം കഴിഞ്ഞ വർഷം ജൂണിൽ ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എംഇപിയും ഭരണകക്ഷിയുടെ സെക്രട്ടറി ജനറലുമായ സ്റ്റെഫാൻ സെജോണുമായി അടൽ സിവിൽ പങ്കാളിത്തത്തിലാണ്. 38 കാരനായ സ്റ്റെഫാൻ 2021 വരെ മാക്രോണിന്റെ രാഷ്ട്രീയ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു.

തന്റെ യൗവനം, ചലനാത്മകത, അഭിലാഷം എന്നിവയിലൂന്നി ഒരിക്കൽ ഫ്രഞ്ച് രാഷ്ട്രീയത്തിലെ “സുവർണ്ണ ബാലൻ” എന്ന് വിളിക്കപ്പെട്ടിരുന്ന ഇമ്മാനുവൽ മാക്രോൺ, പാർലമെന്ററി ഭൂരിപക്ഷത്തിന്റെ അഭാവം മൂലം ദുർബലമായ ഒരു സർക്കാരിനെ ഉത്തേജിപ്പിക്കാനും യുവതലമുറയെ ആവേശഭരിതരാക്കാനും അറ്റലിന്റെ സാന്നിധ്യം കൊണ്ട് കഴിയുമെന്ന് വിശ്വസിക്കുന്നുണ്ട്. യൂറോപ്യൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കനും അറ്റലിന് കഴിയുമെന്നാണ് വിശ്വാസം.

Share on

മറ്റുവാര്‍ത്തകള്‍