UPDATES

നിശബ്ദനായ പ്രധാനമന്ത്രി

കലാപം തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞു. 110 ലേറെ പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് വേദനയോ ഭയമോ തോന്നുന്നില്ലേ?

                       

മണിപ്പൂരിലെ സ്ഥിതി കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് അമേരിക്ക. മാനുഷിക ഇടപെടല്‍ ആ നാട്ടിലുണ്ടാകണമെന്ന്. അമേരിക്കന്‍ സ്ഥാനപതി എറിക് ഗാര്‍സെറ്റിയുടെ പ്രതികരണം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റ് ചെയ്തത്, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഒരു യു എസ് സ്ഥാനപതി അഭിപ്രായം പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നായിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു ഗാര്‍സെറ്റി പ്രതികരിച്ചത്. മണിപ്പൂരില്‍ തന്റെ രാജ്യത്തിനുള്ളത് തികച്ചും മാനുഷികമായ താത്പര്യം മാത്രം, അവശ്യപ്പെട്ടാല്‍ സഹായം ചെയ്യാനും തയ്യാര്‍. കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചു വീഴുന്ന കലാപത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ ഇന്ത്യക്കാരന്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കിയതിനൊപ്പം, ജനാധിപത്യം നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും സ്വന്തമായിരിക്കുക എന്നൊരു തോന്നല്‍ കെട്ടിപ്പടുക്കണമെന്നും ആ അമേരിക്കക്കാരന്‍ ഓര്‍മിപ്പിച്ചു.

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇപ്പോഴും നിശബ്ദനാണ്. അദ്ദേഹത്തിന്റെ രാജ്യത്തെ ഒരു സംസ്ഥാനമാണ് മണിപ്പൂര്‍. ആവശ്യത്തിന് തിരയുമ്പോള്‍ മുന്‍പും ഇതുപോലെ തന്ത്രപരമായി നരേന്ദ്ര മോദി നിശബ്ദത പാലിച്ചിരുന്നു.

ഒരു ട്വീറ്റ് ഇല്ല, മന്‍ കി ബാത്ത് ഉണ്ടായിട്ടില്ല, തന്റെ പ്രതിനിധി സംഘത്തെ അയച്ചിട്ടില്ല; മോദി നിശബ്ദതയില്‍ തന്നെയാണ്. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചും, അതിനുവേണ്ടി ഭരണഘടനയെക്കുറിച്ചും പറഞ്ഞൂ, മണിപ്പൂരിനെക്കുറിച്ച് ഒരിടത്തും പറഞ്ഞതായി കേട്ടിട്ടില്ല.

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആര്‍ എസ് എസ് പറഞ്ഞു. തനിക്കു വേണ്ടി സംസാരിക്കാന്‍ ആര്‍ എസ് എസ്സിനെയാണോ പ്രധാനമന്ത്രി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. മോദി എന്നിട്ടും നിശബ്ദനാണ്.

ആരെ വിശ്വസിക്കണമെന്നറിയാത്ത, ആര് രക്ഷിക്കുമെന്നറിയാത്ത ജനമാണ് ഇന്ന് മണിപ്പൂരിലുള്ളത്. ആയിരക്കണക്കിന് സുരക്ഷാ സൈനികരുണ്ടായിട്ടും കലാപം ജനങ്ങളെ കൊന്നുകൊണ്ടേയിരിക്കുന്നു.

കലാപം തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞു. 110 ലേറെ പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് വേദനയോ ഭയമോ തോന്നുന്നില്ലേ?

നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ 17 ആം നാളിലാണ് മൊഹ്സിന്‍ ഷെയ്ഖ് കൊല്ലപ്പെട്ടത്. പൂനെയിലെ ഉന്നതി നഗറില്‍ നമസ്‌കാര പ്രാര്‍ഥനക്കുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഐ ടി വിദഗ്ധനായ ചെറുപ്പക്കാരനെ അക്രമാസക്തരായ ഒരുകൂട്ടം ഹിന്ദു മതമൗലികവാദികള്‍ വളഞ്ഞിട്ട് ആക്രമിച്ചു കൊന്നു.

സോഷ്യല്‍ മീഡിയകളില്‍ ശിവജിയുടെയും, ബാല്‍ താക്കറയുടെയും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ഇട്ടെന്നാരോപിച്ചായിരുന്നു ഹിന്ദുരാഷ്ട്ര സേനക്കാര്‍ മൊഹ്‌സീന്‍ ഷെയ്ഖിന് മരണം വിധിച്ചത്. മൊഹ്സീന്‍ അങ്ങനെ ചെയ്തിരുന്നില്ല. എന്നിട്ടും അയാള്‍ കൊല്ലപ്പെട്ടു.

ഇന്ത്യയുടെ അധികാര സിംഹാസനത്തില്‍ നരേന്ദ്ര മോദി ഇരിപ്പുറപ്പിക്കുന്നതിനിടയിലായിരുന്നു ഈ കൊലപാതകം. മോദി ഒരു മോഹവലയം ജനങ്ങള്‍ക്കായി ഉണ്ടാക്കുകയായിരുന്നു. ഇന്ത്യക്കായി പുത്തന്‍ വര്‍ണ്ണസ്വപ്നങ്ങള്‍ കാണുന്നുവെന്നു പറഞ്ഞു. എന്നാല്‍ എല്ലാ ജനങ്ങളെയും തന്റെ ജനമായി കാണാന്‍ തയ്യാറാകാത്തൊരു പ്രധാനമന്ത്രിയായിരിക്കും മോദിയെന്ന് മൊഹ്‌സീന്റെ ജീവന്‍ മനസിലാക്കി തന്നു. മോദി ആ കൊലപാതകത്തില്‍ തന്ത്രപരമായ നിശബ്ദ പാലിച്ചു.

പിന്നെയും എത്രയെത്ര അവസരങ്ങളില്‍ ആ നിശബ്ദ അദ്ദേഹം തുടര്‍ന്നു, ഇപ്പോള്‍ മണിപ്പൂരിലും.

തന്റെ ശ്രദ്ധ ആവശ്യമില്ലാത്ത നിസ്സാരകാര്യമെന്ന് കരുതി മോദി അവഗണിക്കുന്നതിലൊന്നായിരിക്കാം മണിപ്പൂരും.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞപോലെ,”ഒടുവില്‍ നമ്മളോര്‍മ്മിക്കുന്നത് ശത്രുക്കളുടെ വാക്കുകളല്ല, സുഹൃത്തുക്കളുടെ നിശ്ശബ്ദതയായിരിക്കും’. ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തായിരുന്നോ നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്നു ചരിത്രം തിരയുന്നവരുടെ കൈ പൊള്ളിച്ചുകൊണ്ട് മണിപ്പൂരിലെ തീ അപ്പോഴും ആളുന്നുണ്ടാകും.

Share on

മറ്റുവാര്‍ത്തകള്‍