UPDATES

’28 പൈസ പ്രധാനമന്ത്രി’

പരിഹാസവുമായി വീണ്ടും ഉദയനിധി

                       

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു കൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. പ്രധാനമന്ത്രിയെ നാം 28 പൈസ പിഎം എന്നാണ് വിളിക്കേണ്ടത് എന്ന് ഉദയനിധി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തേനിയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾ. സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും 28 പൈസ മാത്രമാണ് സംസ്ഥാനത്തിന് നൽകുന്നതെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം ലഭിക്കുന്നുണ്ടെന്നും ഉദയനിധി ആരോപിച്ചു.

‘സംസ്ഥാനം അടച്ച നികുതിയ്ക്ക് രൂപ ഒന്നിന് 28 പൈസ എന്ന രീതിയ്ക്കാണ് കേന്ദ്രം തിരികെ നൽകിയ വിഹിതം. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വലിയ തുക ലഭിക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ന് മുതൽ പ്രധാനമന്ത്രിയെ 28 പൈസ പിഎം എന്ന് വിളിക്കാം’ എന്നാണ് ഉദയനിധി സ്റ്റാലിൻ പറയുന്നത്. കൂടാതെ, തമിഴ്‌നാടിന് ഫണ്ട് നൽകുന്നതിൽ കടുത്ത വിവേചനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നും സ്റ്റാലിൻ ആഞ്ഞടിച്ചു.

അതോടപ്പം തമിഴ്‌നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കാനാണ് കേന്ദ്രം ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത്ര ഫണ്ട് അനുവദിക്കാതെയും വികസന പദ്ധതികൾ നടപ്പാക്കാതെയും സംസ്ഥാനത്തെ നീറ്റ് നിരോധനത്തിലൂടെയും കേന്ദ്രം തമിഴ്‌നാടിനോട് പക്ഷപാതം കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രം കൊട്ടിഘോഷിച്ച് നടന്ന എയിംസിന്റെ നിർമ്മാണം എങ്ങുമെത്തിയില്ല, ഇപ്പോഴും തറ മാത്രമാണ് പൂർത്തിയായത്, പ്രതീകാത്മക പ്രതിഷേധത്തിനായി എയിംസിൽ നിന്നുള്ള ഇഷ്ടിക കൊണ്ടുവന്നായിരുന്നു ഉദയനിധി സംസാരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ട് മാത്രമാണ് പ്രധാനമന്ത്രി ഇപ്പോൾ തമിഴ്നാട്ടിൽ അടിക്കടി വരുന്നതെന്നും ഉദയനിധി അഭിപ്രായപ്പെട്ടു. ഒൻപത് ലോക്സഭാ മണ്ഡലങ്ങളുള്ള തമിഴ്നാട്ടിൽ ഏപ്രിൽ 19 നാണ് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ്  തെരഞ്ഞെടുപ്പ് നടക്കുക, ജൂൺ നാലിനാണ് വോട്ടെണ്ണൽ.

2019- ലെ പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിൽ, കോൺഗ്രസ്, വിസികെ, എംഡിഎംകെ, സിപിഐ, സിപിഐ എം, ഐയുഎംഎൽ, എംഎംകെ, കെഎംഡികെ, ടിവികെ, എഐഎഫ്ബി എന്നിവ ഉൾപ്പെട്ട ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്കുലർ പുരോഗമന സഖ്യം 39 സീറ്റിൽ 38 സീറ്റുകൾ നേടിക്കൊണ്ട് നിർണായക വിജയം കരസ്ഥമാക്കിയിരുന്നു.

2019-ൽ ഡിഎംകെ 23 ലോക്‌സഭാ സീറ്റുകൾ നേടി, മൊത്തം വോട്ടിൻ്റെ 33.2% പിടിച്ചെടുത്തപ്പോൾ കോൺഗ്രസ് 12.9% വോട്ട് ഷെയറോടെ 8 സീറ്റുകൾ നേടി. കൂടാതെ, സംസ്ഥാനത്ത് സിപിഐ രണ്ട് സീറ്റുകൾ നേടിയിരുന്നു. രാജ്യത്തുടനീളമുള്ള 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19 ന് ആരംഭിച്ച് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍